കേന്ദ്ര സർക്കാരിന്റെ തീവ്ര ഉദാരവൽക്കരണ നയങ്ങൾക്കെതിരെ, ഇന്ത്യൻ തൊഴിലാളിവർഗ്ഗം 2022 മാര്‍ച്ച് 28, 29 തീയ്യതികളിൽ പണിമുടക്കുകയാണ്. പത്ത് ദേശീയ ട്രേഡ് യൂണിയനുകളും, മറ്റ് വിവിധ കേന്ദ്ര-സംസ്ഥാന ഫെഡറേഷനുകളും പങ്കെടുത്തു കൊണ്ട് ന്യുഡല്‍ഹിയില്‍ വെച്ച് നവംബര്‍ 11ന് നടന്ന ദേശീയ കണ്‍വന്‍ഷനാണ് ഫെബ്രുവരി 23, 24ന് പണിമുടക്കിനാഹ്വാനം നൽകിയിരുന്നത്. കോവിഡ്-ഒമിക്രോണ്‍ പടര്‍ന്ന പശ്ചാത്തലത്തിലും, വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് പണിമുടക്ക് മാര്‍ച്ച് 28, 29 തീയ്യതികളിലേക്ക് പിന്നീട് മാറ്റുകയാണുണ്ടായത്. “ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ” എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ഈ ദ്വിദിന ദേശീയ പണിമുടക്ക് നടത്തുന്നത്. ആഗോളവൽക്കരണ നയങ്ങൾ ഇന്ത്യയിൽ നടപ്പാക്കാൻ 1991ല്‍ ആരംഭിച്ചതിനു ശേഷമുള്ള ഇരുപതാമത്തെ ദേശീയ പണിമുടക്കാണിത്.
തൊഴിൽ കോഡുകളും, അവശ്യപ്രതിരോധ സേവനനിയമവും പുന:പരിശോധിക്കണം, എല്ലാ രൂപത്തിലുമുള്ള സ്വകാര്യവൽക്കരണവും അവസാനിപ്പിക്കണം, സൗജന്യ ഭക്ഷ്യധാന്യവും വരുമാനനഷ്ടപരിഹാരമായി 7500രൂപയും പ്രതിമാസം നൽകണം, അസംഘടിതമേഖലയിലെ എല്ലാ തൊഴിലാളികൾക്കും സാര്‍വത്രിക സാമൂഹ്യ സുരക്ഷാപദ്ധതി നടപ്പാക്കണം, സ്കീം വർക്കർമാർക്ക്, തൊഴിലാളികൾക്ക് നൽകുന്ന എല്ലാ പരിരക്ഷയും അനുവദിക്കണം, സമ്പദ് നികുതി വർദ്ധിപ്പിച്ച് കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കണം, പെട്രോളിയം ഉൽപ്പന്നങ്ങള്‍ക്ക് കേന്ദ്ര എക്സൈസ് തീരുവ വെട്ടിക്കുറക്കണം, വിലക്കയറ്റം തടയണം, കരാർ / പദ്ധതി തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യവേതനം നല്‍കണം, പുത്തൻ പെൻഷൻ പദ്ധതി റദ്ദാക്കി, എല്ലാ തൊഴിലാളികളേയും പഴയ പെൻഷൻ പദ്ധതി പരിധിയിൽ കൊണ്ടുവരണം, ഇ.പി.എഫിന് കീഴിലെ കുറഞ്ഞ പെൻഷൻ വർദ്ധിപ്പിക്കണം, കർഷകരുടെ അവകാശപത്രികയിലെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണം, തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തണം, കോവിഡ് പ്രതിരോധത്തിലെ മുൻനിര തൊഴിലാളികൾക്ക് ആരോഗ്യ സുരക്ഷ ഇൻഷുറൻസ് നടപ്പിലാക്കണം തുടങ്ങി 12 ഇന ആവശ്യങ്ങളാണ് സംയുക്ത ട്രേഡ് യൂണിയനുകള്‍ പണിമുടക്കിനു മുന്നോടിയായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
12 ഇന ആവശ്യങ്ങള്‍ എല്ലാം തന്നെ നമ്മളേയും, നമുക്കു ചുറ്റുമുള്ളവരേയും നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ്. ഈ ആവശ്യങ്ങൾ നമ്മുടെ ഓഫീസുകളിലും, വ്യവസായത്തിലും, തെരുവുകളിലും ചര്‍ച്ച ആക്കണം. 1982 മുതലുള്ള പണിമുടക്കുകളിലൂടെ ഐക്യപ്പെട്ട് വളര്‍ന്നു കൊണ്ടിരിക്കുന്ന തൊഴിലാളി വര്‍ഗ്ഗകൂട്ടായ്മയെ ശക്തിപ്പെടുത്തുവാനും, സംയുക്ത കൂട്ടായ്മയുള്‍പ്പടെ നിരോധിക്കുന്ന ശക്തികള്‍ക്ക് താക്കീതായി മാറുവാനും ഈ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിലൂടെ നമുക്കാവണം. മാര്‍ച്ച് 28, 29 തീയ്യതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് സമ്പൂര്‍ണ്ണമായി വിജയിപ്പിക്കുവാന്‍ മുഴുവന്‍ അംഗങ്ങളും മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു.