പ്രണയം പ്രാണനെടുക്കുമ്പോൾ

429

കേരളത്തിൽ പ്രണയക്കൊലപാതകങ്ങൾ കൂടുന്നുവോ? ഈ അടുത്ത ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഏറെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയമാണിത്‌.

പ്രണയത്തിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും കേരളത്തിൽ 2017 മുതൽ 2020 വരെ 320 മരണങ്ങളാണ്‌ ഉണ്ടായത്‌ എന്നാണ്‌ കണക്ക്‌. അതിൽ 10 പേർ കൊല്ലപ്പെടുകയായിരുന്നു. ഇതിൽ പ്രണയിച്ചതിന്റെ പേരിലുള്ള ദുരഭിമാനക്കൊലപാതകങ്ങളും പെടും.

പ്രണയം നിരസിച്ചതിന്റെ പേരിലാണ്‌ കോതമംഗലം മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന മാനസയെ ഇക്കഴിഞ്ഞ ജൂലൈയിൽ കൊലപ്പെടുത്തിയത്‌. വളരെ ആസൂത്രിതമായി ബിഹാറിൽ പോയി തോക്ക്‌ വാങ്ങി ദിവസങ്ങളോളം അവസരത്തിനായി കാത്തിരുന്നാണ്‌ സുഹൃത്ത്‌ ആ കൃത്യം ചെയ്‌തത്‌. തുടർന്ന്‌ സുഹൃത്തും ആത്മഹത്യ ചെയ്‌തു. പെരിന്തൽമണ്ണയിലെ ദൃശ്യയും പ്രണയം നിരസിച്ചതിന്റെ പേരിലാണ്‌ കൊല്ലപ്പെട്ടത്‌. 2019ൽ നടന്ന മറ്റൊരു സംഭവമായിരുന്നു പോലീസ്‌ ഉദ്യോഗസ്ഥയായ സൗമ്യയുടെ കൊലപാതകം. സൗമ്യയെ ശല്യം ചെയ്‌തിരുന്ന മറ്റൊരു പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ വെട്ടിയശേഷം പെട്രോൾ ഒഴിച്ച്‌ കത്തിച്ചത്‌. തിരുവല്ല അയിരൂർ സ്വദേശി കവിത, തൃശൂർ ചിയ്യാരത്ത്‌ എഞ്ചിനീയറിങ്‌ കോളേജ്‌ വിദ്യാർത്ഥിനി നീതു എന്നിവർ പ്രണയാഗ്നിയിൽ കൊല്ലപ്പെടുകയായിരുന്നു. കടമ്മനിട്ട സ്വദേശിനി ശാരിക, കാക്കനാട്‌ പ്ലസ്‌ടു വിദ്യാർത്ഥിനി ദേവിക, ഒടുവിൽ പാല സെന്റ്‌ ജോസഫ്‌ കോളേജ്‌ വിദ്യാർത്ഥിനി നിധിനമോളും പ്രണയ പ്രതികാരത്തിന്റെ മറ്റ്‌ ഇരകളാണ്‌.

നഷ്ടപ്പെടലാണ്‌ പ്രണയത്തിന്റെ സൗന്ദര്യമെന്ന്‌ കരുതിയിരുന്ന ഒരു തലമുറയുണ്ടായിരുന്നു നമുക്ക്‌. മലയാളത്തിലെ ഏറ്റവും സുന്ദരമായ കാൽപ്പനിക വിരഹകാവ്യമായ രമണനും പ്രണയത്തെ മോക്ഷമാർഗ്ഗമാക്കുന്ന ആശാന്റെ കരുണയും എല്ലാംതന്നെ നഷ്ടബോധത്തിനപ്പുറം പ്രണയത്തിന്‌ ഹൃദ്യമായ അനുഭൂതി ഉണ്ടെന്നതിനാൽ നമ്മുടെ സമൂഹത്തിനെ വലിയ തോതിൽ സ്വാധീനിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.

കുറ്റകൃത്യങ്ങൾ എല്ലാക്കാലത്തും സമൂഹത്തിൽ ഉണ്ടായിരുന്നു എന്നുള്ളത്‌ ഒരു വസ്‌തുതയാണ്‌. ഇന്ന്‌ സോഷ്യൽ മീഡിയയുടെ അതിപ്രസരണത്താൽ ഇത്തരം സംഭവവികാസങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു എന്നുള്ളതും ചർച്ചയ്‌ക്ക്‌ വിധേയമാകുന്നു എന്നുള്ളതും പോസിറ്റീവായി കാണേണ്ടതാണ്‌. ഈ കുറ്റവാളികളിൽ പൊതുവായി കാണപ്പെടുന്നത്‌ പരാജയത്തെ അംഗീകരിക്കാൻ സാധിക്കാനാവാത്ത അവസ്ഥ, എതിർപക്ഷത്ത്‌ നിൽക്കുന്ന വ്യക്തിയുടെ മേൽ അധീശത്വം നേടാൻ ശ്രമിക്കൽ, താൻ വഞ്ചിക്കപ്പെടുന്നു എന്ന തോന്നൽ, സംശയരോഗം, ചെറിയ പ്രകോപനങ്ങളിൽപോലും തോന്നുന്ന വലിയ മാനസികസംഘർഷം തുടങ്ങിയ മാനസികവൈകല്യങ്ങളാണ്‌. ഇതിനെ പ്രണയത്തിന്റെ പേരിലുള്ള ചാപല്യമോ അപക്വതയോ ആയി കാണിക്കുന്നത്‌ അപകടകരമായ പ്രവണതയാണ്‌. ഭാവിയിൽ വലിയ സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്നതാണിത്‌.

കൂടിവരുന്ന ഇത്തരം മാനസിക വൈകല്യങ്ങൾക്ക്‌ കാരണം നമ്മുടെ സമൂഹം തന്നെയാകും. ഇപ്പോഴും ആണധികാരവും മേൽക്കോയ്‌മയും അടിസ്ഥാനമാക്കി തന്നെയാണ്‌ പ്രണയത്തിന്റെയും വിവാഹത്തിന്റെയും കുടുംബ വ്യവസ്ഥയുടെയും നിയമങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ എന്നത്‌ കണ്ടുപോകാതെ വയ്യ. ഇതിനോെടാപ്പം കൂട്ടുകുടുംബങ്ങളിൽനിന്ന്‌ അണുകുടുംബങ്ങളിലേക്കുള്ള മാറ്റം, സാമൂഹ്യ ഇടപെടലുകളുടെ കുറവ്‌, സംഘർഷരഹിതമായ കൗമാരം എല്ലാം തന്നെ ഇത്തരം വൈകല്യങ്ങൾക്ക്‌ കാരണമായേക്കാം. വിജയങ്ങൾ മാത്രമല്ല, പരാജയങ്ങളും സ്വാഭാവികമാണെന്ന്‌ വളർന്നുവരുന്ന കുട്ടികൾ പഠിക്കേണ്ടതാണ്‌.

പെൺകുട്ടികളെ സുരക്ഷിതരായും ഉപദേശിച്ചും വളർത്തുന്നുണ്ട്‌. എന്നാൽ ആൺകുട്ടികൾക്ക്‌ പ്രത്യേകിച്ച്‌ പാഠങ്ങളില്ല. സമപ്രായക്കാരിൽനിന്ന്‌ കിട്ടുന്ന അറിവുകൾ, കണ്ടുവളരുന്ന രീതികൾ, മീഡിയകൾ ഒെക്കയാണ്‌ അവന്റെ പാഠങ്ങൾ. ലിംഗസമത്വം, ബന്ധങ്ങളിലെ ജനാധിപത്യം എന്നീ വിഷയങ്ങൾ പാഠ്യവിഷയമാക്കേണ്ട കാലം കഴിഞ്ഞു. പരസ്‌പര ബഹുമാനം, പങ്കാളിയുടെ സ്വാതന്ത്ര്യം എന്നിവ മാതാപിതാക്കൾ മാതൃക കാണിച്ചുകൊടുക്കേണ്ടതാണ്‌. ത്യാഗം, സമർപ്പണം എന്നീ മനോഭാവങ്ങളുടെ ഇല്ലായ്‌മയും സമ്മർദങ്ങളെ നേരിടാനുള്ള പ്രതിരോധശക്തി ഇല്ലാതാകുന്നതും ഒരുപക്ഷേ കൊലപാതകങ്ങൾക്ക്‌ കാരണമാകാം.

പെൺകുട്ടികളും ഒരു ബന്ധം അസുഖകരമെന്ന്‌ ആദ്യ തിരിച്ചറിവ്‌ ഉണ്ടാകുമ്പോൾ തന്നെ അത്‌ തുറന്നുപറയാനുള്ള കഴിവ്‌ നേടിയെടുക്കേണ്ടതുണ്ട്‌. സമൂഹം ഇന്ന്‌ ഊന്നൽ കൊടുക്കുന്ന സ്‌ത്രീ ശാക്തീകരണത്തിൽ ഈയൊരു മനഃശാസ്‌ത്രപാഠം കൂടി ഉൾപ്പെടുത്തേണ്ടതാണ്‌. പരസ്‌പര ബഹുമാനവും സ്വാതന്ത്ര്യവും ജനാധിപത്യപരവുമായ നല്ല ബന്ധങ്ങൾ വരും കാലങ്ങളിലെങ്കിലും ഉണ്ടാകുമന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം