കേന്ദ്ര നയങ്ങള്‍ക്കെതിരെ താക്കീതുമായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി

783

തപൻസെൻ കിസാൻ സംഘർഷ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത് ഈ റാലിയിൽ പങ്കെടുത്ത ആരും ദില്ലിയിലേക്ക് ആഗ്രഹപൂർവ്വം വന്നതല്ല. കേന്ദ്രസർക്കാർ നയങ്ങൾ അവരെ അവിടെ വരാൻ നിർബ്ബന്ധിതരാക്കിയതാണ്. ആ നയങ്ങൾ കൊണ്ട് ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്ന അവർ തങ്ങൾക്ക് കിട്ടുന്ന തുച്ഛമായ കൂലി 3-4 ദിവസത്തേക്ക് ഉപേക്ഷിച്ച് ഇത്തരം നയങ്ങൾക്ക് ഒരു അറുതി വരുത്താൻ സമരത്തിന് ഇറങ്ങിയവർ ആയിരുന്നു. കടക്കെണി മൂലം അത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്ന കർഷകർ, ജോലി സുരക്ഷയോ മിനിമം വേതനമോ ഇല്ലാത്ത തൊഴിലാളികൾ, തൊഴിലുറപ്പ് കൂലി ലഭിക്കാത്തവർ, അംഗനവാടി ജീവനക്കാർ അങ്ങനെ യഥാർത്ഥ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവർ സർക്കാർ നയങ്ങളിൽ പൊറുതിമുട്ടി സർക്കാരിന് താക്കീതുമായി പാർലമെന്റ് മാർച്ചിൽ അണിചേർന്നു. ജീവിത കഷ്ടപ്പാടുകൾ കാരണം പൊട്ടിത്തെറിക്കാനുള്ള സംഘർഷം ഉള്ളിൽ ഉണ്ടെങ്കിലും സാവധാനം അവർ നടന്നു നീങ്ങി. മതത്തിന്റെ പേരിലും മറ്റും നടക്കാറുള്ള അക്രമോത്സുക റാലികളിൽ നിന്നും വ്യത്യസ്തമായി ജീവൻ കരുപ്പിടിപ്പിക്കാനുള്ള ഈ മാർച്ചിൽ അവർ വിപ്ലവഗാനങ്ങൾ പാടിയും നൃത്തച്ചുവടുകൾ വച്ചും ചിട്ടയായി മുന്നേറി.
രാംലീല മൈതാനവും പരിസര പ്രദേശങ്ങളും ചുവപ്പിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്.ചുവന്ന തോരണങ്ങൾ, കൊടികൾ, ചുവപ്പു വസ്ത്രം ധരിച്ച ജനങ്ങൾ… എല്ലായിടത്തും ചുവപ്പുമാത്രം. അവരുടെ ഇടയിലേക്ക് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ പ്രതിനിധികളും അലിഞ്ഞു ചേർന്നു. കെ.എസ്.ഇ.ബി.ഒ.എ യുടെ ശുഭ്ര പതാകകൾ ആ ചുവപ്പു കടലിൽ വേറിട്ട ഭംഗിയോടെ പാറിക്കളിച്ചു. ഊർജ്ജരംഗത്തെ തൊഴിലാളികൾ മാർച്ചിൽ ശക്തമായ സാന്നിധ്യം അറിയിച്ചു. ഇലക്ട്രിസിറ്റി ആക്റ്റ് പിൻവലിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക തുടങ്ങി ആവശ്യങ്ങളാണ് പ്ലക്കാർഡുകളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും വൈദ്യുതി മേഖലയിലെ ജീവനക്കാർ പ്രധാനമായും ഉയർത്തിയത്.
കാർഷിക കടങ്ങൾ എഴുതി തള്ളുക, സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ന്യായമായ താങ്ങുവില ഉൽപ്പന്നങ്ങൾക്ക് ലഭ്യമാക്കുക, റേഷൻ സംവിധാനം സാർവ്വത്രികമാക്കുക തുടങ്ങിയ കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഏ.ഐ.കെ..എസ് മാർച്ചിൽ പങ്കെടുത്തത്. നാസിക്കിൽ നിന്നും മഹാരാഷ്ട്രയിലേക്ക് ലോംഗ് മാർച്ച് നടത്തിയ 5000ൽപരം കിസാൻസഭ അംഗങ്ങൾ വളരെ നേരത്തേ തന്നെ എത്തി മാർച്ചിൽ പങ്ക് ചേർന്നു. സാധാരണ പ്രതിഷേധ പ്രകടനങ്ങളിൽ കാണാറുള്ള പ്രകടനപരതയോ അമിതാവേശമോ അവരുടെ നടത്തത്തിൽ കാണാനില്ലായിരുന്നു. വർഷങ്ങളായി തുടരുന്ന അവഗണ ഉണ്ടാക്കിയ മടുപ്പും നിസ്സാഹയതയും കലർന്നതായിരുന്നു നാടിനെ അന്നമൂട്ടുന്നവരുടെ ആ നടപ്പ്. വിവിധ വിശ്വാസധാരകളിൽ നിന്നുള്ള കർഷകർ ആണ് ഏ.ഐ.കെ.എസ് ന്റെ അംഗങ്ങളായി എത്തിയത്. ആശാവർക്കർമാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് ജമ്മുകാഷ്മീരിൽ നിന്ന് സിഐടിയു വിനെ പ്രതിനിധീകരിച്ച് എത്തിയ ഭൂരിഭാഗം വനിതകൾ അടങ്ങുന്ന സംഘം മുദ്രാവാക്യങ്ങളുമായി സജീവമായി റാലിയിൽ പങ്കെടുത്തു.

കനയ്യകുമാർ ഉയർത്തി വിട്ട ആസാദി ഗാനം റാലിയിൽ തരംഗമായിരുന്നു. ‘ഹം ലേക്കർ രഹേങ്കെ ആസാദി, ഭൂക്ക് മാരി സെ ആസാദി, സംഘ് വാദ് സെ ആസാദി’ എന്നിങ്ങനെ ഗാനശകലങ്ങൾ മിക്കയിടങ്ങളിലും ഉയർന്ന് കേൾക്കാമായിരുന്നു. തങ്ങളുടെ പ്രശ്നങ്ങൾക്ക് ചെവി കൊടുക്കാതെ വർഗ്ഗീയത ഇളക്കി ഭിന്നിപ്പിക്കുന്ന നയങ്ങൾക്കെതിരെയുള്ള സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത് കൊണ്ടാകണം കർഷക, തൊഴിലാളി റാലിയിലും ആസാദി ഗാനം തരംഗമാകാൻ കാരണം. പാർലമെന്റ്സ്ട്രീറ്റിലെ പൊതുയോഗവേദി മുതൽ കൊണാട്ട്പ്ലേസുവരെ നീളുന്ന രണ്ടുകിലോമീറ്റർ ദൂരത്തിന് ഉൾക്കൊള്ളാവുന്നതിലും അധികമായിരുന്നു ജനപ്രവാഹം. അതിനാൽ തന്നെ ഈ പ്രദേശം ചുവപ്പ് കൊണ്ട് നിറയുകയായിരുന്നു.പതിനൊന്ന് മണിയോട് കൂടി നടത്തം ഏകദേശം അവസാനിച്ച് മിക്ക കൂട്ടരും വിപ്ലവഗാനാലാപനവും ചെറു നൃത്തചുവടുകളുമായി തൽസ്ഥാനങ്ങളിൽ തുടർന്നു.

കേന്ദ്രസർക്കാരിന്റെ വികലമായ ഊർജ്ജനയത്തിന്റെ ഫലമായി കൽക്കരി മേഖലയിലെ തൊഴിലാളികൾക്കും പൊതുമേഖലയ്ക്കും നേരിടേണ്ടി വരുന്ന കഷ്ടതകളെ കുറിച്ച് കോൾ ഇന്ത്യയിലെ തൊഴിലാളി നേതാവ് ബസന്ത് മാർച്ചിനിടെ സംവദിച്ചു. തങ്ങളുടെ തൊഴിൽമേഖല നശിക്കുമെന്നതാണ് പൊതുമേഖലാ ജീവനക്കാരുടെ പ്രധാന പ്രശ്നമെങ്കിൽ തെലുങ്കാനയിൽ സ്വകാര്യമേഖലയിലെ ജീവനക്കാരുടെകാര്യം പരിതാപകരമാണെന്നാണ് ബസന്ത് പറയുന്നത്. ജോലി സമയത്തിന്റെ കാര്യത്തിലോ വേതനത്തിന്റെ കാര്യത്തിലൊ തൊഴിലാളിയുടെ അടിസ്ഥാന അവകാശങ്ങൾ ഒന്നും പരിഗണിക്കാതെയുള്ള ചൂഷണമാണ് നടക്കുന്നത്. ഇവർ തീർത്തും അംഘടിതരാണെന്നുള്ളത് അവസ്ഥ വീണ്ടും വഷളാക്കുന്നു.
തെലുങ്കാനയിൽ നിന്നെത്തിയ സമരസഖാക്കൾ തെരുവുനാടക ശൈലിയിൽ സമരഗാനങ്ങളും ചെറു നൃത്തച്ചുവടുകളും വെച്ച് മറ്റുള്ളവരെ ആവേശഭരിതരാക്കി.
മഹാരാഷ്ട്രയിൽ നിന്നും സ്ത്രീകൾ അടങ്ങിയ സംഘം തുല്യജോലിക്ക് തുല്യവേതനം നടപ്പിലാക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് റാലിയിൽ അണിചേർന്നു. അതിനെ നയിച്ച സ:രഹാന സ്ത്രീകൾ നല്ലവണ്ണം ശോഭിക്കുന്ന ജോലികളിൽ പോലും പുരുഷന്മാരെക്കാൾ കൂടുതൽ പണിയെടുത്താലും അവരെക്കാൾ വളരെ കുറഞ്ഞ കൂലി മാത്രമേ ലഭിക്കൂ എന്ന സാമൂഹിക സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതായി സംഭാഷണത്തിനിടെ പറയുകയുണ്ടായി. കർഷകരുടേയും തൊഴിലാളികളുടേയും നീറുന്ന പ്രശ്നങ്ങൾ തങ്ങളുടെ കമ്പോള രസകൂട്ടിന് വേണ്ടത്ര എരി പകരില്ല എന്ന് കണ്ടിട്ടാകണം മാധ്യമങ്ങൾ റാലിയെ പ്രതി വേണ്ടത്ര ശ്രദ്ധ കൊടുത്ത് കണ്ടില്ല.

റാലിയിൽ പങ്കെടുത്തവരിൽ പകുതിയിലേറെ സ്ത്രീകളായിരുന്നു. അംഗനവാടി ജീവനക്കാർ, ആശ വർക്കേഴ്സ്, തൊഴിലുറപ്പ് തൊഴിലാളികൾ, ബീഡി തൊഴിലാളികൾ തുടങ്ങിയവർ ഇതിൽ പെടും. സ്വകാര്യമേഖലയിൽ ഉൾപ്പെടെ വ്യാവസായിക മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ വമ്പിച്ച പങ്കാളിത്തം റാലിക്ക് ഉണ്ടായിരുന്നു. ഊർജ്ജ, ഗതാഗത മേഖല, കേന്ദ്ര-സംസ്ഥാന ജീവനക്കാർ, ബാങ്കിംഗ്, ഇൻഷുറൻസ്, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിൽ നിന്ന് ആയിരങ്ങൾപങ്കെടുത്തു.

ഇന്ത്യൻ വൈവിധ്യത്തിന്റെ സംഗമകേന്ദ്രമായി സമരഭൂമി മാറി. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റാലിയെ അഭിവാദ്യംചെയ്തു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ്‌ രാമചന്ദ്രൻ പിള്ള, എം എ ബേബി, തുടങ്ങിയവർ യോഗസ്ഥലത്തെത്തി. സ്വാഗതസംഘം അധ്യക്ഷൻ പ്രഭാത് പട്നായിക്ക് വേദിയിൽ സന്നിഹിതനായിരുന്നു. റാലി സർക്കാരിനുള്ള താക്കീത് മാത്രമാണെന്നും വലിയ പ്രക്ഷോഭങ്ങൾക്കാണ് രാജ്യം വരുംനാളുകളിൽ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും സമാപന പ്രസംഗത്തിൽ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. ഹേമലത, തിരുനാവാക്കരശ്ശ്, ഹന്നൻ മൊല്ല, വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു. ഇത് ചെറിയ ശതമാനം വരുന്ന കോർപ്പറേറ്റുകളുടെ മാത്രം സർക്കാർ ആണെന്ന് തിരുനാവാക്കരശ്ശ് അഭിപ്രായപ്പെട്ടു. വരുംദിനങ്ങൾ പോരാട്ടങ്ങളുടേതാണെന്ന പ്രഖ്യാപനത്തോടെയാണ് റാലി പിരിഞ്ഞത്.