ജനദ്രോഹ നയങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുക

470

ദേശീയ തലത്തില്‍ സ്വകാര്യവല്‍ക്കരണ നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായാണ് വൈദ്യുതി നിയമ ഭേദഗതി ബില്‍ പൊടി തട്ടിയെടുത്ത് തിരക്കിട്ട് പാസാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നത്. ബി.ജെ.പി അധികാരത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ വൈദ്യുതി വിതരണം ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയെ ഏല്‍പ്പിച്ചു കഴിഞ്ഞു. ഫ്രാഞ്ചൈസികളെ ഏല്‍പ്പിക്കാന്‍ ടെണ്ടര്‍ നടപടികളുമായി കുറേ നഗരങ്ങള്‍ ക്യൂവിലാണ്. ഒഡീഷയിലെ വൈദ്യുതി വിതരണം വീണ്ടും സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ഒഡിഷ സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ കയ്യില്‍ ഉണ്ടായിരുന്ന മുംബൈ നഗരത്തിലെ വൈദ്യുതി വിതരണം ഏറ്റെടുത്തു കഴിഞ്ഞു. വൈദ്യുതി വിതര ണ മേഖലയിലേക്ക് ശക്തമായ കടന്നുവരവിനാണ് അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നത്.
ഉദാരവല്‍ക്കരണ നയങ്ങള്‍ എല്ലാ മേഖലയേയും ബാധിക്കുന്നുണ്ട്. തങ്ങളുടെ ആജീവനാന്ത സമ്പാദ്യം ബാങ്ക് നിക്ഷേപമായി സൂക്ഷിച്ചിട്ടുള്ള കോടിക്കണക്കായ സാധാരണ നിക്ഷേപകര്‍ക്കുനേരെയുള്ള കടന്നാക്രമണമായി കരുതപ്പെടുന്ന ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ & ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് (എഫ്ആര്‍ഡിഐ) ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പന നിര്‍ബാധം തുടരുകയാണ്. പൊതു ഗതാഗതവും കുടിവെള്ളവും ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള സേവന മേഖലകള്‍ ഏകപക്ഷീയമായി സ്വകാര്യവല്‍ക്കരിക്കപ്പെടുന്നു. കരാര്‍വല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥിരം തൊഴിലില്‍ കുറവു വരുന്നു. കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കുന്നു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിലയില്ലാത്ത സാഹചര്യം വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാവുന്നു. നോട്ട് നിരോധനത്തിനും ജി.എസ്.ടി നടപ്പാക്കിയതിനും ശേഷം നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. ലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍ രഹിതരായി. എല്ലാ ജനവിഭാഗങ്ങളും പ്രതിരോധത്തിന്റേയും പ്രതിഷേധത്തിന്റേയും മാര്‍ഗത്തിലാണ്.
വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ദേശവ്യാപകമായി ഐക്യനിര രൂപപ്പെട്ടു കഴിഞ്ഞു. എന്‍ സി സി ഒ ഇ ഇ ഇ യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. ജനുവരി 11ന് തിരുവനന്തപുരത്ത് വച്ച് നടന്ന ദക്ഷിണമേഖലാ കണ്‍വെന്‍ഷന്‍ ആവേശകരമായിരുന്നു. വൈദ്യുതി നിയമഭേദഗതിക്കെതിരായ പ്രചരണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ ഡല്‍ഹിയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാനും ബില്ല് അവതരിപ്പിക്കുന്ന ദിവസം വൈദ്യുതി മേഖലയില്‍ ദേശീയ പണിമുടക്ക് നടത്താനും കണ്‍വന്‍ഷന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ ഇതോടൊപ്പം മറ്റ് മേഖലകളിലും നടക്കുന്ന സമരങ്ങളെ പിന്തുണക്കാന്‍ നമുക്ക് കഴിയണം. പൊതു മേഖലാ ബാങ്കുകളേയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളേയും സേവന മേഖലകളേയും തകര്‍ക്കാന്‍ നടക്കുന്ന നയങ്ങള്‍ക്കെതിരെ നടക്കുന്ന പോരാട്ടങ്ങളിലും നാം പങ്കാളികളാവണം. കണ്ണൂരില്‍ ബാങ്കിങ്- പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തിനെതിരെ ആയിരം കേന്ദ്രങ്ങളില്‍ ജനസഭകള്‍ നടത്താനുള്ള തീരുമാനം ഈ ദിശയിലുള്ളതാണ്. കെ.എസ്.ഇ.ബി വര്‍ക്കേര്‍സ് അസോസിയേഷനും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും ജനസഭക്ക് നല്ല പിതുണ നല്‍കുന്നുണ്ട്. ജില്ലാ ലൈബ്രറി കൗണ്‍സിലും വിവിധ മേഖലകളിലെ ട്രേഡ് യൂണിയന്‍ / സര്‍വീസ് സംഘടനകളും ചേര്‍ന്നാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ തുരുത്തുകളില്‍ ഒതുങ്ങുന്നതിന് പകരം എല്ലാ മേഖലകളിലേയും തൊഴിലാളികള്‍ക്ക് ഒറ്റക്കെട്ടായി പോരാടാനുള്ള ഇത്തരം വേദികള്‍ കൂടുതലായി ഉണ്ടാവേണ്ടതുണ്ട്.