ജനദ്രോഹകരവും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമായ വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക

1050

രാജ്യം കൊവിഡ് 19 മഹാമാരിയുടെ ഭീതിയിലും പ്രതിരോധപ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുകയാണല്ലോ. ഇതിനിടയില്‍ 2020 ഏപ്രില്‍ 17ന് വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദ്ദേശം പ്രസിദ്ധീകരിച്ചുകൊണ്ട് ഇക്കാര്യത്തിലുള്ള അഭിപ്രായം 21ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തണമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംസ്ഥാനങ്ങളോടും വൈദ്യുതി സ്ഥാപനങ്ങള്‍ അടക്കമുള്ള തല്‍പര കക്ഷികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യുതിമേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പ്രധാനപ്പെട്ട ഒരു നിയമഭേദഗതി ഇത്തരമൊരു സാഹചര്യത്തില്‍ പുറത്തിറക്കിയത് ഫലപ്രദമായ ഒരു ചര്‍ച്ച ഇക്കാര്യത്തില്‍ ‍നടക്കുകയില്ല എന്നറിഞ്ഞുകൊണ്ടു തന്നെയാണെന്നത് കേന്ദ്രസര്‍ക്കാരിന്റെ ഗൂഡലക്ഷ്യം വ്യക്തമാക്കുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ സമീപനത്തെ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ അപലപിക്കുന്നു.

  1. നേരത്തെ 2018ല്‍ വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഒരു ബില്ല് അവതരിപ്പിച്ചിരുന്നു. അതേത്തുടര്‍ന്ന് വൈദ്യുതി മേഖലയില്‍ വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുകയും ചെയ്തിരുന്നു. ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായി വൈദ്യുതി വ്യവസായത്തിലെ കണ്ടന്റും കാര്യേജും വേര്‍തിരിക്കുക, വിതരണ മേഖലയെ വിഭജിച്ച് പ്രത്യേകം സപ്ലൈ കമ്പനികള്‍ രൂപീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പുതിയ ഭേദഗതിയില്‍ ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായിട്ടുണ്ട്. എന്നാല്‍ വൈദ്യുതിമേഖലയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ കവരുന്നതും സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കുകള്‍ വന്‍തോതില്‍ ഉയരുന്നതിന് കാരണമാകുന്നനിലയില്‍ ദേശീയ താരീഫ് നയം നിര്‍ബന്ധമാക്കുന്നതും വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കുന്നതുമടക്കം നിരവധി നിര്‍ദ്ദേശങ്ങള്‍ പുതുതായി മുന്നോട്ടുവെച്ചിട്ടുള്ള നിയമഭേദഗതിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  2. വൈദ്യുതി കണ്‍കറന്റ് ലിസ്റ്റില്‍ ഉള്ളതാണ്. എന്നാല്‍, പുതിയ വൈദ്യുതി നിയമ ഭേദഗതി നിയമമായാല്‍ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി മേഖലയില്‍ ഇടപെടാനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായി ഇല്ലാതാകുകയാണ്. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനുകളാണ് വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. നിലവില്‍ സംസ്ഥാന സര്‍ക്കാരിന് അംഗങ്ങളുടെ നിയമനത്തില്‍ സുപ്രധാനമായ പങ്കുണ്ട്.‍ പുതിയ ഭേദഗതി പ്രകാരം അത് പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്ക് മാറും. അതു പോലെ, നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സബ്‌സിഡി നല്‍കാനും അത് വഴി വൈദ്യുതി നിരക്ക് കുറച്ചു നിര്‍ത്താനും കഴിയുമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം‍ വൈദ്യുതി നിരക്കിന് സബ്‌സിഡിയുമായി ബന്ധമുണ്ടാകില്ല. സബ്‌സിഡി നല്‍കണമെങ്കില്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി ഉപഭോക്താവിന് നേരിട്ട് നല്‍കാനേ പറ്റൂ. ഇത് സബ്‌സിഡി ലഭിക്കുന്ന വിഭാഗങ്ങളുടെ വൈദ്യുതി നിരക്ക് കാലക്രമേണ ശരാശരി നിരക്കിലേക്ക് ഉയരുന്നതിലേക്ക് വഴിവയ്ക്കും. വൈദ്യുതിമേഖലയുടെ നടത്തിപ്പിന്റെ പരിപൂര്‍ണ്ണ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ മാത്രമായി നിക്ഷിപ്തമാവുന്നത് ഇന്ത്യയെപ്പോലെ ധാരാളം വൈജാത്യങ്ങളുള്ള ഒരു രാജ്യത്തിന് യോജിക്കുന്നതല്ല. ഇത് ഫെഡറല്‍ ഭരണവ്യവസ്ഥയെ അട്ടിമറിക്കുന്നതാണ്.
  3. വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണമാണ് നിയമ ഭേദഗതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിതരണ മേഖല പടിപടിയായി സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പുതിയ ഭേദഗതിയിലുണ്ട്. വിതരണമേഖലയില്‍ ഉപലൈസന്‍സികളും ഫ്രാഞ്ചൈസികളും വഴി വ്യാപകമായി സ്വകാര്യവല്‍ക്കരണം കൊണ്ടുവരാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഫ്രാഞ്ചൈസികള്‍ക്കും വിതരണ ഉപലൈസന്‍സികള്‍‍ക്കും റഗുലേറ്ററി കമ്മീഷനില്‍ നിന്ന് പ്രത്യേക ലൈസന്‍സ് എടുക്കേണ്ട ആവശ്യമില്ല. യൂട്ടിലിറ്റികള്‍ക്ക് ഇഷ്ടമുള്ള ഭാഗം ആരേയും ഏല്‍പ്പിക്കാം. സ്വകാര്യവല്‍ക്കരണം തൊഴില്‍ നഷ്ടത്തിലേക്കും കരാര്‍വല്‍ക്കരണത്തിലേക്കും നയിക്കും. വിതരണരംഗത്ത് ഉപലൈസന്‍സികളും ഫ്രാഞ്ചൈസികളും അനുവദിക്കുന്നത് സ്വകാര്യമൂലധനത്തിന് പുറം വാതിലിലൂടെ കടന്ന് വരാനും തദ്വാരാ രാജ്യത്തിന്റെ അസന്തുലിത വികസനത്തിനും, ലാഭത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനും നഷ്ടത്തിന്റെ പൊതുമേഖലാവല്‍ക്കരണത്തിനും മാത്രമേ സഹായിക്കൂ.
  4. സബ്‌സിഡികളൂം ക്രോസ് സബ്‌സിഡികളും കുറച്ചു കൊണ്ടു വരുന്ന കാര്യത്തില്‍ സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനുകള്‍ക്ക് സംസ്ഥാനത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ച് ഇടപെടാനുള്ള സാഹചര്യം ഉണ്ടായിരുന്നു. അത് പൂര്‍ണ്ണമായും ഇല്ലാതാകുകയാണ്. ഇനി മുതല്‍ വൈദ്യുതി നിരക്ക് ദേശീയ താരിഫ് നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിശ്ചയിക്കാന്‍ പറ്റൂ. വൈദ്യുതിനിരക്കുകള്‍ നിശ്ചയിക്കുന്നതിന് പരിപൂര്‍ണ്ണമായും ദേശീയ താരീഫ് നയം അടിസ്ഥാനമാക്കുന്നത് വൈദ്യുതി നിരക്ക് വര്‍ദ്ധിക്കുന്നതിനും അര്‍ഹമായ സഹായങ്ങള്‍ നിഷേധിക്കപ്പെടുന്നതിനും ഇടയാക്കും. കേരളത്തിലെ ഭൂരിഭാഗം ഗാര്‍ഹിക കാര്‍ഷിക ചെറുകിട ഉപഭോക്താക്കളുടേയും വൈദ്യുതി നിരക്ക് കൂടാന്‍ ഇത് വഴി വയ്ക്കും.

രാജ്യത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്കും ഭൂരിപക്ഷ ജന വിഭാഗങ്ങള്‍ക്കും വൈദ്യുതി മേഖലക്കും ദോഷകരമായ നിയമഭേദഗതിയുമായി മുന്നോട്ട് പോകരുതെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.