മസ്‌ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി

112

ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി കർഷകര്‍, കർഷകത്തൊഴിലാളികള്‍, തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായി ഏപ്രിൽ അഞ്ചിന്‌ പാർലമെന്റിലേക്ക്‌ മാര്‍ച്ച് നടത്തുകയാണ്. മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലി
എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ മാര്‍ച്ചില്‍ രാജ്യത്തെ തൊണ്ണൂറ് ശതമാനം വരുന്ന സാധാരണക്കാരുടെ വര്‍ഗ്ഗ ഐക്യമാണ് രൂപപ്പെടുന്നത്. മിനിമം വേതനം പ്രതിമാസം 20,000 രൂപയും എല്ലാവർക്കും 10,000 രൂപ പെൻഷനും ഉറപ്പുവരുത്തുക, ലേബർ കോഡുകളും വൈദ്യുതി നിയമ ഭേദഗതിയും പിൻവലിക്കുക, എല്ലാ ദരിദ്ര ഇടത്തരം കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഒറ്റത്തവണ വായ്‌പ ഇളവ്‌ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് സംയുക്ത സമിതി മുന്നോട്ട് വെക്കുന്നത്
രാജ്യത്തെ ഭരണ സിരാ കേന്ദ്രങ്ങളെ സ്തംഭിപ്പിച്ച കര്‍ഷക സമരം അവസാനിച്ചിട്ട് നാളിതുവരെയായിട്ടും കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നു പോലും പാലിച്ചിട്ടില്ല. സമരത്തിന്റെ ഭാഗമായി കര്‍ഷര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകൾ പിൻവലിക്കും, ജീവൻ നഷ്ടപ്പെട്ട 708 പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കും, മിനിമം താങ്ങുവില പ്രശ്‌നം തീർക്കാനുള്ള കമ്മിറ്റിയിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെയും കർഷകരുടെയും കാർഷികവിദഗ്‌ധരുടെയും കിസാൻ മോർച്ചയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തും, വൈദ്യുതിനിയമ ഭേദഗതി ബില്ലിന്റെ വിഷയത്തിൽ എല്ലാ വിഭാഗവുമായും കൂടുതൽ ചർച്ച നടത്തും, തലസ്ഥാനനഗര മലിനീകരണ നിയമത്തിൽനിന്ന്‌ കർഷകദ്രോഹപരമായ 14, 15 വകുപ്പുകൾ ഒഴിവാക്കും തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ ഉറപ്പുകളില്‍ ഒന്നു പോലും പാലിക്കാന്‍ സാധിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന നിയോ ലിബറല്‍ നയം മൂലം രാജ്യത്ത് മൂന്നു ലക്ഷത്തില്‍ പരം കര്‍ഷകരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളുടേയും എതിര്‍പ്പുകള്‍ വക വെയ്ക്കാതെയാണ് പുതിയ തൊഴില്‍ കോഡുകള്‍ നിയമമാക്കിയിരിക്കുന്നത്.
രാജ്യത്താകമാനം വിവിധ തൊഴില്‍ മേഖലകളില്‍ നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളും, കൂട്ടായ്മകളും ശക്തിപ്പെട്ടു വരുന്നതിന്റെ സൂചന കൂടിയാണ് ഏപ്രിൽ 5ന് നടക്കുന്ന മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലി. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ഈ സംഘര്‍ഷ റാലിയില്‍ കെ എസ്‌ ഇ ബി ഓഫീസേഴ്‌സ്‌ അസോസിയേഷനും പങ്കെടുക്കുന്നുണ്ട്. മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലിയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള എല്ല പ്രവര്‍ത്തനങ്ങളിലും സംഘടനാംഗങ്ങള്‍ പങ്കാളികളാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.