സപ്തംബര്‍ 29 – വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കത്തിച്ച് പ്രതിഷേധിക്കും

406

❤സപ്തംബര്‍ 29ന് ഉച്ചക്ക് ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും.

❤️കെ.എസ്.ഇ.ബി.ഒ.എ അംഗങ്ങള്‍/ കുടുംബ സമേതം കേന്ദ്ര ഗൈഡ്‌ലൈനിന്റെ കോപ്പി കത്തിച്ച് അതിന്റെ വീഡിയൊ/ ഫോട്ടോ അവരുടെ ഫെയിസ്ബുക്ക് പേജില്‍ സപ്തംബര്‍ 29ന് പോസ്റ്റ് ചെയ്ത് പ്രതിഷേധിക്കും.

വിതരണ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ലേലം നടത്തുന്നതിനുള്ള കരട് ഗൈ‌ഡ്‌ലൈന്‍ ഊര്‍ജ്ജ മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ആത്മ നിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായി കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി ഉള്‍പ്പെടുന്ന വിതരണ കമ്പനിയായ പൂര്‍വാഞ്ചല്‍ വൈദ്യുത് വിതരണ്‍ നിഗം ലിമിറ്റഡിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു.

സംസ്ഥാനങ്ങള്‍ വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിമ്പോള്‍ സ്വകാര്യ മേഖലയുടെ താല്‍പര്യം സംരക്ഷിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയത്. സ്വകാര്യ നിക്ഷേപകര്‍ക്ക് ചുരുങ്ങിയ ചെലവില്‍ യാതൊരു ബാധ്യതയുമില്ലാതെ വിതരണ മേഖല കൈവശപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്. ലേലം വിളിക്കുന്ന സ്വകാര്യ കമ്പനിക്ക് ക്ലീന്‍ ബാലന്‍സ് ഷീറ്റ് നല്‍കാനും accumulated losses/unserviceable liabilities ഒന്നും സ്വകാര്യ സംരംഭകന് ബാധകമാക്കാതിരിക്കാനുമാണ് നിര്‍ദ്ദേശം. വളരെ ചുരുങ്ങിയ നിരക്കില്‍ വിതരണ കമ്പനികളുടെ ഭൂമി പൂര്‍ണ്ണമായി ഉപയോഗിക്കാനുള്ള അവകാശം സ്വകാര്യ കമ്പനിക്ക് നല്‍കണം എന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നിലവില്‍ വിതരണ കമ്പനികളുടെ കയ്യിലുള്ള കുറഞ്ഞ നിരക്കുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍ മാത്രം അതേ പടി സ്വകാര്യ മേഖലക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍, കൂടിയ നിരക്കുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍ ഉണ്ടെങ്കില്‍ അത് സംസ്ഥാന ഗവണ്‍മെന്റ് കയ്യില്‍ വച്ച് സ്വകാര്യ കമ്പനിക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി കൊടുക്കണമെന്നും പറഞ്ഞിട്ടുണ്ട്. സ്വകാര്യ സംരംഭകര്‍ ചുളു വിലക്ക് വിതരണ മേഖല കയ്യടക്കാന്‍ പറ്റുമെന്ന പ്രതീക്ഷയില്‍ വലിയ ആവേശത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും ഭരണത്തിലുള്ളത് സ്വകാര്യവല്‍ക്കരണത്തെ പിന്തുണക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളായതിനാല്‍ വൈദ്യുതി വിതരണ മേഖല അതിവേഗം സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാകും.

ഈ സാഹചര്യത്തില്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കത്തിച്ചു കൊണ്ട് സപ്തംബര്‍ 29ന് പ്രതിഷേധിക്കും.