സ്മാർട്ട് മീറ്ററിലും ബദൽ വേണം

243

കെ.എസ്.ഇ.ബി. ഓഫീസേർസ് അസ ോസിയേഷൻ അടക്കമുള്ള സംഘടനകൾ സ്മാർട്ട് മീറ്ററിന് എതിരാണ് എന്നൊരുപ്രചരണം നടക്കുന്നുണ്ട്. സ്മാർട്ട് മീറ്റർ നടത്തിപ്പിന് കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന ടോട്ടക്സ് മാതൃക, റവന്യൂ വിഭാഗം പൂർണ്ണമായും സ്വകാര്യവൽക്കരിക്കുകയും കണ്ടന്റും കാര്യേജും വേർതിരിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഈ സമീപനത്തെയാണ് സംഘടനകൾ എതിർക്കുന്നത്. ഇത് സ്മാർട്ട് മീറ്റർ സാങ്കേതികവിദ്യക്കെതിരല്ല. കെ.എസ്.ഇ.ബിയിലെ സ്മാർട്ട് മീറ്റർ ആലോചനകൾ തുടങ്ങിയിട്ട് കുറച്ചുകാലമായി. പല തവണ ടെണ്ടർ നടപടികൾ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ചെലവാക്കുന്ന തുകക്കനുസരിച്ച് നേട്ടമുണ്ടാക്കുന്ന, ഫലപ്രദമായി പ്രവർത്തിക്കുമെന്നുറപ്പുള്ള ഓഫറുകൾ ലഭിക്കാത്തതാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ തടസ്സമായത്. സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തിൽ നാലു സെക്ഷനുകളിൽ സ്മാർട്ട് മീറ്ററാക്കുന്ന പൈലറ്റ് പദ്ധതിയിൽ ഇതിനകം ഇരുപതിനായിരത്തിലേറെ മീറ്ററുകൾ സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിൽ സർവറുമായി പൂർണ്ണതോതിൽ കമ്യൂണിക്കേറ്റ് ചെയ്യുന്നത് പത്തു ശതമാനത്തിൽ താഴെയാണെന്നത് ഒരു പ്രശ്നമാണ്. സ്മാർട്ട് മീറ്ററുകളിൽ നിന്ന് ലഭിക്കുന്ന ഡാറ്റ ഒരുമ നെറ്റുമായി ബന്ധപ്പെടുത്തുന്നതിനുള്ള മീറ്റർ ഡാറ്റാ മാനേജ്മെന്റ് സിസ്റ്റം (എം.ഡി.എം) കെ.എസ്.ഇ.ബി. തന്നെ വികസിപ്പിച്ചതാണെന്നത് ഇക്കാര്യത്തിലെ വലിയ നേട്ടവുമാണ്. സ്മാർട്ട് മീറ്റർ പദ്ധതി നേരിടുന്ന പ്രധാന സാങ്കേതിക പ്രശ്നം കമ്യൂണിക്കേഷൻ നെറ്റ്‌വർക്കിന്റേതാണ്. ഇത് പരിഹരിക്കുന്നതിൽ കെ-ഫോൺ ശൃംഖല ഉപയോഗപ്പെടും. എം.ഡി.എം. സോഫ്‌റ്റ്‌വെയർ നമുക്ക് സ്വന്തമായുണ്ട്. ഇനി വേണ്ടത് മീറ്റർ ഹാർഡ്‌വെയർ മാത്രമാണ്. സെന്റർ ഫോർ ഡവലപ്പ്മെന്റ് ഓഫ് അഡ്വാൻസ് കമ്പ്യൂട്ടിംഗ് (സിഡാക്ക് ) എന്ന കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനം മീറ്റർ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. അത് കെ.എസ്.ഇ.ബിക്ക് ചെലവൊന്നും കൂടാതെ കൈമാറാൻ സിഡാക്ക് തയ്യാറുമാണ്. അതായത് ടോട്ടക്സ്പോലുള്ള പുറംകരാറൊന്നും കൂടാതെ തന്നെ കേരളത്തിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ കഴിയും. അങ്ങിനെ ചെയ്താൽ അത് രാജ്യത്തിന് ഒരു മാതൃകയാകും. ഇതിലൂടെ സ്മാർട്ട്‌ മീറ്റർ നടത്തിപ്പിലും രാജ്യത്തിന് ബദൽ മാതൃകയാകാൻ കേരളത്തിന് കഴിയും.