കെ.എസ്.ഇ.ബി ഓഫീസുകൾക്കും ജീവനക്കാർക്കും നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക

547

ലോക്ക്ഡൗൺ കാലത്തെ വൈദ്യുതിബിൽ അമിത?മാണെന്ന ആരോപണവുമായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം ജില്ലയിലെ ചവറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്, എറണാകുളം ഇലക്ട്രിക്കൽസ് സർക്കിൾ ഓഫീസ്, എന്നിവിടങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ അതിക്രമിച്ചുകയറി ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തത് അപലപനീയവും ചെറുത്തു തോൽപ്പിക്കപ്പെടേണ്ടതുമാണെന്ന് കെഎസ്ഇബി സംഘടന സംയുക്ത സമിതി അഭിപ്രായപ്പെട്ടു.
ഒരു പരിഷ്കൃത സമൂഹത്തിൽ നിയമവാഴ്ചയെ പോലും വെല്ലുവിളിച്ചുകൊണ്ട് ഓഫീസ് അതിക്രമത്തിനും ജീവനക്കാർക്കെതിരെ നിരന്തര കൈയേറ്റങ്ങൾക്ക് മുതിരുന്നവരെ കർശന നിയമനടപടികൾക്ക് വിധേയരാക്കേണ്ടത് അനിവാര്യമാണ്.
നിയമ വ്യവസ്ഥകൾക്ക് വിധേയമായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു നടപ്പിലാക്കിയ താരിഫ് നിരക്ക് അടിസ്ഥാനമാക്കി വൈദ്യുതി ചാർജ് കണക്കാക്കുന്ന രീതിയാണ് കെ.എസ്.ഇ.ബി നിർവഹിച്ചു പോരുന്നത്. ലോക് ഡൗൺ കാലത്ത് കുടുംബാംഗങ്ങൾ എല്ലാവരും പുറത്തിറങ്ങാതെ വീട്ടിൽ കഴിഞ്ഞതിനാലും കടുത്ത വേനൽ കാലം ആയതിനാലും ഇക്കഴിഞ്ഞ മാസങ്ങളിൽ വീടുകളിലെ വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയിട്ടുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. വർദ്ധിത ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന തുകയ്ക്കുള്ള ബില്ല് ലഭിച്ചവർക്ക് തവണകളായി തുക കൊടുക്കുവാനും ഫിക്സഡ് ചാർജ്ജിൽ 25% ഇളവ് നൽകുവാനും തുക കൊടുക്കുന്നതിൽ വീഴ്ചവരുത്തുന്ന വരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാതെയും ആശ്വാസ നടപടികൾ കൈക്കൊള്ളാൻ വൈദ്യുതി ബോർഡ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഏകദേശം 200 കോടി രൂപയുടെ ബാധ്യത ഏറ്റെടുത്തുകൊണ്ട് ഗാർഹിക ഉപഭോക്താക്കൾക്ക് വലിയതോതിൽ ഇളവുകൾ നൽകി സംസ്ഥാന സർക്കാരും വൈദ്യുതിബോർഡും ആശ്വാസ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു.
പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ ജനപക്ഷ ഉപഭോക്ത സൗഹൃദ നിലപാടുകളാണ് കഴിഞ്ഞ കാലങ്ങളിലെല്ലാം വൈദ്യുതിബോർഡ് സ്വീകരിച്ചുപോന്നിട്ടുള്ളത്.പ്രളയം ഉൾപ്പെടെ പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരി കാലത്തും അപകട മേഖലയിൽ വിശ്രമരഹിതമായിമാതൃകാ സേവനം നിർവഹിച്ചു പോരുന്ന വൈദ്യുതി ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന വ്യാജപ്രചരണങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി യിലെ തൊഴിലാളി ഓഫീസർ സംഘടനാ സംയുക്തസമിതി അഭ്യർത്ഥിച്ചു.
കെഎസ്ഇബി ഓഫീസുകൾക്കും, ജീവനക്കാർക്കും നേരെയുള്ള അതിക്രമങ്ങളിൽ ഇതിൽ പ്രതിഷേധിച്ചുകൊണ്ടും അക്രമികൾക്ക് എതിരെ നിയമ നടപടികൾ ആവശ്യപ്പെട്ടും എല്ലാ ഡിവിഷൻ ഓഫീസുകൾക്ക് മുൻപിലും ജൂൺ 22 തിങ്കളാഴ്ച സംയുക്തസമിതിയുടെ ആഭിമുഖ്യത്തില്‍ വൈദ്യുതി ജീവനക്കാരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു), കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി),
കെ.എസ്.ഇ. ബി ഓഫീസേഴ്സ് അസോസിയേഷൻ, കേരള കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകള്‍ നേതൃത്വം നല്‍കി.