വൈദ്യുതി വിതരണ മേഖല വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ അണിചേരുക

895

വൈദ്യുതി ജീവനക്കാരുടേയും പൊതു സമൂഹത്തിന്റെയും എതിര്‍പ്പുകളെ തുടര്‍ന്ന് മാറ്റി വെച്ച വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നു. വൈദ്യുതി വിതരണ മേഖലയെ കണ്ടന്റും കാര്യേജും എന്ന രീതിയില്‍ വിഭജിക്കുക എന്നതാണ് വൈദ്യുതി നിയമ ഭേദഗതി ബില്ലിലെ പ്രധാന നിര്‍ദ്ദേശം. വൈദ്യുതി വിതരണ ലൈനുകളും അനുബന്ധ ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രത്യേകമായി ഒരു സപ്ലൈ കമ്പനി, ഉത്പാദകരില്‍ നിന്നും വൈദ്യുതി വാങ്ങി വിതരണ ലൈനുകളിലൂടെ കടത്തിക്കൊണ്ട് വന്ന് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി ഒന്നിലേറെ സപ്ലൈ കമ്പനികള്‍ എന്ന രീതിയില്‍ വൈദ്യുതി വിതരണ മേഖലയെ നിരവധി കഷണങ്ങളായി വിഭജിക്കുന്നതിനാണ് ബില്ലില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ള സപ്ലൈ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങുവാന്‍ അവസരം ലഭിക്കുമെന്നും മത്സരം വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് കിട്ടുന്ന സേവനങ്ങള്‍ മെച്ചപ്പെടുമെന്നും വൈദ്യുതി വില കുറഞ്ഞ് വരുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ വൈദ്യുതി വിതരണ മേഖല വിഭജിച്ച് സ്വകാര്യ വല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാജ്യത്തെ ഭുരിപക്ഷം വരുന്ന സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വലിയ ആഘാതമായിരിക്കും ഉണ്ടാക്കുക എന്നാണ് വൈദ്യുതി മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
2013 ല്‍ കേന്ദ്രം ഭരിച്ചിരുന്ന യു.പി.എ സര്‍ക്കാരാണ് വിതരണ മേഖലയെ വിഭജിക്കുക എന്ന നിര്‍ദ്ദേശത്തോടെ വൈദ്യുതി നിയമ ഭേദഗതി ബില്ലിന്റെ കരട് മുന്നോട്ട് വച്ചത്. അതിശക്തമായ എതിര്‍പ്പാണ് ഇതിനെതിരെ ഉയര്‍ന്ന് വന്നത്. എന്നാല്‍ തുടര്‍ന്ന് 2014 ല്‍ അധികാരത്തില്‍ വന്ന ബി.ജെ.പി സര്‍ക്കാരും വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന പ്രസ്തുത നിയമ ഭേദഗതികളുമായി മുന്നോട്ട് പോവുകയാണ് ഉണ്ടായത്. ബില്ലിനെ കുറിച്ച് പഠിക്കുവാന്‍ നിയമിച്ച സബ്ജക്റ്റ് കമ്മിറ്റിയിലും ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വലിയ ആശങ്കകളാണ് ഉയര്‍ന്ന് വന്നത്. രേഖാമൂലം തന്നെ ഇക്കാര്യങ്ങള്‍ ചില അംഗങ്ങള്‍ കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് അറിയുവാന്‍ കഴിയുന്നത്. വൈദ്യുതി മേഖലയെ കുറിച്ച് ഗൗരവമായി പഠിക്കുന്ന പൂനയിലെ പ്രയാസ് അടക്കമുള്ള പഠന ഗവേഷണ സ്ഥാപനങ്ങളും വിതരണ മേഖലയുടെ വിഭജനം ഗുണകരമായിരിക്കില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനിയേഴ്സ് (എന്‍.സി.സി.ഒ.ഇ.ഇ.ഇ)ന്റെ നേതൃത്വത്തില്‍ രാജ്യത്ത് ആകമാനമുള്ള വൈദ്യുതി ജീവനക്കാരും ഓഫീസര്‍മാരും വൈദ്യുതി നിയമഭേദഗതി ബില്ലിലെ വിനാശകരമായ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലാണ്. രാഷ്ട്രീയത്തിനതീതമായി വൈദ്യുതി ജീവനക്കാര്‍ ഒന്നടങ്കം വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നു. വൈദ്യുതി ബോര്‍ഡുകളെ പിരിച്ചുവിട്ട് സ്വകാര്യവല്‍ക്കരണം നടത്തിയ ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളിലെ അനുഭവം കേന്ദ്ര സര്‍ക്കാര്‍ കണ്ണുതുറന്ന് കാണണമെന്നാണ് വൈദ്യുതി ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബഹുജന പ്രക്ഷോഭത്തെ അവഗണിച്ച്, ലോക്‌സഭയിലേയും രാജ്യ സഭയിലേയും ഭുരിപക്ഷത്തിന്റെ ബലത്തില്‍ വൈദ്യുതി നിയമ ഭേഗദതി ബില്‍ പാസ്സാക്കിയെടുത്ത് സ്വകാര്യ കുത്തകകളെ സഹായിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. അതുകൊണ്ട് തന്നെ വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുന്ന ദിവസം അഖിലേന്ത്യ പണിമുടക്ക് നടത്തുവാന്‍ എന്‍.സി.സി.ഒ.ഇ.ഇ.ഇ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തില്‍ കൂടിയല്ലാതെ കേന്ദ്ര സര്‍ക്കാരിനെ പിന്തിരിപ്പിക്കാനാകുമെന്ന് തോന്നുന്നില്ല. വൈദ്യുതി വിതരണ മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരായുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി യിലെ മുഴുവന്‍ വൈദ്യുതി തൊഴിലാളികളോടും ഓഫീസര്‍മാരോടും അഭ്യര്‍ത്ഥിക്കുന്നു.