വൈദ്യുതി നിയമം 2003ന് ഭേദഗതികൾ വരുത്താനുള്ള കരട് നിർദ്ദേശങ്ങൾ കേന്ദ്ര ഊർജ്ജ മന്ത്രാലയം സെപ്തംബർ 7ന് പുറത്തിറക്കി. വൈദ്യുതി മേഖലയുടെ കമ്പോളവത്കരണം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ തികഞ്ഞ പരാജയമായിരുന്നു എന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ് ‘വൈദ്യുതി നിയമ ഭേദഗതി 2018’. ഇത് നടപ്പിലായാൽ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ വൈദ്യുതി നിരക്ക് താങ്ങാനാകാതെ ഇരുട്ടിലാകും

രാജ്യത്തെ വൈദ്യുതി മേഖലയെ സ്വകാര്യ മൂലധനത്തിന്റെ താല്‍പ്പര്യത്തിനനുസരിച്ച് പുനഃസംഘടിപ്പിക്കാന്‍ രൂപപ്പെടുത്തിയ നിയമ ചട്ടക്കൂടാണ് 2003ലെ വൈദ്യുതി നിയമം. അന്നത്തെ ഭരണമുന്നണിയായ എൻഡിഎ ക്കു് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് കൂടി പിന്തുണ നല്‍കിയാണ് വൈദ്യുതിനിയമം പാര്‍ലമെന്റില്‍ പാസ്സാക്കിയത്. പക്ഷെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഈ നിയമം പര്യാപ്തമല്ലെന്ന് തെളിയിക്കപ്പെട്ടു. പുരോഗമന പ്രസ്ഥാനങ്ങളും, ഇടതുപക്ഷ പ്രസ്ഥാനങ്ങളും പൊതുമേഖല ശക്തിപ്പെടുത്തിക്കൊണ്ടുള്ള ബദല്‍ നയം നടപ്പാക്കണം എന്ന ആവശ്യം മുന്നോട്ട് വച്ചപ്പോള്‍ ഭരണാധികാരികള്‍ സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുന്ന കൂടുതല്‍ തീവ്രമായ കമ്പോള പരിഷ്കരണങ്ങള്‍ ആണ് ആവശ്യം എന്ന നിലപാടാണ് എടുത്തത്. 2014ല്‍ ഇത്തരത്തില്‍ തീവ്ര ഉദാരവല്‍ക്കരണം ലക്ഷ്യം വച്ച് 2003ലെ വൈദ്യുതി നിയമത്തിന് ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടു.

വൈദ്യുതി നിയമ ഭേദഗതി 2014
പുതിയതായി നിര്‍ദ്ദേശിക്കപ്പെട്ട ഭേദഗതികള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭ സമരങ്ങൾ ഉയർന്നു വന്നു. അതിന്റെ ഫലമായി നിര്‍ദ്ദേശിക്കപ്പെട്ട ഭേദഗതികള്‍ ജനാധിപത്യപരമായി വിവിധ വേദികളില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നടപ്പാക്കാം എന്ന നിലപാടിലേക്ക് ഭരണാധികാരികള്‍ എത്തി. തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഊര്‍ജ്ജ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഈ വിഷയം പരിശോധിക്കുകയും വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ പുതിയ ഭേദഗതികള്‍ രാജ്യതാല്‍പര്യത്തിന് എങ്ങനെയാണ് ദോഷകരമാകുന്നത് എന്ന് രേഖാമൂലം എഴുതി അറിയി ക്കുകയും ഈ നടപടികളില്‍ നിന്ന് പിന്‍വാങ്ങണം എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ കേരളത്തോടൊപ്പം നിരവധി സംസ്ഥാനങ്ങളും ഭേദഗതിയെ എതിര്‍ക്കുന്ന സമീപനം സ്വീകരിച്ചിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്ന പാലക്കാട് നിന്നുള്ള ലോകസഭാംഗം ശ്രീ എം ബി രാജേഷിന്റെ ഇടപെടലുകളും, അദ്ദേഹം നല്‍കിയ വിയോജനക്കുറിപ്പും രാജ്യശ്രദ്ധ ആകര്‍ഷിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഭേദഗതികള്‍ ആവശ്യമാണ് എന്ന പൊതുസമീപനം സ്വീകരിച്ചപ്പോഴും ഇതിലെ പല നിര്‍ദ്ദേശങ്ങളും രാജ്യത്തെ ഊര്‍ജ്ജമേഖലക്ക് ദ്രോഹകരമാവില്ലെ എന്ന ആശങ്കയും പങ്കുവെച്ചിരുന്നു.
നിയമഭേദഗതികൾക്കെതിരെ രാജ്യത്താകെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളേയും പ്രക്ഷോഭ സമരങ്ങളേയും കണ്ടില്ലെന്ന് നടിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല. അതി നാൽ, സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നിട്ടും ദ്രുതഗതിയില്‍ ഭേദഗതികള്‍ നിയമമാക്കാന്‍ ഭരണാധികാരികള്‍ നടപടിയെടുത്തില്ല.
എന്നാൽ, 2018 സെപ്തംബര്‍ 7ന് പുതുക്കിയ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ‘വൈദ്യുതിനിയമം ഭേദഗതി 2018’ എന്നപേരില്‍ ഊര്‍ജ്ജ മന്ത്രാലയം പുറത്തിറക്കി. ഫലത്തിൽ, 2014 ലെ വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശങ്ങൾ റദ്ദായി. ഒറ്റനോട്ടത്തില്‍ 2014ലെ ഭേദഗതി നിര്‍ദ്ദേശങ്ങളുടെ ലക്ഷ്യങ്ങളിൽ കാര്യമായ മാറ്റം ഇപ്പോഴും വന്നിട്ടില്ല.
പ്രധാന ഭേദഗതി നിര്‍ദ്ദേശങ്ങൾ പരിശോധിക്കുമ്പോള്‍

കാരിയേജും കണ്ടന്റും വേര്‍തിരിക്കുന്നത്

വൈദ്യുതി വിതരണ ശൃംഖലയെ (കാരിയേജ്) അതിലൂടെ ഒഴുകുന്ന വൈദ്യുതി (കണ്ടന്റ്) യില്‍ നിന്നും വേര്‍തിരിക്കണം. അതിനായി വിതരണ ലൈസന്‍സികളും സപ്ലൈ ലൈസന്‍സികളും രൂപീകരിക്കണം. നിലവിലുള്ള വിതരണ ലൈസന്‍സിക്ക് പകരം പുതിയ വിതരണ ലൈസന്‍സിയും സപ്ലൈ ലൈസന്‍സിയും രൂപീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ട്രാന്‍സ്ഫര്‍ സ്കീമിന് വിധേയമായായിരിക്കും. ട്രാന്‍സ്ഫര്‍ സ്കീം പുറത്തിറക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.

ക്രോസ് സബ്സിഡി ഇല്ലാതായാൽ ചെറി പിക്കിങ് ഒഴിവാകുമെന്ന്

2014ലെ ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ പുതിയതായി കടന്നുവരുന്ന സപ്ലൈ ലൈസന്‍സികള്‍ക്ക് നിലവില്‍ ഉയര്‍ന്ന നിരക്കില്‍ പൊതുമേഖല വിതരണ ലൈസന്‍സിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്ന വന്‍കിട വാണിജ്യ, വ്യവസായ ഉപഭോക്താക്കളെ നിലവിലുള്ളതിലും കുറഞ്ഞ നിരക്കിന് വൈദ്യുതി നല്‍കികൊണ്ട് തട്ടിപ്പറിച്ച് കൊണ്ടുപോകാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഇത്തരം ചെറി പിക്കിംഗ് തടയണമെന്നും, അല്ലെങ്കിൽ പൊതുമേഖല വിതരണ ലൈസന്‍സിയുടെ സാമ്പത്തിക തകര്‍ച്ചക്കും, സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് ഉയരുന്നതിനും ഇടയാകുമെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് ഭരണാധികാരികള്‍ പ്രതികരിച്ചത് ക്രോസ് സബ്സിഡി 20% ആക്കി ചുരുക്കി 3 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കുമെന്ന നിര്‍ദ്ദേശം പുതിയ ഭേദഗതി നിർദ്ദേശങ്ങളിൽ ഉള്‍പ്പെടുത്തിക്കൊണ്ടാണ്.
ക്രോസ് സബ്സിഡി ഇല്ലാതായാല്‍ എല്ലാ വിഭാഗം ഉപഭോക്താക്കളുടേയും വൈദ്യുതി നിരക്ക് എകീകരിക്കപ്പെടുമെന്നും അതോടെ ചെറി പിക്കിംഗ് ഇല്ലാതാകുമെന്നുമാണ് അധികൃതരുടെ ഭാഷ്യം. പക്ഷെ ഇതിന്റെ ഭാഗമായി സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വന്‍തോതില്‍ ഉയരും. അതോടെ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾക്ക് വൈദ്യുതി ആഡംബരമായി മാറും. ജനരോഷം വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് നേരെയാകും. ഭാവിയില്‍ വരാന്‍ പോകുന്ന പ്രധാന പ്രശ്നങ്ങള്‍ ഇവയാണ്.

സബ്സിഡി നൽകുന്നത് ഡയറക്ട് ബനിഫിറ്റ് ട്രാൻസ്ഫർ വഴി

സർക്കാരുകൾ അടക്കമുള്ള ഏജൻസികൾക്ക് ഡയറക്ട് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) സ്കീം വഴി മാത്രമേ ഉപഭോക്താക്കൾക്ക് സബ്സിഡി നല്‍കാൻ വ്യവസ്ഥയുള്ളൂ. ലൈസൻസികൾക്ക് ഈ സംവിധാനം ഗുണകരമാണെങ്കിലും ലക്ഷകണക്കിന് വരുന്ന ഉപഭോക്താക്കള്‍ക്ക് കൃത്യമായി സബ്സിഡി നല്‍കാന്‍ പ്രായോഗികമായി കഴിയില്ല. എന്ന് മാത്രമല്ല ഉയർന്ന നിരക്കിലുള്ള വൈദ്യുതി ബിൽ തുക ഉപഭോക്താക്കൾ ഒടുക്കേണ്ടിയും വരും.

കണ്ണിൽ പൊടിയിടാൻ ആനുകൂല്യങ്ങൾ

ഉപഭോക്താക്കള്‍ക്ക് 24 x 7 വൈദ്യുതി നല്‍കുക എന്നത് വിതരണ / സപ്ലൈ ലൈസന്‍സികള്‍ക്ക് നിര്‍ബന്ധമാക്കി. വൈദ്യുതി തടസ്സം ഉണ്ടായാല്‍ അതിന് ലൈസന്‍സി പിഴ നല്‍കേണ്ടി വരും. സ്റ്റാന്റേര്‍ഡ്സ് ഓഫ് പെര്‍ഫോര്‍മെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താവിന്റെ അവസാന വൈദ്യുതി ബില്‍തുകയുടെ 2 മുതല്‍ 30% വരെ പിഴ നല്‍കണം. സപ്ലൈ നൽകുന്നതിനുള്ള സമയദൈര്‍ഘ്യം 7 ദിവസം ആയി കുറച്ചിട്ടുണ്ട്. വൈദ്യുതിനിരക്കുകള്‍ നിശ്ചയിക്കുമ്പോള്‍ ലൈസന്‍സിയുടെ കാര്യക്ഷമതാരാഹിത്യത്തിന്റെ ഫലമായുണ്ടാവുന്ന ചിലവുകള്‍ ഉപഭോക്താവിലേക്ക് പകരാന്‍ പാടില്ല.
സേവനങ്ങള്‍ക്കായി വിതരണ – സപ്ലൈ ലൈസന്‍സികള്‍ക്കിടയില്‍ നെട്ടോട്ടമോടേണ്ടി വരികയും വൈദ്യുതി നിരക്ക് വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഉപഭോക്താക്കളെ കേവലമായി സന്തോഷിപ്പിക്കാന്‍ മാത്രമേ ഉതകുകയുള്ളൂ. 24 x 7 വൈദ്യുതി നൽകാനായി സപ്ലൈ ലൈസൻസികൾ നിർബന്ധമായും വൈദ്യുതി വാങ്ങൽ കരാറുകളിൽ ഏർപ്പെടണം എന്ന വ്യവസ്ഥ അടഞ്ഞു കിടക്കുന്ന സ്വകാര്യ ഉത്പാദന നിലയങ്ങളെ സഹായിക്കാനാണ് എന്ന് വ്യക്തമാണ്.

റഗുലേറ്ററി കമ്മീഷനുകൾക്ക് കേന്ദ്രത്തിന്റെ കൂച്ചുവിലങ്ങ്

സംസ്ഥാന റഗുലേറ്ററി കമ്മീഷനുകളെ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്കുണ്ടായിരുന്ന അധികാരങ്ങൾ കവർന്നെടുക്കാനാണ് കേന്ദ്രസര്‍ക്കാർ നീക്കം. അതിനായി കമ്മീഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങൾ നിരന്തരമായി നിരീക്ഷിക്കുന്നതിനും നിരവധി വ്യവസ്ഥകളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്മീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന സമിതിയിലെ 6 അംഗങ്ങളില്‍ 5 പേരും കേന്ദ്രഗവണ്മെന്റ് നിര്‍ദ്ദേശിക്കുന്നവരാണ്. സംസ്ഥാന ചീഫ് സെക്രട്ടറി അല്ലെങ്കിൽ ഊർജ്ജ വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിയായിരിക്കും 6ാം അംഗം.
കേന്ദ്ര സർക്കാരിന്റെ താരീഫ് നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ റഗുലേറ്ററി കമ്മീഷനുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന കര്‍ശന വ്യവസ്ഥയും പുതുക്കിയ ഭേദഗതികളില്‍ ഉണ്ട്. റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ കൃത്യമായ ഇടവേളകളില്‍ കേന്ദ്ര സര്‍ക്കാരിന് പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കണമെന്ന വ്യവസ്ഥയും കൊണ്ടു വന്നിട്ടുണ്ട്.

വിതരണ ലൈസൻസിയും സപ്ലൈ ലൈസൻസിയും

ഭേദഗതികൾ അംഗീകരിക്കുന്നതോടെ നിലവിലുള്ള വിതരണ ലൈസന്‍സികള്‍ അതാത് സംസ്ഥാനത്തെ വിതരണവും സപ്ലൈയും നടത്തുന്ന ലൈസന്‍സികള്‍ ആയി മാറും. സംസ്ഥാന ഗവണ്മെന്റുകള്‍ നടപ്പാക്കുന്ന ട്രാന്‍സ്ഫർ‌ സ്കീമിന്റെ അടിസ്ഥാനത്തിൽ പുതിയ സപ്ലൈ കമ്പനികള്‍ കടന്നുവരും. ട്രാന്‍സ്ഫര്‍ സ്കീം നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഒരു പ്രദേശത്ത് ഒന്നിലധികം വിതരണ ലൈസന്‍സികളും സപ്ലൈ ലൈസന്‍സികളും അനുവദിക്കപ്പെടും. വിതരണ ലൈസന്‍സിക്ക് ട്രേഡിംഗും, സപ്ലൈയും ചെയ്യാന്‍ കഴിയില്ല (ട്രാന്‍സ്ഫര്‍ സ്കീമിന് ശേഷം). സപ്ലൈ ലൈസന്‍സിക്ക് ട്രേഡിങ് നടത്താന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമില്ല. ലൈസന്‍സികള്‍ മുന്‍വര്‍ഷത്തെ ശരാശരി ഡിമാന്റ് അടിസ്ഥാനമാക്കി ദീര്‍‌ഘകാല – മധ്യകാല വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ നിര്‍ബന്ധമായും ഏര്‍പ്പെടണം. ഇത്തരം കരാറുകൾ അതാത് റഗുലേറ്ററി കമ്മീഷനുകളുടെ അനുവാദമില്ലാതെ റദ്ദാക്കാനും കഴിയില്ല. ഈ വ്യവസ്ഥകളിൽ വീഴ്ച്ച വരുത്തിയാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾക്ക് വിധേയമാകും.

ഉത്പാദന രംഗം

ഒരു നിശ്ചിതശേഷിക്ക് മുകളില്‍ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കാനും, പുതിയ ഉത്പാദന നിലയങ്ങള്‍ തുടങ്ങാനും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്നത് കര്‍ശനമാക്കി. കമ്പോളം വൈദ്യുതി ഉത്പാദനത്തെ നിയന്ത്രിച്ചു കൊള്ളുമെന്ന കേന്ദ്ര സർക്കാരുകളുടെ പഴയ വാദത്തിന്റെ പരാജയത്തെയാണ് ഇത് കാണിക്കുന്നത്. പുതിയ ഉത്പാദകര്‍ നിര്‍ബന്ധമായും നിയമപരമായി ആവശ്യമുള്ള അധിക ഉത്പാദനശേഷി മാറ്റിവക്കേണ്ടതാണ് (സ്റ്റാറ്റ്യൂട്ടറി റിസര്‍വ്വ്). ലോഡ് ഡെസ്പാച്ച് സെന്ററിൽ നിന്നും ആവശ്യപ്പെടുന്ന മുറക്ക് ഈ റിസര്‍വ്വ് നല്‍കാന്‍ കഴിയണം. താപ നിലയങ്ങള്‍ക്ക് അക്ഷയ ഊർജ്ജ ഉത്പാദനം നിര്‍ബന്ധമാക്കി. അസാധാരണ സാഹചര്യങ്ങളില്‍ കേന്ദ്ര ഗവണ്മെന്റിന് സ്വകാര്യ ഉത്പാദന നിലയങ്ങളെ നിയന്ത്രിക്കാന്‍ അധികാരം ഉണ്ട്. ഉത്പാദന – പ്രസരണ മേഖലകളില്‍ റ്റിഒഡി താരീഫ് നിര്‍ബന്ധമാക്കാനും, വലിയ ജലവൈദ്യുത പദ്ധതികള്‍ അക്ഷയ ഉത്പാദനത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും നിര്‍ദ്ദേശമുണ്ട്.

നിരക്ക് നിർണ്ണയം

കേന്ദ്ര സർക്കാരിന്റെ താരിഫ് നയം അടിസ്ഥാനമാക്കി വൈദ്യുതി നിരക്ക് നിര്‍ണ്ണയിക്കണം. ഈ വ്യവസ്ഥയും സ്വകാര്യ വൈദ്യുതി ഉത്പാദകരെ സഹായിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. സംസ്ഥാന ഗവണ്മെന്റ് 108ാം വകുപ്പ് പ്രകാരം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ താരിഫ് പോളിസിക്ക് വിരുദ്ധമായാല്‍ ഉണ്ടാവുന്ന ആശയക്കുഴപ്പം ഈ ഭേദഗതി നിര്‍ദ്ദേശങ്ങൾ കൊണ്ടും ഒഴിവാകുന്നില്ല. റഗുലേറ്ററി കമ്മീഷനുകള്‍ സീലിംഗ് താരിഫ് മാത്രമെ നിശ്ചയിക്കൂ. സപ്ലൈ കമ്പനികള്‍ക്ക് അതില്‍ താഴെയുള്ള ഏത് നിരക്കും ഈടാക്കാം. 3 വര്‍ഷത്തിനുള്ളില്‍ ക്രോസ് സബ്സിഡി പൂര്‍ണ്ണമായും ഒഴിവാക്കണം. ലൈസന്‍സികള്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍ സ്വമേധയ റഗുലേറ്ററി കമ്മീഷനുകള്‍ വൈദ്യുതി നിരക്ക് നിര്‍ണ്ണയിക്കണമെന്നും ഭേദഗതികളില്‍ നിർദ്ദേശമുണ്ട്. അക്ഷയ വൈദ്യുതി ഉത്പാദിപ്പിക്കുകയോ വാങ്ങുകയോ ചെയ്തില്ലെങ്കില്‍ നല്‍കേണ്ട പിഴ യൂണിറ്റിന് ഒരു രൂപ മുതൽ അഞ്ച് രൂപ വരെയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലൈസന്‍സികള്‍ക്കുണ്ടാവുന്ന നിയന്ത്രണവിധേയമല്ലാത്ത ചിലവുകള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതിനായി ചില നിര്‍ദ്ദേശങ്ങളും ഭേദഗതികള്‍ മുന്നോട്ടു വക്കുന്നുണ്ട്.

മറ്റ് നിർദ്ദേശങ്ങൾ

സെക്ഷന്‍ 127 അനുസരിച്ചുള്ള അപ്പലേറ്റ് അതോറിറ്റിയായി നിര്‍ദ്ദേശിച്ചിട്ടുള്ളത് സംസ്ഥാന ഓംബുഡ്സ്മാനെയാണ്. വൈദ്യുതിയുടെ കമ്പോളം വികസിപ്പിക്കാനായി ഫോര്‍വേഡും ഫ്യൂച്ചറും മാര്‍ക്കറ്റുകള്‍ ആവശ്യമാണെന്ന സമീപനമാണ് ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ ഉള്ളത്. ഹൈക്കോടതിയിലേയോ, സുപ്രീംകോടതിയിലേയോ ജഡ്ജിമാരെ നേരിട്ട് റഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷന്മാരാക്കാം എന്നത് പുതിയ ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ ഇന്റര്‍മീഡിയറി കമ്പനി സംബന്ധിച്ച ചില സൂചനകള്‍ മാത്രമാണ് നിര്‍ദ്ദേശങ്ങളില്‍ ഉള്ളത്. കേന്ദ്ര ഗവണ്മെന്റ് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അനുസൃതമായാണ് ഇന്റര്‍മീഡിയറി കമ്പനികള്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് മാത്രമാണ് ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.

ഉപഭോക്താക്കള്‍ക്ക് ഗുണകരമാണ് എന്ന തെറ്റിദ്ധാരണ സൃഷ്ടിച്ച് സ്വകാര്യ മൂലധനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനാണ് ഭരണാധികാരികള്‍ തയ്യാറെടുക്കുന്നത്. ഇന്ത്യാരാജ്യം വൈദ്യുതിരംഗത്ത് അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രതിസന്ധി തരണം ചെയ്യുന്നതിന് സഹായകമായ ഒന്നും ഈ ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വസ്തുതകള്‍ ജനങ്ങളില്‍ എത്തിച്ച് അവരെ ശരിയുടെ പക്ഷത്ത് അണിനിരത്താനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ട്.