പോണ്ടിച്ചേരിയിലെ വൈദ്യുതി ജീവനക്കാര്‍ക്ക് അഭിവാദ്യങ്ങള്‍

432

പോണ്ടിച്ചേരിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ വൈദ്യുതിജീവനക്കാര്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് സ്വകാര്യവല്‍ക്കരണ നടപടികള്‍ തുടരില്ലെന്ന സര്‍ക്കാര്‍ ഉറപ്പിനെത്തുടര്‍ന്ന് വിജയകരമായി അവസാനിച്ചു. ആത്മനിര്‍ഭര്‍ അഭിയാന്‍ പാക്കേജിന്റെ ഭാഗമായി കേന്ദ്രഭരണപ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ രണ്ടാമത്തെ നീക്കമാണ് തൊഴിലാളിപ്രക്ഷോഭങ്ങള്‍ക്കുമുന്നില്‍ അടിയറവ് പറഞ്ഞത്. ഇക്കാര്യത്തില്‍ ആദ്യ നടപടിയുണ്ടായത് ജമ്മുവിലും കാശ്മീരിലുമാണ്. വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ടെണ്ടര്‍ നടപടി ആരംഭിച്ചപ്പോള്‍ത്തന്നെ ജീവനക്കാര്‍ ഒറ്റക്കെട്ടായി പ്രക്ഷോഭരംഗത്തുവന്നു. പട്ടാളത്തിന്റെ സഹായത്തോടെ വൈദ്യുതി വിതരണം മുന്നോട്ടുകൊണ്ടുപോകാമെന്ന്‌ ധരിച്ച കേന്ദ്രസര്‍ക്കാർ രണ്ടു ദിവസത്തിനകം എല്ലാ നടപടികളും നിർത്തിവയ്ക്കാൻ നിർബന്ധിതമായി. ഇതേ വിഷയത്തിൽ ചണ്ഡിഗറിൽ ഫെബ്രുവരി ഒന്നിന് നടന്ന പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. ഫെബ്രുവരി 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുകയാണ്.

വൈദ്യുതി വിതരണത്തിന്റെ സ്വകാര്യവല്‍ക്കണം കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിന്റെ ഭാഗമായാണ് വൈദ്യുതി (ഭേദഗതി) ബില്‍ 2021 കൊണ്ടുവന്നത്. എന്നാല്‍ വൈദ്യുതിത്തൊഴിലാളികള്‍ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങളുയര്‍ത്തിക്കൊണ്ടുവന്നതും കര്‍ഷകസമരത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായി വൈദ്യുതി (ഭേദഗതി) ബില്‍ പിന്‍വലിക്കണമെന്നത് ഉള്‍പ്പെട്ടതും ബില്ലുമായി മുന്നോട്ടുപോകാന്‍ തടസ്സമായി.അതേ സമയം കേന്ദ്രഭരണപ്രദേശങ്ങളില്‍ ആത്മനിര്‍ഭര്‍ അഭിയാന്‍ പാക്കേജിന്റെ ഭാഗമായി സ്വകാര്യവല്‍ക്കരണം അടിച്ചേല്‍പ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാർ നടത്തിയ നീക്കങ്ങളെല്ലാം തന്നെ ശക്തമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ മുമ്പിൽ അടിയറവുവയ്ക്കുന്ന സാഹചര്യമുണ്ടായി.

 

പോണ്ടിച്ചേരിയില്‍ വൈദ്യുതിത്തൊഴിലാളികളുടെ സമരം തകര്‍ക്കാന്‍ 144 വരെ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ അതൊന്നും പ്രക്ഷോഭത്തെ തളര്‍ത്തിയില്ല. പ്രക്ഷോഭകാരികള്‍ക്ക് പിന്തുണയുമായി സംഘടനയുടെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും വര്‍ക്കേര്‍സ് അസോസിയേഷന്‍ നേതാക്കളും പോണ്ടിച്ചേരിയില്‍ പോകുകയും സമരത്തില്‍ പങ്കാളികളാകുകയും ചെയ്തു. പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലും നമ്മുടെ സാന്നിധ്യമറിയിച്ചു.വരുംകാല പ്രക്ഷോഭങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് ഈ നേട്ടം. ഈ പ്രക്ഷോഭത്തില്‍ അണിനിരന്ന മുഴുവന്‍ തൊഴിലാളികളെയും അഭിവാദ്യം ചെയ്യുന്നു.