സ്മാര്‍ട്ട്മീറ്റര്‍ വ്യാപനം-ഈ തിടുക്കം എന്തിന്?

167

കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ആര്‍.ഡി.എസ്.എസ്. പദ്ധതിയുടെ ഭാഗമായ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫീസര്‍ സംഘടനകള്‍ ഒട്ടേറെ ആശങ്കകള്‍ പ്രകടിപ്പിക്കുകയും ടോട്ടക്സ് മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നത് കെ.എസ്.ഇ.ബി.യുടെ റവന്യൂ പ്രവര്‍ത്തനങ്ങള്‍ പുറം കരാര്‍ നല്‍കുന്നതും അതുവഴി വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ സഹായിക്കുന്നതുമാണെന്ന വസ്തുത ബഹു വൈദ്യുതി മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നതാണ്. കെ.എസ്.ഇ.ബി. വര്‍ക്കേര്‍സ് അസോസിയേഷന്‍ പ്രസിഡന്റും സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിയുമായ ശ്രീ എളമരം കരീം, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേര്‍സ് ഫെഡറേഷന്‍ പ്രസിഡന്റും സി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശ്രീ. കാനം രാജേന്ദ്രന്‍, ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ശ്രീ കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ ബഹു. വൈദ്യുതി മന്ത്രിക്കു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയുടെ തീരുമാനപ്രകാരം, ഇക്കാര്യത്തെ കുറിച്ച് വിശദമായി പഠിക്കാന്‍ ഒരു വിദഗ്ദ്ധസമിതിയെ ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയിരുന്നു. വിദഗ്ദ്ധ സമിതി സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം സംബന്ധിച്ച് പഠിക്കുകയും ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് ഏപ്രില്‍ 23ന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് സംഘടനകളുമായി ചര്‍ച്ച ചെയ്യുകയോ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘടനകള്‍ മുന്നോട്ടുവെച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. ഇങ്ങനെ സംഘടനകളെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകാതെ തികച്ചും ഏകപക്ഷീയമായി സ്മാര്‍ട്ട് മീറ്റര്‍ ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് കെ.എസ്.ഇ.ബി. ഫുള്‍ടൈം ഡയറക്ടര്‍മാരുടെ ഏപ്രില്‍ 25 ലെ IT/Proj/RDS/SmartMeter/2022-23/536 നമ്പര്‍ ഫയലിലെ ഉത്തരവിലൂടെ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. അതുപ്രകാരമുള്ള പത്രപ്പരസ്യവും ഇതിനോടകം വൈദ്യുതിബോര്‍ഡ് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ ഗവണ്‍മെന്റ് നിയമിച്ച ഒരു വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന്റെ തന്നെ പരിഗണനയിലിരിക്കുമ്പോള്‍, ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന തിടുക്കത്തിലുള്ള ഈ നടപടികളുടെ താത്പര്യം എന്താണെന്ന് വ്യക്തമല്ല. അതെന്തു തന്നെയായാലും, സ്ഥാപനത്തിന്റെ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് സംഘടനകള്‍ക്ക് ഈ നടപടികള്‍ അംഗീകരിച്ച് പോകാവുന്നതല്ല.
സിഡാക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി കെ.എസ്.ഇ.ബി.എല്‍. നേരിട്ട് ഏറ്റെടുക്കുന്നതിന്റെ സാദ്ധ്യതയായിരുന്നു സമിതിയുടെ പരിശോധനാവിഷയങ്ങളില്‍ ഒന്നാമതായി ഉള്‍പ്പെടുത്തിയിരുന്നത്. നിലവില്‍ ഒരു കമ്പനി മാത്രമാണ് സിഡാക്ക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മീറ്ററുകള്‍ നിര്‍മ്മിക്കുന്നുള്ളൂവെന്നും, ആവശ്യാനുസരണം മീറ്ററുകള്‍ ഇവരില്‍ നിന്ന് ലഭ്യമാവാനിടയില്ല എന്ന കാരണത്താല്‍, സ്മാര്‍ട്ട് മീറ്റര്‍ വ്യാപനത്തിന് ഒരു വര്‍ഷത്തെ സാവകാശം തേടുകയും അതിനിടയില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് സിഡാക്ക് സാങ്കേതിക വിദ്യ തന്നെ ഉപയോഗപ്പെടുത്തി സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം നടത്താമെന്നുമാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. രണ്ടാമത്തെ പരിഗണനാ വിഷയമായ ടോട്ടക്സ് മാതൃകയില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ മറ്റു പദ്ധതികള്‍ക്ക് കേന്ദ്രസഹായം കിട്ടുമോ എന്നതില്‍ സമിതിക്ക് ഏകാഭിപ്രായമില്ലെന്നും അതിനാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ തന്നെ പരിശോധിച്ച് കൃത്യത വരുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ആര്‍.ഡി.എസ്.എസ്. മാനദണ്ഡങ്ങളിലോ കേന്ദ്ര കാബിനറ്റ് തീരുമാനമനുസരിച്ചുള്ള ഓഫീസ് മെമ്മോറാണ്ടത്തിലോ അത്തരത്തില്‍ ഒരു നിബന്ധന ഉള്ളതായി സമിതി കണ്ടെത്തിയിട്ടുമില്ല
പദ്ധതി നടപ്പാക്കാന്‍ സാവകാശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാതിരിക്കുകയും ടോട്ടക്സ് രീതിയില്‍ ഒന്നാംഘട്ട സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാഞ്ഞാല്‍ മറ്റു പദ്ധതികള്‍ക്കുള്ള കേന്ദ്ര ധനസഹായം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമാണെങ്കില്‍ ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ ഇതിനെ ഏകപക്ഷീയമായി ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകാനുള്ള അനുമതിയായാണ് കെ.എസ്.ഇ.ബി. അധികൃതര്‍ കാണുന്നത്. ഈ സമീപനം അംഗീകരിക്കാന്‍ കഴിയുന്നതല്ല. സ്മാര്‍ട്ട് മീറ്റര്‍ ടെണ്ടറിന് കേന്ദ്ര സര്‍ക്കാര്‍ മാതൃകയായി നല്‍കിയിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ബിഡ്ഡിംഗ് ഡോക്യുമെന്റില്‍ ഓരോ സ്ഥാപനത്തിനും സ്ഥാപനത്തിന്റെ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് മാറ്റങ്ങള്‍ വരുത്താന്‍ അധികാരമുണ്ട്. അതനുസരിച്ച് ആര്‍.എഫ്.പി. ഡോക്യുമെങ്കില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ 13-02-2023 ന് കെ.എസ്.ഇ.ബി. തന്നെ ഒരു എക്സ്പേര്‍ട്ട് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റി അംഗീകരിച്ച ആര്‍.എഫ്.പി. ഡോക്യുമെന്റ് വെച്ചാണ് പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിരുന്നത്. എന്നാല്‍ ഈ മാറ്റങ്ങള്‍ പോലും ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്റ്റാന്‍ഡേര്‍ഡ് ബിഡ്ഡിംഗ് ഡോക്യുമെന്റ് പ്രകാരം തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കെ.എസ്.ഇ.ബി. തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റേയോ സ്ഥാപനത്തിന്റേയോ താല്‍പര്യങ്ങള്‍ കണക്കിലെടുക്കുന്ന തീരുമാനമല്ല കെ.എസ്.ഇ.ബി. എടുത്തിട്ടുള്ളത്. സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതും ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ പുറംകരാര്‍ നല്‍കുന്നതുമായ കേന്ദ്രസര്‍ക്കാരിന്റെ നയസമീപനം യാതൊരു എതിര്‍പ്പുമില്ലാതെ അംഗീകരിക്കുന്ന സമീപനമാണ് കെ.എസ്.ഇ.ബിയില്‍ നിന്നും ഉണ്ടാകുന്നത്. ഇത് സംസ്ഥാനസര്‍ക്കാര്‍ നയത്തിനെതിരും കേരളത്തിലെ സാധാരണ വൈദ്യുതി ഉപഭോക്താക്കളില്‍ വലിയ ബാദ്ധ്യത അടിച്ചേല്‍പ്പിക്കുന്നതുമാണ്. 2023 ഡിസംബറോടെ രാജ്യത്തൊരിടത്തും സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സാദ്ധ്യത നിലവിലില്ല. കേരളത്തിലും അതിനുള്ള യാതൊരു സാഹചര്യവും നിലവിലില്ല. വസ്തുതകള്‍ ഇതായിരിക്കെ, ടോട്ടക്സ് മാതൃകയിലുള്ള ടെന്‍ഡര്‍ നടപടികളുമായി ബോര്‍ഡ് ഏകപക്ഷീയമായി മുന്നോട്ട് പോകുന്ന സ്ഥിതിയാണുണ്ടായത്. ഇക്കാര്യങ്ങള്‍ വിശദമാക്കികൊണ്ട് കെ.എസ്.ഇ.ബി. വര്‍ക്കേര്‍സ് അസോസിയേഷനും ഓഫീസ്സേര്‍സ്സ് അസ്സോസ്സിയേഷനും സംയുക്തമായി വൈദ്യുതി മന്ത്രിക്ക് ഏപ്രില്‍ 11ന് കത്ത് നല്‍കിയിരുന്നു. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഗവണ്‍മെന്റ് പരിശോധിച്ച് തീരുമാനമെടുക്കുന്നതു വരെ ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തി വെക്കണമെന്ന് വൈദ്യുതി മന്ത്രി ബോര്‍ഡിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ടെണ്ടര്‍ നടപടികള്‍ നിര്‍ത്തി വെക്കാനോ, സംഘടനകളുമായി എന്തെങ്കിലും തരത്തിലുള്ള ആശയവിനിമയത്തിനോ ബോര്‍ഡ് തയ്യാറായില്ലെന്നു മാത്രമല്ല, ടെണ്ടര്‍ നടപടികള്‍ ജൂണ്‍ 15 ന് മുന്‍പ് പൂര്‍ത്തീകരിക്കുന്ന നിലയില്‍ പ്രചാരണം നല്‍കുകയാണ് ചെയ്തത്.
ഈ സാഹചര്യത്തിലാണ് വൈദ്യുതി ബോര്‍ഡ് തിടുക്കത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ വ്യാപനവുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്കിടയില്‍ വിശദീകരണം നടത്തുന്നതിന് കെ.എസ്.ഇ.ബി. വര്‍ക്കേര്‍സ് അസോസിയേഷനും ഓഫീസ്സേര്‍സ്സ് അസ്സോസ്സിയേഷനും സംയുക്തമായി തീരുമാനിക്കുന്നത്. ഏപ്രില്‍ 18 ന് വൈദ്യുതി ബോര്‍ഡിന്റെ എല്ലാ ഡിവിഷന്‍ കേന്ദ്രങ്ങളിലും, തിരുവനന്തപുരം വൈദ്യുതി ഭവനു മുന്‍പിലുമായിട്ടാണ് ഈ വീശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചത്. വൈദ്യുതി ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത നിലയില്‍ സംഘടിപ്പിച്ച ഈ വീശദീകരണ യോഗങ്ങള്‍ക്ക് വലിയ പങ്കാളിത്തമാണുണ്ടായത്. സ്ഥാപനത്തിലെ ഇതര തൊഴിലാളി-ഓഫീസ്സര്‍ സംഘടനകള്‍ക്കും സമാന നിലപാടുകളാണുള്ളത്. സ്മാര്‍ട്ട് മീറ്റര്‍ സംബന്ധിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് സംഘടനകളുമായി ചര്‍ച്ച ചെയ്തും സംസ്ഥാനത്തിന്റേയും കെ.എസ്.ഇ.ബിയുടേയും താല്‍പര്യങ്ങള്‍ കണക്കിലെടുത്തും മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂവെന്നാണ് സംഘടനകളുടെ പൊതുവായ നിലപാട്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് സാവകാശം തേടാനും പൊതുമേഖലാ സംവിധാനത്തില്‍ പദ്ധതി നടപ്പിലാക്കാനും ബോര്‍ഡ് മുന്‍കൈ എടുക്കണം. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ബദല്‍ വികസന നയത്തിന് എതിരായതും, വൈദ്യുതി ബോര്‍ഡിന്റേയും പൊതുജനങ്ങളുടേയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതുമായ ഏത് നടപടികളേയും പ്രതിരോധിച്ച് ഉചിതമായ പ്രക്ഷോഭത്തിലൂടെ തിരുത്തിക്കുവാനും സംഘടനകള്‍ പ്രതിജ്ഞാബദ്ധമാണ്.