ചണ്ഡിഗഡിലും തൊഴിലാളിമുന്നേറ്റം

367

വൈദ്യുതിമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ വൈദ്യുതിത്തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്തു പകര്‍ന്നുകൊണ്ട് ചണ്ഡിഗഡിലെ പണിമുടക്കും വിജയിച്ചിരിക്കുന്നു. പോണ്ടിച്ചേരിയില്‍ ഫെബ്രുവരി ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ ഫെബ്രുവരി ഒന്നിന് ഒരു ദിവസത്തെ സൂചനാപണിമുടക്ക് നടത്താന്‍ മാത്രമേ ചണ്ഡിഗഡിലെ വൈദ്യുതിത്തൊഴിലാളികള്‍ തീരുമാനിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ പ്രക്ഷോഭത്തെ അവഗണിച്ചുകൊണ്ട് സ്വകാര്യവല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോകാനാണ് ലെഫറ്റനന്റ് ഗവര്‍ണ്ണര്‍ തീരുമാനിച്ചത്. അതേത്തുടര്‍ന്ന് ഫെബ്രുവരി 21 മുതല്‍ 72 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പണിമുടക്കിന് തൊഴിലാളിസംഘടനകള്‍ക്ക് ആഹ്വാനം ചെയ്യേണ്ടി വന്നു. ആവശ്യമെങ്കില്‍ പ്രക്ഷോഭം അനിശ്ചിതകാലത്തേക്ക് നീട്ടാനും മടിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.
എസ്മ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പണിമുടക്ക് നിരോധിക്കാനും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാരെ ഉപയോഗപ്പെടുത്തി സമരം പൊളിക്കാനും ഭരണാധികാരികള്‍ ശ്രമിച്ചു. എന്നാല്‍ രാജ്യവ്യാപകമായി വൈദ്യുതിത്തൊഴിലാളികള്‍ ചണ്ഡിഗഡിലെ സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത് ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തി. രണ്ടാം ദിവസം ആയപ്പോഴേക്കും നഗരത്തിലാകെ വൈദ്യുതിബന്ധം തകരാറിലായി. വൈദ്യുതിത്തകരാറുകള്‍ വന്ന് ബുദ്ധിമുട്ടിലായപ്പോഴും വൈദ്യുതിത്തൊഴിലാളികളുടെ പ്രക്ഷോഭത്തോട് സഹകരിക്കുകയും സമരത്തിന് പിന്തുണ നല്‍കുകയും ചെയ്തുകൊണ്ട് ബഹുജനങ്ങളും തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കി. ഒടുവില്‍ ഭരണാധികാരികള്‍ ചര്‍ച്ചക്ക് നിര്‍ബന്ധിതരായി. സ്വകാര്യവല്‍ക്കരണ നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഇതിനിടയില്‍ എസ്മ പ്രകാരം ധാരാളം തൊഴിലാളി നേതാക്കള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രക്ഷോഭം ചര്‍ച്ചകളിലൂടെ പരിഹരിച്ച സാഹചര്യത്തില്‍ കേസുകള്‍ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും തൊഴിലാളി നേതാക്കളെ അറസ്റ്റു ചെയ്ത് നടപടികള്‍ തുടരുമെന്ന സമീപനമാണ് ഭരണാധികാരികളില്‍ നിന്നും ഉണ്ടായത്. എന്നാല്‍ ഇതിനേയും തൊഴിലാളിസംഘടനകള്‍ സധൈര്യം നേരിട്ടു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കൊപ്പം മുഴുവന്‍ തൊഴിലാളികളും പോലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ചുചെയ്യുമെന്നും എല്ലാവരേയും അറസ്റ്റു ചെയ്യേണ്ടിവരുമെന്നും സംഘടനകള്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് മുഴുവന്‍ കേസുകളും പിന്‍വലിക്കാന്‍ ഭരണാധികാരികള്‍ നിര്‍ബന്ധിതരായി. വൈദ്യുതിത്തൊഴിലാളികളുടെ പ്രക്ഷോഭചരിത്രത്തിലെ ആവേശകരമായ മറ്റൊരധ്യായമാണ് ചണ്ഡിഗഡില്‍ കണ്ടത്. ഭരണാധികാരികളുടെ തെറ്റായ നയങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ മറ്റൊരു പ്രഖ്യാപനം. അഭിവാദ്യങ്ങള്‍.