നഹിം ചലേഗാ…നഹിം ചലേഗാ…

മോദി സർക്കാറിന് താക്കീതായി മാറിയ കിസാൻ മസ്ദുർ സംഘർഷ് റാലി ആവേശകരമായ ഒരനുഭവം


ഏപ്രിൽ 5ന് ഡൽഹിയിൽ നടന്ന കിസാൻ – മസ്ദൂർ സംഘർഷ് റാലിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് സംഘടനാ ജീവിതത്തിലെ ഒരവിസ്മരണീയമായ അനുഭവം തന്നെ. ഏപ്രിൽ 5ന് ഡൽഹി പുലർന്നത് തന്നെ പ്രക്ഷോഭകരുടെ ചെറിയ ചെറിയ റാലികളും മുദ്രാവാക്യം വിളികളും കണ്ടാണ്. തലേ ദിവസം തന്നെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ തിരക്ക് ഇതിന്റെ ഒരു സൂചകമായിരുന്നു. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമടക്കം 28 പേർ റാലിയിൽ പങ്കെടുത്തു. രാവിലെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വിവിധ സംഘടനകളുടെ ബാനറുകളുമേന്തി രാംലീല മൈതാനം ലക്ഷ്യം വെച്ച് നീങ്ങുന്ന കാഴ്ച ആവേശജനകമായിരുന്നു.അക്ഷരാർത്ഥത്തിൽ ഡൽഹിയിൽ കണ്ടത് രാജ്യത്ത് പ്രക്ഷോഭത്തിലേർപ്പെട്ടവരുടെ നേർചിത്രങ്ങളാണ്. ചെറു ജാഥയായി ഹോട്ടലിന് മുന്നിൽ നിന്നും ഞങ്ങളും പുറപ്പെട്ടു നേരെ അജ്മീർ ഗേറ്റിലേക്ക് അവിടെയായിരുന്നു വിവിധ സംഘടനകൾ ആദ്യം എത്തിച്ചേർന്നത്. അവിടെ കൂടിയിരുന്ന ആസ്സാമിലേയും പഞ്ചാബിലേയും മറ്റും സംഘടനകളുടെ അഭിവാദ്യം സ്വീകരിച്ച് നേരെ രാം ലീല മൈതാനത്തേക്ക്. വിവിധ ഭാഷകളിൽ മുഴങ്ങുന്ന മുദ്രാവാക്യങ്ങളെല്ലാം മോദി നയിക്കുന്ന കോർപ്പറേറ്റ് സർക്കാരിനെതിരെ ആയിരുന്നു. ഞങ്ങളുടെ ജാഥയോട് ഓരം ചേർന്ന് നടന്നു നീങ്ങിയ ജാഥയിലെ സ്ത്രീകൾക്ക് മലയാളം അറിയില്ലെങ്കിലും മോദി സർക്കാർ തുലയട്ടെ എന്ന മുദ്രാവാക്യം ഏറ്റ് വിളിച്ചത് പ്രക്ഷോഭങ്ങളിലെ ഹൃദയൈക്യം വിളംബരം ചെയ്യുന്നതായി മാറി. ജാഥകളിൽ പങ്കെടുത്തവരെല്ലാം തന്നെ ഓരോ തരത്തിൽ അവരുടെ ജീവിതം അല്ലെങ്കിൽ ജീവൻ തന്നെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്ന് കാണാൻ കഴിയുമായിരുന്നു. രാംലീലാ മൈതാനത്തിന് അടുത്തെത്തിയപ്പോഴും തിരക്ക് വർദ്ധിച്ചു. ഡൽഹിക്ക് സമീപമുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേരും എത്തിയത്. ബംഗാളിൽ നിന്ന് എത്തിയ വൈദ്യുതി തൊഴിലാളികളുടെ പ്രകടനം എത്തിയത് പ്രത്യേകം ശ്രദ്ധയിൽ പെട്ടു.
അഖിലേന്ത്യാ കിസാൻ സഭ (AIKS), CITU, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ (AIAWU) എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി പ്രധാനമായും സംഘടിപ്പിച്ചത്. സ്ത്രീകളുടെ വർദ്ധിച്ച സാന്നിദ്ധ്യം ദുരിതമനുഭവിക്കുന്ന ഇന്ത്യയുടെ നേർച്ചിത്രമാണ് റാലിയിലുടനീളം നൽകിയത്. ആസാം, ഹരിയാന, മഹാരാഷ്ട്ര, ബംഗാൾ, രാജസ്ഥാൻ, മണിപ്പൂർ, ആന്ധ്ര പ്രദേശ്, തെലുങ്കാന, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. തൊഴിലാളികളുടെയും കർഷകരുടെയും ഒറ്റക്കെട്ടായുള്ള പ്രക്ഷോഭങ്ങൾക്ക് വിള്ളൽ സൃഷ്ടിക്കാൻ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന സംഘപരിവാർ തന്ത്രങ്ങളെ പ്രതിരോധിക്കണമെന്ന് ദൽഹിയെ ചെങ്കടലാക്കി മാറ്റിയ റാലി ആഹ്വാനം ചെയ്തു. രാജ്യത്തെ സംരക്ഷിക്കാൻ വിപുലമായ ബഹുജന മുന്നേറ്റം കെട്ടിപ്പടുക്കുന്നതിനുള്ള പ്രയാണത്തിന്റെ നാഴികക്കല്ലായി റാലി മാറി.
രാംലീല മൈതാനത്ത് രാവിലെ 8.30 ഓടെ തന്നെ വിവിധ സംഘങ്ങളുടെ കലാപരിപാടികൾ ആരംഭിച്ചിരുന്നു. പൊതുസമ്മേളനം CITU ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ബി വെങ്കട്, വിജു കൃഷ്ണൻ, കെ ഹേമലത, അശോക് ധാവ്ളെ, എ വിജയരാഘവൻ, പ്രഭാത് പട്നായിക്, എ ആർ സിന്ധു തുടങ്ങിയവർ റാലിയെ അഭിവാദ്യം ചെയ്തു. CPI (M) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, വൃന്ദ കാരാട്ട്, നീലോൽപൽ ബസു എന്നിവരും റാലിയെ അഭിവാദ്യം ചെയ്യാൻ എത്തിയിരുന്നു.
ആവശ്യങ്ങൾ


• കാർഷിക വിളകൾക്ക് മൊത്തം കൃഷി ചെലവും അതിന്റെ 50 ശതമാനവും ചേർത്തുള്ള മിനിമം താങ്ങുവില നിയമപരമാക്കുക
• എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം 26000 രൂപയായും മിനിമം പെൻഷൻ 10000 രൂപയായും നിശ്ചയിക്കുക
• നാല് തൊഴിൽ കോഡും വൈദ്യുതി നിയമ ഭേദഗതിയും പിൻവലിക്കുക
• തൊഴിൽ സുരക്ഷ ഉറപ്പാക്കുക. തൊഴിൽ ദിനങ്ങൾ 200 ആയും ദിവസവേതനം 600 രൂപയായും ഉയർത്തി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിപുലീകരിക്കുക, നഗര തൊഴിലുറപ്പു പദ്ധതി നിയമം നടപ്പാക്കുക
• പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ദേശീയ ആസ്തി വിറ്റഴിക്കലും ഉപേക്ഷിക്കുക
• വിലക്കയറ്റം തടയുക, ഭക്ഷ്യസാധനങ്ങൾ അടക്കം അവശ്യവസ്തുക്കൾക്ക് ചുമത്തിയ GST പിൻവലിക്കുക, പാചകവാതക വില വർധന അവസാനിപ്പിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ അധിക തീരുവ പിൻവലിക്കുക
• വനാവകാശ നിയമം കർശനമായി പാലിക്കുക
• പാർശ്വവൽകൃത വിഭാഗങ്ങൾക്ക് എതിരെയുള്ള കടന്നാക്രമണങ്ങൾ തടയുക, സാമൂഹിക നീതി ഉറപ്പാക്കുക
• ഗുണമേന്മയുള്ള ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കുക, ദേശീയ വിദ്യാഭ്യാസ നയം – 2020 പിൻവലിക്കുക
• അതിസമ്പന്നർക്ക് നികുതി ചുമത്തുക, കോർപറേറ്റ് നികുതി ഉയർത്തുക, സ്വത്ത് നികുതി ഏർപ്പെടുത്തുക
ഭാവി ഇന്ത്യയിൽ ഉയരുന്ന പ്രക്ഷോഭങ്ങൾക്ക് ഊർജ്ജവും ആവേശവും പകരുന്ന രീതിയിൽ ഐതിഹാസികമായി മാറിയ റാലിയിൽ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഭാഗമായി പങ്കെടുത്ത എല്ലാവർക്കും ഈ റാലിയിലെ അനുഭവങ്ങൾ, ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന സമരങ്ങളുടെ തീക്ഷ്ണത നേരിട്ടറിയാൻ കഴിഞ്ഞു, അതിന്റെ ഭാഗമാകാൻ കഴിഞ്ഞു. സംഘടനയെ പ്രതിനിധീകരിച്ച് എം ജി സുരേഷ്‌കുമാർ (പ്രസിഡണ്ട്), ബി ഹരികുമാർ (ജനറൽ സെക്രട്ടറി), ജാസ്മിൻ ബാനു, പ്രവീൺ എൻ ആർ, അരുൺ സി, ശൈലശ്രീ എം എസ്, സ്മിത കെ വി, ജയപ്രകാശൻ പി കെ, ബീന കെ പി, ഷഹനാസ് ബീഗം എം എ, പ്രമോദ് കുമാർ കെ കെ, അഫ്സൽ എൻ കെ, ഒ വി രമേഷ്, എ. സജിത് കുമാർ, സുജിത് കുമാർ, ഡെയ്സി എൻ എസ്, സുരേഷ് പി ടി, അനിൽകുമാർ എ പി, ബിന്ദു ലക്ഷ്മി കെ, മെറ്റിൽഡ കെ എ. എന്നിവർ റാലിയിൽ പങ്കെടുത്തു