വൈദ്യുതി നിയമവും നിയമഭേദഗതികളും വൈദ്യുതി വിതരണമേഖലയിൽ വരുത്തിയ മാറ്റങ്ങൾ

1639

വൈദ്യുതി നിയമം 2003ഉം അതിന്റെ ഭേദഗതി നിര്‍ദ്ദേശങ്ങളും മറ്റു പരിഷ്കരണ നടപടികളുമൊക്കെ വൈദ്യുതി മേഖലയെ മെച്ചപ്പെടുത്തുക, ത്വരിതവികസനം ഉറപ്പുവരുത്തുക, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും ചെലവുകുറഞ്ഞതുമായ സേവനം ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള പ്രഖ്യാപിതലക്ഷ്യങ്ങളോടെയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ ഈ ലക്ഷ്യങ്ങളൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതാണ് ഈ മേഖലയിലെ അനുഭവം. യഥാര്‍ത്ഥത്തില്‍ സ്വകാര്യ മൂലധന ശക്തികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള ഒന്നായി വൈദ്യുതിയേയും മാറ്റിയെടുക്കുക എന്നതിനപ്പുറം മറ്റു താല്‍പര്യങ്ങളൊന്നും ഇത്തരം നടപടികള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ അതുപോലും കൃത്യമായി നടത്തിയെടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ് രണ്ടു പതിറ്റാണ്ടായി നടക്കുന്ന പരിഷ്കരണങ്ങളുടെ ബാക്കിപത്രം.

എക്കാലത്തും വൈദ്യുതി മേഖലയിലെ ദുര്‍ബലകണ്ണിയായിരുന്ന വിതരണ മേഖല അങ്ങിനെത്തന്നെ ഇപ്പോഴും തുടരുകയാണ്. സ്വകാര്യവല്‍ക്കരണം മാത്രം ലക്ഷ്യമിട്ടു നടപ്പാക്കിയ പരിഷ്കരണങ്ങളുടെ ഫലമായി ഈ രംഗത്തെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരിക്കുന്നു. പ്രസരണ വിതരണ നഷ്ടം കുറക്കുക, ശരാശരി വിതരണ ചെലവും വരുമാനവും തമ്മിലുള്ള അന്തരം കുറയ്ക്കുക, സമ്പൂർണ്ണ മീറ്ററിങ്ങ് നടപ്പിലാക്കുക, എല്ലാവർക്കും കുറഞ്ഞ ചെലവിൽ വൈദ്യുതി ഉറപ്പാക്കുക തുടങ്ങി ഈ രംഗത്തെ പ്രധാന ലക്ഷ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങളിലൊന്നും കാര്യമായ പുരോഗതിയൊന്നും ചൂണ്ടിക്കാണിക്കാനാകില്ല. രാജ്യത്തെ വിതരണക്കമ്പനികളുടെ സാമ്പത്തികസ്ഥിതി അതിദയനീയമായി മാറിയിരിക്കുന്നു. 2020 ഡിസംബർ വരെ 1350 ബില്യൺ രൂപയുടെ കുടിശ്ശികയാണ് വൈദ്യുതി വിതരണക്കമ്പനികള്‍ ഉൽപാദന സ്ഥാപനങ്ങൾക്ക് നല്‍കാനുള്ളത് എന്നതില്‍നിന്നു തന്നെ വൈദ്യുതി വിതരണ മേഖല നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദം വ്യക്തമാകുന്നതാണ്.

ഉൽപാദന മേഖലയിലെ ഡി ലൈസൻസിംഗ് ഊർജ്ജ മേഖലയിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയോ?

വൈദ്യുതി നിയമം 2003 ന്റെ ഭാഗമായി ഉൽപ്പാദന മേഖല ഡീലൈസൻസ് ചെയ്തതുമൂലം ഉൽപാദന മേഖലയിൽ വൻ തോതിലുള്ള സ്വകാര്യനിക്ഷേപം ഉണ്ടായി. എന്നാല്‍ ഇതില്‍ ഭൂരിപക്ഷവും രാജ്യത്തെ പൊതുമേഖലാബാങ്കുകളില്‍ നിന്നുള്ള വായ്പയായിരുന്നു. ഉല്‍പാദന ശേഷിയിലുണ്ടായ വര്‍ദ്ധനവിനനുസരിച്ച് വൈദ്യുതി ഉപഭോഗമോ ഡിമാന്റോ വര്‍ദ്ധിച്ചില്ല. അതിനാല്‍ 40,000 മെഗാവാട്ടിലധികം താപ വൈദ്യുതി നിലയങ്ങൾ പൂട്ടിക്കിടക്കുന്ന സ്ഥിതിയാണുണ്ടായത്. വായ്പകള്‍ തിരിച്ചടക്കപ്പെട്ടില്ല. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വന്‍തോതില്‍ വര്‍ദ്ധിച്ചു. നിലവില്‍ വൈദ്യുതി മേഖലയില്‍ നിന്നും 1.75 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് ഉള്ളത്.

സാധാരണക്കാർക്ക് വൈദ്യുതി ഇനിയെത്രനാൾ

പുതിയ വൈദ്യുത നിയമഭേദഗതി സ്വകാര്യ വിതരണക്കമ്പനികള്‍ക്ക് രാജ്യത്തെവിടേയും യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്നു. ഇങ്ങിനെ കടന്നുവരുന്ന കമ്പനികൾക്ക് ഉയർന്ന വൈദ്യുതി നിരക്ക് നല്‍കുന്ന വന്‍കിട ഉപഭോക്താക്കളെ ഇളവുകള്‍ നല്‍കി ആകര്‍ഷിക്കുന്നതിന് എളുപ്പമാണ്. പുതുതായി കടന്നുവരുന്ന കമ്പനികള്‍ക്ക് നിലവിലെ വൈദ്യുതി ലൈനുകള്‍ തന്നെ ഉപയോഗിക്കാന്‍ നിയമഭേദഗതി അധികാരം നല്‍കുന്നു. മാത്രമല്ല നിലവിലുള്ള വൈദ്യുതി യൂട്ടിലിറ്റിയുടെ കൈവശമുള്ള വൈദ്യുതി വാങ്ങല്‍ക്കരാറുകളുടെ പങ്ക് പുതിയ കമ്പനികള്‍ക്ക് ലഭിക്കുകയും ചെയ്യും. അതായത് പുതിയൊരു വൈദ്യുതിക്കമ്പനിക്ക് വൈദ്യുതി വിതരണം ആരംഭിക്കാന്‍ സ്വന്തമായി വൈദ്യുതിശൃംഖല നിര്‍മ്മിക്കുകയോ വൈദ്യുതി വാങ്ങല്‍ക്കരാര്‍ ഉണ്ടാക്കുകയോ ഒന്നും ആവശ്യമില്ല. റവന്യൂ ശേഷി കൂടിയ ഉപഭോക്താക്കളെ ആകര്‍ഷ്കമായ താരീഫും ഇളവുകളും നല്‍കി വരുതിയിലാക്കിയാല്‍ മാത്രം മതി. ഇത്തരം ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതോടെ നിലവിലുള്ള വിതരണ യൂട്ടിലിറ്റികള്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന സൗജന്യങ്ങളും ഇളവുകളും തുടരാന്‍ കഴിയാത്ത സ്ഥിതി വരും.
ഒന്നിലേറെ കമ്പനികള്‍ ഒരേ ശൃംഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മീറ്ററിംഗ് അടക്കമുള്ള കാര്യങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വേണ്ടിവരും. കണക്കുകള്‍ തിട്ടപ്പെടുത്തുന്നതിലും മറ്റും ഉണ്ടാകാനിടയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഏര്‍പ്പെടുത്തുന്ന പുതിയ സംവിധാനങ്ങള്‍ മേഖലയുടെ മൊത്തം പ്രവര്‍ത്തനച്ചെലവ് വലിയ തോതില്‍ വര്‍ദ്ധിപ്പിക്കും. ഇതും സാധാരണ ജനങ്ങളുടെ വൈദ്യുതി നിരക്കുകളില്‍ത്തന്നെയാണ് പ്രധാനമായും പ്രതിഫലിക്കുക.
വിതരണ ലൈനുകളുടെ പരിപാലനമടക്കമുള്ള കാര്യങ്ങളില്‍ പുതിയ കമ്പനികള്‍ക്ക് യാതൊരു ചുമതലയുമില്ല. അത് നിലവിലുള്ള പോലെത്തന്നെ തുടരും. അതായത് നിര്‍ദ്ദേശിക്കപ്പെട്ട നിയമഭേദഗതി സാധാരണക്കാരുടേയും കാര്‍ഷികമേഖലയടക്കമുള്ള മുന്‍ഗണനാ വിഭാഗങ്ങളുടേയും വൈദ്യുതി നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിനപ്പുറം നേട്ടങ്ങളൊന്നും ഉണ്ടാക്കുകയില്ല എന്നതാണ്.

വൈദ്യുതി മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്ക് ഭേദഗതി പരിഹാരമാകുമോ ?

രാജ്യത്തെ വിതരണശൃംഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി
വലിയ അളവിലുള്ള പ്രസരണ-വിതരണ നഷ്ടമാണ്. കുറഞ്ഞ വോൾട്ടേജ്, വിതരണ തടസ്സങ്ങൾ, ലൈനുകളുടെ ഓവർലോഡിംഗ് തുടങ്ങിയ പ്രശ്നങ്ങളും രൂക്ഷമാണ്. കേരളം പോലെ അപൂര്‍വ്വം സംസ്ഥാനങ്ങളിലൊഴികെ മിക്കയിടത്തും ലോഡ് ഷെഡിംഗ് വ്യാപകമാണ്. വൈദ്യുതി ലഭിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഇന്ത്യയിലുണ്ട്. ഇത്തരത്തിലുള്ള മൗലീകപ്രശ്നങ്ങള്‍ക്കൊന്നും നിര്‍ദ്ദേശിക്കപ്പെട്ട വൈദ്യുതി നിയമഭേദഗതി പരിഹാരമല്ല. ഇവയൊന്നും ഭേദഗതി ചര്‍ച്ച ചെയ്യുന്നു പോലുമില്ല. വിതരണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പിക്കൽ മാത്രമാണ് ഭേദഗതിയിൽ ഊന്നൽ നല്കിയിരിക്കുന്നത്. ഒന്നിലധികം വിതരണ കമ്പനികൾ ഒരു പ്രദേശത്ത് പ്രവർത്തിക്കുമ്പോഴും ശൃംഖലയുടെ പരിപാലനവും സാങ്കേതിക നഷ്ടം കുറയ്ക്കുക, സുരക്ഷ ഉറപ്പാക്കുക, വൈദ്യുതി ലഭ്യത ഉറപ്പാകുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും പങ്കുവെക്കപ്പെടുന്നില്ല. റവന്യൂശേഷിയുള്ള വന്‍കിട ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതിലൂടെ ദുര്‍ബലമാകുന്ന പൊതുമേഖലാ യൂട്ടിലിറ്റി തന്നെ ഇത്തരം ചുമതലകളെല്ലാം നിര്‍വഹിക്കുകയും വേണം എന്ന സ്ഥിതിയാണ് ഉണ്ടാകുക. അതായത് വൈദ്യുതി മേഖല ഇന്നു നേരിടുന്ന ഒരു പ്രശ്നത്തിനും നിയമഭേദഗതി പരിഹാരം നിര്‍ദ്ദേശിക്കുന്നില്ല. നിയമഭേദഗതി ഗുണപരമമായ എന്തെങ്കിലും മാറ്റം ഈ മേഖലയിൽ കൊണ്ടുവരുമെന്ന് കരുതാനാകില്ല.

ഡീ ലൈസെൻസിംഗ് വിതരണ മേഖലയ്ക്ക് ഗുണകരമാകുമോ

വൈദ്യുത നിയമഭേദഗതി യിലെ ഏറ്റവും പ്രധാന നിർദേശങ്ങളിൽ ഒന്നാണ് വിതരണമേഖലയുടെ ഡീലൈസൻസിംഗ്. ഏതൊരു കമ്പനികൾക്കും ബന്ധപ്പെട്ട റഗുലേറ്ററി കമ്മീഷനിൽ രജിസ്റ്റർ ചെയ്യുന്ന ഏത് കമ്പനിക്കും യാതൊരു ലൈസന്‍സുമില്ലാതെ രാജ്യത്തിന്റെ ഏതൊരു പ്രദേശത്തിന്റെയും വിതരണ കമ്പനിയായി പ്രവർത്തിക്കാമെന്ന് നിയമഭേദഗതി വ്യവസ്ഥചെയ്യുന്നു. ഒരു പ്രദേശത്ത് ഒന്നിലധികം കമ്പനികൾക്ക് വൈദ്യുതി വിതരണം നടത്തുവാനും പുതുക്കിയ ഭേദഗതി അനുവദിക്കുന്നു.
വൈദ്യുതി വിതരണക്കമ്പനികള്‍ മല്‍സരിച്ച് ഉപഭോക്താക്കളെ തേടുന്നതോടെ വൈദ്യുതി നിരക്കുകള്‍ കുറയുമെന്നും വൈദ്യുതി ഗുണമേന്‍മ വര്‍ദ്ധിക്കുമെന്നുമാണ് ഭേദഗതിക്കനുകൂലമായി ഉയര്‍ന്നുകേള്‍ക്കുന്ന വാദം. എന്നാല്‍ വിതരണ മേഖലയില്‍ പുതിയ ഓപ്പറേറ്റര്‍മാര്‍ കടന്നുവരുന്നതിലൂടെ പ്രവര്‍ത്തനച്ചെലവുകളില്‍ എന്തെങ്കിലും കുറവുവരുമോ? പുതിയ കമ്പനികളുടെ നടത്തിപ്പുചെലവുകള്‍ കൂടി ഉപഭോക്താക്കളുടെ അധികബാദ്ധ്യതയാകും. വൈദ്യുതി ശൃംഖലയുടെ പരിപാലനമോ നടത്തിപ്പോ ഭേദഗതിയുടെ ഭാഗമായി ഒരു മാറ്റത്തിനും വിധേയമാകുന്നില്ല എന്നതിനാല്‍ വൈദ്യുതി ഗുണമേന്‍മയില്‍ വ്യത്യാസമൊന്നും വരുകയുമില്ല. അതായത് ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം വര്‍ദ്ധിക്കുന്നതിനപ്പുറം ഡീലൈസന്‍സിംഗ് വൈദ്യുതി വിതരണ മേഖലയില്‍ ഗുണകരമായ മാറ്റമൊന്നും വരുത്താനിടയില്ല.