NCCOEEE ദേശീയ കൺവൻഷൻ

വൈദ്യുതി നിയമ ഭേദഗതി 2022ന്റെ കരട് പ്രസിദ്ധീകരിക്കാതെയും, ഒരു തരത്തിലുള്ള ചർച്ച നടത്താതെയും പാർലമെന്റിന്റെ ഇപ്പോൾ നടക്കുന്ന മൺസൂൺ സെഷനിൽ അവതരിപ്പിക്കാനുള്ള ശ്രമം കേന്ദ്ര ഗവ: നടത്തുകയാണ്. ഇതിനെതിരായ കൂട്ടായ പ്രക്ഷോഭവും പ്രതിരോധവും ദേശീയ തലത്തിൽ സംഘടിപ്പിക്കുന്നതിന് വൈദ്യുതി തൊഴിലാളികളുടെയും ഓഫീസർമാരുടെയും ദേശീയ കൺവൻഷൻ NCCOEEE ടെ നേതൃത്വത്തിൽ ഓഗസ്റ്റ് 2 ന് ഡൽഹിയിൽ വെച്ച് അടിയന്തിരമായി സംഘടിപ്പിച്ചു. ചരിത്ര പ്രാധാന്യമുള്ള ഡൽഹിയിലുള്ള സ്റ്റ്യൂഷൻ ക്ലബ്ബിൽ വെച്ചാണ് കോൺവെൻഷൻ നടന്നത്.
കെ.എസ്.ഐ.ബി ഓഫീസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് കൺവൻഷനിൽ ലതീഷ് പി.വി, തൻസീർ എം.എച്ച്, ഡൽഹിയിലുള്ള ലയ്സൺ ഓഫീസർ ഡെയ്‌സ് എന്നിവർ കൺവൻഷനിൽ പങ്കെടുത്തു.
കൺവൻഷനിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് 200 പേർ പങ്കെടുത്തു. രാജ്യത്തെ പ്രധാന ട്രെയ്ഡ് യൂണിയനുകളും കർഷക സംഘടനകളും പാർലമെന്റ് അംഗങ്ങളും കൺവൻഷൻ വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിന് എതിരെയുള്ള രാജ്യത്തിൻറെ ഒറ്റക്കെട്ടായി മാറി. NCCOEEE കൺവീനർ പ്രശാന്ത നന്ദി ചൗധരിയുടെ അധ്യക്ഷതയിൽ രാവിലെ 11.00 മണിയോട് കൂടി കൺവെൻഷൻ ആരംഭിച്ചു. എഐപിഇഎഫ് ചെയർമാൻ ശ്രീ. ശൈലേന്ദ്ര ദുബായ് കൺവെൻഷന്റെ പ്രമേയം അവതരിപ്പിച്ചു.
സ്വകാര്യ കുത്തകകൾക്ക് വൈദ്യുതി വിതരണ മേഖല തുറന്നു കൊടുത്തു കൊള്ള ലാഭം ഉണ്ടാക്കുക എന്നുള്ളതാണ് സർക്കാരിന്റെ 2022 നിയമ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഭേദഗതിയുമായി ബന്ധപ്പെട്ടു കൃത്യമായ ഒരു പഠനം നടത്തിയിട്ടില്ലെന്ന് സർക്കാർ തന്നെ പറയുന്നു. ഈ ഭേദഗതി വിതരണ മേഖല സ്വകാര്യ മുതലാളിമാർക്ക് ലാഭം ഉണ്ടാക്കാനുള്ള ഒരു മാർഗം മാത്രമായി രാജ്യത്തിലെ പാവപ്പെട്ടവരായ സാധാരണക്കാർക്ക് വൈദ്യുതി ഒരു ആഡംബര വസ്തു ആക്കി മാറ്റുന്ന അവസ്ഥയാണ് ഉണ്ടാക്കുക എന്നും വൈദ്യുതി മേഖലയിലെ തൊഴിലാളികളും സംഘടനകളും വിലയിരുത്തുന്നു. കൺവെൻഷൻ സർക്കാരിന്റെ ഈ മനോഭാവത്തെ നിശിതമായി വിമർശിച്ചു.
ആത്മനിർഭർ ഭാരത് എന്നൊക്കെ പറഞ്ഞു സ്വാതന്ത്ര്യത്തിനു ശേഷം പൊതു സമ്പത്ത് ഉപയോഗിച്ച് കെട്ടിപ്പടുത്ത വൈദ്യുതി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്ര സർക്കാരിനോട് അടുത്ത് നിൽക്കുന്ന മുതലാളിമാർക്ക് ലാഭമുണ്ടാക്കാൻ വേണ്ടി തീറെഴുതി നൽകുന്ന നിലപാടുകളാണ് ഈ ഭേദഗതിയിലൂടെ സർക്കാർ മുന്നോട്ട് വെക്കുന്നത്. ആയോഗ് വൈദ്യുതി വിതരണ മേഖലയെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോർട്ടിൽ 70% വിതരണ മേഖലയും പൊതുമേഖലയിലാണെന്നും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്നും രേഖപ്പെടുത്തിയിട്ടുള്ളതാണ് .
2003 ലെ നിയമം വൈദ്യുതി ബോർഡുകളെ കമ്പനികളാക്കി വെട്ടി മുറിക്കണമെന്ന് പറഞ്ഞിരുന്നു. വെൽഡ് ബാങ്ക് ഇന്ത്യയിലെ വൈദ്യുതി മേഖലയെ കുറിച്ച് നടത്തിയ പഠനത്തിലും പൊതുമേഖലയിലുള്ള ഒറ്റ കമ്പനിയായി കേരളത്തിലെ കെഎസ്ഇബിഎൽ ഏറ്റവും മികച്ച സ്ഥാപനമായാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
യുകെയിൽ വിതരണ മേഖലയിൽ ഉപഭോക്താക്കൾക്ക് ഒന്നിൽ കൂടുതൽ വിതരണ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം 1999-ൽ വന്നു. അവിടുത്തെ റെഗുലേറ്റർ ആയിട്ടുള്ള OFGEM (Office of Gas and Electricity Market) ന്റെ മേൽനോട്ടത്തിൽ ആയിരുന്നിട്ട് പോലും 2021 ൽ അവിടുത്തെ വൈദ്യുതി വിതരണ മേഖല തകരുകയാണുണ്ടായത്. 24 ലക്ഷം രൂപ അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് അവിടെ ഉണ്ടായിരുന്ന 29 വൈദ്യുതി വിതരണ കമ്പനികൾ പൂട്ടിപ്പോയി.
വൈദ്യുതി ഉൽപാദന കമ്പനികൾക്ക് കൊടുക്കാനുള്ള 1.1 ലക്ഷം കോടി കൊടുത്തു തീർക്കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ട്വീറ്റ് വഴി ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 1.4 ലക്ഷം കോടി സംസ്ഥാനങ്ങളിലെ വൈദ്യതി വിതരണ സ്ഥാപനങ്ങൾക്ക് കിട്ടാനുള്ളത് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സർക്കാരിൽ നിന്ന് സബ്സിഡി ആയിട്ടാണ് എന്നതാണ് യാഥാർത്ഥ്യം. വൈദ്യുതി നിയമ ഭേദഗതിയിൽ പറഞ്ഞിട്ടുള്ളതുപോലുള്ള സ്വകാര്യവത്കരണം ഇതിനൊരു പരിഹാരമല്ല എന്നതാണ് ഈ കൺവെൻഷൻ അടിവരയിട്ടു പറഞ്ഞത്.
ഉപഭോക്താക്കൾക്ക് അവർക്കിഷ്ടമുള്ള വിതരണ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഈ നിയമ ഭേദഗതി മൂലം കിട്ടുമെന്നൊക്കെ പറഞ്ഞു സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്നത് സ്വകാര്യ കുത്തക മുതലാളികൾക്ക് വൈദ്യുതി വിതരണ മേഖലയിലേക്ക് യാതൊരു മുതൽ മുടക്കമില്ലാതെ കടന്നു വരാനും അവർക്ക് ലാഭം ഉണ്ടാക്കാൻ ഉതകുന്ന അവസരമാണ്.
വൈദ്യുതി നിയമ ഭേദഗതി കൊണ്ട് വരുന്നതിനു മുൻപ് സർക്കാർ ഈ ഭേദഗതി നിർദ്ദേശങ്ങൾ കൊണ്ട് വൈദ്യുതി മേഖലയിൽ എന്ത് ഗുണകരമായ മാറ്റങ്ങൾ ആണ് വരാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും ഈ ഭേദഗതി സ്റ്റേക്ക് ഹോൾഡർമാർ
നേരിട്ട് ചർച്ച ചെയ്യണമെന്നും ഈ ഭേദഗതി നിർദ്ദേശങ്ങൾ എനർജി സ്റ്റാൻറിംഗ് കമ്മിറ്റിക്ക് വിടണമെന്നും നിർദ്ദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു.
പുതുതായി വിതരണ രംഗത്തേക്ക് വരുന്ന സ്വകാര്യ കമ്പനികൾക്ക് പൊതുമേഖലാ കമ്പനികൾക്ക് ഉള്ളതുപോലുള്ള സാർവത്രിക വിതരണ ബാധ്യതയില്ലാതെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിതരണ ശൃംഖല യഥേഷ്ടം ഉപയോഗിച്ചു കൊണ്ട് അവർക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സർക്കാർ നയത്തിൽ ശ്രദ്ധ ചെലുത്തുന്നു. ഈ ബില്ലിന്റെ യഥാർത്ഥ ഉദ്ദേശം വൈദ്യുതി മേഖലയിലെ ലാഭത്തിന്റെ സ്വകാര്യവൽക്കരണവും നഷ്ടത്തിന്റെ പൊതുവത്കരണവും യാഥാർത്ഥ്യമാക്കുക എന്നതാണ്. ഈ നയം മുന്നോട്ട് വെക്കുന്ന വൈദ്യുതി ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ ഉദ്ദേശ്യമെങ്കിൽ നടത്തേണ്ട പ്രതിഷേധ പരിപാടികളുടെ ഒരു കരട് നിർദ്ദേശം ശ്രീ. ശൈലേന്ദ്ര ദുബായ് ചർച്ചകൾക്കും തീരുമാനങ്ങൾക്ക് വേണ്ടിയും മുന്നോട്ട് വെച്ചു.
ബഹുമാനപ്പെട്ട പ്രതിപക്ഷ രാജ്യസഭ എം.പി മാരായ ശ്രീ എളമരം കരിം (സി.പി.ഐ.എം), ശ്രീ ബിനോയ് വിശ്വം (സി.പി.ഐ.), ശ്രി സഞ്ജയ് സിങ് (ആം ആദ്മി പാർട്ടി) എന്നിവർ ചേർന്ന് സർക്കാർ ജനവിരുദ്ധ നയത്തെ നിശിതമായി വിമർശിച്ചു. കൺവെൻഷൻ മുന്നോട്ട് വെച്ച നിർദ്ദേശങ്ങളിലുള്ള അവരുടെ പിന്തുണയും അഭിപ്രായങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തി. ഈ ബില്ലിൽ അവരുടെ കൃത്യമായ പ്രതിഷേധം സഭയിൽ ഉന്നയിക്കുമെന്നുള്ള ഉറപ്പ് തന്നു.
ശ്രി ഹനൻ മൊല്ല (ജനറൽ സെക്രട്ടറി, അഖിലേന്ത്യാ കിസാൻ സഭ) കൺവെൻഷനിൽ പങ്കെടുത്തുകൊണ്ട് വൈദ്യുതി മേഖലയിലെ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ചു. ഇന്ത്യാ ചരിത്രത്തിൽ ഇടം പിടിച്ച കർഷക സമരത്തിലെ ഒരു പ്രധാന ആവശ്യം വൈദ്യുതി നിയമ ഭേദഗതി നടപ്പിലാക്കരുത്. കർഷക സമരം അവസാനിപ്പിച്ചപ്പോൾ ചർച്ച ചെയ്തു സമവായത്തിലെത്താതെ ബിൽ അവതരിപ്പിക്കില്ലെന്ന ഉറപ്പ് സർക്കാർ കർഷകർക്ക് നൽകിയിരുന്നു. ഈ ഉറപ്പുകളുടെയൊക്കെ നഗ്നമായ ലംഘനമാണ് ഇപ്പോൾ സർക്കാർ നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കർഷക സംഘടനകൾ ശക്തമായ പ്രതിഷേധങ്ങൾ ഇതിനെതിരെ നടത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സി.ഐ.ടി.യു ജനറൽ സെക്രട്ടറി ശ്രീ. തപൻ സെൻ വെളിവാക്കിയ രാജ്യത്തെ വിവിധ തൊഴിലാളി സംഘടനകളുടെ നേതാക്കൾ കോൺവെൻഷനിൽ പങ്കെടുത്തു കൊണ്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വെച്ചു. വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ നേതാക്കൾ കൺവെൻഷന്റെ നിർദ്ദേശങ്ങൾക്ക് മേലുള്ള അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക.
കൺവെൻഷൻ മുന്നോട്ട് വെച്ച കരട് നിർദ്ദേശങ്ങൾക്ക് മേലുള്ള വിശദമായ ചർച്ചകൾക്ക് ശേഷം, വൈദ്യുതി മേഖലയെ തകർക്കുന്ന ജനവിരുദ്ധ നയം മുന്നോട്ട് വെക്കുന്ന വൈദ്യുതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ ഉദ്ദേശ്യമെങ്കിൽ താഴെ പറയുന്ന പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഈ കൺവെൻഷൻ തീരുമാനിച്ചു.
• വരാൻ പോകുന്ന ശക്തമായ പ്രതിഷേധ സമരങ്ങളുടെ സൂചനയായി സർക്കാർ ഈ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന അന്ന് രാജ്യ വ്യാപകമായി ജോലി നിർത്തി വെക്കുക
• നവംബർ മാസം രാജ്യവ്യാപകമായി “Save Power Sector – Save India ” എന്ന പേരിൽ ബോധവൽക്കരണ കാമ്പയിൻ നടത്താനും ഡിസംബർ ആദ്യ ആഴ്ച ഡൽഹിയിൽ അവസാനിക്കുന്ന രീതിയിൽ രാജ്യത്ത് 4 മേഖലകളിൽ നിന്നും ആരംഭിക്കുന്ന “Bijlee Kranti Yatra” നടത്തുക.
ഈ കൺവെൻഷനിൽ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ഉയർന്നു വന്ന ഒരു പൊതു വികാരം CITU ദേശീയ ജനറൽ സെക്രട്ടറി ശ്രീ. തപൻ സെൻ പറഞ്ഞ വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാമെന്ന് കരുതുന്നു. “Tu karke dekh, Hum karne nahi denge”
വൈകുന്നേരം 4 മണിയോട് കൂടെ കൺവെൻഷൻ അവസാനിച്ചു.