ഗ്രീൻ താരിഫ്

കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ ഗ്രീൻ എനർജി ഓപ്പൺ ആക്സസ് റൂൾ 2022ന്റെ ചുവട് പിടിച്ച് സംസ്ഥാനത്തിന് അനുയോജ്യമായ ഒരു ഗ്രീൻ താരിഫ് അനുവദിക്കാൻ കെ എസ് ഇ ബി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുൻപാകെ പെറ്റീഷൻ സമർപ്പിച്ചു. റെഗുലേറ്ററി കമ്മീഷൻ നിർണയിക്കുന്ന റീടേയ്ൽ സപ്ലൈ താരിഫിന് പുറമെ ഒരു പ്രത്യേക നിരക്ക് എന്ന നിലയിൽ ഒരു പ്രീമിയം താരിഫായാണ് ഗ്രീൻ താരിഫ് അവതരിപ്പിച്ചിരിക്കുന്നത്. 2023-24 മുതൽ 2026-27 വരെയുള്ള നാല് സാമ്പത്തിക വർഷങ്ങളിലേയ്ക്കുള്ള താരിഫ് പരിഷ്കരണ നിർദ്ദേശത്തിന്റെ ഭാഗമായാണ് ഈ നിർദ്ദേശം കെ എസ് ഇ ബി മുന്നോട്ട് വച്ചിരിക്കുന്നത്. ഒരു തുടക്കമെന്ന നിലയിൽ 2023 -24 വർഷത്തേക്ക് ബാധകമാകുന്ന നിരക്കാണ് നിലവിൽ നിർദ്ദേശിച്ചിട്ടുള്ളത്.
ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകത അവർ ആവശ്യപ്പെടുന്ന പക്ഷം ഭാഗികമായോ പൂർണ്ണമായോ പുനഃരുപയോഗ ഊർജ്ജ സ്രോതസ്സിൽ നിന്ന് നിറവേറ്റി നൽകുക എന്നതാണ് ഗ്രീൻ താരീഫ് നടപ്പിലാക്കുക വഴി കെ എസ് ഇ ബി ലക്ഷ്യം വയ്ക്കുന്നത്. ഇതു വഴി ഉപഭോക്താക്കൾക്ക് സ്വന്തമായി പുനരുപയോഗ ഊർജ്ജ നിലയങ്ങൾ സ്ഥാപിക്കാതെയും, പുറത്തുനിന്ന് ഗ്രീൻ എനർജി വാങ്ങാതെയും വിതരണ കമ്പനി മുഖേന തങ്ങൾക്കാവശ്യമായ ഹരിത വൈദ്യുതി ലഭ്യമാവും. പുനഃരുപയോഗ ഊർജ്ജ സ്രോതസ്സിൽ നിന്നുള്ള (ജലം, കാറ്റ്, സൗരോർജ്ജം , മാലിന്യത്തിൽ നിന്നുള്ള വൈദ്യുതി മുതലായവ) വൈദ്യുതിയാണ് ഗ്രീൻ എനർജിഅഥവാ ഹരിതോർജ്ജമായി ഉപഭോക്താവിന് നൽകുക.
ഗ്രീൻ എനർജി ഓപ്പൺ ആക്സസ്
റൂൾ 2022
2022 ജനുവരി ആറിന് കേന്ദ്ര ഗവൺമെന്റ്‌ നോട്ടിഫൈ ചെയ്ത ഇലക്ട്രിസിറ്റി (പ്രമോട്ടിംഗ് റിന്യൂവബിൾ എനർജിത്രൂ ഗ്രീൻ എനർജിഓപ്പൺ ആക്സസ്) റൂൾ 2022, അതിന്റെ 2023 ജനുവരി മാസം 27 ന് പുറത്തിറക്കിയ ഭേദഗതി എന്നിവയാണ് ഗ്രീൻ എനർജി താരിഫിന്റെ അടിസ്ഥാനം. 2030 ഓടു കൂടി രാജ്യത്തെ കാർബൺ എമിഷൻ നിലവിലുള്ളതിന്റെ 45 ശതമാനം കുറയ്ക്കുക എന്നതാണ് ഈ റൂളിന്റെ പ്രാഥമിക ഉദ്ദേശമെന്ന് ഊർജ്ജമന്ത്രാലയം പറയുന്നു. നിലവിൽ ഓപ്പൺ ആക്സസ് ഉപഭോക്താവാകാൻ വേണ്ട ഏറ്റവും കുറഞ്ഞ കണക്റ്റഡ് ലോഡ് പരിധി ഒരു മെഗാവാട്ടാണ്. ഗ്രീൻ എനർജി ഓപ്പൺ ആക്സസിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ഗ്രീൻ എനർജി ഓപ്പൺ ആക്സസ് തെരഞ്ഞെടുക്കുന്ന ഉപഭോക്താവിന്റെ കണക്‌റ്റഡ് ലോഡിന്റെ കുറഞ്ഞ പരിധി 100 കിലോവാട്ടാക്കി ചുരുക്കിയിട്ടുണ്ട്.
മേൽപ്പറഞ്ഞ രീതിയിൽ ഓപ്പൺ ആക്സസ് വഴി ഗ്രീൻ എനർജിതെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾ ഗ്രീൻ എനർജിഓപ്പൺ ആക്‌സസ്‌ രജിസ്റ്ററി പോർട്ടലിൽ (GOAR-https://greenopenaccess.in) രജിസ്റ്റർ ചെയ്താൽ മതി. ഇങ്ങനെ രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനകം ഗ്രീൻ എനർജിഓപ്പൺ ആക്സസിനുള്ള അംഗീകാരം നൽകുകയോ, അപേക്ഷ പുതുക്കി നൽകാൻ നിർദ്ദേശം നൽകുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്യും. മേൽപ്പറഞ്ഞ 15 ദിവസത്തിനകം അപേക്ഷ പരിഗണിയ്ക്കാതിരുന്നാൽ ഉപഭോക്താവിന് ഡീമ്ഡ് അപ്രൂവൽ ലഭിച്ചതായി കണക്കാക്കും. ഗ്രീൻ എനർജിഓപ്പൻ ആക്സസിന്റെ കേന്ദ്ര നോഡൽ ഏജൻസിയായി ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡിനെയാണ് നിർദ്ദേശിച്ചിട്ടുള്ളത്.
ഗ്രീൻ എനർജി ഓപ്പൺ ആക്സസ് ഉപഭോക്താക്കളിൽ നിന്ന് വൈദ്യുതി വാങ്ങുന്ന ട്രാൻസ്മിഷൻ ചാർജ്ജ്, വീലിംഗ് ചാർജ്ജ്, ക്രോസ് സബ്സിഡി സർ ചാർജ്ജ്, ബാങ്കിംഗ് ചാർജ്ജ്, സ്റ്റാന്റ് ബൈ ചാർജ്ജ് എന്നിവയും ഇവയ്ക്ക് പുറമെ ഷെഡ്യൂളിംഗ് ചാർജ്ജ്, ഡീവിയേഷൻ സെറ്റിൽമെന്റ് ചാർജ്ജ്, ലോഡ് ഡെസ്പാച്ച് സെന്റർ ഫീസ് തുടങ്ങിയവും ഈടാക്കാനാവും. എന്നാൽ നോൺ ഫോസിൽ ബേസ്ഡ് വേസ്റ്റ് ടു എനർജി ഉത്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയ്ക്ക് ക്രോസ് സബ്സിഡി സർച്ചാർജ്ജും അഡീഷനൽ സർ ചാർജ്ജും 2025 ഡിസംബറിനകം കമ്മീഷൻ ചെയ്തിട്ടുള്ള ഓഫ് ഷോർ വിന്റ് നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിക്ക് അഡീഷനൽ സർ ചാർജ്ജും ഒഴിവാക്കിയിട്ടുണ്ട്.
ഇങ്ങനെ ഗ്രീൻ എനർജി ഓപ്പൺ ആക്സസിനു പോവാൻ സാധിക്കാത്തവർക്കും, ഓപ്പൺ ആക്സിസിനു താത്പര്യമില്ലാത്തവർക്കും ഗ്രീൻ എനർജി ആവശ്യപ്പെടുന്ന പക്ഷം ഗ്രീൻ എനർജിവാങ്ങി നൽകാനുള്ള ഉത്തരവാദിത്വം വിതരണ കമ്പനിയിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ലഭ്യമാക്കുന്ന ഗ്രീൻ എനർജ്ജിയ്ക്ക് ഈടാക്കാവുന്ന വൈദ്യുതി ചാർജ്ജ് എന്നത് റിന്യൂവബിൾ എനർജ്ജിയുടെ ആവറേജ് പവർ പർച്ചേസ് കോസ്റ്റ്, ആവറേജ് കോസ്റ്റ് ഓഫ് സപ്ലെയുടെ 20% സർച്ചാർജ്ജ്, 25 പൈസ ലാഭം എന്നിവ ചേരുന്നതിൽ കൂടുതലാവരുത് എന്നാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയം 13.05.2023ന് പുറപ്പെടുവിച്ച നിർദേശത്തിലൂടെ സംസ്ഥാന റെഗുലേറ്ററി കമ്മീഷനുകളോട് വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ ഈ നിർദ്ദേശത്തിനു മുൻപുതന്നെ വിവിധ സംസ്ഥാനങ്ങൾ ഗ്രീൻ താരിഫ് പ്രീമിയം താരിഫായി നിർണയിച്ചിട്ടുണ്ട്. പട്ടിക 1 കാണുക.
വിവിധ സംസ്ഥാനങ്ങളിലെ ഗ്രീൻ താരിഫ്

സംസ്ഥാനത്തെ ഗ്രീൻ താരിഫ്
കെ എസ് ഇ ബി നിർദ്ദേശിച്ചിട്ടുള്ള ഗ്രീൻ താരിഫിൽ, ഗ്രീൻ എനർജി നല്കുന്നതിന്റെ ഭാഗമായി അധികമായി വാങ്ങേണ്ടിവരുന്ന പുനരുപയോഗ ഊർജ സ്രോതസ്സിന്റെ ചെലവ് (മാർജിനൽ പർച്ചേസ് കോസ്റ്റ്), ചെലവ് കുറഞ്ഞ സമയത്ത് ലഭ്യമായ വൈദ്യുതി സംഭരിച്ചു വെച്ച് മാർക്കറ്റിൽ വില കൂടിയ സമയങ്ങളിൽപോലും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകുന്നതിന് ആവശ്യമായ സ്റ്റോറേജ് ചാർജ് (ബാങ്കിങ്ങ് ചാർജ്ജ്), പുനരുപയോഗ ഊർജ്ജ സ്രോതസ്സിൽ നിന്നുള്ള വൈദ്യുതി ശൃംഖലയിൽ വരുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി താപവൈദ്യുത നിലയങ്ങൾക്ക് അധികമായി നൽകേണ്ട കോമ്പൻസേഷൻ ചാർജ് (ബാക്കിംഗ് ഡൗൺ കോസ്റ്റ്) എന്നിവ കണക്കിലെടുത്തുകൊണ്ടാണ് പ്രീമിയം നിരക്കിന്റെ ഘടകങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഈ ഘടകങ്ങളും ഒാരോ ഘടകങ്ങൾക്കും കെ എസ് ഇ ബി നിർദേശിച്ചിട്ടുള്ള കോസ്റ്റും പട്ടിക 2ൽ ചേർത്തിട്ടുണ്ട്.
കെ എസ് ഇ ബി നിർണ്ണയിച്ച ഗ്രീൻ താരീഫും ഘടകങ്ങളും

മേൽ ഘടകങ്ങളെ ആകെ പരിഗണിച്ച് നിലവിലുള്ള താരീഫിനേക്കാൾ 2.543 രൂപ അധികമായി വാങ്ങി രാപകൽ വ്യത്യാസമില്ലാതെ ഉപഭോക്താവ് ആവശ്യപ്പെടുന്ന മുഴുവൻ സമയവും ഗ്രീൻ താരിഫിൽ വൈദ്യുതി കൊടുക്കാനാവുമെനാണ് കെ എസ് ഇ ബി കണക്കുകൂട്ടുന്നത്. നിലവിൽ ഗ്രീൻ താരിഫ് നിശ്ചയിച്ചിട്ടുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പുനരുപയോഗ സ്രോതസ്സ് കൂടുതൽ ഉള്ള സംസ്ഥാനങ്ങളിൽ നിരക്ക് കുറയുകയും മറിച്ചുള്ള സംസ്ഥാനങ്ങളിൽ നിരക്ക് വർദ്ധിക്കുന്നതും കാണാവുന്നതാണ്. ഉദാഹരണമായി മധ്യപ്രദേശിൽ കാറ്റിൽ നിന്നുള്ള ഗ്രീൻ താരിഫിന് പ്രീമിയം നിരക്ക് യൂണിറ്റിന് 25 പൈസയാണെങ്കിൽ ഹൈഡലിൽ നിന്ന് യൂണിറ്റിന് 3.10 രൂപയാണ്. ഇതിന് പുറമെ ഗ്രീൻ താരിഫ് ആവശ്യമുള്ള ഉപഭോക്താവ് ഓപ്പൺ ആക്സസ് വഴി ഗ്രീൻ എനർജിഎത്തിക്കാൻ ശ്രമിച്ചാൽ അതിന്റെ നിരക്ക് കെ.എസ്.ഇ.ബി ഇപ്പോൾ നിർദ്ദേശിച്ച നിരക്കിനേക്കാൾ വളരെ കൂടുതലാണ്. പ്രത്യേകിച്ച് പീക്ക്, ഓഫ് പീക്ക് സമയങ്ങളിൽ. മേൽ ഘടകങ്ങളാകെ പരിശോധിക്കുമ്പോൾ കെ.എസ്.ഇ.ബി മുന്നോട്ട് വച്ചിട്ടുള്ള ഗ്രീൻ താരിഫ് നിരക്കായ 2.54 രൂപ ന്യായമാണെന്ന് കാണാം.
പ്രീമിയം നിരക്ക് കുറച്ച് ഗ്രീൻ താരിഫ് ആകർഷകമാക്കാൻ ശ്രമിച്ചാൽ ഇതിന്റെ ഭാഗമായി കെ എസ് ഇ ബി യ്ക്കുണ്ടാവുന്ന റവന്യു നഷ്ടം താരിഫിലൂടെ സാധാരണ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടിവരും. ഇത്തരം ഒരു സമീപനം വൈദ്യുതി മേഖലയ്ക്ക് ഗുണകരമാവില്ല എന്നതിനാൽ പുനരുപയോഗ വൈദ്യുതി 24×7 എന്ന നിലയ്ക്ക് ഉറപ്പാക്കുന്നതിനുള്ള യഥാർത്ഥ ചെലവ് പ്രതിഫലിയ്ക്കുന്ന ഒരു ഗ്രീൻ താരിഫ് തന്നെ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച് നൽകുമെന്ന് പ്രതീക്ഷിക്കാം.