ദിവസവേതനത്തില്‍ജോലി ചെയ്യുന്ന സ്വീപ്പര്‍ ഉള്‍പ്പെടെയുള്ള കരാർ ജീവനക്കാരുടെ വേതനം ഒരു മാസത്തിലേറെയായി ലഭിച്ചിട്ടില്ല എന്ന പരാതി നിലനില്‍ക്കുകയാണ്. ഓപ്പറേറ്റർമാർ അടക്കമുള്ളവരുടെ വേതനവും വൈകിയ സാഹചര്യമാണ്. ജീവനക്കാർക്ക് ലഭിക്കാനുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയും വൈകിയിട്ടുണ്ട്. ഡി.എ കുടിശ്ശിക നൽകാനുണ്ട്പോസ്റ്റ് ഇല്ലാത്തതിനാൽ സർവീസ് കണക്ഷൻ വൈകിയത് സംബന്ധിച്ച് നിരവധി ആളുകളാണ് പരാതിയുമായി എത്തുന്നത്. കോവിഡിന്റെ സാഹചര്യത്തിൽ വൈദ്യുതി ഡിസ്കണകഷൻ വൈകിയതിനാലും മറ്റും കെ.എസ്.ഇ.ബിക്ക് സാമ്പത്തികമായി ഞെരുക്കം ഉണ്ട് എന്നത് വസ്തുതയാണ്. എന്നാൽ, ഈ സാഹചര്യത്തിലും ദുർവ്യയത്തിനും ധൂർത്തിനും കുറവില്ല എന്ന ആക്ഷേപം നേരത്തെ തന്നെ സംഘടനകൾ ഉന്നയിച്ചതാണ്. പുതിയ യൂണിഫോം എന്ന നിലയിലാണ് മാനേജ്മെന്റ് ആദ്യം നിർദ്ദേശിച്ചത്. എന്നാൽ വർക്കേർസ് അസോസിയേഷൻ അശാസ്ത്രീയമായ യൂണിഫോം മാറ്റത്തെ എതിർത്തപ്പോൾ യൂണിഫോം മാറ്റാനുള്ള ഉദ്ദേശമില്ലെന്ന് സി.എം.ഡി രേഖാമൂലം എഴുതി നൽകി. ഈ സാഹചര്യത്തിൽ , വാങ്ങാൻ ഉദ്ദേശിച്ച ടീഷർട്ടും സാരിയും ചൂരിദാറും എല്ലാവർക്കും വെറുതെ നൽകാനാണ് മാനേജ്മെന്റിന്റെ ശ്രമം എന്നു തോന്നുന്നു. വളഞ്ഞ വഴിയിൽ നിലവിലെ യൂണിഫോം മാറ്റാനുള്ള ശ്രമമാണോ എന്ന സംശയം തൊഴിലാളി സംഘടനകൾ ഉന്നയിച്ചു കഴിഞ്ഞു.ഇതു സംബന്ധിച്ച് ബോർഡ് ഉത്തരവ് ഒന്നും ഇറക്കാതെ വാക്കാൽ നിർദ്ദേശങ്ങൾ നൽകുകയാണ് ചെയ്യുന്നത്. നിലവിൽ യൂണിഫോം അലവൻസ് നൽകുകയും ജീവനക്കാർ സ്വന്തം ചെലവിൽ യൂണിഫോം വാങ്ങി ധരിക്കുകയുമാണ് ചെയ്യുന്നത്. പണ്ട് കാലത്ത് തുണി വാങ്ങി നൽകിയിരുന്നുവെങ്കിലും അത് അപ്രായോഗികമായതിനാലാണ് ഈ രീതിയിൽ മാറിയത്.
നിലവിലെ അവ്സ്ഥയിൽ കെ.എസ്.ഇ.ബിയിലെ ജീവനക്കാർക്ക് ടീ ഷർട്ടും, സാരിയും ചൂരിദാറും സമ്മാനമായി നൽകേണ്ട ഒരു സാഹചര്യവുമില്ല. കെ.എസ്.ഇ.ബിയിലെ ഒരു സംഘടന പോലും ഈ രീതിയിൽ സൗജന്യമായി കുപ്പായം വാങ്ങിത്തരണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുമില്ല. വേതനം വൈകിയ കരാർ ജീവനക്കാരുടേയും പൊതു ജനത്തിന്റേയും മുമ്പിലൂടെ സമ്മാനം കിട്ടിയ കുപ്പായമിട്ട് ജീവനക്കാർക്കും ഓഫീസർമാർക്കും അഭിമാനത്തോടെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കുപ്പായത്തിന്റെ സൈസ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ എംപ്ലോയീ പോർട്ടലിൽ നൽകിയിട്ടുണ്ട്. ആരെങ്കിലും അത് പരിശോധിക്കാൻ ഏതെങ്കിലും സൈസ് തെരഞ്ഞെടുത്താൽ ഉടനെ അത് സേവ് ചെയ്യുന്ന രീതിയിലാണ് സോഫ്റ്റ്‌വെയർ രൂപകൽപ്പന. സേവ് ബട്ടൺ ഇല്ലാത്തതിനാൽ ജീവനക്കാർ അബദ്ധത്തിൽ ഓപ്ഷൻ തെരഞ്ഞെടുത്ത് പോകുന്ന രീതിയിലാണ് സോഫ്റ്റ്‌വെയർ.
കെ.എസ്.ഇ.ബിക്ക് അധിക ബാധ്യതയുണ്ടാക്കുന്ന രീതിയിൽ യൂനിഫോം മോഡൽ – ടീ ഷർട്ട്, ചൂരിദാർ, സാരി എന്നിവ ബാധകമാക്കാനായി സൈസ് ഓപ്ഷൻ ക്ഷണിച്ച് കൊണ്ട് മാനേജ്മെൻ്റ് മുന്നോട്ട് പോകുന്നത് പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി .ഓഫീസേഴ്സ് അസോസിയേഷൻ എതിർപ്പ് അറിയിച്ചിട്ടുള്ളതാണ്. വൈദ്യുതി ബോർഡ് സാമ്പത്തിക പ്രയാസത്തിലൂടെ കടന്ന് പോകുമ്പോൾ അധിക ബാധ്യത വരുത്തുന്ന വസ്ത്രം വാങ്ങൽ നടപടിയും ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചന നടത്താതെ അടിച്ചേൽപിക്കുന്ന രീതിയിലേയും താത്പര്യങ്ങൾ എതിർക്കപ്പെടേണ്ടതുണ്ട്. വസ്ത്രത്തിൻ്റെ അളവെടുപ്പിനായി എച്ച്.ആർ.ഐ.എസ് സോഫ്റ്റ് വെയറിലെ ഓപ്ഷൻ നൽകൽ ബഹിഷ്കരിക്കണമെന്ന് ഓഫീസർമാരോടും ജീവനക്കാരോടും അഭ്യർത്ഥിക്കുന്നു.