2021 ഫെബ്രുവരി 3ന് ഇന്ത്യയിലെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന 15 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കുകയാണ്. നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാരുടെ ഐക്യവേദിയാണ് പണിമുടക്ക് നടത്തുന്നത്. തൊഴിലാളികളും കരാര്‍ തൊഴിലാളികളും എഞ്ചിനീയര്‍മാരും ഓഫീസര്‍മാരും എല്ലാം ഈ പണിമുടക്കിന്റെ ഭാഗമാകും. കര്‍ഷക നിയമങ്ങള്‍ക്കെതിരേയും വൈദ്യുതി നിയമഭേദഗതിക്കെതിരേയും രാജ്യമാകെ കൊടുമ്പിരി കൊണ്ടിരിക്കുന്ന കര്‍ഷകസമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം കൂടിയാണ് ഈ പണിമുടക്ക്.
ഇന്ത്യന്‍ വൈദ്യുതി മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്വകാര്യവല്‍ക്കരണ നടപടികളാണ് ഉണ്ടാകുന്നത്. വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ഏറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പുതിയ നിയമ ഭേദഗതി ബില്ലും സ്റ്റാന്‍ഡേഡ് ബിഡ്ഡിങ്ങ് ഡോക്യുമെന്റുമൊക്കെ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു.സബ്സിഡികള്‍ ഇല്ലാതാക്കി പകരം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ നടപ്പാക്കുകയും ക്രോസ് സബ്‌സിഡി ഒഴിവാക്കി എല്ലാവര്‍ക്കും ഒരേ വൈദ്യുതി നിരക്ക് ആക്കുകയും ചെയ്യാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.
ഫെബ്രുവരി 1ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ എല്ലാ സ്ഥലത്തും ഒന്നിലേറെ യൂട്ടിലിറ്റികള്‍ ഉണ്ടാകും എന്ന് ഉറപ്പു വരുത്തുമെന്നും പറയുന്നു. ഡിസ്കോമുകളെ സ്വകാര്യവല്‍ക്കരിക്കുമെന്നും അതിന്റെ പ്രാരംഭ നടപടിയായി കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സ്വകാര്യവല്‍ക്കരണം അടിയന്തിരമായി പൂര്‍ത്തിയാക്കും എന്നും ബജറ്റില്‍ പറയുന്നു.സ്വകാര്യവല്‍ക്കരണം ജീവനക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍ സ്ഥിരം തൊഴിലുകള്‍ ഇല്ലാതാകും. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് വൈദ്യുതി അപ്രാപ്യമാകും.
ഈ സാഹചര്യത്തില്‍ ഫെബ്രുവരി 3ന്റെ പണിമുടക്ക് നിര്‍ണ്ണായകമാണ്. ശക്തമായ പോരാട്ടങ്ങളിലൂടെ മാത്രമേ ഗവണ്‍മെന്റ് നയങ്ങളില്‍ തിരുത്തല്‍ ഉണ്ടാകൂ. കണ്ടന്റും കാര്യേജുമായി വേര്‍തിരിക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്‍മാറിയതും യു.പിയിലെ വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതില്‍ നിന്ന് പിന്‍മാറിയതും പോരാട്ടങ്ങളുടെ ഫലമാണ്. കേരളത്തിലെ ഗവണ്‍മെന്റ് സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്നു എന്നത് ആശ്വാസകരമാണ്. എന്നാല്‍ രാജ്യം മുഴുവന്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ഒരു തുരുത്തായി ദീര്‍ഘകാലം നില നില്‍ക്കാന്‍ കേരളത്തിനായി എന്നു വരില്ല. അതിനാല്‍ രാജ്യം മുഴുവന്‍ നടക്കുന്ന പോരാട്ടങ്ങളില്‍ കേരളത്തിലെ സംഘടനകളും നേതൃത്വം നല്‍കുന്നു. മുഴുവന്‍ അംഗങ്ങളേയും അനിനിരത്തി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഈ ഐതിഹാസിക പോരാട്ടത്തിന്റെ ഭാഗമാകുന്നു. പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാകാത്ത ഉദ്പാദന പ്രസരണ മേഖലകളിലും ഹാജര്‍ നല്‍കാതെയുള്ള ക്രമീകരണങ്ങളിലൂടെ പണിമുടക്കിന്റെ ഭാഗമാകും. പുതിയതായി പ്രവേശനം നേടി പ്രൊബേഷന്‍ കാലയളവിലുള്ളവരും വിരമിക്കാനിരിക്കുന്നവരും ഉള്‍പ്പെടെ എല്ലാവരും ഭയാശങ്കകളില്ലാതെ പണിമുടക്കില്‍ അണിചേര്‍ന്ന് ഈ ചരിത്രസമരത്തിന്റെ കൂടെയുണ്ടാവണമെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയിലെ വൈദ്യുതി ജീവനക്കാരുടെ കൂട്ടായ്മ പോരാട്ടത്തിന്റെ കരുത്ത് ഒരിക്കല്‍ കൂടിതെളിയിക്കുകയാണ്. സമരദിനം പകല്‍ എല്ലാ ഡിവിഷന്‍ കേന്ദ്രങ്ങളിലും പ്രതിഷേധകൂട്ടായ്മകള്‍ സംഘടിപ്പിക്കും. വിവിധ തൊഴിലാളി-സര്‍ വീസ് സംഘടനകള്‍ ഈ സദസ്സുളില്‍ അഭിവാദ്യവുമായെത്തി സമരത്തിന്റെ ഭാഗമാകും.ഇന്ത്യയെ വിറ്റുതുലക്കാന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവര്‍ക്കെതിരെയുള്ള ശക്തമായ താക്കീതിന് സാക്ഷിയാവുകയാണ് ഈ ദിനം.