എന്‍ സി സി ഒ ഇ ഇ ഇ ദക്ഷിണ മേഖലാ കണ്‍വെന്‍ഷന്‍ – 2018 ജനുവരി 11

647
കെ എസ് ഇ ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എളമരം കരീം സംസാരിക്കുന്നു

കേന്ദ്ര വൈദ്യുതി നിയമഭേദഗതി ബില്‍ പാസ്സാക്കാനുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് (എന്‍സിസിഒഇഇഇ) ദക്ഷിണ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. തിരുവനന്തപുരം ബി.റ്റി.ആര്‍ മെമ്മോറിയലില്‍ വച്ച്  2018 ജനുവരി 11ന് നടന്ന കണ്‍വെന്‍ഷനില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി ജീവനക്കാരുടെ സംഘടകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാരിലെ മുഖ്യ കക്ഷി ഭരണം കയ്യാളുന്ന ഗുജറാത്ത് സംസ്ഥാനം പോലും നിര്‍ദ്ദിഷ്ട വൈദ്യുതി നിയമഭേദഗതിയെ എതിര്‍ക്കുന്നുണ്ട്. നിയമഭേദഗതി പാസായാല്‍ നിലവിലുള്ള ക്രോസ് സബ്സിഡി സാധ്യത ഇല്ലാതാകും. സാമ്പത്തികശേഷി കൂടിയ ഉപഭോക്താക്കള്‍ക്ക് പാവപ്പെട്ടവന്റെ ചിലവില്‍ വിലകുറഞ്ഞ വൈദ്യുതി നല്‍കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടും. കൂടാതെ സാധാരണക്കാരനുപയോഗിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും അമിത വില നല്‍കേണ്ടതായി വരും. രാജ്യത്തെ സാമ്പത്തിക വികസനത്തിന്റെ നേര്‍ സൂചികയായ വൈദ്യുതി ഉപയോഗത്തിന്റെ വളര്‍ച്ചയില്‍ വരുന്ന കുറവില്‍ കണ്‍വെന്‍ഷന്‍ ആശങ്ക രേഖപ്പെടുത്തി.
വൈദ്യുതി വിതരണ മേഖലയെ കറന്റും കമ്പിയുമായി വിഭജിച്ച് സ്വകാര്യ കുത്തക കമ്പനികള്‍ക്ക് വിട്ടുകൊടുത്ത് ലാഭം കൊയ്യാന്‍ മാത്രം ലക്ഷ്യമിട്ടും, കോര്‍പ്പറേറ്റുകള്‍ക്ക് ലൈസന്‍സില്ലാതെ ഉത്പാദനനിലയങ്ങള്‍ സ്ഥാപിക്കുവാന്‍ വേണ്ടിയുമാണ് ധൃതിപിടിച്ച് നിര്‍ദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതി പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ ഇത്തരം നീക്കം രാജ്യത്തെ സാധാരണക്കാര്‍ക്കും വൈദ്യുതിമേഖലയില്‍ പണിയെടുക്കുന്നവര്‍ക്കും എതിരാണ്.
വിദ്യുച്ഛക്തി ഉത്പാദന സ്രോതസ്സുകളായ കല്‍ക്കരി, ഗ്യാസ്, ഇതര സ്രോതസ്സുകളുടെ മേഖലകളില്‍ വമ്പന്‍ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ നടത്തുന്ന വന്‍ അഴിമതിയുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും വാര്‍ത്താമാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടിയിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അധഃപതനമാണെന്ന് കണ്‍വെന്‍ഷന്‍ ആശങ്കപ്പെട്ടു.
നിര്‍ദ്ദിഷ്ട വൈദ്യുതിനിയമ ഭേദഗതി ബില്‍ സംബന്ധിച്ച പരിശോധനക്ക് നിയോഗിച്ച ഉന്നതതല കമ്മിറ്റിയില്‍ സ്വകാര്യ, കോര്‍പ്പറേറ്റ് മുതലാളിമാരുടെ പ്രതിനിധികളെ മാത്രമാണ് കേന്ദ്രഗവണ്മെന്റ് ഉള്‍പ്പെടുത്തിയത്. വൈദ്യുതി മേഖലയിലെ ഗുണഭോക്താക്കളായി ഇവര്‍ കാണുന്നത് അസോച്ചം, ഫിക്കി പോലെയുള്ള കോര്‍പ്പറേറ്റ് സംഘടനകളെയാണ്. ചെറുകിട വ്യവസായികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയും ഭൂരിപക്ഷം വരുന്ന സാധാരണ ഉപഭോക്താക്കളെ അവഗണിച്ചും തയ്യാറാക്കിയ ഉന്നതതല കമ്മറ്റിയുടെ റിപ്പോര്‍ട്ടിനെ ‘നീതി ആയോഗ്” ഉയര്‍ത്തിപ്പിടിക്കുന്നതിനെ കണ്‍വെന്‍ഷന്‍ ശക്തമായി എതിര്‍ത്തു.

സദസ്

ഇന്ത്യാരാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വൈദ്യുതിക്കുള്ള അവകാശം നിഷേധിക്കുന്ന വൈദ്യുതി നിയമഭേദഗതി നീക്കത്തെനെതിരെ വൈദ്യുതിമേഖലയിലെ ജീവനക്കാരും എഞ്ചിനീയര്‍മാരും നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ദിവസം വൈദ്യുതി ജീവനക്കാരും എഞ്ചിനീയര്‍മാരും രാജ്യവ്യാപകമായി നടത്തുവാന്‍ പോകുന്ന പണിമുടക്ക് സമരം വിജയിപ്പിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷനില്‍ ഇഇഎഫ്ഐ പ്രസിഡന്റ് കെ ഒ ഹബീബ് അദ്ധ്യക്ഷത വഹിച്ചു. ഇഇഎഫ്ഐ ട്രഷറര്‍ സുബ്രഹ്മണ്യം പ്രമേയം അവതരിപ്പിച്ചു. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എളമരം കരീം, എഐഎഫ്ഒഇഇ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ എന്‍ രാജന്‍, എഐപിഇഎഫ് ചെയര്‍മാന്‍ ശൈലേന്ദ്ര ദൂബൈ, എഐപിഎഫ് ജനറല്‍സെക്രട്ടറി സമര്‍‌സിന്‍ഹ, എല്‍പിഎഫ് ജനറല്‍സെക്രട്ടറി രത്തിന സഭാപതി, എഐഎഫ്ഒപിഡിഇ ജനറല്‍ സെക്രട്ടറി ആന്റണി പദ്മരാജ് സൂരീബാബു, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി വി ലതീഷ്, കെഇഇസി (ഐഎന്‍റ്റിയുസി) ട്രഷറര്‍ വി. ഗോപകുമാര്‍, കെഇഒഎഫ് പ്രസിഡന്റ് എം ജി അനന്തകൃഷ്ണന്‍, കെഎസ്ഇബിഇഒ പ്രസിഡന്റ് അബ്ബാസ്, കെപിബിഒഎഫ്‌ന്റെ കെ.എസ്. സുനില്‍, കെഎസ്ഇബിഇഎ പ്രസിഡന്റ് മുഹമ്മദ് ഷെറീഫ് എന്നിവര്‍ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തു. കെഎസ്ഇബി വര്‍ക്കഴ്സ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി കെ ജയപ്രകാശ് സ്വാഗതവും, കെഇ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി എം പി ഗോപകുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.