ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് വച്ച് സിഐടിയു സംസ്ഥാന സമ്മേളനം

597

സിഐടിയു പതിനാലാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഡിസംബർ 17,18,19 തീയതികളിൽ നടന്നു. തൊഴിലാളി വിരുദ്ധ നയങ്ങളും പുതിയ നിയമങ്ങളും കോഡുകളും അശാന്തി തീർക്കുന്ന മേഖലയിൽ എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നത്നോടൊപ്പം താഴെ തട്ട് വരെയുള്ള തൊഴിലാളികളുടെ ഐക്യത്തിന്റെ പ്രാധാന്യം ജനറൽ സെക്രട്ടറി തപൻ സെൻ ഉത്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

വിപ്ലവങ്ങളുടെ ചരിത്രമുറങ്ങുന്ന ആലപ്പുഴയുടെ മണ്ണില്‍ സപതിനാലാം സിഐടിയു സംസ്ഥാന സമ്മേളനത്തിന് തുടക്കം. സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി സഹദേവൻ ദീപശിഖ തെളിയിച്ചു.

പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ സെൻ ഉത്ഘാടനം ചെയ്തു. ചന്ദ്രൻ പിള്ള പരിഭാഷ നിർവഹിച്ചു.

തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതോടൊപ്പം രാഷ്ട്രീയ സാഹചര്യങ്ങളും തൊഴിലാളി കൃത്യമായി വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പൗരത്വ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിലെ പൗരൻമാർക്ക് ലഭ്യമായ ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കുകയാണ്.

നവ ലിബറൽ നയങ്ങൾ പുതിയ തലത്തിലേക്ക് മാറുന്ന സാഹചര്യമാണ്. ഈ നയങ്ങളുടെ പ്രത്യാഘാതം ജനങ്ങൾ അറിയാതിരിക്കാൻ മറ്റ് വിഷയങ്ങൾ ഉപയോഗപ്പെടുത്തുകയാണ്. ഈ നയത്തെ തോൽപ്പിക്കാൻ സമരം മാത്രമാണ് മാർഗം. ഈ പോരാട്ടമാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടത്തുന്നത്. എല്ലാ മേഖലകളും സ്വകാര്യവൽക്കരിക്കുകയാണ്. ഗവൺമെന്റ് ബിസിനസ് ഏറ്റെടുക്കരുത് എന്ന പ്രചരണം നടത്തിയാണ് കോർപ്പറേറ്റ് ശക്തികൾക്ക് അവസരം നൽകുന്നത്.

തപൻ സെൻ നടത്തിയ ഉത്ഘാടന പ്രസംഗം

സമ്മേളനത്തെ എഐടിയുസി നേതാവ് കെ.പി രാജേന്ദ്രനും ഐ.എൻ.ടി.യുസി പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും അഭിവാദ്യം ചെയ്തു.

സമ്മേളന കാലയളവിൽ സിഐടിയു അംഗത്വം 18 ലക്ഷത്തിൽ നിന്ന് 22 ലക്ഷത്തിലേറെയായി വർദ്ധിച്ചു. ഇനിയും സംഘടിക്കപ്പെടാതെ ദുരിതം അനുഭവിക്കുന്ന തൊഴിലാളി വിഭാഗങ്ങളെ കൂടി സംഘടിപ്പിച്ച് അംഗത്വം ഒരു കോടിയാക്കാനുള്ള പ്രവർത്തനം ഏറ്റെടുക്കാൻ സമ്മേളനത്തിൽ ധാരണയായി. സിഐടിയു അംഗത്വത്തിൽ 33 ശതമാനം വനിതകൾ ഉണ്ട്. എന്നാൽ വിവിധ ഘടകങ്ങളിൽ വനിതാ പങ്കാളിത്തം കുറവായിരുന്നു. എല്ലാ ഘടകങ്ങളിലും ചുരുങ്ങിയത് 25% എങ്കിലും വനിതകൾ ഉണ്ടാകണമെന്ന നിർദ്ദേശം പാലിക്കാൻ ഭൂരിഭാഗം കമ്മിറ്റികൾക്കുമായി. വനിതാ പ്രാതിനിധ്യം നേതൃത്വത്തിൽ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഉണ്ടായ ഇടപെടൽ ഗുണപരമായി എന്നാണ് സമ്മേളനം വിലയിരുത്തിയത്. സമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന ഭാരവാഹികളിലും അഖിലേന്ത്യാ സമ്മേളന പ്രതിനിധികളിലും 25% വനിതാ പ്രാതിനിധ്യം ഉറപ്പാക്കി. തൊഴിലാളി കേഡർമാരുടേയും യുവ തൊഴിലാളികളുടേയും പങ്കാളിത്തം വർദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.

സിഐടിയു സംസ്ഥാന സമ്മേളന നഗരിയിൽ സെമിനാറോ അനുബന്ധ പരിപാടികളോ കലാ പരിപാടികളോ ഉണ്ടായിരുന്നില്ല. അത്തരം പരിപാടികൾ സമാന്തരമായി മറ്റ് വേദികളിലാണ് സംഘടിപ്പിച്ചത്. ഇത് മൂലം സമ്മേളനം കൃത്യമായി ചർച്ചകളിലും തീരുമാനം എടുക്കുന്നതിലും കേന്ദ്രീകരിക്കാൻ സാധിച്ചിട്ടുണ്ട്. വളരെ അച്ചടക്കത്തോടെയാണ് സമ്മേളനം നടന്നത്.

സിഐടിയു ജനറൽ സെക്രട്ടറി തപൻ സെന്നും പ്രസിഡന്റ് ഡോ. ഹേമലതയും സമ്മേളനത്തിൽ പൂർണ്ണ സമയവും പങ്കെടുത്തു. ആകെ 604 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സൗഹാർദ്ദ പ്രതിനിധികളായി 16 പേർ പങ്കെടുത്തു. തൊഴിലാളികളിലും ജീവനക്കാരിലും ഭിന്നിപ്പ് ഉണ്ടാക്കാൻ പങ്കാളിത്ത പെൻഷൻ വിഷയം ഉപയോഗപ്പെടുത്തപ്പെടുന്ന സാഹചര്യത്തിൽ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കാൻ ധാരണയായി.

ജനുവരി 8ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമ ഭേദഗതികൾ പിൻവലിക്കുക, മത നിരപേക്ഷതയിൽ നിന്ന് മതാധിപത്യത്തിലേക്ക് നയിക്കുന്ന പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, രാജ്യത്തെ വൈദ്യുതി മേഖല സ്വകാര്യ ലൈസൻസികൾക്ക് നൽകാനുള്ള കേന്ദ്ര ഗവൺമെന്റ് നീക്കത്തിനെതിരെ അണിനിരക്കുക, പി.എഫ് പെൻഷൻ പദ്ധതി പരിഷ്കരിക്കുക, മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ പോരാട്ടം ശക്തമാക്കുക, പൊതു മേഖലാ സ്വകാര്യവൽക്കരണം രാജ്യ വിൽപ്പനക്ക് തുല്യം, പരമ്പരാഗത മേഖലയിൽ തൊഴിലും കൂലിയും ഉറപ്പാക്കുക, ബിപിസിഎൽ സ്വകാര്യവൽക്കരണം പിൻവലിക്കുക, നോൺ ബാങ്കിങ്ങ് കമ്പനികളുടെ തൊഴിൽ ചൂഷണം അവസാനിപ്പിക്കുക, ജനപക്ഷ ബദലിന്റെ തുടർച്ച സാധ്യമാക്കുവാൻ ജാഗ്രതയോടെ അണിനിരക്കുക എന്നിവയടക്കം തൊഴിൽ മേഖലയെ ബാധിക്കുന്ന പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

ഒരു ലക്ഷം പേരുടെ റാലിയോടെയാണ് സംസ്ഥാന സമ്മേളനം സമാപിച്ചത്. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. ഭരണഘടനയും മത നിരപേക്ഷതയും തകർക്കുന്നവർക്കെതിരെ യോജിച്ച പോരാട്ടം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന യോജിച്ച പ്രതിഷേധം സമൂഹം നല്ല നിലയിലാണ് കണ്ടത്. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ജനുവരി 26ന് നടത്തുന്ന മനുഷ്യ ചങ്ങലയിൽ കക്ഷി രാഷ്ട്രീയഭേദമെന്യേ എല്ലാവരും പങ്കാളികളാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ദീപ കെ രാജൻ

സിഐടിയു സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനേയും ജനറൽ സെക്രട്ടറിയായി എളമരം കരീം എം.പിയേയും ട്രഷററായി പി നന്ദകുമാറിനേയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. കെ.എസ്.ഇ.ബി വർക്കേർസ് അസോസിയേഷൻ നേതാവ് ദീപ കെ രാജനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത് വൈദ്യുതി മേഖലക്കുള്ള അംഗീകാരമായി.