പോരാട്ടങ്ങൾക്ക് ഊർജ്ജം പകര്‍ന്ന പണിമുടക്ക്

661

സ്വകാര്യവത്കരണത്തിനെതിരെയുള്ള പണിമുടക്ക് വിജയത്തിലെത്തിച്ച യു.പി വൈദ്യുതി ജീവനക്കാർക്ക് അഭിവാദ്യങ്ങൾ –

വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണം നടപ്പാക്കിയിടങ്ങളിൽ ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് പാളിപ്പോയ അനുഭവങ്ങൾ നിലനിൽക്കുമ്പോഴാണ് യു .പി യിൽ സ്വകാര്യവത്കരണത്തിന് തീരുമാനവുമായി മുന്നോട്ട് പോയത്. ഭരണകൂട ഭീകരതയുടെ വർത്തമാനങ്ങൾ വാർത്തയാവുന്ന, മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് പോലീസ് കാർമികത്വം വഹിക്കുന്ന, യോഗിയുടെ ഉത്തരവുകൾക്ക് മീതെ പരുന്തും പറക്കാതിരിക്കാൻ ജാഗ്രത കാക്കുന്ന സംഘിപടകളുടെ നാട്ടിൽ ഭീഷണികളെ മുഖാമുഖം നേരിട്ടാണ് തൊഴിലാളികൾ സമരതീയിലേക്ക് ചാടിയത്. ഓഫീസുകൾക്കും സബ് സ്റ്റേഷനുകൾക്കും മുമ്പിൽ പോലീസിനെ കാവൽ നിർത്തിയും കലക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ദ്ധ ടീമുകളെ നിയമിച്ചും സമരത്തെ പൊളിക്കാൻ സർക്കാർ ശ്രമം നടത്തി. തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തെ കരിനിയമങ്ങൾക്ക് തോൽപിക്കാനായില്ല.

പൂർവാഞ്ചൽ വിദ്യുത് വിതരൺ നിഗം ​​ലിമിറ്റഡ് ജീവനക്കാർ പണിമുടക്കിയത് മൂലം വാരണാസി, ഡിയോറിയ, ചന്ദൗലി, ബരബങ്കി, പ്രയാഗ്രാജ്, മിർസാപൂർ, ഖാസിപൂർ, ആസാംഗഡ്, ഭാദോഹി തുടങ്ങി നിരവധി ജില്ലകളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നു,
സാങ്കേതിക തകരാറുകൾ വൈദ്യുതി മുടക്കത്തിന് തുടക്കമിട്ടപ്പോൾ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഉന്നത ഭരണ കേന്ദ്രങ്ങൾക്ക് സാധിക്കാത്തതും കാരണം ഉച്ചകഴിഞ്ഞ് നഗരം മുതൽ ഗ്രാമപ്രദേശങ്ങളിലേക്ക് വൈദ്യുതി വിതരണം പരാജയപ്പെട്ടു. പണിമുടക്കിനെത്തുടർന്ന് യുപി വൈദ്യുതി മന്ത്രി ശ്രീകാന്ത് ശർമ ഉൾപ്പെടെ നിരവധി മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും വസതികളും മണിക്കൂറുകളോളം ഇരുട്ടിലായിരുന്നു.
ഇതിനുപുറമെ, ജീവനക്കാർ പലയിടത്തും ടോർച്ച് റാലികൾ ഉൾപ്പെടെ വ്യത്യസ്ത രീതികളിൽ കടുത്ത മുദ്രാവാക്യങ്ങൾ ഉയർത്തിപ്രതിഷേധിച്ചു.
പൂർവാഞ്ചൽ വിദ്യുത് വിതരൺ നിഗം ​​ലിമിറ്റഡിന് 35,000 ജീവനക്കാരും 70,000 കരാർ തൊഴിലാളികളുമാണ് നിലവിലുള്ളത്. തങ്ങളുടെ ജീവിതത്തെ തന്നെ അവതാളത്തിലാക്കുന്ന സ്വകാര്യവത്കരണത്തിനെതിരെ അച്ചടക്കത്തോടെ ഐക്യത്തോടെ സമരമുഖത്ത് അണിനിരക്കുന്നതിൽ തൊഴിലാളികൾക്ക് ആയി. പോരാട്ടത്തെ മുന്നിൽ നിന്ന് നയിക്കുന്നതിന് വിദ്യുത്കർമചാരി സംയുക്ത് സംഘർഷ് സമിതിക്ക് സ്വകാര്യവത്കരണ നയങ്ങൾക്കെതിരെ പോരാടുന്ന രാജ്യത്തെമ്പാടുമുള്ള വൈദ്യുത തൊഴിലാളികളുടെ പിന്തുണയും ഉണ്ടായി. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടേയും പൊതു സമര സംഘടനയായ നാഷണൽ കോഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻ്റ് എഞ്ചിനീയേഴ്സിൻ്റേയും ഐക്യദാർഢ്യം സർക്കാർ ഭീഷണികൾക്ക് മുന്നിൽ ജീവനക്കാർക്ക് കരുത്തായി. പണിമുടക്ക് തുടങ്ങി 2 ദിവസത്തിനുള്ളിൽ തന്നെ സർക്കാരിൻ്റെ ദാർഷ്ട്യത്തെ മുട്ടുകുത്തിക്കുന്നതിൽ കരാറിലൂടെ ജീവനക്കാർ നേടിയ വിജയം ഇന്ത്യയെ തന്നെ വിൽക്കുന്ന നയങ്ങളുമായി തൊഴിലാളികളെയും ജനങ്ങളെയും വഴിയാധാരമാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന കേന്ദ്ര സർക്കാരിനും അനുകൂല സംസ്ഥാന സർക്കാരുകൾക്കും കനത്ത താക്കീതാണ്.
തുടർ പോരാട്ടങ്ങൾക്ക് അണിനിരക്കാൻ വൈദ്യുത മേഖലയിലെ എല്ലാ ജീവനക്കാർക്കും ഈ വിജയം ഊർജ്ജം പകരുന്നു.