2021ഫെബ്രുവരി അഞ്ചാം തീയതി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച വൈദ്യുതി നിയമ ഭേദഗതിയുടെ കരട് അക്ഷരാർത്ഥത്തിൽ രാജ്യത്തെ വൈദ്യുതി മേഖലയുടെ മരണമണിയാണ്.
അത് ഇന്ത്യയിലെ സാധാരണക്കാരോടും കർഷകരോടും തൊഴിലാളികളോടുമുള്ള യുദ്ധ പ്രഖ്യാപനം കൂടിയാണ്. മുമ്പും പലതവണ വൈദ്യുതി നിയഭേദഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ച്ച് എട്ടിന് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭേദഗതി അംഗീകരിപ്പിക്കുമെന്ന വാശിയിലാണ് കേന്ദ്രസര്‍ക്കാരുള്ളത്. വൈദ്യുതി വിതരണ മേഖലയുടെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണം ഉറപ്പുവരുത്തുന്ന നിര്‍ദ്ദേശങ്ങളാണ് നിയമഭേദഗതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
കഴിഞ്ഞ ഏഴു വർഷങ്ങൾക്കുള്ളിൽ ഇത് നാലാമത്തെ തവണയാണ് ഇത്തരത്തില്‍ ഭേദഗതി നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വരുന്നത്. 2013ലാണ് വൈദ്യുതി വിതരണം രണ്ടായി വിഭജിച്ച് സപ്ലൈ എന്ന പുതിയൊരു മേഖല കൂടി സൃഷ്ടിക്കാനുള്ള ആദ്യനിര്‍ദ്ദേശം ഉണ്ടാകുന്നത്. 2014-ല്‍ ഇത് കുറേക്കൂടി മൂര്‍ത്തമാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. വൈദ്യുതി വിതരണ രംഗത്തെ വിതരണവും സപ്ലൈയുമായി വിഭജിക്കുന്നതിനോടൊപ്പം സപ്ലൈ രംഗത്തേക്ക് കടന്നുവരുന്ന സ്വകാര്യസംരംഭകര്‍ക്ക് വന്‍കിട ഉപഭോക്താക്കളെ ഏറ്റെടുത്ത് ലാഭം ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഭേദഗതി പാര്‍ലമെന്റിലെത്തിയത്. ശക്തമായ പ്രക്ഷോഭത്തിലൂടെ ജനാഭിപ്രായം ഉയർത്തിക്കൊണ്ടുവന്നും പാർലമെന്റ് സമിതികളില്‍ പ്രതിരോധം തീർത്തും നടത്തിയ ഇടപെടലുകളുടെ ഭാഗമായി തുടര്‍നടപടികളില്‍ നിന്നും കേന്ദ്രസർക്കാര്‍ പിന്നോട്ട് പോയി.
2018 ലാണ് ഭേദഗതിക്കുള്ള അടുത്ത ശ്രമമുണ്ടായത്. എന്നാല്‍ ഈ സന്ദര്‍ഭത്തിലും രാജ്യത്താകെ ഉയര്‍ന്നുവന്ന എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോയി. പിന്നീട് 2020 ഏപ്രില്‍ മാസത്തില്‍ രാജ്യം കൊവിഡ് മഹാമാരിയുടെ ഭാഗമായ ലോക്ക് ഡൗണില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും വൈദ്യുതിനിയമഭേദഗതി നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രക്ഷോഭപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല എന്ന ധാരണയായിരുന്നിരിക്കണം ഇത്തരമൊരു നീക്കത്തിന് കാരണമായത്. ഫെഡറല്‍ ഭരണ തത്വങ്ങളെ കാറ്റില്‍പ്പറത്തുന്ന നിലയില്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് വൈദ്യുതി മേഖലയിലുണ്ടായിരുന്ന പരിമിതമായ അവകാശങ്ങള്‍പോലും ഇല്ലാതാക്കുന്ന നിര്‍ദ്ദേശങ്ങളായിരുന്നു ഇത്തവണ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയത്. മുന്‍കാലങ്ങളില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായായിരിക്കണം വിതരണ രംഗത്തിന്റെ വിഭജനം കരടില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്കെതിരേയും ശക്തമായ ജനാഭിപ്രായം ഉയര്‍ന്നുവന്നു. രാജ്യതലസ്ഥാനത്ത് നടന്നുവരുന്ന കര്‍ഷകസമരങ്ങളില്‍ വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുന്നത് പ്രധാന ആവശ്യങ്ങളില്‍ ഒന്നായി മാറി. മറ്റു കാര്യങ്ങളില്‍ തീര്‍പ്പുണ്ടായില്ലെങ്കിലും വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കാമെന്ന സമീപനം സ്വീകരിക്കാമെന്ന് ചര്‍ച്ചകളില്‍ ഉറപ്പുനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതിനിടെ പൊടുന്നനവേയാണ് പുതുക്കിയ ഒരു കരടുമായി നിയഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരുന്നത്. വിതരണ രംഗത്തെ വിഭജിക്കുന്നതും ക്രോസ് സബ്സിഡി ഇല്ലാതാക്കുന്നതുമടക്കം എതിര്‍പ്പുകളെത്തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്ന പല നിര്‍ദ്ദേശങ്ങളും നേരിട്ട് അങ്ങിനെയാണെന്ന് തോന്നാത്ത രൂപത്തില്‍ കൗശലപൂര്‍വ്വം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ കരട് രൂപപ്പെടുത്തിയിട്ടുള്ളത്.
വൈദ്യുതി വിതരണത്തിന് ലൈസന്‍സ് ആവശ്യമില്ല എന്നതാണ് ഭേദഗതിയിലെ പ്രധാന നിര്‍ദ്ദേശം. മാത്രമല്ല വൈദ്യുതി വിതരണമേറ്റെടുക്കുന്ന പുതിയ കമ്പനികള്‍ക്ക് സ്വന്തമായി വൈദ്യുതി ശൃംഖല സൃഷ്ടിക്കേണ്ട ആവശ്യവുമില്ല. ഇതുവഴി സ്വകാര്യ കുത്തകകൾക്ക് ഈ രംഗത്തേക്ക് തടസ്സങ്ങളില്ലാതെ കടന്നുവന്ന് ലാഭംകൊയ്യാനും ആവശ്യംവന്നാല്‍ എപ്പോള്‍വേണമെങ്കിലും നിര്‍ത്തിപ്പോകാനും അവസരമൊരുക്കുന്നു. ഇതുവഴി ലാഭം ഉറപ്പുള്ള മേഖലകളേയും ഉപഭോക്തക്കളേയും മാത്രം പെറുക്കിയെടുക്കാന്‍ സ്വകാര്യക്കമ്പനികള്‍ക്ക് കഴിയുന്നു. അഥവാ നഷ്ടമുണ്ടാകാന്‍ എന്തെങ്കിലും സാദ്ധ്യതകണ്ടാല്‍ ഒഴിവാക്കിപ്പോകുകയും ആകാം. ഇതിനിടയില്‍ തകരുക ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനമാണ്. ഇല്ലാതാകുക സാധാരണക്കാരുടെ വൈദ്യുതി സ്വപ്നങ്ങളാണ്.