കൊറോണ കൊണ്ടുപോയ ഓണം

159

ചെറുകഥ

തിരുവോണം ആയതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നുവെങ്കിലും എരഞ്ഞോളി പാലത്തിന്റെ പണി നടക്കുന്നതിനാൽ കാറ് മെല്ലെയാണ് പോയ്ക്കൊണ്ടിരുന്നത് . കാറിന്റെ പിൻസീറ്റിലിരുന്ന എന്റെ പതിനാലു വയസ്സായ മകന്റെ കണ്ണുകൾ പാലത്തിന്റെ പണിയെടുക്കുന്ന അന്യസംസ്ഥാനതൊഴിലാളികളിലുംഅവിടെ നിന്നും തെല്ല് മാറി ഒരു നായക്കുട്ടിയെകളിപ്പിക്കുന്ന ട്രൗസർ മാത്രം ധരിച്ച ഒരു കൊച്ചുകുട്ടിയിലും പാറി പാറിനടക്കുന്നത് ഞാൻ റിയർവ്യൂ മിററിലൂടെ നോക്കിക്കൊണ്ടിരുന്നു.‘‘കാറിന്റെ നാലു ചില്ലുകളും താഴ്ത്തിയേക്ക്.’’ മുൻസീറ്റിൽ എന്റെ ഇടതു വശത്തിരുന്ന എന്റെ നല്ല പകുതി മൊഴിഞ്ഞു. “ഇനി അഥവാ എനിക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിൽ അന്ന് മാസ്ക്ക് വച്ച് നടന്ന നിങ്ങൾ രണ്ടാൾക്കും വരേണ്ടല്ലോ.” അവൾ അങ്ങനെയാണ് നിറുത്താതെ എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. രണ്ടു ദിവസം മുമ്പ് അവളുടെ വല്യമ്മയുടെ സംസ്ക്കാര ചടങ്ങിൽഞങ്ങൾ മൂന്നുപേരും പോയതും ഈ കൊറോണ കാലത്ത് കുടുംബക്കാരെയെല്ലാം ഒത്തുകിട്ടിയപ്പോൾ അവൾ ഒരു കിലുക്കാംപെട്ടിയെപ്പോലെ ഓടി നടന്നതും മറ്റും വെറുതെ ചിന്തിച്ചു. ഞാൻ കാലത്ത് ഓഫീസിൽ പോയാൽ വീട്ടിൽ തനിച്ചിരിക്കുന്ന അവൾ ആ ചടങ്ങും ഒരു ആഘോഷമാക്കി മാറ്റിയിരുന്നു. അവിടെ അന്ന് വന്നിരുന്ന അവളുടെ ഒരു മൂത്തമ്മയ്ക്ക് കോവിഡ് ആയിരുന്നു പോലും. ഇന്നലെ രാത്രി പാത്രമൊക്കെ കഴുകി വയ്ക്കുമ്പോൾ അവൾക്ക് തല ചുറ്റുന്നതുപോലെ തോന്നിയിരുന്നു. അതാണ് ഇന്ന് തിരുവോണമായിട്ടും ഞങ്ങൾ ആന്റിജൻ ടെസ്റ്റ് ചെയ്യാൻ പുറപ്പെട്ടത്.

“മോനെ നിനക്ക് വല്ലതും തോന്നുന്നുണ്ടോ?” പുറത്തെ കാഴ്ചകളിൽ മുഴുകിയിരുന്ന അവന്റെ ശ്രദ്ധ എന്നിലേക്ക് തിരിഞ്ഞു. “എനിക്ക് ഇന്ന് ഉച്ചക്ക് ഫ്രൈഡ് റൈസ് മതി അച്ഛാ” അവൻ മുമ്പത്തേക്കാളിലും അധികം ഉത്സാഹത്തിൽ ആയിരുന്നു.

എന്റെ കുട്ടിക്കാലം ഞാൻ ഓർത്തു. ഞാൻ താമസിച്ചിരുന്നത് അമ്മയുടെ വീട്ടിലായിരുന്നു മയ്യഴി പുഴയുടെ തീരത്തെ അഴിയൂർ എന്ന ഗ്രാമം. ഞാൻ അച്ഛാച്ഛൻ എന്ന് വിളിക്കുന്ന എന്റെ അമ്മയുടെ അച്ഛൻ ഒരു കടുത്ത കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ പാർട്ടിയുടെ ചില രഹസ്യ യോഗങ്ങൾ ഞങ്ങളുടെ വീട്ടിൽവച്ച് നടത്താറുണ്ടായിരുന്നു. സഖാവ് ഇംഎം എസ് ഒരു യോഗത്തിൽ സംബന്ധിച്ചിരുന്നു വെന്ന് അച്ഛാച്ഛൻ പറയുമ്പോൾ ഞാൻ ആ കണ്ണകളിൽ ഒരു വിപ്ലവ സൂര്യൻ ഉദിക്കുന്നത് അനുഭവിച്ചറിഞ്ഞിരുന്നു.

അച്ഛാച്ചൻ ഒരു ചെറു കിട കർഷകൻ ആയിരുന്നു. വീട്ടിന്റെ മുമ്പിൽ വിശാലമായ വയലുകൾ ആയിരുന്നു. ഓണക്കാലത്ത് സുലഭമായി നാടൻപൂക്കൾ കിട്ടുമായിരുന്നു തുമ്പപ്പൂവ്, കാക്കപ്പൂവ്, അരിപ്പൂവ് തുടങ്ങിയവ ധാരാളം ഉണ്ടാകുമായിരുന്നു. ഇന്നത്തെപ്പോലെ മറുനാടൻ പൂക്കൾ ഒന്നും തന്നെ അന്ന് വിപണിയിൽ ഉണ്ടായിരുന്നില്ല. അത്തം തുടങ്ങുമ്പോൾ തന്നെ ഞങ്ങൾ കുട്ടികൾ പൂക്കൂടയുമായിട്ട് ഇറങ്ങും.

“നിങ്ങൾ എന്താണ് ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത്?” ഭാര്യയുടെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്. ലാബ് എത്തിയിരിക്കുന്നു. ലാബിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.

“ടെസ്റ്റ് റിസൽട്ട് പോസിറ്റീവ് ആണെങ്കിൽ കാൽ മണിക്കൂറിനകം അറിയാം.” ലാബിന്റെ മുൻ വശത്തിരുന്ന താടിവച്ച ചെറുപ്പക്കാരൻ പറഞ്ഞു. ഞങ്ങൾ കാറിൽ പോയി ഇരുന്നു. കാറിന്റെ ചില്ലുകൾ താഴ്ത്തിവച്ചതുകൊണ്ട് ടൗണിന്റെ ഇരമ്പം കാറിലും അനുഭവഭേദ്യമായിരുന്നു. കാറിന്റെ സ്റ്റീരിയോവിൽനിന്ന് പ്രവഹിക്കുന്ന ഉമ്പായിയുടെ ഗസലുകൾ ടൗണിന്റെ ബഹളത്തിൽ മുങ്ങിപ്പോയിരുന്നു. എന്റെ ഫോൺ റിംഗ് ചെയ്തു.

“ഇത് കണ്ണൂർ കലക്ടറേറ്റിൽ നിന്നാണ് താങ്കളുടെ ഭാര്യ കോവിഡ് പോസിറ്റീവാണ് അതിനാൽ താങ്കളും കുടുംബവും പതിനാല് ദിവസം ക്വാറന്റയിനിൽ നിൽക്കണം. നിർദ്ദേശങ്ങൾ ഞങ്ങൾ വഴിയെ തരാം.”

എന്റെ ഉത്തരത്തിന് കാത്തു നിൽക്കാതെ അവർ ഫോൺ വച്ചു. ഫോൺ വീണ്ടും റിംഗ് ചെയ്തു.

“നിങ്ങൾ ഇപ്പോൾ എവിടെയാണ്? ഇത് തലശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നാണ് നിങ്ങൾ ക്വാറന്റയിനിൽ ആണ്. എവിടെയാണെങ്കിലും അര മണിക്കൂറിനകം വീട്ടിലെത്തണം. പിന്നെ പുറത്ത് പോകരുത്.” മുന്നറിയിപ്പാണ്.

മോന് കഴിക്കാൻ ഭക്ഷണം എന്തെങ്കിലും വാങ്ങണ്ടെ? ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി

“നിങ്ങൾ വേഗം വണ്ടി വീട്ടിലേക്ക് വിട്. പോലീസുകാർ പറഞ്ഞത് കേട്ടില്ലേ?’’ അവളുടെ ശബ്ദം അല്പം ഉയർന്നിരുന്നു.

വണ്ടിയുടെ സ്പീഡോമീറ്ററിലെ സൂചി അറുപതിനും എഴുപതിനും ഇടയിൽ കറങ്ങി കൊണ്ടിരുന്നു.വീട്ടിലെത്തിയപ്പോൾ അയൽപക്കത്ത് പൂവിടുന്നതിന്റെയും മറ്റും തിരക്കാണ്. പക്ഷേ എന്റെ മനസ്സ് ഉത്സവം കഴിഞ്ഞ അമ്പല പറമ്പു പോലെ ശൂന്യമായിരുന്നു. തിളച്ചുമറിയുന്ന വെയിലിനെ നോക്കി വരാന്തയിൽ ഞാൻ ഇരുന്നു. മടുത്തപ്പോൾ വാതിൽ കൊട്ടി അടച്ച് ടിവി ഓണാക്കി. ടിവിയിലെ പരിപാടികൾ ഒന്നും ശ്രദ്ധിക്കാൻ തോന്നിയില്ല. മോൻ പതുക്കെ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.

“അച്ഛാ എനിക്ക് വിശക്കുന്നു.” അവന്റെ മുഖംഇപ്പോൾ വാടിയ ജമന്തിപ്പൂ പോലെ ആയിരിക്കുന്നു.

“പുറത്താരോ വന്നിട്ടുണ്ട്.’’ അടച്ച ബെഡ് റൂമിൽനിന്ന് ഭാര്യയുടെ ക്ഷീണിച്ച സ്വരം.

ഞാൻ വാതിൽ തുറന്നു അപ്പുറത്തെ വീട്ടിലെ വിനുവേട്ടനും നവീനുമാണ് അവരുടെ കൈയിൽ ചോറും കറിയും മറ്റു ഓണ വിഭവങ്ങളും.

“ഞങ്ങൾ വിവരം അറിഞ്ഞു. എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങളോട് പറയാൻ മടിക്കേണ്ട.” അവർ നടന്നകന്നു. കണ്ണിൽനിന്നും വീഴുന്ന കണ്ണീർ എന്റെ കാഴ്ചയെ അവ്യക്തമാക്കി. അത് ദുഃഖം കൊണ്ടോ സന്തോഷം കൊണ്ടോ എന്ന് എനിക്ക് വേർതിരിച്ച് അറിയാനായില്ല.