ചരിത്രമെഴുതിയ ആറ് സമര ദിനങ്ങൾ

കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് അത്യുജ്ജലമായ ഒരു ചരിത്രമുണ്ട്. 1922 ൽ ആലപ്പുഴയിലെ കയർ തൊഴിലാളികളെ സംഘടിപ്പിച്ച് സഖാവ് ആർ സുഗതൻ ആരംഭിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷനാണ് കേരളത്തിന്റെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളിൽ ആദ്യത്തേത്. കൂലിയും കൂലി വർദ്ധനവും വാങ്ങിയെടുക്കുക എന്നതിലുപരിയായി വ്യക്തമായ സാമൂഹിക രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുന്നോട്ട് വെച്ചാണ് സംഘടന രൂപീകരിക്കപ്പെട്ടത്. ഐക്യകേരളം രൂപപ്പെട്ടതിനെ തുടർന്ന് സ്ഥാപിതമായ കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ വിവിധ കാലഘട്ടങ്ങളിലായി ഉയർന്നു വന്ന സുപ്രധാന തൊഴിലാളി ഓഫീസർ സംഘടനകളും തൊഴിലാളി/കൂലി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം അതാത് കാലഘട്ടങ്ങളിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിൽ കൂടി ഇടപെട്ടാണ് മുന്നോട്ട് പോവുന്നത്. വൈദ്യുതി മേഖലയെ പൊതുമേഖലയിൽ നിലനിർത്തുക, സമ്പൂർണ്ണ വൈദ്യുതി വത്കരണം ഉറപ്പാക്കുക, ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായി വൈദ്യുതി ബോർഡിനെ മാറ്റുക, ആവശ്യമായ ഐ.ടി സേവനങ്ങൾ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ അടിസ്ഥാനപ്പെടുത്തി സ്ഥാപനത്തിനകത്തു തന്നെ വികസിപ്പിക്കുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തുകയും ഇവ നടപ്പാക്കാനാവശ്യമായ നേതൃപരമായ ഇടപെടലുകൾ നടത്തിയുമാണ് നാളിതുവരെ വൈദ്യുതി ബോർഡിലെ ബഹുഭൂരിപക്ഷം തൊഴിലാളികളെയും ഓഫീസർമാരേയും പ്രതിനിധീകരിക്കുന്ന വൈദ്യുതി ബോർഡിലെ സംഘടനകൾ നിലനിൽക്കുന്നത്. വൈദ്യുതി ബോർഡ് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കാലഘട്ടങ്ങളിലെല്ലാം മാനേജ്മെന്റിന്റെയും തൊഴിലാളി ഓഫീസർ പ്രസ്ഥാനങ്ങളുടെയും പരസ്പര വിശ്വാസത്തിലൂന്നിയ സഹകരണമായിരുന്നു നിലനിന്നിരുന്നത് എന്ന് കാണാം. തൊഴിലാളി പ്രസ്ഥാനങ്ങളുമായി ഈ നിലയിൽ ഉണ്ടാവേണ്ട പരസ്പരവിശ്വാസവും സഹകരണവും നഷ്ടപ്പെടുത്തുന്ന നിലപാടുകളാണ് പുതിയ മാനേജ്മെന്റ്‌ കഴിഞ്ഞ കുറച്ച് നാളുകളായി സ്ഥാപനത്തിനകത്ത് എടുത്തുവന്നിരുന്നത്. സ്ഥാപനത്തിന്റെ ശരിയായ മുന്നോട്ട് പോക്കിനെ തടയുന്ന ഇത്തരം നിലപാടുകൾ തിരുത്തി മുന്നോട്ട് പോവുന്നതിന് മാനേജ്മെന്റുമായി വിവിധ തരത്തിലുള്ള ഇടപെടലുകൾ നടത്തിയെങ്കിലും ഇതിനൊന്നും മാനേജ്മെന്റ്‌ വഴങ്ങുന്നില്ല എന്ന് വന്നപ്പോഴാണ് സംയുക്ത സമര സമിതിയുണ്ടാക്കി കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ, വർക്കേഴ്സ് ഫെഡറേഷൻ, ഓഫിസേഴ്സ് അസോസിയേഷൻ, ഓഫീസേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകൾ സംയുക്ത സമരസമിതിയുണ്ടാക്കി അനിശ്ചിതകാല ധർണ്ണ സമരത്തിലേക്ക് എത്തിയത്.
ഭൂരിപക്ഷം ജീവനക്കാരേയും ഓഫീസർമാരേയും പ്രതിനിധീകരിക്കുന്ന സംഘടനകളുടെ അഭിപ്രായങ്ങൾ മാനിക്കാതെ സംസ്ഥാന വ്യവസായ സുരക്ഷാസേനയെ തിരുവനന്തപുരം വൈദ്യുതി ഭവന് മുന്നിൽ വിന്യസിക്കാനുള്ള തീരുമാനത്തിനെതിരെയാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചത്. സമരങ്ങളെയും കൂട്ടം ചേരുന്നതിനേയും നിരോധിച്ചുകൊണ്ട് സർക്കുലർ ഇറക്കിയാണ് മാനേജ്മെന്റ്‌ ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചത്. മാനേജ്മെന്റിന്റെ ഈ ഭീഷണി വകവെയ്ക്കാതെ ഫെബ്രുവരി മാസം 14ന് അനിശ്ചിതകാല പ്രക്ഷോഭ സമരം ആരംഭിച്ചു.

ആദ്യ ദിവസം രാവിലെ 10 മണിക്ക് തന്നെ വൈദ്യുതി ഭവന് മുൻപിൽ നിന്ന് മുദ്രാവാക്യം വിളിച്ചു വൈദ്യുതി ഭവൻ ചുറ്റി അതിന് മുൻപിലെ റോഡിനരികിൽ സജ്ജീകരിച്ചിരുന്ന പ്രതിഷേധയോഗ സ്ഥലത്തേക്ക് നാല് സംഘടനകളുടെയും പ്രവർത്തകർ എത്തി. 75 പേർ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചിരുന്ന പ്രതിഷേധ യോഗത്തിൽ ഏകദേശം 250 പ്രവർത്തകരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. നമ്മുടെ സംഘടനയിലെ 50 പേർ യോഗത്തിൽ പങ്കെടുത്തു. വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സഖാവ് എം.പി ഗോപകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.ഹരിലാൽ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സഖാവ് കെ.എസ്.സുനിൽകുമാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നമ്മുടെ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ജി.സുരേഷ് കുമാർ യോഗത്തെ അഭിവാദ്യം ചെയ്തു. മുഴുവൻ വിഷയങ്ങളും കൃത്യമായി വിശദീകരിക്കാനും, വൈദ്യുതി മേഖലയിൽ ബദൽ ഉയർത്തിക്കൊണ്ട് നമ്മൾ നേടിയ നേട്ടങ്ങളെ ഇകഴ്ത്തി മറ്റ് താത്പ്പര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന മാനേജ്മെന്റിന്റെ ഏകപക്ഷീയ നിലപാടിനെ തുറന്ന് കാണിക്കാനും മുഴുവൻ പ്രസംഗകർക്കും സാധിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ബിന്ദു ലക്ഷ്മി, സൗത്ത് സോണൽ പ്രസിഡന്റ് മധൂസൂദനൻ പിള്ള, സംസ്ഥാന സെക്രട്ടറി നന്ദകുമാർ എൻ., പത്തനംതിട്ട ജില്ലാ സെക്രട്ടറി ബൈജു എന്നിവർ നമ്മുടെ സംഘടനയെ പ്രതിനിധീകരിച്ച് പ്രതിഷേധ യോഗത്തെ അഭിവാദ്യം ചെയ്തു. മറ്റു സംഘടനകളുടെ വിവിധ നേതാക്കളും അഭിവാദ്യം ചെയ്തു. നല്ലരീതിയിൽ പത്ര-ദൃശ്യ മാധ്യമ ശ്രദ്ധ കൊണ്ടുവരാൻ നമുക്ക് സാധിച്ചു. സായുധ സേനയുടെ വിന്യാസം കൂടാതെ, വലിയ പോലീസ് സന്നാഹം വൈദ്യുതി ഭവനിൽ ഏർപ്പെടുത്തിയിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ഒട്ടേറെ ഔദ്യോഗികയോഗങ്ങൾ മാറ്റി വെച്ചു കൊണ്ട് സി.എം.ഡി വൈദ്യുതി ഭവനിൽ എത്തിയില്ല.

രണ്ടാം ദിവസവും വൈദ്യുതി ഭവൻ ചുറ്റിയുള്ള ആവേശകരമായ പ്രകടനത്തോടെയാണ് സമരം ആരംഭിച്ചത്. പങ്കാളിത്തം മുന്നൂറായി ഉയർന്നു. നമ്മുടെ പങ്കാളിത്തം അറുപത്തിയഞ്ചായി. രണ്ടാം ദിവസം എ.ഐ.ടി.യു.സി നാഷണൽ വർക്കിംഗ് കൗൺസിൽ അംഗവും മുൻമന്ത്രിയുമായ സഖാവ് കെ പി രാജേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ മുഖ്യ വിശദീകരണം നടത്തി. ഉച്ചക്ക് ശേഷം സി.ഐ.ടി.യു ജനറൽ സെക്രട്ടറി സഖാവ് എളമരം കരീം എം.പി പ്രതിഷേധ സമരത്തെ അഭിവാദ്യം ചെയ്തു. സഖാവിന്റെ സാന്നിധ്യം പ്രവർത്തകരിൽ വലിയ ആവേശവും,മാധ്യമ ശ്രദ്ധയും സൃഷ്ടിച്ചു. സംസ്ഥാന സെക്രട്ടറി പ്രകാശ്കുമാർ പി റ്റി, വൈസ് പ്രസിഡന്റ് രഞ്ജനാദേവി, ഉത്തര-മധ്യമേഖലാ സെക്രട്ടറി അനീഷ് പറക്കാടൻ, മധ്യമേഖലാ സെക്രട്ടറി സജീവ് കെ എസ്, ആലപ്പുഴ ജില്ലാ സെക്രട്ടറി സുജിത് കുമാർ എന്നിവർ നമ്മുടെ സംഘടനയെ പ്രതിനിധീകരിച്ച് പ്രതിഷേധ യോഗത്തെ അഭിവാദ്യം ചെയ്തു. സഹോദര പൊതുമേഖല സ്ഥാപനങ്ങളായ കെ.എസ്.ആർ.ടി.സി, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങളിലെ തൊഴിലാളി പ്രസ്ഥാന നേതാക്കൾ പ്രവർത്തകരോടൊപ്പം പ്രകടനമായി വന്ന് പ്രതിഷേധയോഗത്തെ അഭിവാദ്യം ചെയ്തു. രണ്ടാം ദിവസത്തെ സമരവും പത്ര-ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.മൂന്നാം ദിവസത്തെ സമരവും ആവേശകരമായിരുന്നു. പതിവുപോലെ രാവിലെ 10 മണിക്ക് തന്നെ വൈദ്യുതി ഭവന് മുൻപിൽ നിന്ന് ആരംഭിച്ച് പ്രതിഷേധയോഗ സ്ഥലത്തേക്ക് നാല് സംഘടനകളുടെയും പ്രവർത്തകർ പ്രകടനമായി എത്തി. മുന്നൂറ്റിയമ്പതോളം പേർ പങ്കെടുത്ത മൂന്നാം ദിവസം നമ്മുടെ പങ്കാളിത്തം എൺപത്തിയഞ്ചായി ഉയർന്നു. നമ്മുടെ സംഘടനയുടെ ജനറൽ സെക്രട്ടറി ബി. ഹരികുമാർ സ്വാഗതം പറഞ്ഞാരംഭിച്ച പ്രതിഷേധ യോഗത്തിൽ, ഫെഡറേഷൻ ജനറൽ സെക്രട്ടറി സഖാവ് എം.പി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി സഖാവ് കെ എൻ ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്തു. EEFI സെക്രട്ടറിയും വർക്കേർഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുമായ ജയപ്രകാശ് കെ മുഖ്യ വിശദീകരണം നടത്തി. ഉച്ചക്ക് ശേഷം EEFI ദേശീയ വൈസ് പ്രസിഡന്റ് സഖാവ് കെ.ഒ. ഹബീബ് പ്രതിഷേധ സമരത്തെ അഭിവാദ്യം ചെയ്തു. സോണൽ സെക്രട്ടറി ശ്രീലാകുമാരി എ എൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത് എസ്സ് ആർ, ഡെയ്സി എൻ എസ്, ഇടുക്കി ജില്ലാ സെക്രട്ടറി സതീഷ് കുമാർ കെ പി എന്നിവർ നമ്മുടെ സംഘടനയെ പ്രതിനിധീകരിച്ച് പ്രതിഷേധ യോഗത്തെ അഭിവാദ്യം ചെയ്തു. ഫീക്ക്, എക്സ് സർവീസ്‌ മെൻ എന്നീ സംഘടനകളുടെ നേതാക്കൾ പ്രവർത്തകരോടൊപ്പം പ്രകടനമായി വന്ന് പ്രതിഷേധയോഗത്തെ അഭിവാദ്യം ചെയ്തു. മൂന്നാം ദിവസവും കേരളത്തിന്റെ പൊതുമണ്ഡലത്തിലെ പ്രധാന ചർച്ചയായി നമ്മുടെ പ്രതിഷേധം നിലനിർത്താൻ നമുക്ക് സാധിച്ചു. അന്നേ ദിവസം ചർച്ചക്ക് മന്ത്രി തയ്യാറായിട്ടുണ്ടെന്ന് മാധ്യമ വാർത്തകൾ വന്നെങ്കിലും, സംയുക്ത സമരസമിതിക്കോ, സംഘടനാ നേതാക്കൾക്കോ അതുവരെ ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിരുന്നില്ല. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് നാലാം ദിവസം പ്രാദേശിക അവധി ആയതിനാൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രക്ഷോഭ സമരം ഉണ്ടാവില്ലെന്നും, എന്നാൽ മറ്റു ജില്ലകളിൽ നടത്തി വരുന്ന പ്രതീകാത്മക പ്രതിഷേധം ഉണ്ടാവണമെന്നും സംയുക്ത സമരസമിതി തീരുമാനിച്ചു.
പ്രക്ഷോഭമാരംഭിച്ച് നാലാം നാൾ ആയപ്പോഴേക്കും വൈദ്യുതി മേഖലയിൽ വളരെ നാളുകൾക്ക് ശേഷം നടന്ന ഈ പ്രക്ഷോഭം സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു സംഭവമായി മാറിക്കഴിഞ്ഞിരുന്നു. തുടർന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി കൺവീനർ സ: എ. വിജയരാഘവൻ, സ: എളമരം കരീം, സ: കാനം രാജേന്ദ്രൻ എന്നിവർ ബഹു. വൈദ്യുതിമന്ത്രിയുമായി വൈദ്യുതി മേഖലയിലെ പ്രക്ഷോഭം സംബന്ധിച്ച് ചർച്ച ചെയ്യുകയും സമരസമിതിയുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഈ ചർച്ചയുടെ തുടർച്ചയായി സംയുക്ത സമരസമിതിയുടെ രണ്ടു പ്രതിനിധികളുമായി ബഹു: വൈദ്യുതി മന്ത്രി ചർച്ച ചെയ്യാൻ തീരുമാനമായി.
അഞ്ചാംദിനവും നാനൂറോളം പേരുടെ പങ്കാളിത്തത്തോടെ രാവിലെ പത്ത് മണിക്ക് തന്നെ വൈദ്യുതി ഭവൻ മുതൽ യോഗസ്ഥലം വരെയുള്ള പ്രകടനത്തോടെ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിച്ചു. നമ്മുടെ സംഘടനയിൽ നിന്ന് തൊണ്ണൂറോളം പേർ പങ്കെടുത്തു. സി.ഐ.ടി.യു സെക്രട്ടറി സ: ചിത്തരഞ്ജൻ സമരത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം സമരാവേശം കത്തിജ്വലിപ്പിച്ചു. വിവിധ സംഘടനാ നേതാക്കളുടെ അഭിവാദ്യങ്ങൾക്കൊപ്പം നമ്മുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിമാരായ കെ.പി.സീമ, സി. പ്രദീപൻ, സൗത്ത് സോൺ സെക്രട്ടറി ഷൈൻ രാജ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.പി. അനിൽ, സുമ ശേഖർ, തിരുവനന്തപുരം ജില്ല സെക്രട്ടറി എൻ.ആർ പ്രവീൺ എന്നിവരും സമരത്ത അഭിസംബോധന ചെയ്തു. ബഹു വൈദ്യുതി വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് മുൻപ് സംയുക്ത സമര സമിതി യോഗം ചേർന്നു. സമരസമിതിയുടെ ചെയർമാനായ സ. എം പി ഗോപകുമാർ (ജന.സെക്രട്ടറി, KEWF), കൺവീനർ ആയ സ. ഹരിലാൽ (ജന.സെക്രട്ടറി, KSEBWA) എന്നിവരെ ബഹു. വൈദ്യുതിമന്ത്രിയുമായിട്ടുള്ള ചർച്ചയിൽ പങ്കെടുത്ത് നമ്മുടെ ആവശ്യങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാനും, ചർച്ചയിലുടെ അത് നേടിയെടുക്കാനും ചുമതലപ്പെടുത്തി. പ്രതിഷേധ സമരസഖാക്കളോട് ഈ തീരുമാനം സമരസമിതിക്കു വേണ്ടി ബി. ഹരികുമാർ അവതരിപ്പിച്ചു.
ബഹു വൈദ്യുതി മന്ത്രിയുമായി നടന്ന ചർച്ച തികച്ചും സൗഹാർദ്ദപരമായിരുന്നു. എസ്.ഐ.എസ്.എഫ് വിന്യാസം സംബന്ധിച്ച് സംഘടനകളുമായി മുൻവിധിയില്ലാതെ ചർച്ച ചെയ്യാൻ ബോർഡ് മാനേജ്മെന്റിനോട് നിർ ദ്ദേശിക്കുമെന്നും വിട്ടുവീഴ്ചകളോടെ ഇക്കാര്യത്തിൽ ധാരണയുണ്ടാക്കണമെന്നും വൈദ്യുതി മന്ത്രി അഭ്യർത്ഥിച്ചു. ബോർഡ് മാനേജ്മെന്റ് ഇറക്കിയിട്ടുള്ള പരിപത്രത്തിലെ നിബന്ധനകൾ പിൻവലിക്കുകയും സമവായത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാൻ മാനേജ്മെന്റ് തയ്യാറാകണമെന്നും സംഘടനാപ്രതിനിധികളും പറഞ്ഞു. സംയുക്ത സമരസമിതി ഉന്നയിച്ച മറ്റു വിഷയങ്ങളിൽ തുടർന്നും ചർച്ചയാകാമെന്നും ഏകപക്ഷീയമായി നടപടികൾ സ്വീകരിക്കുന്ന സമീപനം ഉണ്ടാകില്ലെന്നും ഇത്തരം പ്രശ്നങ്ങളിൽ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടാകുന്ന പക്ഷം ബഹു. വൈദ്യുതി മന്ത്രി തന്നെ ഇടപെട്ടുകൊണ്ട് പരിഹാരങ്ങൾ ഉണ്ടാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. തൊട്ടടുത്ത ദിവസം രാവിലെ 11 മണിക്ക് ട്രേഡ് യൂണിയനുകളുമായും, 12 മണിക്ക് ഓഫീസർ സംഘടനകളുമായും ചർച്ച ചെയ്യാൻ മാനേജ്മെന്റ്‌ തയ്യാറായിട്ടുണ്ടെന്ന വിവരവും സംയുക്ത സമര സമിതിയെ വൈദ്യുതി മന്ത്രി അറിയിച്ചു. ചർച്ചയിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ട രണ്ട് പ്രതിനിധികളും ചർച്ച അവസാനിച്ച ശേഷം യോഗസ്ഥലത്തെത്തുകയും ചർച്ചയിലുണ്ടായ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വലിയ ആവേശത്തോടെയാണ് സമരപന്തലിൽ പ്രവർത്തകർ ചർച്ചയുടെ ഫലത്തെ സ്വീകരിച്ചത്. മാനേജ്മെൻ്റുമായി അടുത്ത ദിവസം നടക്കുന്ന ചർച്ചയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ സംയുക്ത പ്രക്ഷോഭം പിൻവലിക്കുകയുള്ളൂ എന്ന ധാരണയിലാണ് അഞ്ചാം ദിവസം സമരം അവസാനിച്ചത്.
മാനേജ്മെൻറുമായി ചർച്ച നടത്തി കാര്യങ്ങൾ തീർപ്പാക്കാനാവും എന്ന ആത്മവിശ്വാസത്തോടെയാണ് ആറാം ദിനത്തിലെ പ്രതിഷേധയോഗം ആരംഭിച്ചത്. സമരത്തിലെ ആകെ പങ്കാളിത്തം മുന്നൂറോളവും നമ്മുടെ സംഘടനാഗംങ്ങളുടെ പങ്കാളിത്തം എഴുപതുമായിരുന്നു. സംഘടനയുടെ വർക്കിംഗ് പ്രസിഡൻ്റ് ആർ. ബാബുവാണ് പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇതേ സമയം ട്രേഡ് യൂണിയനുകളുമായും, ഓഫീസർ സംഘടനകളുമായും മാനേജ്മെന്റ്‌ പ്രത്യേകം ചർച്ച നടത്തി. ചർച്ചയിൽ സംയുക്ത സമരസമിതിയിലെ തൊഴിലാളി ഓഫീസർ സംഘടനകൾ മന്ത്രിയുമായി നടത്തിയ സമവായ ചർച്ചയുടെ അടിസ്ഥാനത്തിൽ സംയുക്ത സമരസമിതിയെടുത്ത തീരുമാനങ്ങളിൽ അടിയുറച്ച്‌ നിൽക്കുകയാണുണ്ടായത്. എന്നാൽ ചർച്ചയിൽ പങ്കെടുത്ത മറ്റു സംഘടനകൾ കൈക്കൊണ്ട നിലപാടുകൾ നാളിതുവരെ തൊഴിലാളികളും ആഫീസർമാരും ആർജ്ജിച്ച അവകാശങ്ങളെ ഒറ്റു കൊടുക്കുന്ന രീതിയാലും, സ്ഥാപനത്തിന്റെ സാമ്പത്തിക ദദ്രതയും, വൈദ്യുതി മേഖലയിലെ കേരളബദലും തകർക്കുന്ന നിലപാടുകൾക്കും അനുഗുണവുമായിരുന്നു. സംയുക്ത സമരസമിതി ചർച്ചയിൽ ഉറച്ചു നിന്നതോടെ സമരത്തിനാധാരമായ വിഷയങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യാൻ മാനേജ്മെന്റ്‌ തയ്യാറാവുകയും നമ്മുടെ ആവശ്യങ്ങൾ ഭൂരിഭാഗവും അംഗീകരിക്കുകയും ചെയ്തു. ചർച്ച അവസാനിച്ചശേഷം സംയുക്ത സമരസമിതി നേതാക്കൾ വൈദ്യുതി ഭവനിൽ തമ്പടിച്ചിരുന്ന മാദ്ധ്യമ പടയുമായി ചർച്ച സംബന്ധിച്ച് സംസാരിക്കുകയും തുടർന്ന് സമര പന്തലിലെത്തി ചർച്ചയുടെ വിശദമായ വിവരങ്ങൾ അവിടെ കൂടിയിരുന്ന മുഴുവൻ പ്രവർത്തകരേയും അറിയിക്കുകയും മുഴുവൻ സമരസഖാക്കൾക്കും അഭിവാദ്യവും നന്ദിയും അറിയിക്കുകയും ചെയ്‌തു. സമരപന്തലിൽ നിന്ന് അവേശകരമായ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ പ്രകടനമായാണ് വൈദ്യുതി ഭവനു മുന്നിൽ എത്തി സമരം അവസാനിക്കുന്നതായ ഔദ്യോഗിക പ്രഖ്യാപനം സംയുക്ത സമര സമിതിക്ക് വേണ്ടി കൺവീനർ എസ്.ഹരിലാൽ നടത്തിയത്.
കേരളത്തിന്റെ വൈദ്യുതി മേഖലയിൽ ആറു ദിവസം നീണ്ടുനിന്ന ഒരു ചരിത്ര സമരത്തിനുകൂടി തിരശ്ശീല വീഴുമ്പോൾ സ്ഥാപനതാത്പര്യം സംരക്ഷിക്കുന്ന ജാതിമത സാമുദായിക കാറ്റഗറികൾക്കതീതമായ ഒരു തൊഴിലാളി ഐക്യം സ്ഥാപനത്തിൽ ഊട്ടിയുറപ്പിക്കാനായി എന്ന് കാണാനാവും. ഈ സമരത്തിന് പരിസമാപ്തി കുറിക്കുമ്പോഴും സ്ഥാപനത്തെ പൊതുമേഖലയിൽ ഒറ്റ സ്ഥാപനമായി നിലനിർത്തുന്നതിനുള്ള, സ്ഥാപനത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള, കേരള ബദൽ ഉയർത്തിപ്പിടിക്കുന്നതിനുള്ള തൊഴിലാളി സമരങ്ങളും പോരാട്ടങ്ങളും നിലയ്ക്കുന്നില്ല.