ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കേണ്ടത്‌ അത്യാവശ്യം: ഓഫീസേഴ്സ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍ കുട്ടി

209

സാമ്പത്തിക ഭദ്രത കൈവരിക്കാൻ ആഭ്യന്തര വൈദ്യുതി ഉൽപാദനം പരമാവധി വർധിപ്പിക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ഇറക്കുമതി കൽക്കരിയുടെ നിർബന്ധിത ഉപയോഗം, വൈദ്യുതി കമ്പോളവിലയുടെ വർധന എന്നിവ നിയന്ത്രണങ്ങൾക്കപ്പുറമാണ്‌. അതുകൊണ്ട്‌ ആഭ്യന്തര ഉൽപാദനം എങ്ങനെയും വർധിപ്പിക്കണം. ഈ സർക്കാർ വന്നശേഷം 545.5 മെഗാവാട്ട്‌ അധിക ഉൽപാദനശേഷി കൈവരിച്ചു. അറുപത്‌ മെഗാവാട്ട്‌ ശേഷിയുള്ള പള്ളിവാസൽ, 40 മെഗാവാട്ട്‌ ശേഷിയുള്ള തോട്ടിയാർ എന്നീ ജലവൈദ്യുതപദ്ധതികൾ ഈ വർഷം തന്നെ പൂർത്തീകരിക്കും. കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻമാപ്പിള ഹാളിൽ( സി.ജി സുരേന്ദ്രന്‍, എസ് കൃഷ്ണന്‍ കുട്ടി നഗര്‍ )ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേവലം 140 ലക്ഷം യൂണിറ്റ്‌ ആഭ്യന്തര ഉൽപാദനം നടത്തിയാണ്‌ കേരളം മുന്നോട്ടുപോകുന്നത്‌. സാമ്പത്തിക വെല്ലുവിളി നേരിടുമ്പോൾ പോലും ലോഡ്‌ ഷെഡിങ്ങോ പവർകട്ടോ ഏർപ്പെടുത്തിയിട്ടില്ല. മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ പൂർത്തീകരിക്കുന്നതോടൊപ്പം കേരളത്തിന്‌ ഏറെ അനുയോജ്യമായ പംപ്‌ഡ്‌ സ്‌റ്റോറേജ്‌ പദ്ധതികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ശ്രമിക്കും. വൈദ്യുതി മേഖലയിൽ ആധുനികവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും മന്ത്രി പറഞ്ഞു.

പ്രതിനിധി സമ്മേളന ഉദ്‌ഘാടനചടങ്ങിൽ പ്രസിഡന്റ്‌ ഡോ. എം ജി സുരേഷ്‌കുമാർ അധ്യക്ഷനായി. ഇലക്ട്രിസിറ്റി എം പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ ജനറല്‍സെക്രട്ടറി പ്രശാന്തോ നന്ദി ചൗധരി പ്രതിനിധികളെ അഭിവദ്യം ചെയ്തു. പ്രതിനിധികളുടെ ചര്‍ച്ച 4 മനിക്കൂറോളം നീണ്ടു.

സി ജഗദീശൻ ക്രെഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഓർഗനൈസിങ്‌ സെക്രട്ടറി ടി എ ഉഷ, ബി ബിനു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബി ഹരികുമാർ ചർച്ചയ്‌ക്ക്‌ മറുപടി പറഞ്ഞു.