സ്ത്രീകൾ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടണം- വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ

386

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ്റെ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഒമ്പതാം സംസ്ഥാന വനിതാസമ്മേളനം 10.08.2021 ന് ഓൺലൈനിൽ നടന്നു. സംസ്ഥാന വനിതാ സബ്കമ്മിറ്റി ചെയർപേഴ്സൺ ബീന കെ.പി. അദ്ധ്യക്ഷയായിരുന്ന ചടങ്ങിൽ വനിതാ സബ് കമിറ്റി കൺവീനർ ശ്രീലാകുമാരി എ. എൻ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവർത്തന കലണ്ടർ, പെൺയാത്ര, വായന പക്ഷാചരണം, പ്രതിഷേധ സംഗമം, തെരുവോര കുടുംബ സംഗമം,വെബിനാറുകൾ മുതലായവയുടെ നടത്തിപ്പും പങ്കാളിത്തവും റിപ്പോർട്ടിൽ പ്രത്യേക പരാമർശം നേടി.

മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ ശ്രീമതി കെ.കെ. ശൈലജ ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിലുള്ള ജനാധിപത്യപരമായ അവകാശങ്ങൾ സ്ത്രീകൾക്കും ദളിതർക്കും ലഭ്യമാകുന്നില്ല. നമ്മുടെ രാജ്യത്തെ സാമൂഹ്യ വ്യവസ്ഥ കാരണമുണ്ടാകുന്ന സമൂഹത്തിലെ രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങൾ നിരവധിയാണ്. ഒട്ടും ആരോഗ്യപരമല്ലാത്ത സാമൂഹ്യ സാഹചര്യങളിൽ അനേകായിരം കുഞ്ഞുങ്ങൾക്ക് ജനിക്കേണ്ടി വരുന്നു എന്നുള്ള താണവസ്ഥ. പോഷകാഹാരം, കഴിവിനനുസരിച്ച് ജോലി, അദ്ധ്വാനത്തിനനുസരിച്ച് വേതനം, സ്പർദ്ധയില്ലാത്ത സമൂഹം, സമാധാന പരമായ ജീവിതം ഇവയെല്ലാം സ്ത്രീപുരുഷ ജാതി മത ഭേദമെന്യേ ഏവർക്കും അവകാശപ്പെട്ടതാണ്. ഇത് പക്ഷേ സമൂഹത്തിന്റെ എല്ലാ തട്ടിലും അനുഭവ യോഗ്യമാകുന്നില്ല , പ്രത്യേകിച്ചും സ്ത്രീകൾക്ക്. രാജ്യത്തിനുവേണ്ടി അവരാൽ കഴിയുന്ന രീതിയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സ്ത്രീകളെ അതിൻറതായ ഗൗരവത്തിൽ ഉയർത്തിക്കൊണ്ടുവരാൻ രാജ്യത്തെ ഭരണസംവിധാനത്തിന് കഴിയുന്നില്ല. സ്ത്രീകൾ സാമൂഹിക പ്രശ്നങ്ങളിൽ കാര്യമായി ഇടപെട്ടാൽ മാത്രമേ ഇതിന് വഴി തുറക്കുകയുള്ളൂ എന്നും ടീച്ചർ പറഞ്ഞു.

കെ.കെ. ശൈലജ ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു

ബ്രിട്ടീഷുകാരുടെ കാലത്തും അതിന് മുൻപും നാടുവാഴികൾ പറയുന്നതായിരുന്നു നിയമം. സ്ത്രീകളെ വിൽപ്പന ചരക്കായി മാത്രമാണ് അവർ കണ്ടിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തും സ്ത്രീകളുടെ സാമൂഹിക അവസ്ഥ ജന്മിത്ത വ്യവസ്ഥിതിക്ക് അടിപ്പെട്ടു തന്നെയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും കോൺഗ്രസ് സർക്കാരുകളുടെ നയം സാമൂഹിക പുരോഗമനത്തിന്റെ ആക്കം കൂട്ടുന്നതായിരുന്നില്ല . സമൂഹത്തിൻറെ താഴെതട്ടിലുള്ള ദളിതരുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും ദുരവസ്ഥ കണ്ടിട്ടാണ് വിവേകാനന്ദൻ കേരളത്തേ മതഭ്രാന്തന്മാരുടെ നാട് എന്ന് വിശേഷിപ്പിച്ചത്. ശക്തമായ പോരാട്ടങ്ങളിൽ കൂടിയാണ് ഇന്നത്തെ കേരളമുണ്ടായത്. കേരളത്തിലെ ജന്മിത്ത വ്യവസ്ഥയ്ക്കെതിരായ പോരാട്ടങ്ങളിൽ സ്ത്രീകൾ അനുഭവിച്ചിരുന്ന യാതനകൾ ഏറെയാണ്. ഈ വ്യവസ്ഥകൾ ക്കെതിരെ നിയമം കൊണ്ടുവന്ന കേരളത്തിൽ ജന്മിത്വ വ്യവസ്ഥയ്ക്ക് അറുതി വരുത്തുവാനും, ജാതിഭ്രാന്ത്, ഉച്ച നീചത്വം, കുടിയൊഴിപ്പിക്കൽ ഇവയൊക്കെ ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞു. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി . അതു വഴി സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന ജാതിക്കാർക്കിടയിൽ നല്ലൊരു പങ്കിനു വിദ്യാഭ്യാസപരമായി മുന്നോട്ട് വരാൻ കഴിഞ്ഞു. ഈ വിദ്യാഭ്യാസപരമായ മാറ്റത്തിന് ആക്കം കൂട്ടുന്ന നയം തുടർന്നുവന്ന കോൺഗ്രസ് സർക്കാരുകൾക്കുണ്ടായില്ല.സ്ത്രീകൾക്ക് അർഹിക്കുന്ന നീതി നൽകാതെ സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങളാണ് അവർ സൃഷ്ടിച്ചെടുക്കാൻ ശ്രമിച്ചത്. ഉന്നത വിദ്യാഭ്യാസം നേടാൻ സാധിച്ചാൽ പോലും സമൂഹത്തിനകത്ത് സ്ത്രീകൾ ആക്രമിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.സ്ത്രീധനം ചോദിച്ചു വാങ്ങുന്നതും,അതു കൊടുത്തില്ലെങ്കിൽ കൊല്ലുന്നതുമായ ജുഗുപ്സാവഹമായ അവസ്ഥ സജീവമായി നിലനിൽക്കുന്നു. സ്ത്രീകൾ ഇതിനെതിരെ പ്രതികരിക്കാതിരിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് . ഇതിനെതിരെ പ്രതികരിച്ചാൽ സമൂഹത്തിൽ വില കുറഞ്ഞു പോകും എന്ന ചിന്ത മാറ്റി ഇത്തരം നീക്കങ്ങൾക്കെതിരെ സ്ത്രീകൾ ശക്തമായി പ്രതികരിക്കാൻ തയ്യാറാകണം. എങ്കിൽ മാത്രമേ ഈ അനീതികൾ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ കഴിയുകയുള്ളൂ . അടിയറവ് പറയുന്നതിന് പകരം പ്രതിരോധിക്കണം. ആക്രമണങ്ങളും അനീതികളും ഗോപ്യമാക്കി വയ്ക്കുന്നതിന് പകരം സധീരം തുറന്നു കാട്ടണം . സാമൂഹ്യ പ്രസ്ഥാനത്തിൻറെ വക്താക്കൾ എന്ന നിലയ്ക്ക് സ്ത്രീകൾ മാറി ചിന്തിച്ച് അതോടൊപ്പം ഒരു പരിഷ്കൃതസമൂഹം രൂപപ്പെടുത്താൻ വേണ്ടി നമ്മുടെ കുട്ടികളെയും മാറ്റി ചിന്തിക്കാൻ പഠിപ്പിക്കണം. സാമൂഹ്യ കാഴ്ചപ്പാടിലെ തെറ്റായ സൗന്ദര്യസങ്കല്പം കാരണമാണ് ആഭരണ ഭ്രമങ്ങളിൽ സ്ത്രീകൾ അകപ്പെടുന്നത്. സൗന്ദര്യം എന്നത് ആഭരണത്തിൽ അല്ല എന്നതും മനുഷ്യർ തമ്മിലുള്ള പരസ്പര ബഹുമാനത്തിലും സമൂഹനന്മക്കായുള്ള സഹകരണത്തിലുമാണെന്നും കുട്ടികളെ പഠിപ്പിക്കണം. തൊഴിലില്ലായ്മ മാറണമെങ്കിൽ തൊഴിലിന്റെ മൂല്യത്തെ കുറിച്ച് നല്ല ധാരണ ഉണ്ടാവണം. ജോലി എന്നത് ചെയ്യുന്ന ആളിൻ്റെ നിലനിൽപ്പിന് മാത്രമല്ല എന്നതും സമൂഹത്തിൻറെയും ,നാടിൻ്റെയും നിലനിൽപ്പിന് കൂടി വേണ്ടിയാണെന്നതും വളരുന്ന കുട്ടികളെ ബോധ്യപ്പെടുത്തണം. സ്ത്രീകൾക്കെതിരെയുള്ള അക്രമം ചെറുക്കുവാൻ കുട്ടികളെ ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം പഠിപ്പിച്ചു കൊടുക്കണം.പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്ക് ശിക്ഷ നേടി കൊടുക്കുവാനും കഴിയണം. സ്ത്രീകൾ മുന്നോട്ടു വരണമെങ്കിൽ ബോധമുള്ള വ്യക്തികളായി സാമൂഹ്യപ്രശ്നങ്ങളെ വിമർശനാത്മക രീതിയിൽ ഇടപെട്ടുകൊണ്ട് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ബോധവതിയായി പ്രവർത്തിക്കുകയും വേണം.പ്രശ്നങ്ങൾ ഉണ്ടായാൽ പ്രായോഗികതലത്തിൽ പരിശോധിക്കാൻ പറ്റുന്ന തലത്തിലുള്ള വിദ്യാഭ്യാസം സ്ത്രീകൾക്കിടയിൽ ഉണ്ടാകണം. വായിക്കുക. അറിവു നേടുക. അഭിപ്രായം രൂപീകരിക്കുക , പ്രകടിപ്പിക്കുക. അനീതിക്കെതിരെ ചെറുത്തു നിൽക്കുക സമൂഹത്തിനോടു ഉത്തരവാദിത്തം ഉണ്ടാവുക എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ശൈലജ ടീച്ചർ പ്രസംഗം അവസാനിപ്പിച്ചത് .

ഡോ. തേജൽ കനിത്കർ

തുടർന്ന് മുഖ്യഭാഷണം നിർവ്വഹിച്ച സാമൂഹ്യ പ്രവർത്തകയും വിദ്യാഭ്യാസ വിചക്ഷണയുമായ ഡോ. തേജൽ കനിത്കർ സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് വിശദീകരിച്ചു. സ്ത്രീകൾ സംഘടിത ശക്തിയിലൂടെ കൈവരിച്ച നേട്ടങ്ങളിൽ ആഘോഷിക്കാൻ ഇനിയും സമയമായിട്ടില്ലെന്നു o ഭാവിതലമുറയ്ക്ക് വേണ്ടി ലിംഗ നീതിക്കായുള്ള ചെറുത്തു നില്പും അവകാശ സമരവും ശക്തമായി തുടരേണ്ടത് അവരോടുള്ള ബാധ്യതയാണെന്നും ഡോ.തേജൽ കനിത്കർ ഓർമ്മിപ്പിച്ചു. ശാസ്ത്ര ബോധവും ശാസ്ത്രീയ ചിന്തയും സമൂഹത്തിൽ സ്വയം ഉളവാകുകയില്ല. അതൊരു സാമൂഹ്യ പ്രക്രിയയിലൂടെ ബോധപൂർവ്വം വളർത്തി കൊണ്ടു വന്നേ തീരൂ. അനാവശ്യമായ അതിർ വരമ്പുകളും , സ്ഥാപിത താൽപര്യങ്ങളോടെയുളള മറച്ചുവയ്ക്കലുകളും സ്വത്വ ബോധത്തോടെ എതിർക്കപ്പെടണം. സമത്വവും തുല്യ നീതിയും നിലവിൽ വരാൻ ശാസ്ത്ര ബോധം ഒരു അനിവാര്യതയാണെന്ന് തിരിച്ചറിയണമെന്നും അവർ കൂട്ടിച്ചേർത്തു. പ്രവീണ കെ.പി., ഡോ.തേജൽ കനിത്കറിനെ പരിചയപ്പെടുത്തി.

ബീന കെ.പി. അദ്ധ്യക്ഷ

‘ലിംഗ സമത്വത്തിൽ അധിഷ്ഠിതമായ സാമൂഹ്യക്രമം രൂപപ്പെടുത്തുക എന്ന ഹണിമോൾ പി. എസ്. അവതരിപ്പിച്ച് പ്രീജ പി. പിന്താങ്ങിയ പ്രമേയം സമ്മേളനം അംഗീകരിച്ചു. വരും വർഷങ്ങളിലെ പ്രവർത്തന രൂപരേഖയായി ലക്ഷ്മി സി. അവതരിപ്പിച്ച വനിതാ രേഖയ്ക്ക് ബിന്ദു എൻ. എസ്. പിന്തുണ നൽകി, സമ്മേളനം അംഗീകരിച്ചു. ലിംഗ നീതി, ലിംഗ സമത്വം, കുടുംബത്തിലെ ജനാധിപത്യവൽകരണം എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങൾ വനിതാരേഖ മുന്നോട്ടു വച്ചു. തുടർന്ന് എല്ലാ ജില്ലകളിൽ നിന്നും പ്രവർത്തകർ ചർച്ചയിൽ പങ്കെടുത്തു. നിത്യ പി.എം. ചർച്ച ക്രോഡീകരിച്ചു. അംഗങ്ങൾ ഒറ്റയ്ക്കും കൂട്ടായും ചിത്രീകരിച്ച് മനോഹരമായി കോർത്തിണക്കിയ ഗാനവും നൃത്തവും സമ്മേളനത്തിന് വർണ്ണഭംഗി പകർന്നു. കേന്ദ്ര കമ്മിറ്റി അംഗം ഹുസ്ന മുംതാസ് സ്വാഗതവും തിരുവനന്തപുരം ജില്ലാ കമമിറ്റി പ്രസിഡന്റ് സുമാ ശേഖർ കൃതജ്ഞതയും രേഖപ്പെടുത്തി.

ഹുസ്ന മുംതാസ് സ്വാഗതം