നവംബർ 26ന്‌ അഖിലേന്ത്യാ പണിമുടക്ക്‌

422

ഏഴ്‌ അടിയന്തരാവശ്യം ഉന്നയിച്ച് നവംബർ 26ന്‌ അഖിലേന്ത്യാ പണിമുടക്കിന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തയോഗം ആഹ്വാനം ചെയ്‌തു. ഗാന്ധിജയന്തി ദിനത്തില്‍‌ ഓൺലൈനായാണ് യോഗം ചേർന്നത്‌. തൊഴിലാളികളുടെ പ്രകടനവും വിശദീകരണവുമായി പണിമുടക്കിന്റെ പ്രചരണം നടത്തും.

സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്‌, എഐയുടിയുസി, എഐസിസിടിയു, ടിയുസിസി, സേവ , എൽപിഎഫ്‌, യുടിയുസി എന്നീ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ജീവനക്കാരുടെ ദേശീയ ഫെഡറേഷനുകളും അസോസിയേഷനുകളും സംയുക്തമായാണ്‌ പണിമുടക്ക് തീരുമാനിച്ചത്‌. വൈദ്യുതി ബിൽ–-2020 പാർലമെന്റിൽ അവതരിപ്പിക്കുകപോലും ചെയ്യാതെ വൈദ്യുതിബോർഡുകളുടെ സ്വകാര്യവൽക്കരണവുമായി കേന്ദ്രം മുന്നോട്ടുപോവുകയാണെന്നും‌ യോഗം ചൂണ്ടിക്കാട്ടി.

ആവശ്യങ്ങള്‍
● കർഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിൻവലിക്കുക

● പ്രതിരോധനിർമാണ–- റെയിൽവേ–- തുറമുഖ–- ധന മേഖലകളിലെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക

● കേന്ദ്രസർവീസ്– പൊതുമേഖലാ ജീവനക്കാരെ നിർബന്ധപൂർവം പിരിച്ചുവിടുന്നത്‌ അവസാനിപ്പിക്കുക
● ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുക

● ആവശ്യക്കാരായ എല്ലാവർക്കും പ്രതിമാസം 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക

● വർഷം 200 തൊഴിൽദിനം വർധിപ്പിച്ച വേതനത്തിൽ ലഭ്യമാക്കാനായി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിപുലീകരിക്കുക, നഗരങ്ങളിലും പദ്ധതി നടപ്പാക്കുക

● എല്ലാവർക്കും പെൻഷൻ നൽകുക, പുതിയ പെൻഷൻ പദ്ധതിക്കു പകരം മുൻ സംവിധാനം പുനഃസ്ഥാപിക്കുക, എംപ്ലോയീസ്‌ പെൻഷൻ പദ്ധതി–-1995 മെച്ചപ്പെടുത്തുക