വൈദ്യുതി മേഖലയിലെ പ്രക്ഷോഭങ്ങള്‍ നിലയ്ക്കുന്നില്ല

1214
2018 മാര്‍ച്ച് 14 ന് നടന്ന രാജ്ഭവന്‍ മാര്‍ച്ചിനെ സംസ്ഥാന പ്രസിഡന്റ് ജെ സത്യരാജന്‍ അഭിവാദ്യം ചെയ്യുന്നു

രാജ്യത്തെ വൈദ്യുതിത്തൊഴിലാളികള്‍ ദീര്‍ഘകാലമായി പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായി ഏപ്രില്‍ മൂന്നിന് മറ്റൊരു പാര്‍ലമെന്റ് മാര്‍ച്ചുകൂടി നടക്കുകയാണ്. 2014 ഡിസംബര്‍ 19ന് ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള വൈദ്യുതി നിയമ ഭേദഗതി ചര്‍ച്ചക്കെടുത്ത് മുന്നോട്ടു കൊണ്ടു പോകാനുള്ള തീരുമാനമുണ്ടായാല്‍ രാജ്യവ്യാപകമായി മിന്നല്‍പണിമുടക്കടക്കമുള്ള നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി 2018 മാര്‍ച്ച് 14ന് സംസ്ഥാനാടിസ്ഥാനത്തില്‍ നടന്ന പ്രതിഷേധ റാലികള്‍ പ്രക്ഷോഭത്തിന്റെ ശക്തി വ്യക്തമാക്കുന്നതായിരുന്നു. ജമ്മുകാശ്മീരടക്കം മുഴുവന്‍ സംസ്ഥാനങ്ങളിലും വലിയ തൊഴിലാളി പങ്കാളിത്തമുള്ള പ്രതിഷേധങ്ങളാണ് നടന്നത്.
നടക്കുന്ന പ്രക്ഷോഭങ്ങള്‍ മുന്നോട്ടു വെക്കുന്ന പ്രധാന മുദ്രാവാക്യം വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക എന്നാണെങ്കിലും ഇത് കേവലം ആ മുദ്രാവാക്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. വൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭം യഥാര്‍ത്ഥത്തില്‍ വൈദ്യുതി നിയമം 2003ന്റെ അന്തസത്തയെത്തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് വളര്‍ന്നു വന്നിരിക്കുന്നു. നിയമ ഭേദഗതിയെ എതിര്‍ക്കുന്നത് 2003ലെ നിയമമാണ് ശരിയെന്ന നിലപാടിലല്ല. 2003ലെ വൈദ്യുതി നിയമം മുന്നോട്ടു വെക്കുന്ന പ്രതിലോമ സമീപനങ്ങളെ കൂടുതല്‍ ശക്തമാക്കുന്നതാണ് നിയമ ഭേദഗതി എന്നതുകൊണ്ടാണ്. വൈദ്യുതി നിയമം 2003 അനുസരിച്ച് നടപ്പാക്കപ്പെട്ട നടപടികള്‍, വൈദ്യുതി ബോര്‍ഡുകളുടെ വിഭജനവും കമ്പനിവല്‍ക്കരണവുമടക്കമുള്ള നടപടികള്‍, റോള്‍ ബാക്ക് ചെയ്യണമെന്ന ആവശ്യം പലയിടങ്ങളിലും ഇതിനകം തന്നെ ഉയര്‍ന്നു വന്നു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദശകമായി വൈദ്യുതി മേഖലയില്‍ നടപ്പാക്കി വരുന്ന നവ ഉദാര വല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങളോടുള്ള ചെറുത്തു നില്‍പ്പായി ഈ പ്രക്ഷോഭം മാറിയിരിക്കുന്നു.

വൈദ്യുതി നിയമ ഭേദഗതി
2013ല്‍ അന്നത്തെ യു.പി.എ. സര്‍ക്കാരാണ് വൈദ്യുതി നിയമം ഭേദഗതി ചെയ്യാനും വൈദ്യുതി മേഖലയില്‍ കണ്ടന്റും കാര്യേജും വേര്‍തിരിക്കാനും ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ നക്കലില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം ആരായുകയും ചെയ്തു. വൈദ്യുതി നിയമം 2003 ലക്ഷ്യമിട്ട നിലയില്‍ വൈദ്യുതിക്കമ്പോളങ്ങള്‍ വികസിപ്പിക്കുന്നതിന് പര്യാപ്തമായിട്ടില്ലെന്നും വൈദ്യുതി വിതരണ രംഗത്ത് ഒന്നിലധികം ലൈസന്‍സികള്‍ കടന്നു വരുന്നതിന് പരിമിതികള്‍ നിലനില്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഇതിന് പരിഹാരമായാണ് കണ്ടന്റും കാര്യേജും വേര്‍തിരിക്കുക എന്ന ആശയം മുന്നോട്ടു വെക്കപ്പെട്ടത്. വൈദ്യുതി വിതരണ മേഖലയെ വിഭജിച്ച് ലൈനുകളും മറ്റ് ആസ്തികളും കൈകാര്യം ചെയ്യുന്ന വിതരണക്കമ്പനിയും ഈ ലൈനുകളിലൂടെ വൈദ്യുതി കടത്തിക്കൊണ്ടുപോയി വില്‍പ്പന നടത്തുന്നതിനായി സപ്ലൈ കമ്പനിയും രൂപീകരിക്കുക എന്നതാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. സപ്ലൈ രംഗത്ത് ഒന്നിലേറെ ലൈസന്‍സികളെ അനുവദിക്കുന്നതിലൂടെ വൈദ്യുതിയുടെ റീടെയില്‍ വില്‍പ്പനയില്‍ മല്‍സരം ഉറപ്പുവരുത്താന്‍ കഴിയുമെന്നും അതിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് താല്‍പര്യമുള്ള സപ്ലൈയറെ തെരെഞ്ഞെടുക്കാന്‍ അവസരം ലഭിക്കുമെന്നും നിയമഭേദഗതിയുടെ പ്രധാനനേട്ടമായി സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നു.
യു.പി.എ. സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഭേദഗതി നിര്‍ദ്ദേശങ്ങളെ ഒന്നുകൂടി ശക്തിപ്പെടുത്തിയാണ് 2014ല്‍ അധികാരത്തില്‍ വന്ന എന്‍.ഡി.എ. സര്‍ക്കാര്‍ ബില്ല് ലോകസഭയില്‍ അവതരിപ്പിച്ചത്. നിയമ ഭേദഗതിയുടെ ആദ്യ നക്കലില്‍ വിതരണ മേഖലയെ വിതരണം, സപ്ലൈ എന്നിങ്ങനെ രണ്ടായി വിഭജിക്കാന്‍ മാത്രമേ നിര്‍ദ്ദേശമുണ്ടായിരുന്നുള്ളൂ. പുതിയ സപ്ലൈ ലൈസന്‍സുകള്‍ അനുവദിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ജല വൈദ്യുതി നിലയങ്ങളില്‍ നിന്നും പഴയ വൈദ്യുതി പദ്ധതികളില്‍ നിന്നും ലഭിക്കുന്ന വിലകുറഞ്ഞ വൈദ്യുതി കൈവശമുള്ളത് പൊതുമേഖലാ സപ്ലൈ കമ്പനികള്‍ക്ക് പുതുതായി കടന്നു വരുന്ന ലൈസന്‍സികളേക്കാള്‍ ഈ രംഗത്ത് മേല്‍ക്കൈ കിട്ടുന്ന സ്ഥിതി നിലനിന്നിരുന്നു. റവന്യൂ ശേഷി കൂടിയ ഉപഭോക്താക്കളെ പുതിയ സപ്ലൈ ലൈസന്‍സികള്‍ അടര്‍ത്തിക്കൊണ്ടുപോയാലും വില കുറഞ്ഞ വൈദ്യുതി കയ്യിലുള്ളതുകൊണ്ട് സാധാരണ ഉപഭോക്താക്കള്‍ക്ക് തല്‍ക്കാലത്തേക്ക് പ്രയാസമില്ലാതെ വൈദ്യുതി എത്തിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ ഈ മേല്‍ക്കൈ കൂടി ഇല്ലാതാക്കി സപ്ലൈ രംഗത്തേക്ക് കടന്നു വരുന്ന സ്വകാര്യ സംരഭകര്‍ക്ക് സഹായകമായ നിലയില്‍ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ മാറ്റിയെഴുതിയാണ് ബില്ല് ലോകസഭയില്‍ എത്തിയത്. സപ്ലൈ കമ്പനികള്‍ക്കെല്ലാം ഒരേ തലത്തില്‍ മല്‍സരിക്കാന്‍ അവസരം കിട്ടുന്നതിന് വേണ്ടി നിലവിലുള്ള എല്ലാ വൈദ്യു തി വാങ്ങല്‍ക്കരാറുകളും വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വിഹിതവും ഒരു ഇന്റര്‍മീഡിയറി കമ്പനിയിലേക്ക് മാറ്റാനും പൊതുമേഖല അടക്കമുള്ള എല്ലാ സപ്ലൈ കമ്പനികള്‍ക്കും ഈ വൈദ്യുതി ആനുപാതികമായി വീതിച്ചു നല്‍കാനുമുള്ള വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നിയമ ഭേദഗതി ബില്ല് ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ടത്. അങ്ങിനെ വിതരണ മേഖലയെ വിതരണം, സപ്ലൈ, ഇന്റര്‍മീഡിയറി കമ്പനി എന്നിങ്ങനെ മൂന്നായി വിഭജിക്കാനാണ് നിര്‍ദ്ദേശിക്കപ്പെട്ടത്.

വൈദ്യുതി ബില്‍ 2000,  വൈദ്യുതി നിയമം 2003
വൈദ്യുതി ബോര്‍ഡുകള്‍ നഷ്ടത്തിലായെന്നും വലിയ കടബാദ്ധ്യത നിലനില്‍ക്കുന്നുവെന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവ ലിബറല്‍ പരിഷ്കാരങ്ങള്‍ ഈ രംഗത്ത് അടിച്ചേല്‍പ്പിക്കപ്പെട്ടത്. വൈദ്യുതി ഉത്പാദന വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി ഉത്പാദന രംഗത്ത് സ്വകാര്യ മൂലധനം പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിക്കുന്നത് 1990കളുടെ തുടക്കത്തിലാണ്. വിദേശ സാങ്കേതിക വിദ്യയും മൂലധനവും ഉപയോഗപ്പെടുത്തുന്നതിന് നടപടിക്രമങ്ങള്‍ ഉദാരമാക്കി. ഇങ്ങിനെയാണ് എന്‍റോണ്‍ അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ വൈദ്യുതി ഉത്പാദന സംരംഭങ്ങളുമായി രാജ്യത്ത് കടന്നു വന്നത്. 1990ല്‍ വൈദ്യുതി നിലയ നിര്‍മ്മാണത്തിന് ഒരു മെഗാവാട്ടിന് ഒരു കോടിയില്‍ താഴെ മാത്രമായിരുന്നു മൂലധനച്ചെലവ്. എന്നാല്‍ യാതൊരു സാമ്പത്തിക നിയന്ത്രണവുമില്ലാതെ വിദേശ സാങ്കേതിക വിദ്യകളും യന്ത്രങ്ങളും ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ വൈദ്യുതി ഉത്പാദന നിലയങ്ങളുടെ നിര്‍മ്മാണച്ചെലവ് വന്‍തോതില്‍ ഉയരാന്‍ തുടങ്ങി. തൊണ്ണൂറുകളുടെ പകുതിയോടെ ഇത് മെഗാവാട്ടിന് നാലുകോടിയോളമായി മാറി. വൈദ്യുതി വിലയിലും ഇതിനനുസരിച്ച് വര്‍ദ്ധനവുണ്ടായി. ഇങ്ങിനെ ഉയര്‍ന്ന വിലകൊടുത്ത് വൈദ്യുതി വാങ്ങി വില്‍പന നടത്താന്‍ നിര്‍ബന്ധിതമായ സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ വൈദ്യുതി വാങ്ങല്‍ച്ചെലവുകളുടെ വര്‍ദ്ധനവിനനുസരിച്ച് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ആകാതെ കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ അകപ്പെട്ടു. സംസ്ഥാന സര്‍ക്കാരുകളുടെ പോപ്പുലിസ്റ്റ് സമീപനം വൈദ്യുതി നിരക്ക് വര്‍ദ്ധനക്ക് തടസ്സം നില്‍ക്കുന്നതാണ് പ്രശ്നമെന്ന ലളിത വിശകലനം നടത്തിയ കേന്ദ്ര സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിന് നിര്‍ദ്ദേശിച്ചത് വൈദ്യുതി നിരക്ക് പരിഷ്കരണം സര്‍ക്കാരില്‍ നിന്ന് എടുത്തുമാറ്റുന്നതിനുള്ള വൈദ്യുതി റഗുലേറ്ററി കമ്മീഷനുകള്‍ രൂപീകരിക്കുക എന്നതാണ്. ഇതിനെ ഭാഗമായാണ് 1998ല്‍ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍സ് ആക്ട് കൊണ്ടു വരുന്നത്.
വൈദ്യുതി ബോര്‍ഡുകളുടെ സാമ്പത്തിക അരക്ഷിതാവസ്ഥ സംസ്ഥാനങ്ങളിലെ വൈദ്യുതി വികസന ത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വൈദ്യുതി ബോര്‍ഡുകളുടെ കാര്യക്ഷമതക്കുറവിന് ബോര്‍ഡുകളുടെ ഘടന തന്നെയാണ് തടസ്സമെന്നും വൈദ്യുതി ബോര്‍ഡുകളെ ചെറിയ കമ്പനികളായി വിഭജിച്ച് പുന:സംഘടിപ്പിച്ചുകൊണ്ടു മാത്രമേ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയൂ എന്നുമുള്ള നിര്‍ദ്ദേശങ്ങളാണ് നവ ലിബറല്‍ പരിഷ്കരണ വാദികള്‍ മുന്നോട്ടു വെച്ചത്. ഇതനുസരിച്ച് വൈദ്യുതി ബോര്‍ഡ് വിഭജിച്ച് കമ്പനികളാക്കുകയും വിതരണ മേഖല സ്വകാര്യ വല്‍ക്കരിക്കുകയും ചെയ്ത ആദ്യ സംസ്ഥാനമാണ് ഒറീസ്സ. രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ഡല്‍ഹി തുടങ്ങി പല സംസ്ഥാനങ്ങളും വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ച് കമ്പനികളായി പുന:സംഘടിപ്പിച്ചു. ഡല്‍ഹിയിലും വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുകയുണ്ടായി. എന്നാല്‍ ഇത്തരം നടപടികള്‍ക്കെതിരെ രാജ്യമെമ്പാടും വൈദ്യുതി തൊഴിലാളികളുടെ വലിയ ചെറുത്തു നില്‍പ്പുണ്ടായി. ഇത്തരം ചെറുത്തു നില്‍പ്പുകളുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകാന്‍ തയ്യാറായില്ല. ഈ മേഖലയില്‍ പിടി മുറുക്കുന്നതിന് സ്വകാര്യ മൂലധന ശക്തികള്‍ നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര ഫലം കണ്ടില്ല. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് രൂപീകരണത്തിനും പൊതുമേഖലയിലൂന്നിയ വൈദ്യുതി വികസനത്തിനും അടിസ്ഥാനമായ 1948ലെ ഇലക്ട്രിസിറ്റി സപ്ലൈ ആക്ടും 1910ലെ ഇലക്ട്രിസിറ്റി ആക്ടും റദ്ദാക്കി പുതിയൊരു നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇങ്ങിനെയാണ് വൈദ്യുതി ബില്ല് 2000 അവതരിപ്പിക്കപ്പെടുന്നത്.
വൈദ്യുതി ബില്ല് 2000ത്തിനെതിരെ വൈദ്യുതിത്തൊഴിലാളികളും ഓഫീസര്‍മാരും അതി ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വന്നു. ഈ സാഹചര്യത്തിലാണ് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേര്‍സ് ( ഏന്‍.സി.സി.ഒ.ഇ.ഇ.ഇ.) രൂപം കൊള്ളുന്നത്.

മാര്‍ച്ച് 14 ലെ രാജ്ഭവന്‍ മാര്‍ച്ചിന് ശേഷം എന്‍സിസിഒഇഇഇ നേതാക്കള്‍
ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് നിവേദനം നല്‍കുന്നു

കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട വൈദ്യുതി മേഖലയുടെ നിയന്ത്രണം പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതും രാജ്യത്തെ ഫെഡറല്‍ ഭരണ വ്യവസ്ഥക്കുതന്നെ കത്തിവെക്കുന്നതുമായിരുന്നു വൈദ്യുതി ബില്‍ 2000. വൈദ്യുതി ബോര്‍ഡുകളെ വിഭജിക്കുക, കമ്പനികളാക്കുക, സ്വകാര്യവല്‍ക്കരിക്കുക എന്ന ഏക ഉത്തരത്തില്‍ രാജ്യത്തെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാണ് അത് ശ്രമിച്ചത്. വൈദ്യുതി സാമൂഹ്യ വികസനത്തിനുള്ള പശ്ചാത്തല സൗകര്യമെന്ന നിലയില്‍ നിന്നും ലാഭകരമായി വിറ്റഴിക്കേണ്ട ഒരു ചരക്കായി വിഭാവനം ചെയ്യപ്പെട്ടു. കമ്പോള മല്‍സരം വൈദ്യുതി വില കുറയുന്നതിനും സേവന നിലവാരം മെച്ചപ്പെടുന്നതിനും കാരണമാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. വൈദ്യുതി ബില്‍ മുന്നോട്ടു വെച്ച സ്വകാര്യവല്‍ക്കരണ അജണ്ട തുറന്നു കാണിക്കാനും ശക്തമായ ചെറുത്തു നില്‍പ്പ് വളര്‍ത്തിയെടുക്കാനും കഴിഞ്ഞതിനാല്‍ ബില്ലിലെ പല വ്യവസ്ഥകളിലും മാറ്റം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. എങ്കിലും മാറ്റങ്ങളോടെ ബില്ല് നിയമമാക്കപ്പെട്ടു.

നിയമഭേദഗതിയുടെ അജണ്ട
വൈദ്യുതി ഉത്പാദന രംഗത്ത് കടന്നു വന്നിട്ടുള്ള കുത്തകക്കമ്പനികള്‍ക്ക് അവരുടെ വൈദ്യുതി നിലയങ്ങളിലെ വൈദ്യുതി വിറ്റു കാശാക്കാന്‍ പറ്റുന്നില്ല എന്നത് വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. വൈദ്യുതി നിലയങ്ങളുടെ പ്ലാന്റ് ലോഡ് ഫാക്ടര്‍ ഓരോ വര്‍ഷ വും കുറഞ്ഞു വരുകയാണ്. 30,000 മെഗാവാട്ടോളം ശേഷിയുള്ള വൈദ്യുതി നിലയങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടക്കുന്ന സ്ഥിതിയും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ ഇടനിലയില്ലാതെ തങ്ങളുടെ നിലയങ്ങളിലെ വൈദ്യുതി ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനുള്ള മാര്‍ഗ്ഗമെന്തെന്നാണ് വൈദ്യുതി ഉത്പാദനക്കമ്പനികള്‍ ചിന്തിക്കുന്നത്. അദാനിയും അമ്പാനിയുമടക്കമുള്ള വന്‍കിടക്കുത്തകകളുടെ ലാഭതാല്‍പര്യം സംരക്ഷിക്കുന്ന നിലയില്‍ നടപ്പാക്കി വരുന്ന നവലിബറല്‍ പരിഷ്കാരങ്ങളെ എങ്ങിനെ പരുവപ്പെടുത്താം എന്നതാണ് കേന്ദ്ര സര്‍ക്കാരും ചിന്തിക്കുന്നത്.
വൈദ്യുതി മേഖലയില്‍ കണ്ടന്റും കാര്യേജും വേര്‍തിരിക്കുന്നത് മേല്‍ താല്‍പര്യങ്ങള്‍ക്കനുസൃതമായാണ്. കമ്പിയും കാലുമൊക്കെ സ്ഥാപിച്ച് വൈദ്യുതി വിതരണ ശൃംഖല നിര്‍മ്മിക്കുകയും പരിപാലിക്കുകയും മാത്രമായി വിതരണം എന്ന പ്രവര്‍ത്തനത്തെ പരിമിതപ്പെടുത്തുകയും ഈ നെറ്റ്‌വര്‍ക്കിലൂടെ വൈദ്യുതി കടത്തിക്കൊണ്ടുപോയി വില്‍ക്കുന്ന പ്രവര്‍ത്തനത്തെ സപ്ലൈ എന്ന പുതിയൊരു ബിസിനസ്സായി മാറ്റുകയും ചെയ്യുന്നതിലൂടെ വന്‍കിട വൈദ്യുതി ഉത്പാദകര്‍ക്ക് വിതരണ യൂട്ടിലിറ്റികളുടെ ഇടനിലയില്ലാതെ നേരിട്ട് ഉപഭോക്താവിലേക്ക് എത്താന്‍ കഴിയുന്നു.
സാധാരണ ഉപഭോക്താക്കള്‍ക്കും കൃഷി അടക്കമുള്ള ഉത്പാദന മേഖലകള്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി എത്തിക്കുന്നതിന് വന്‍കിട ഉപഭോക്താക്കളില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന രീതിയാണ് ഇന്ന് എല്ലാ സംസ്ഥാനങ്ങളും പിന്തുടരുന്നത്. സ്വാഭാവികമായും ഉയര്‍ന്ന നിരക്ക് നല്‍കി വരുന്ന വന്‍കിട വൈദ്യുതി ഉപഭോക്താക്കള്‍ക്ക് അവര്‍ നല്‍കി വരുന്ന താരീഫിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഓഫര്‍ ചെയ്യാന്‍ പുതുതായി കടന്നു വരുന്ന സപ്ലൈ ലൈസന്‍സികള്‍ക്ക് പ്രയാസമുണ്ടാകില്ല. അങ്ങിനെ സ്വകാര്യ സപ്ലൈ ലൈസന്‍സികള്‍ക്ക് തങ്ങളുടെ കൈവശമുള്ള ചരക്ക് വിറ്റഴിക്കാന്‍ നല്ലൊരു കമ്പോളവും ശേഷിയുള്ള കസ്റ്റമേര്‍സും ഉറപ്പുവരുത്താന്‍ കഴിയുന്നു എന്നതാണ് കണ്ടന്റും കാര്യേജും വേര്‍തിരിക്കുന്നതിലൂടെ സാദ്ധ്യമാകുന്നത്.
ഇന്റര്‍ മീഡിയറി കമ്പനി എന്ന സംവിധാനത്തിലൂടെ കുറഞ്ഞ ഉത്പാദന ചെലവുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വിഹിതംകൂടി തങ്ങളുടെ കച്ചവടത്തിന് വിട്ടുകിട്ടുന്നതിലൂടെ സ്വകാര്യ സപ്ലൈ കമ്പനികളുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ കഴിയുകയും ചെയ്യുന്നു.

ലാഭത്തിന്റെ സ്വകാര്യ വല്‍ക്കരണം,
നഷ്ടത്തിന്റെ ദേശസാല്‍ക്കരണം
മറ്റെല്ലാ മേഖലയിലുമെന്ന പോലെ വൈദ്യുതി മേഖലയിലും നവലിബറല്‍ പരിഷ്കാരങ്ങള്‍ ലക്ഷ്യം വെക്കുന്നത് ലാഭത്തിന്റെ സ്വകാര്യ വല്‍ക്കരണവും നഷ്ടത്തിന്റെ ദേശസാല്‍ക്കരണവുമാണ്. സ്വകാര്യ സപ്ലൈക്കമ്പനികള്‍ക്ക് റവന്യൂശേഷിയുള്ള ഉപഭോക്താക്കളെ അടര്‍ത്തിയെടുക്കാന്‍ അവസരം ലഭിക്കുന്നതോടെ പൊതുമേഖലയുടെ റവന്യൂ വരുമാനം മാത്രമല്ല ഓരോ യൂണിറ്റ് വൈദ്യുതിക്കും ലഭിച്ചുകൊണ്ടിരുന്ന ശരാശരി വരുമാനവും കുറയുന്നു. സ്വാഭാവികമായും സാധാരണ ഉപഭോക്താക്കള്‍ക്കും കൃഷി അടക്കമുള്ള ഉത്പാദന മേഖലകള്‍ക്കും വൈദ്യുതി നിരക്ക് വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാതെ നിലനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് പൊതുമേഖലാ വൈദ്യുതി യൂട്ടിലിറ്റികള്‍ എത്തിപ്പെടുന്നു.
വന്‍കിട വൈദ്യുതി ഉത്പാദകക്കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പാദന ശേഷി വിറ്റഴിക്കാന്‍ കമ്പോളം തുറന്നെടുക്കാന്‍ കഴിയുമെങ്കിലും ഇത് വൈദ്യുതിയുടെ ശരാശരി ഉത്പാദനച്ചെലവിന്റെ വര്‍ദ്ധനവിനാണ് വഴിവെക്കുക. സ്വകാര്യ വൈദ്യുതി ഉത്പാദന നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനുവേണ്ടി സ്വന്തം നിലയങ്ങള്‍, അതും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നിലയങ്ങള്‍ അടച്ചിട്ട ഉദാഹരണങ്ങള്‍ ഗുജറാത്തിലും രാജസ്ഥാനിലുമൊക്കെ മുമ്പുണ്ടായിട്ടുണ്ട്. ഈ സാഹചര്യം കുറേക്കൂടി വ്യാപകമാകുന്ന സ്ഥിതിയാണ് വൈദ്യുതി നിയമ ഭേദഗതി മൂലം ഉണ്ടാകുന്നത്. ഉത്പാദന മേഖലകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാകാതെ വരുന്നത് കടുത്ത വികസന മുരടിപ്പിലേക്കാണ് രാജ്യത്തെ നയിക്കുക.

പ്രക്ഷോഭങ്ങള്‍
തുടക്കത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ രാജ്യത്തെ വൈദ്യുതിത്തൊഴിലാളികള്‍ ദീര്‍ഘകാലമായി പ്രക്ഷോഭത്തിലാണ്. 90കളില്‍ വൈദ്യുതി ഉത്പാദന മേഖലയില്‍ സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചതുമുതല്‍ ഘട്ടം ഘട്ടമായി ഈ പ്രക്ഷോഭങ്ങള്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു. 2000ത്തിലെ വൈദ്യുതി ബില്ലിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞു. വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ച് കമ്പനികളാക്കണമെന്നും സ്വകാര്യവല്‍ക്കരിക്കണമെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചു തന്നെ ചെറുത്തു നില്‍ക്കാനും ഒറ്റ പൊതുമേഖലാ സ്ഥാപനമായി സംസ്ഥാനത്തെ വൈദ്യുതി മേഖലയെ സംരക്ഷിക്കാനും കേരളത്തിനായത് ബില്‍ 2000ത്തിലെ പല നിര്‍ദ്ദേശങ്ങളും വൈദ്യുതി നിയമം 2003 ല്‍ മയപ്പെടുത്തപ്പെട്ടു എന്നതുകൊണ്ടു കൂടിയാണ്. ഇന്നും രാജ്യത്തെ ഭൂരിപക്ഷം വൈദ്യുതി യൂട്ടിലിറ്റികളും പൊതുമേഖലയില്‍ തുടരുന്നതും വൈദ്യുതി മേഖലയിലെ തൊഴിലാളികളും ഓഫീസര്‍മാരും നടത്തിവരുന്ന ചെറുത്തു നില്‍പ്പ് സമരങ്ങളുടെ ഭാഗമായാണ്. വൈദ്യുതി നിയമം 2003 ന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കി വരുന്ന പരിഷ്കാരങ്ങളുടെ കെടുതികള്‍ ചൂണ്ടിക്കാട്ടി നാം നടത്തി വരുന്ന പ്രക്ഷോഭ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ 2013ലെ നിയമ ഭേദഗതി നിര്‍ദേശം ഉയര്‍ന്നു വന്നതോടെ കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്. 2014 ഡിസംബറില്‍ നിയമഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വൈദ്യുതിത്തൊഴിലാളികള്‍ കരിദിനം ആചരിക്കുകയുണ്ടായി.
ഭേദഗതി നിര്‍ദ്ദേശം പാര്‍ലമെന്റിന്റെ ഊര്‍ജ്ജ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടതിനെത്തുടര്‍ന്ന് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെട്ട് ബില്ലിന്റെ പ്രശ്നങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നതിന് നല്ല ഇടപെടലാണ് ഉണ്ടായത്. ഇതിന്റെ ഭാഗമായി സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളില്‍ നിന്നുതന്നെ ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള വിയോജനക്കുറിപ്പുകള്‍ ഉണ്ടായി. ബില്ലിനെതിരായി രാജ്യവ്യാപകമായി പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനും 2015 നവമ്പര്‍ 6ന് കൊച്ചിയില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാന ഊര്‍ജ്ജ മന്ത്രിമാരുടെ യോഗസ്ഥലത്തേക്ക് വൈദ്യുതിത്തൊഴിലാളികളുടെ ഉജ്വലമായ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കാനും കഴിഞ്ഞു. ഉയര്‍ന്നു വന്ന പ്രക്ഷോഭങ്ങളുടെ സാഹചര്യത്തില്‍ എന്‍.സി.സി.ഒ.ഇ.ഇ.ഇ. ഭാരവാഹികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി തയ്യാറായി. കൊച്ചിയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി ഡല്‍ഹിയില്‍ വെച്ചും ചര്‍ച്ചകള്‍ നടന്നു. വൈദ്യുതി നിയമ ഭേദഗതിയിലെ വ്യവസ്ഥകള്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ബന്ധമാക്കില്ലെന്നും നിയമമനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സാവകാശം അനുവദിക്കാമെന്നും കേന്ദ്രഊര്‍ജ്ജ മന്ത്രി ഈ ചര്‍ച്ചയില്‍ സമ്മതിക്കുകയുണ്ടായി. സംസ്ഥാനങ്ങള്‍ മാറ്റങ്ങള്‍ക്കുള്ള ഒരു റോഡ് മാപ്പ് തയ്യാറാക്കിയാല്‍ മതിയാകുമെന്നാണ് അദ്ദേഹം അറിയിച്ചത്.

പാര്‍ലമെന്റ് മാര്‍ച്ച്, മിന്നല്‍ പണിമുടക്ക്
നിയമ ഭേദഗതിക്കെതിരായി വ്യാപകമായി എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ നിയമഭേദഗതിയില്‍ മറ്റു നടപടികള്‍ ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിയമഭേദഗതിയുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. നടന്നു വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് നിയമമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. 2017 ഡിസംബര്‍ 7ന് ഡല്‍ഹിയില്‍ നടന്ന വൈദ്യുതി മന്ത്രിമാരുടെ ദേശീയ സമ്മേളനത്തില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി നിയമഭേദഗതിയുടെ ഗുണഗണങ്ങള്‍ വിശദീകരിക്കുകയും സംസ്ഥാന സര്‍ക്കാരുകള്‍ ഭേദഗതിക്കനുസൃതമായി വൈദ്യുതി മേഖലയെ പുന:സംഘടിപ്പിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കേരളത്തിന്റെ വൈദ്യുതി മന്ത്രി ശ്രീ എം. എം. മണി നിയമഭേദഗതി സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്നും അതിനാല്‍ വൈദ്യുതി മേഖലയുടെ ഘടന സംബന്ധിച്ച് സംസ്ഥാനത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശം നല്‍കുന്ന നിലയില്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടാകണമെന്നും യോഗത്തില്‍ ആവശ്യപ്പെടുകയുണ്ടായി. മറ്റു സംസ്ഥാനങ്ങളൊന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായില്ല.
2015 നവംബര്‍ 6ന്റെ പ്രക്ഷോഭത്തെ തുടര്‍ന്ന് എന്‍.സി.സി.ഒ.ഇ.ഇ.ഇ. നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പു പ്രകാരമുള്ള മാറ്റങ്ങള്‍ ബില്ലില്‍ വരുത്തുമോ എന്നതില്‍ പരസ്യമായ നിലപാടൊന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ബില്ലുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സപ്ലൈക്കമ്പനികളെ തെരെഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നുവെന്ന നിലയില്‍ വൈദ്യുതി നിയമ ഭേദഗതിയെ അവതരിപ്പിക്കാനും ആ നിലയില്‍ ബില്ലിനനുകൂലമായി പൊതുജനാഭിപ്രായം നേടിയെടുക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. വൈദ്യുതി ലൈനില്‍ മാറ്റമൊന്നും വരുന്നില്ല എന്നതിനാല്‍ത്തന്നെ ഒന്നിലേറെ സപ്ലൈ കമ്പനികള്‍ രംഗത്തു വരുന്നതുകൊണ്ട് വൈദ്യുതി ഗുണമേന്‍മയില്‍ ഒരു മാറ്റവും വരില്ല എന്നതും കുറഞ്ഞ താരീഫില്‍ വൈദ്യുതി കിട്ടിക്കൊണ്ടിരിക്കുന്ന സാധാരണ ഉപഭോക്താക്കള്‍ക്കും കൃഷി അടക്കമുള്ള ഉത്പാദന മേഖലകള്‍ക്കും പുതിയ സപ്ലൈ കമ്പനികള്‍ വൈദ്യുതി നല്‍കാന്‍ ബാദ്ധ്യതപ്പെട്ടിട്ടില്ല എന്നതും ജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കുകയാണ്. വൈദ്യുതി നിയമ ഭേദഗതി 2014 ന്റെ യഥാര്‍ത്ഥ അജണ്ട കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണെന്നത് മൂടി വെച്ച് നിയമഭേദഗതി അംഗീകരിപ്പിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് 2018 ഏപ്രില്‍ 3ന് പാര്‍ലമേന്റിലേക്ക് മാര്‍ച്ച നടത്താന്‍ വൈദ്യുതിത്തൊഴിലാളികളും ഓഫീസര്‍മാരും തീരുമാനിച്ചിരിക്കുന്നത്. ബില്ല് പാര്‍ലമെന്റില്‍ പരിഗണനക്ക് എടുക്കുന്ന പക്ഷം മിന്നല്‍ പണിമുടക്കിലേക്ക് പോകാനും എന്‍.സി.സി.ഒ.ഇ.ഇ.ഇ. തീരുമാനിച്ചിട്ടുണ്ട്.
വൈദ്യുതി മേഖലയിലെ തൊഴിലാളികളും ഓഫീസര്‍മാരും പൂര്‍ണ്ണതോതില്‍ ഈ പ്രക്ഷോഭങ്ങളില്‍ അണി നിരക്കേണ്ടതുണ്ട്. എന്നാല്‍ അതൊടൊപ്പം പൊതുജനങ്ങളുടെ നല്ല പിന്തുണ ഈ പ്രക്ഷോഭങ്ങളില്‍ ഉണ്ടാകേണ്ടതുണ്ട്. ഹരിയാനയില്‍ വൈദ്യുതി വിതരണ സബ്ഡിവിഷനുകള്‍ സ്വകാര്യ ഫ്രാഞ്ചൈസികളെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരെടുത്ത തീരുമാനത്തെ ട്രാന്‍സ്ഫോര്‍മര്‍ അടിസ്ഥാനത്തില്‍ ജനകീയക്കമ്മിറ്റികളുണ്ടാക്കി പരാജയപ്പെടുത്താന്‍ കഴിഞ്ഞത് ഈ സാഹചര്യത്തില്‍ നമുക്ക് ആവേശകരമാണ്. വൈദ്യുതി മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തി ജനപിന്തുണ ആര്‍ജ്ജിക്കാനും നമുക്ക് കഴിയണം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന നവ ലിബറല്‍ പരിഷ്കാരങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി ജനങ്ങളിലെത്തിക്കാനും നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ ജനകീയ സമരങ്ങളായി വളര്‍ത്തിയെടുക്കാനും ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ട്.