പോരാട്ടമല്ലാതെ മാര്‍ഗ്ഗമില്ല

വൈദ്യുതിമേഖലയുടെ കാര്യക്ഷമതയും സേവന മികവും വര്‍ദ്ധിപ്പിക്കുക, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയിലുള്ള കുറഞ്ഞ താരിഫ് ഉറപ്പ് വരുത്തുക തുടങ്ങിയ ഒട്ടേറെ ആകര്‍ഷകമായ പ്രത്യക്ഷ വാഗ്ദാനങ്ങള്‍ ആണ് വൈദ്യുതി നിയമം 2003 നടപ്പിലാക്കുമ്പോള്‍ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഊർജ്ജ മേഖലയുടെ ഘട്ടം ഘട്ടമായുള്ള സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടാണ്‌ വൈദ്യുതി നിയമത്തിലെ വിവിധ വകുപ്പുകള്‍ രൂപപ്പെടുത്തിയതും, അതിന്റെ കൂടി അടിസ്ഥാനത്തില്‍ വൈദ്യുത നയങ്ങളും ചട്ടങ്ങളൂം പ്രഖ്യാപിച്ചിരുന്നതും. എന്നാൽ നാളിതുവരെ സ്വകാര്യവൽക്കരിക്കപ്പെട്ട സംസ്ഥാനങ്ങളിൽ ഇതൊന്നും യാഥാർത്ഥ്യമായില്ലെന്നു മാത്രമല്ല, മുംബൈ പ്രളയത്തിലും ഒറീസ്സാ ചുഴലിക്കാറ്റിലും അതാത് സ്ഥലത്തെ സ്വകാര്യ വൈദ്യുത കമ്പനികൾ സമ്പൂര്‍ണ്ണ പരാജയമാണെന്ന് തെളിയിക്കുകയും ചെയ്തു. വൈദ്യുതി താരിഫിലുണ്ടായ താങ്ങാനാവാത്ത വർദ്ധന മൂലം സ്വകാര്യവൽക്കരിക്കപ്പെട്ട സ്ഥലങ്ങളിൽ ജനങ്ങൾ തീരാദുരിതത്തിലായി. ഒറീസയിൽ ചുഴലിക്കൊടുങ്കാറ്റിൽ തകർന്ന വൈദ്യൂതി വിതരണ ശൃംഖല പുനസ്ഥാപിക്കുന്നതിന്‌ വൻസാമ്പത്തിക ബാധ്യത കാരണം സ്വകാര്യവിതരണ കമ്പനി തയ്യാറാകാത്തതിനാല്‍, അത്‌ വീണ്ടും സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ട സാഹചര്യമാണ്‌ ഉണ്ടായത്‌. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്ന് തെളിയിക്കുന്ന ഒട്ടേറെ സൂചകങ്ങളും, സംഭവങ്ങളും ഉണ്ടായത് ഈ മേഖലയിലെ സാങ്കേതിക വിദഗ്ദ്ധരും, സംഘടനകളും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും ജനവിരുദ്ധ നയങ്ങളുമായി കൂടുതല്‍ തീവ്രതയോടെ മുന്നോട്ട് പോകുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.
എല്ലാ മേഖലയില്‍ നിന്നും ഗവൺമെന്റ്‌ ഉത്തരവാദിത്വം ഒഴിവാകുകയും, കുത്തക പ്രീണന നയങ്ങൾ നടപ്പാക്കുന്നതിനുമെതിരെയുള്ള വിവിധ കര്‍ഷക-തൊഴിലാളി പ്രക്ഷോഭങ്ങൾ പരിഗണിക്കാതെ, പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യം വച്ചാണ് വൈദ്യുതി നിയമം 2022 ഭേദഗതി നടപ്പാക്കുന്നതിനായി ഇപ്പോള്‍ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്. 2003ലെ വൈദ്യുതി നിയമത്തിനകത്ത് നിന്ന് തന്നെ കേരളം ജനപക്ഷ ബദൽ ഉയർത്തി വൈദ്യുതി ബോർഡിനെ വിഭജിക്കാതെ ഒറ്റ പൊതുമേഖലാ കമ്പനിയായി കേരളത്തിൽ മുന്നോട്ട് പോകുകയാണ്. എല്ലാ അര്‍ത്ഥത്തിലും സമ്പൂർണ്ണ വൈദ്യുതീകരണം പൂര്‍ത്തീകരിക്കാനും, അതിന്റെ തുടര്‍ച്ച ഉറപ്പു വരുത്താനും, ക്രോസ്‌ സബ്സിഡി നിലനിർത്തി ദുർബ്ബല ജനവിഭാഗങ്ങൾക്കാശ്വാസമേകാനും സംസ്ഥാനത്തിനായി. ഓഖി ദുരന്ത സമയത്തും, 2018, 2019 പ്രളയകാലത്തും, കോവിഡ് മഹാമാരിക്കാലത്തും, കെ. എസ്.ഇ.ബി.എൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്. രാജ്യത്തിന് മാതൃക ആയ നിലയിലാണ് ഊര്‍ജ്ജകേരളമിഷനുള്‍പ്പടെയുള്ള വിവിധ പദ്ധതികള്‍ കെ.എസ്.ഇ.ബി.എൽ നടപ്പാക്കിയത്. ഇന്ത്യയിലെ മറ്റ് സ്വകാര്യകമ്പനികളേക്കാള്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നീതി ആയോഗിന്റേയും, പവ ർ ഫിനാന്‍സ് കോര്‍പ്പറേഷന്റെയും വിലയിരുത്തലില്‍ കേരളം വിവിധ സൂചകങ്ങളില്‍ ഒന്നാമതെത്തിയത്. എന്നാൽ പുതിയ നിയമഭേദഗതി നടപ്പിലായാൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഇത്തരം പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല.
ഒരു പ്രദേശത്ത് ഒന്നിൽ കൂടുതൽ വിതരണ ലൈസൻസികൾക്ക് പ്രവർത്തനാനുമതി നൽകുന്നതാണ് സുപ്രധാന ഭേദഗതി. ഇത് യാതൊരു മുതൽമുടക്കും ഇല്ലാതെ പൊതുമേഖലയിൽ പടുത്തുയർത്തിയ സൗകര്യങ്ങൾ ഉപയോഗിച്ച് സ്വകാര്യ ലൈസൻസികളുടെ പ്രവേശനത്തിന് വഴിയൊരുക്കും. ക്രോസ് സബ്സിഡി ബാധ്യതകൾ സ്വകാര്യകമ്പനികൾ നിർവഹിക്കാതിരിക്കുക വഴി താഴെ തട്ടിലുള്ളവരുടെ കാർഷിക-വ്യാവസായിക താരിഫ്‌ ഉൾപ്പടെ വൈദ്യുതി ചാർജ്ജ് കുത്തനെ ഉയരും. ഇത്‌ കാർഷികമേഖലയെ പ്രതിസന്ധിയിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും തള്ളിവിടും. വ്യാവസായിക മേഖലയിൽ അടച്ചുപൂട്ടൽഭീഷണിയും സൃഷ്‌ടിക്കും. രാജ്യത്തെ ഇരുട്ടിലാക്കുന്നതിനും സമ്പദ്‌ഘടനയെ തകർക്കുന്നതിനും ഇത്‌ കാരണമാക്കും. വൈദ്യൂതി വിതരണ ശൃംഖലയുടെ സംരക്ഷണം സ്വകാര്യ മേഖലയുടെ ബാധ്യതയല്ലാത്തതിനാൽ വിതരണത്തിന്റെ കാര്യക്ഷമതയേയും പ്രതികൂലമായി ബാധിക്കും. അന്തർ സംസ്ഥാന ലൈസൻസികൾക്ക് അനുമതി നൽകുന്നത് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്തേയ്ക്ക് വൈദ്യുതിവിതരണത്തെ കൊണ്ടുപോകും. ഫലത്തിൽ സംസ്ഥാന അധികാരത്തിൻമേലുള്ള കടുത്ത കടന്നാക്രമണമാണിത്. ബി.എസ്.എൻ.എൽ തകർന്നതുപോലെ ഏതാനും വർഷങ്ങൾക്കുള്ളിൽ വൈദ്യുതി രംഗത്തും പൊതുമേഖല തകരും വിധത്തിലാണ് ഭേദഗതി നിർദ്ദേശങ്ങൾ, കർഷകർക്ക് സബ്സിഡി ഇല്ലാതാക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കപ്പെടും. ഭക്ഷ്യക്ഷാമമടക്കം കടുത്ത സാമൂഹ്യ പ്രത്യാഘാതങ്ങൾ നാടിനേയും ജനങ്ങളേയും തകർക്കും.
എൻ.സി.സി.ഒ.ഇ.ഇ.ഇ (നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനിയേഴ്സ്)ടെ നേതൃത്വത്തില്‍, കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച ആഗസ്‌ത്‌ 8ന്‌ ദേശീയാടിസ്ഥാനത്തിൽ വൈദ്യുതി മേഖലയിലെ മുഴുവൻ തൊഴിലാളികളും ഓഫീസർമാരും ജോലി ബഹിഷ്കരിക്കാനാനാഹ്വാനം നല്‍കിയിരുന്നു. ആഗസ്‌ത്‌ 6നാണ് പാർലമെന്റിൽ ഈ നിയമഭേദഗതി ബിൽ അവതരിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത്. കര്‍ഷക സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പ് വകവെക്കാതെയും, വൈദ്യുതി മേഖലയിലെ മുഴുവൻ തൊഴിലാളി-ഓഫീസര്‍ സംഘടനകളും ഉയര്‍ത്തിയ നിര്‍ദ്ദേശങ്ങളും, ആശങ്കകളും കണക്കിലെടുക്കാതെയും, തികച്ചും ദുരൂഹമായിട്ടാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഈ നിയമ ഭേദഗതി ഒരു പൊതു ചര്‍ച്ചയുമില്ലാതെ പാർലമെന്റിൽ അവതരിപ്പിച്ചത്. വെറും 48 മണിക്കൂര്‍ മുന്‍പ് മാത്രം പ്രഖ്യാപിച്ച ഈ പ്രക്ഷോഭത്തിന് ഇന്ത്യയിലെ വൈദ്യുതി മേഖലയിലെ മുഴുവന്‍ തൊഴിലാളികളുടേയും ഓഫീസര്‍മാരുടേയും പിന്തുണ നേടാന്‍ സാധിച്ചു. ഏതാണ്ട് 27 ലക്ഷം പേര്‍ ഈ ജോലിബഹിഷ്കരണത്തില്‍ പങ്കെടുത്തുവെന്നാണ്` പ്രാഥമിക കണക്ക്. കേരളത്തിലെ 90% ജീവനക്കാരും ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുകയും, എന്നാല്‍ അപകട സാഹചര്യമുള്‍പ്പടെയുള്ള അടിയന്തിര പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിന് മുന്നില്‍ നില്‍ക്കുകയും ചെയ്തിരുന്നു. ഓഫീസേഴ്‌സ്‌ അസ്സോസ്സിയേഷന്റെ 93% അംഗങ്ങളും ജോലിയില്‍ നിന്നു വിട്ടുനിന്നു കൊണ്ട് പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഷിഫ്റ്റ് ഡ്യൂട്ടി ഉള്‍പ്പടെയുള്ള ഒഴിവാക്കാനാവാത്ത ചുമതലകള്‍ ഉണ്ടായിരുന്ന നമ്മുടെ അംഗങ്ങള്‍ മാത്രമാണ് ഇതില്‍ പങ്കെടുക്കാതിരുന്നത്.
തൊഴില്‍ നിയമ ഭേദഗതി ഉള്‍പ്പടെയുള്ള മറ്റ് പല ജനവിരുദ്ധ നിയമങ്ങളും ലോക്‌സഭയിലും, രാജ്യസഭയിലും അവതരിപ്പിച്ച് ഒരു ചര്‍ച്ചയും കൂടാതെ നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍, വൈദ്യുതി തൊഴിലാളികള്‍ നത്തിയ പ്രക്ഷോഭത്തിന്റേയും, കര്‍ഷകസംഘടനകള്‍ നല്‍കിയ മുന്നറിയിപ്പിന്റേയും, എന്‍ഡിഎ ഉള്‍പ്പടെ ഭരിക്കുന്ന സംസ്ഥാനങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും കടുത്ത എതിര്‍പ്പിനെയും തുടർന്ന്‌ ഇപ്പോള്‍ അവതരിപ്പിച്ച ബില്‍ വിശദമായ പരിശോധനക്ക് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും വർഗ ബഹുജന സംഘടനകളുടേയും ഉപഭോക്താക്കളുടെയും പിന്തുണ തേടിക്കൊണ്ട്, രാജ്യ വിരുദ്ധവും, ജനവിരുദ്ധവും, തൊഴിലാളി വിരുദ്ധവുമായ ഈ നിയമ ഭേദഗതി പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭ രംഗത്തുണ്ടാവണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
സംഘടനാകരുത്ത് തെളിയിച്ച ജനറല്‍ ബോഡികള്‍
ജനങ്ങള്‍ തന്നെ അംഗീകരിച്ച ബദല്‍ നയങ്ങള്‍ ഉയര്‍ത്തി കേരളത്തില്‍ ഒരു ജനപക്ഷ ഗവ: ഭരണം നടത്തുമ്പോള്‍, അതിനെതിരായ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ച മാനേജ്‌മെന്റിനെ തിരുത്തിക്കുവാനും, സ്ഥാപനത്തിനുള്ളിലും പുറത്തും ഇതിനു വേണ്ട കൂട്ടായ ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ത്തിക്കൊണ്ടു വരുവാനും ശ്രമിച്ച ഒരു സംഘടനയെ തകര്‍ക്കാനുമുള്ള ശ്രമമാണ് അരാഷ്ട്രീയ വലതുപക്ഷ ശക്തികളുടെ പിന്‍ബലത്തോടു കൂടി മുന്‍ സിഎംഡിയുടെ നേതൃത്വത്തില്‍ നടന്നത്. ചരിത്രത്തില്‍ പോലും കേട്ടുകേള്‍വില്ലാത്ത തരത്തിലുള്ള നിരവധി സംഘടനാപരമായ ആക്രമണങ്ങളും, സംഘടനാ നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തര്‍ക്കെതിരേയും നിയമവിരുദ്ധമായ ഒട്ടേറെ അച്ചടക്ക നടപടികളുമാണ് ഇക്കാലത്തുണ്ടായത്. അതിനെയൊക്കെ സമാധാനപരമായ പ്രക്ഷോഭത്തിലൂടെയും, ഇടപെടലിലൂടെയും ചെറുത്തു തോല്‍പ്പിക്കുവാന്‍ സംഘടനക്കായിട്ടുണ്ട്. ഔദ്യോഗികവും വ്യക്തിപരവുമായ ഭീഷണികളേയും, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതുമായ നിരവധി പരിപത്രങ്ങളേയും വകവെക്കാതെ ഈ പ്രക്ഷോഭം വിജയിപ്പിക്കുവാന്‍ ഭൂരിപക്ഷം വരുന്ന നമ്മുടെ അംഗങ്ങളും ആവേശത്തോടെ അണിനിരന്നു. സ്ഥാപനത്തെ തകര്‍ക്കുന്ന തീരുമാനങ്ങളാണ് ഓരോ ഘട്ടത്തിലും മുന്‍ ബോര്‍ഡ് മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നതെന്ന ഉത്തമ ബോധ്യത്തിലാണ് ഈ പ്രക്ഷോഭം വിവിധ ഘട്ടങ്ങള്‍ പിന്നിട്ടത്. ഗവൺമെന്റിന്റേയും, ഹൈക്കോടതിയുടേയും ഇടപെടലിലൂടെ ഉണ്ടായ ഒരു ധാരണ നടപ്പാക്കുവാന്‍ പോലും മുന്‍ മാനേജ്‌മെന്റ്‌ ബോധപൂര്‍വം ശ്രമിച്ചില്ല.
വൈദ്യുതി നിയമ ഭേദഗതി ഉയര്‍ത്തുന്ന വെല്ലുവിളികളും, സംഘടന ഏറ്റെടുത്ത പ്രക്ഷോഭസാഹചര്യങ്ങളും ഒക്കെ വിശദീകരിക്കുവാനും ചര്‍ച്ച ചെയ്യുവാനും വിളിച്ചുചേര്‍ത്ത ജില്ലാ ജനറല്‍ ബോഡികളില്‍ ആവേശകരമായ പങ്കാളിത്തമാണുണ്ടായിട്ടുള്ളത്. വ്യവസായത്തിന്റെയും സ്ഥാപനത്തിന്റെയും സംരക്ഷണത്തിന് വൈദ്യുതി ബോർഡിലെ ഓഫീസർമാർക്കിടയിൽ കെഎസ്‌ഇബി ഓഫീസേർസ് അസ്സോസ്സിയേഷൻ എന്ന സംഘടന മാത്രമേയുള്ളൂ എന്ന തികഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രവര്‍ത്തകര്‍ ജനറൽ ബോഡികളിൽ പങ്കെടുത്തത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ 80 ശതമാനത്തിനു മുകളിലാണ് അംഗങ്ങളുടെ പ്രാതിനിധ്യമുണ്ടായത്. ഇടുക്കി ജില്ലയില്‍ കാലവസ്ഥയുടെയും, പ്രാദേശത്തിന്റേയും ചില പരിമിതികള്‍ മൂലവും, എറണാകുളം ജില്ലയില്‍ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചുള്ള പ്രാതിനിധ്യമുണ്ടായില്ലെന്നതും ഒഴിച്ചാല്‍ മറ്റെല്ലാ ജില്ലകളിലും മികച്ച പങ്കാളിത്തമാണ് ജനറല്‍ ബോഡികളില്‍ ഉണ്ടായിട്ടുള്ളത്. കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന നിലയില്‍ നമ്മുടെ ശക്തി ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. തെറ്റിദ്ധരിപ്പിക്കപ്പെട്ട അംഗങ്ങളെ വസ്തുതകള്‍ ബോധ്യപ്പെടുത്തിയും, വിഭാഗീയ ചിന്താഗതികള്‍ തിരുത്തിച്ചും, സംഘടന പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ പരിഹരിച്ചും നമുക്ക് കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്. വ്യവസായം നേരിടുന്ന ഒട്ടേറെ വെല്ലുവിളികളെ ചെറുത്തു തോല്‍പ്പിക്കുവാനും, സ്ഥാപനം നേടിയ നേട്ടങ്ങളുടെ തുടര്‍ച്ച ഉറപ്പു വരുത്തുവാനും, പൊതുമേഖലാ സങ്കല്‍പ്പത്തിനുള്ളില്‍ നിന്നു കൊണ്ട് കൂടുതല്‍ മികവാര്‍ന്ന പുരോഗതി കൈവരിക്കുവാനും, നമ്മുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിലനിര്‍ത്തുവാനും സംഘടനാ ശേഷി മാത്രമാണ് നമ്മുടെ ആയുധം എന്നത് ബോധ്യപ്പെടണം‌.
സംസ്ഥാന തല സംഘടനാ ക്യാമ്പ്
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനു ശേഷം സംഘടന പ്രവര്‍ത്തനങ്ങളെയാകെ വിലയിരുത്തുവാനും, സ്ഥാപനത്തിനെ കൂടുതല്‍ മെച്ചപ്പെടുത്തി പുരോഗതിയിലേക്ക് നയിക്കുന്ന നിലയില്‍ സംഘടനാ നേതൃത്വത്തെ ശക്തിപ്പെടുത്തുവാനും സംഘടനാ ക്യാമ്പുകള്‍ നടത്തുവാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരുന്നു. കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളുള്‍പ്പെട്ട സംസ്ഥാന തല ക്യാമ്പ് 2022 ആഗസ്റ്റ് 28,29 തീയ്യതികളില്‍ കൊല്ലം മണ്‍റോത്തുരുത്തിൽവച്ച് നടന്നു. പ്ളാനിങ്ങ് ബോര്‍ഡ് അംഗവും ധനതത്വശാസ്ത്ര വിദഗ്ധനുമായ ഡോ. രാമകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 1991 ള്‍ ആരംഭിച്ച നവലിബറല്‍ നയങ്ങള്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചക്ക് ഏല്‍പ്പിച്ച ആഘാതങ്ങളും, കേന്ദ്ര ഗവൺമെന്റ്‌ പിന്തുടര്‍ന്നു വരുന്ന അടിമ സമാനമായ കോര്‍പ്പറേറ്റ് അനുകൂല നയങ്ങളും, അതിന്റെ തുടര്‍ച്ച ആയി വിവിധ പൊതുമേഖലകളുടെ സ്വകാര്യവത്കരണവും, നിയമ പരിഷ്കരണങ്ങളൂം, ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ കേന്ദ്ര ഗവൺമെന്റിലേക്ക് പടിപടിയായി മാറ്റുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന വൈദ്യുതി നിയമഭേദഗതിയും ഈ നയത്തിന്റെ തുടര്‍ച്ച ആയി കാണണമെന്നും, ഇതിനൊരു ബദല്‍ ഉണ്ട് എന്നു തെളിയിച്ച് ലോകത്തിനു മാതൃക ആയത് കേരളമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരു വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കുവാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മ്മ പദ്ധതികളാണ് കേരളം ആവിഷ്കരിച്ച് നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും, ഇത്തരം ബദല്‍ നയങ്ങള്‍ കേരള ജനതക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ലെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം വിശദീകരിച്ചു. നമ്മളെ നേരിട്ട് ബാധിച്ചു കൊണ്ടിരിക്കുന്ന ഒട്ടേറെ കാര്യങ്ങളില്‍ വ്യക്തത വരുന്ന നിലയില്‍ വിശദമായ ചര്‍ച്ചകളും നടന്നു.
പ്രസിഡന്റ് ഡോ. എം ജി സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷ പ്രസംഗത്തിനുശേഷം സംഘടനാരേഖയുടെ അവതരണം ജനറല്‍ സെക്രട്ടറി ബി ഹരികുമാറും, സബ്കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവതരണം ഇ മനോജും നടത്തി. 28 കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങള്‍ 8 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പങ്കെടുത്തു. കഴിഞ്ഞ ഒരു വര്‍ഷം സ്ഥാപനവും സംഘടനയും വലിയ ആക്രമണങ്ങള്‍ക്കാണ് വിധേയമായതെന്നും, കേരളത്തിന്റെ ബദല്‍ നയങ്ങള്‍ക്കെതിരായി അധികാരികള്‍ തന്നെ നടപ്പാക്കാന്‍ ശ്രമിച്ച തീരുമാനങ്ങളെ കൂട്ടായി ചെറുത്തു തോല്‍പ്പിക്കുവാന്‍ സംഘടനക്ക് സാധിച്ചുവെന്നും ക്യാമ്പ് വിലയിരുത്തി. സര്‍വീസ് സംഘടന എന്നതിലുപരി ഒരു സമര സംഘടനയുടെ ഉത്തരവാദിത്വം ഇക്കാലത്ത് നിര്‍വഹിക്കുവാന്‍ സംഘടനക്ക് സാധിച്ചുവെന്നും, അതുവഴി സംഘടനയുടെ പൊതുസ്വീകാര്യത വര്‍ദ്ധിച്ചുവെന്നും, ഒട്ടേറെ സംഘടനാ പ്രവര്‍ത്തകര്‍ നേതൃത്വനിലയിലുള്ള ഉത്തരവാദിത്വം ആവേശത്തോടെ ഏറ്റെടുത്തുവെന്നും ക്യാമ്പ് വിലയിരുത്തി. സംഘനാംഗങ്ങള്‍ക്കിടയിലുള്ള ചില ഒറ്റപെട്ട ദുഷ്‌പ്രവണതകളെ തിരുത്തിക്കുവാനും, സംഘടനാപരമായ ശക്തിയും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞുകൊണ്ടുള്ള കരുത്ത് വര്‍ദ്ധിപ്പിക്കുവാനും ക്യാമ്പ് തീരുമാനിച്ചു. വൈദ്യുതി നിയമഭേദഗതിക്കെതിരെയുള്ള ആശയ സമരപോരാട്ടങ്ങള്‍ക്ക് NCCOEEE, EEFI എന്നിവയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും, കൂടുതല്‍ തനതായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു കൊണ്ട് സബ്‌കമ്മിറ്റികളെ ശക്തിപ്പെടുത്തുവാനും ക്യാമ്പ് തീരുമാനിച്ചു.
29ന് രാവിലെ EEFI ദേശീയ വൈസ്‌പ്രസിഡന്റ് ബി പ്രദീപ് വൈദ്യുതിമേഖലയിലെ വിവിധ സാങ്കേതിക-നയ മാറ്റങ്ങള്‍ സംബന്ധിച്ച് വിശദമായ വിഷയാവതരണം നടത്തി. ലോകത്തും, രാജ്യത്തും നടക്കുന്ന Energy transition, കേരളത്തിന്റെ വൈദ്യുതി ആവശ്യകത, KSEB ടെ സാമ്പത്തിക സ്ഥിതി, യൂട്ടിലിറ്റി റേറ്റിങ്ങിലെ പിഴവുകള്‍, KSEB മാനേജ്‌മെന്റ് ദുഷ്ടലാക്കോടെ നടത്തിയ വിവിധ പ്രസ്താവനകളും, അവകാശവാദങ്ങളും, അവയുടെ പൊള്ളത്തരങ്ങളും, പവര്‍ പര്‍ച്ചേസ് വിവാദത്തിലെ വസ്തുതകള്‍, സ്മാര്‍ട്ട് മീറ്ററിങ്ങ് നടപ്പാക്കുന്നതിലെ ചതിക്കുഴികള്‍, ദ്യുതി, സൗര, ട്രാന്‍സ്‌ഗ്രിഡ് തുടങ്ങിയ ഊര്‍ജ്ജകേരള മിഷന്‍ പദ്ധതികളുടെ ലക്ഷ്യങ്ങൾ, അവ നടപ്പാക്കിയതു മൂലമുണ്ടായ നേട്ടങ്ങള്‍ തുടങ്ങി വൈദ്യുതി മേഖലയിലെ ഗൗരവമായ വിഷയങ്ങളില്‍ വ്യക്തത വരുത്തിയ അവതരണവും, ചര്‍ച്ചയുമാണ് നടന്നത്. 29ന് ഉച്ചക്കു ശേഷം പൊതു ചര്‍ച്ചയും, ജനറല്‍ സെക്രട്ടറിയുടേയും, പ്രസിഡന്റിന്റേയും ക്രോഡീകരണവും നടന്നു.
ക്യാമ്പിന്റെ ഡയറക്‌ടറായി വര്‍ക്കിങ്ങ് പ്രസിഡന്റ് ആര്‍ ബാബുവും, മാനേജരായി ട്രഷറർ എച്ച് മധുവും പ്രവര്‍ത്തിച്ചു. സംസ്ഥാന തല ക്യാമ്പിന്റെ തുടര്‍ച്ച ആയി കേന്ദ്ര കമ്മിറ്റി തീരുമാനമനുസരിച്ച് 4 മേഖലാ ക്യാമ്പുകള്‍ സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി നടത്തേണ്ടതുണ്ട്. സാങ്കേതിക മേഖലയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരെന്ന നിലയില്‍, ഈ മേഖലയില്‍ അനുദിനം ഉണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കുവാനും, സംഘടന നിലപാടുകളില്‍ വ്യക്തത വരുത്തുവാനും, വ്യവസായത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലയില്‍ ഓരോരുത്തര്‍ക്കും ഇടപെടുവാനും ഇത്തരം ക്യാമ്പുകള്‍ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല.