അടുത്ത വര്‍ഷം ജനുവരി എട്ടിന് പൊതു പണിമുടക്ക് നടത്താന്‍ കേന്ദ്ര തൊഴിലാളി സംഘടനകളുടെ ദേശീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. രണ്ടാം മോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ – ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ കേന്ദ്ര തൊഴിലാളി സംഘടനകള്‍ക്കൊപ്പം നിരവധി സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും സംയുക്തമായി ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പൊതുകണ്‍വന്‍ഷനില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.
പൊതുപണിമുടക്കിന് മുന്നോടിയായി ഒക്‌ടോബര്‍ – നവംബര്‍ മാസങ്ങളില്‍ സംസ്ഥാന – ജില്ലാ- താലൂക്ക് – പ്രാദേശിക തല സംയുക്ത കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. ഡിസംബറില്‍ ഫാക്ടറികള്‍, വ്യവസായശാലകള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പണിമുടക്ക് പ്രഖ്യാപനം നടത്തും.
രാമേന്ദര്‍ കുമാര്‍ (എഐടിയുസി), ശ്യാം സുന്ദര്‍ യാദവ് (ഐഎന്‍ടിയുസി), കെ ഹേമലത (സിഐടിയു), സി എ രാജ ശ്രീധര്‍ (എച്ച്എംഎസ്), രമേഷ് പരാശറ് (എഐയുടിയുസി), ജി ആര്‍ ശിവശങ്കര്‍ (ടിയുസിസി), ലത(സേവ), സരബ്ജിത് സിങ് (എഐസിസിടിയു), ഭുബ്ബു രാമന്‍ (എല്‍പിഎഫ്), ശത്രുജിത് സിങ് (യുടിയുസി) എന്നിവരടങ്ങിയ പ്രസീഡിയമാണ് കണ്‍വന്‍ഷന്‍ നിയന്ത്രിച്ചത്.
എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍, തപന്‍ സെന്‍ (സിഐടിയു), അശോക് സിങ് (ഐഎന്‍ടിയുസി), എച്ച് എസ് സിദ്ദു (എച്ച്എംഎസ്), ശങ്കര്‍ സാഹ (എഐയുടിയുസി), ജി ദേവരാജന്‍ (ടിയുസിസി), സോണിയ ജോര്‍ജ്ജ് (സേവ), രാജീവ് ദിമ്‌റി (എഐസിസിടിയു), ഷണ്‍മുഖന്‍ എം പി (എല്‍പിഎഫ്), പി പ്രേമചന്ദ്രന്‍ (യുടിയുസി) എന്നിവര്‍ സംസാരിച്ചു.
അധികാരത്തിലെത്തി നൂറ് ദിവസം പൂര്‍ത്തിയാക്കിയ നരേന്ദ്രമോഡി സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ ജനവിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ജനവിരുദ്ധമായ എല്ലാ തീരുമാനങ്ങളും ആത്യന്തികമായി ബാധിക്കുന്നത് തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളെയാണെന്നും അതുകൊണ്ടുതന്നെ അവയെ ചെറുക്കാന്‍ തൊഴിലാളി സംഘടനകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.