വൈദ്യുതി നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു- സഭയ്ക്കകത്തും പുറത്തും പ്രതിഷേധം

501

വൈദ്യുതി വിതരണമേഖലയെ സ്വകാര്യവൽക്കരിക്കുന്ന വിവാദ വൈദ്യുത ഭേദഗതി ബിൽ പ്രതിപക്ഷ പാർടികളുടെ കടുത്ത എതിർപ്പിനേത്തുടർന്ന്‌ പാർലമെന്റിന്റെ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ വിട്ടു. പ്രതിപക്ഷ പാർടികൾക്കൊപ്പം വൈദ്യുതി മേഖലയിലെ ജീവനക്കാരും കർഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്‌ ബിൽ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്കു വിടാൻ കേന്ദ്ര സർക്കാർ തയ്യാറായത്‌. ലോക്‌സഭയിൽ ബിൽ അവതരണ ഘട്ടത്തിൽ വോട്ടെടുപ്പ്‌ വേണമെന്ന്‌ പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടെങ്കിലും സ്‌പീക്കർ ഓം ബിർള നിരാകരിച്ചു. പ്രതിഷേധിച്ച്‌ നടുത്തളത്തിലിറങ്ങിയ എംപിമാർ മുദ്രാവാക്യം മുഴക്കി ബിൽ കീറിയെറിഞ്ഞു. തുടർന്ന്‌, ബില്ലവതരണത്തെ എതിർത്ത്‌ സഭയിൽനിന്ന്‌ ഇറങ്ങിപ്പോയി.

ബില്ലവതരണത്തിനായി ഊർജമന്ത്രി ആർ കെ സിങ്ങിനെ സ്‌പീക്കർ ക്ഷണിച്ചപ്പോൾത്തന്നെ ഇടതുപക്ഷ എംപിമാരും കോൺഗ്രസ്‌, തൃണമൂൽ, ഡിഎംകെ എംപിമാരും പ്രതിഷേധവുമായി എഴുന്നേറ്റു. വൈദ്യുതി ഭേദഗതി ബിൽ സംസ്ഥാനങ്ങളുടെ അധികാരത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്ന്‌ എ എം ആരിഫ്‌ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ അധികാരവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക്‌ വിരുദ്ധമാണ് ബില്ലിലെ വ്യവസ്ഥകളെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്‌ടപ്പെടുത്തുന്നതാണ്‌ ബില്ലെന്ന്‌ കോൺഗ്രസിലെ അധിർരഞ്‌ജൻ ചൗധരിയും ഡിഎംകെയുടെ ടി ആർ ബാലുവും പറഞ്ഞു. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്‌ ബില്ലെന്ന്‌ തൃണമൂലിന്റെ സൗഗത റോയ്‌ പറഞ്ഞു.
പാർലമെന്റിൽ ബിൽ അവതരിപ്പിച്ചതിനു പിന്നാലെ രാജ്യത്തെ 27 ലക്ഷത്തോളം വൈദ്യുതി ജീവനക്കാർ പണിമുടക്കി. ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ്‌ നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്‌. അടിയന്തരജോലികളെ ഒഴിവാക്കി. സംയുക്ത കിസാൻ മോർച്ചയടക്കമുള്ള കർഷക, ട്രേഡ്‌ യൂണിയൻ സംഘടനകളും വൈദ്യുതി ജീവനക്കാരുടെ പ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബില്ലിലെ ദോഷകരമായ നിർദേശങ്ങൾ

● സ്വകാര്യ കമ്പനികൾക്ക്‌ യാതൊരു നിയന്ത്രണവും കൂടാതെ വൈദ്യുതി വിതരണ മേഖലയിലേക്ക്‌ കടന്നുവരാം. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഏതൊരു കമ്പനിക്കും അപേക്ഷ നൽകി -75 ദിവസത്തിനുള്ളിൽ റെഗുലേറ്ററി കമീഷൻ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ നൽകണം. അല്ലെങ്കിൽ രജിസ്‌ട്രേഷൻ ലഭിച്ചതായി കണക്കാക്കാം.

● സംസ്ഥാന സർക്കാരുകളുടെ വിതരണസംവിധാനം നിലനിൽക്കുമ്പോൾത്തന്നെ ഒരേ മേഖലയിൽ ഒന്നിലേറെ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികൾക്ക്‌ പ്രവർത്തിക്കാൻ അനുമതി. വൈദ്യുതി വാങ്ങൽ കരാർ പ്രകാരം ലഭ്യമാകുന്ന വൈദ്യുതി എല്ലാ കമ്പനികൾക്കുമായി പങ്കുവയ്‌ക്കണം. എന്നാൽ ആർക്കൊക്കെയാണ്‌ വൈദ്യുതി നൽകേണ്ടതെന്ന്‌ കമ്പനികൾ തീരുമാനിക്കും. സ്വഭാവികമായും അതിസമ്പന്നരും വൻവ്യവസായങ്ങളുമൊക്കെയാകും സ്വകാര്യ കമ്പനികളുടെ ഉപയോക്താക്കൾ. സൗജന്യനിരക്കിൽ വൈദ്യുതി ലഭിക്കേണ്ട കർഷകരും ദരിദ്രരും ചെറുകിട യൂണിറ്റുകളുമൊക്കെ അവഗണിക്കപ്പെടും. ഇവർക്ക്‌ വൈദ്യുതി നൽകേണ്ട ഉത്തരവാദിത്വം സംസ്ഥാന ഉടമസ്ഥതയിലെ വിതരണ കമ്പനികൾക്കാകും.

● ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വിതരണകമ്പനികൾക്ക്‌ രജിസ്‌ട്രേഷനുള്ള അധികാരം കേന്ദ്ര റഗുലേറ്ററി അതോറിറ്റിക്ക്‌. സംസ്ഥാനങ്ങളുടെ അധികാരത്തെ ദുർബലപ്പെടുത്തും.

● വാങ്ങുന്ന വൈദ്യുതിയുടെ പണം മുൻകൂറായി ഉറപ്പുവരുത്തുന്നില്ലെങ്കിൽ മേഖലാതല–- സംസ്ഥാനതല ലോഡ്‌ ഡെസ്‌പാച്ച്‌ കേന്ദ്രങ്ങൾ വിതരണം നിർത്തണം.

● കേന്ദ്രം മുന്നോട്ടുവയ്‌ക്കുന്ന പുനരുപയോഗ വൈദ്യുതി വാങ്ങൽ നിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ കനത്ത പിഴ ഈടാക്കാമെന്ന്‌ ബില്ലിൽ വ്യവസ്ഥ. കേന്ദ്രീകൃത സൗരോർജ നിലയങ്ങളുള്ള വൻകിട കുത്തകകളെ സഹായിക്കാനുള്ള ഉപാധിയെന്ന്‌ ആക്ഷേപം.