തമിഴ്‌നാടിന്റെ ഏതാണ്ട് മധ്യഭാഗത്തായാണ് മധുരയുടെ സ്ഥാനം. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുറിച്ചു കടന്നുളള യാത്രയിൽ ഏകദേശം 170 കിലോമീറ്റർ ദൂരമുണ്ട് രാമേശ്വരത്തേക്ക്. വൈഗ നദിയും മുറിച്ച് കടന്ന് മധുര പട്ടണത്തിന്റെ തിരക്കുകൾ പിന്നിട്ട് ദേശീയ പാത 87 വഴി രാമേശ്വരം മുനമ്പിലേക്ക്. വലിയ തിരക്കില്ലാത്ത മികച്ച 4 വരി പാത. മൂന്നോ നാലോ ടോൾ നൽകാനുണ്ട്. ഫാസ്റ്റ് ടാഗില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ടോൾ ഗേറ്റുകളിൽ സംഭവിക്കും. ഈ റോഡ് ട്രിപ്പിൽനിന്നും പഠിച്ച പ്രധാന പാഠമതാണ്. പൊതുവെ വരണ്ട ഭൂപ്രകൃതി. മിക്കവാറും സ്ഥലങ്ങളിൽ വലിയ ജനവാസമില്ലാത്ത പ്രദേശങ്ങളിൽ കൂടിയാണ് ദേശീയ പാത കടന്നുപേകുന്നത്. റോഡിൽ കാര്യമായ തിരക്കില്ലാത്തതും കിലോമീറ്ററുകളോളം നേർരേഖയിൽ ദൃശ്യമാവുന്നതിനാലും അതിവേഗതയിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കരപ്രദേശത്തിന്റെ അവസാനമായ മണ്ഡപം പിന്നിട്ട് രാമേശ്വരം ദ്വീപിലേക്ക് പ്രവേശിച്ചു. മണ്ഡപത്തിൽ നിന്നു പ്രസിദ്ധമായ പാമ്പൻപാലം വഴിയാണ് രാമേശ്വരത്തിലേക്കുളള യാത്ര. ഏതാണ്ട് രണ്ടര കി.മി അടുത്താണ് ഈ കടൽപാലത്തിന്റെ നീളം. പാലത്തിന് സമാന്തരമായി ഏതാണ്ട് 50 മീറ്റർ ദൂരെയായി റെയിൽ പാലവും കടന്നുപോവുന്നു. പാമ്പൻപാലത്തിൽ വാഹനത്തിനു പാർക്കിംഗ് വിലക്കുണ്ടെങ്കിലും പാലത്തിൽ നിന്നുളള കാഴ്ചകൾ സഞ്ചാരികളെ തെല്ലൊന്നുമല്ല ആകർഷിക്കുന്നത്. വിലക്കുകൾ ലംഘിച്ച് പാലം നീളെ വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. തൊട്ടടുത്തുളള റെയിൽ പാലത്തിലൂടെ ട്രെയിൻ പോകുന്ന കാഴ്ച കാണാനാണ് സഞ്ചാരികളിൽ ഏറെപേർക്കും ആകാംക്ഷ. പാലവും കടന്ന് രാമേശ്വര ദ്വീപിലേക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധയിൽ പെടുന്നത് ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിലുളള മ്യൂസിയമാണ്. ഡോ. കലാമിന്റെ ജീവിതംചിത്രങ്ങളാലും പെയിന്റിംഗുകളാലും ഒക്കെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന വിധം ആരെയും ആകർഷിക്കുന്നു. മ്യൂസിയം സന്ദർശിച്ച് രാമേശ്വരം പട്ടണത്തിലേക്ക് പ്രവേശിച്ചു. ദൂരെയായി രാമനാഥ ക്ഷേത്രഗോപുരം. ക്ഷേത്രത്തിനോടടുത്ത് ഞങ്ങളുടെ താമസസ്ഥലം മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നു. റൂമിലെത്തി ഫ്രഷായി രാമേശ്വരം ക്ഷേത്ര നഗരം കാണാൻ പുറത്തിറങ്ങി. അസ്തമയ പ്രഭയിൽ ക്ഷേത്രപരിസരവും ഗോപുരങ്ങളും സ്വർണ്ണവർണ്ണ ശോഭയാർന്ന ഭംഗി പ്രസരിപ്പിക്കുന്നതായി തോന്നി. ഫോണുകൾ, ചെരുപ്പുകൾ, ബാഗുകൾ തുടങ്ങിയവ പുറത്തെ കൗണ്ടറുകളിൽ ഏൽപ്പിച്ച് ക്ഷേത്രത്തിലേക്ക് കടന്നു. പഴമയുടെയും പ്രൗഢിയുടെയും ലക്ഷണങ്ങൾ എമ്പാടും കാണാം. കല്ലും മൺടൈലുകളും വിരിച്ച നീണ്ട ഇടനാഴികളിൽ കടും നിറത്തിലുളള ചായം മേൽക്കൂരയിലെ ചിത്രങ്ങളിൽ പൂശിയിരുന്നു. സങ്കീർണമായ കൊത്തുപണികളോടുകൂടി അലംകൃതമായ ആയിരത്തിൽപ്പരം തൂണുകളാണ് മേൽക്കൂരയെ താങ്ങിനിർത്തുന്നത്. 12-ാം നൂറ്റാണ്ടിൽ ശ്രീലങ്കൻ രാജവംശമാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠയും നിർമ്മാണവും ആരംഭിച്ചത്. മൂന്ന് നിര ഇടനാഴികളാണ് ക്ഷേത്രത്തിനുളളത്.ഏറ്റവും പുറത്തുളള ഇടനാഴികൾക്ക് 120 മുതൽ 195 മീറ്റർ വരെ നീളമുളളതായാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും നീണ്ട ഇടനാഴികളുളള ക്ഷേത്രമായി രാമേശ്വരം ക്ഷേത്രം കണക്കാക്കുന്നു. ഇപ്പോഴും നിർമ്മാണം അപൂർണമായ നിലയിലാണ്. ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും രണ്ടാം നിര ഇട നാഴികളിൽ നിരവധി ശിവ ലിംഗങ്ങളും ഗണപതി പ്രതിഷ്ഠയും കാണാം. ഏറ്റവും അകത്തുളള മൂന്നാം നിര ഇടനാഴികൾക്കകത്താണ് വലുതും ചെറുതുമായ രാമനാഥ സ്വാമിയുടെ ലിംഗരൂപത്തിലുളള ഇരട്ട പ്രതിഷ്ഠകൾ.
പുലർച്ചെ 4 മണിയോട്കൂടി ഭക്തജന തിരക്ക് തുടങ്ങുകയായി.ക്ഷേത്രത്തിന് മുമ്പിലുളള ബംഗാൾ ഉൾക്കടൽ തീരത്ത് ബലികർമ്മങ്ങൾ നടത്താനാണ് പ്രധാനമായും തീർത്ഥാടകർ എത്തുന്നത്. ബലി കർമ്മങ്ങൾ നടത്തി അഗ്നി തീർത്ഥം എന്നു വിശ്വസിക്കുന്ന കടലിൽ മുങ്ങി നിവർന്ന് ക്ഷേത്ര ദർശനം നടത്തി. ക്ഷേത്രത്തിനകത്തും പുറത്തുമുളള 64 തീർത്ഥങ്ങളിൽ മുങ്ങിയാലെ രാമേശ്വരം ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾ പൂർത്തിയാകൂ എന്നാണ് വിശ്വാസം.
രാമേശ്വരം ദ്വീപിന്റെ തെക്കുഭാഗത്ത് കടലിലേക്ക് നീണ്ടു കിടക്കുന്ന ഒരു തുരുത്താണ് ധനുഷ്കോടി. രാമേശ്വരത്തു നിന്നും 25 കി.മി. റോഡ് ദൂരമുണ്ട് ധനുഷ്കോടിക്ക്. വളരെ സമ്പന്നമായ ഭൂതകാലം പേറുന്ന ഓർമ്മകളാണ് ധനുഷ്കോടിക്കുളളത്. ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യകാലങ്ങളിൽ കോളനികളായിരുന്ന ഇന്ത്യയേയും ശ്രീലങ്കയേയും ബന്ധിപ്പിച്ചിരുന്ന മദ്രാസ്-സിലോൺ ട്രെയിൻ-ഫെറി -ട്രെയിൻ സർവ്വീസിൽ പ്രധാന സ്റ്റേഷനായിരുന്നു ധനുഷ്കോടി. മദ്രാസിൽ നിന്നും യാത്രക്കാരും ചരക്കുകളുമായി വരുന്ന ട്രെയിൻ ധനുഷ്ക്കോടിയിൽ നിന്നാണ് സിലോണി (ഇന്നത്തെ ശ്രീലങ്ക) ലെ തലൈ മന്നാറിലേക്കുള്ള ഫെറിയിലേക്ക് മാറിക്കയറുന്നത്. സ്വാതന്ത്ര്യം കിട്ടുന്നതിന് കുറച്ചുകാലം മുമ്പുവരെ ഇതു തുടർന്നിരുന്നു. 1964 ലെ കടൽ ക്ഷോഭത്തിലും കൊടുങ്കാറ്റിലും രാമേശ്വരം ധനുഷ്ക്കോടി റെയിൽവേ ലൈൻ കടൽ വിഴുങ്ങുകയും ധനുഷ്ക്കോടി എന്ന പട്ടണത്തെ തന്നെ അപ്രത്യക്ഷമാക്കുകയും ചെയ്തു. രാമേശ്വരത്തു നിന്നുളള റോഡ് യാത്ര കടലിന് നടുവിലൂടെയുളള ഒരു ഇടനാഴിയിലൂടെയുളള യാതയാണ്. ഇടതു വശത്തു ബംഗാൾ ഉൾക്കടലും വലതു വശത്തു ഇന്ത്യൻ മഹാസമുദ്രത്തിനും ഇടയിലൂടെയുളള യാത്ര. പ്രക്ഷുബ്ധമായ ഇന്ത്യൻ മഹാസമുദ്രത്തെ ചെറുക്കാൻ റോഡരികിലായ കരിങ്കൽക്കൂനകൾ കാണാം. ഇടതുവശത്താവട്ടെ ശാന്തമായ അലകളുയരാത്ത ഉൾക്കടലിൽ മത്സ്യ തൊഴിലാളികളും തോണികളും കാണാം.