ബൈജുവിന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി.ഒ.എ യുടെ കൈത്താങ്ങ്

351

പ്രളയത്തിന്റെ രണ്ടാം വരവ് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് തീരാ നഷ്ടം സൃഷ്ടിച്ച ദിനമാണ് 2019ആഗസ്റ്റ് 9. അന്നേ ദിവസമാണ് വൈദ്യുതി പുന:സ്ഥാപന ജോലിക്കിടെ അപകടത്തിൽപെട്ട് ലൈന്‍ മെയിന്റനന്‍സ് സെക്ഷന്‍ വിയ്യൂരിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീ.കെ.എ ബൈജുവിനെ നമുക്ക് നഷ്ടപ്പെട്ടത്. വൈദ്യുതിബോര്‍ഡിന്റെ വിവിധ മേഖലകളിലെ ജോലിയെ എന്നും ആത്മാര്‍ത്ഥതയോടെ സമീപിക്കുകയും ഏവരോടും സൗഹാര്‍ദ്ദപൂര്‍വ്വം ഇടപെടുകയും ചെയ്തിരുന്ന ബൈജു കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ബൈജുവിന്റെ വിയോഗത്തോടെ ആശ്രയമറ്റ കുടുംബത്തെ സഹായിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് വന്ന തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് സഹായ ഹസ്തവുമായി പ്രളയ ദിനങ്ങള്‍ക്കിടെ തന്നെ അസോസിയേഷന്‍ അംഗങ്ങള്‍ കൂടെ നിന്നു.

ഓര്‍മ്മകള്‍ക്ക് മുന്നില്‍……ആദരാഞ്ജലികള്‍

അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായമെത്തിക്കാന്‍ രൂപം നല്‍കിയ ബനവാലന്റ് ഫണ്ടിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു ഇത്. നിര്‍ഭാഗ്യവശാല്‍ ബൈജുവിന് ഫണ്ടില്‍ അംഗത്വമില്ലായിരുന്നു. ലഭിക്കുമായിരുന്ന കൈത്താങ്ങ് 3 ലക്ഷം രൂപ നമ്മുടെ അംഗങ്ങളില്‍ നിന്ന് സമാഹരിക്കാനുദ്ദേശിച്ച് തുടങ്ങിയ സംരഭത്തിന് മറ്റ് ജില്ലാ കമ്മിറ്റികള്‍ പ്രതീക്ഷകള്‍ക്ക് ഉപരിയായ പിന്തുണയുമായെത്തി. ആദ്യ ഗഡു സഹായധനം 5ലക്ഷം രൂപ ആഗസ്ത് 25ന് നല്‍കാന്‍ സാധിച്ചു. തുടര്‍ന്നും ആശ്രിത കുടുംബത്തിനായി സംസ്ഥാനതലത്തിൽ അസോസിയേഷന്‍ അംഗങ്ങള്‍ ഉത്തരവാദിത്തപൂര്‍വ്വം മറ്റൊരു 8 ലക്ഷം രൂപ സമാഹരിച്ച് നല്‍കി. ഈ സഹായധനം 2019നവംബര്‍ 29ന് തൃശൂരിലെ വിവേകോദയം ബോയ്സ് സ്കൂളിലെ പവര്‍ക്വിസ് ഫൈനല്‍ വേദിയില്‍ വെച്ച് ബൈജുവിന്റെ മകൾ സ്കൂൾ വിദ്യാർത്ഥിനിയായ അനുപമയുടെ കുഞ്ഞുകൈകളിൽ അസോസിയേഷന്റെ പ്രിയങ്കരനായ സംസ്ഥാന പ്രസിഡന്റ് ജെ സത്യരാജന്‍ ഏല്പിച്ചു. ബൈജുവിന്റെ കുടുംബത്തിന് തണലേകാൻ നമ്മുടെ സംഘടന നടത്തിയ വലിയ ഉത്തരവാദിത്തങ്ങളിലൊന്നായിരുന്നു രണ്ട് തവണകളായി ആ കുടുംബത്തിന് നൽകാൻ കഴിഞ്ഞ 13 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം. നന്മയുടെ പൊന്‍വെളിച്ചവുമായി ഈ സദുദ്യമത്തില്‍ പങ്കാളികളായ ഏവരേയും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ അഭിവാദ്യം ചെയ്യുന്നു.