ഇടമൺ- കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം 2019 നവംബർ 18ന് അടൂരിൽ

418

ഇടമൺ- കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം 2019 നവംബർ 18ന് വൈകുന്നേരം 6 മണിക്ക് അടൂരിൽ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടക്കും. തടസ്സങ്ങൾ മാറ്റി പദ്ധതി യാഥാർത്ഥ്യമാക്കാൻ നേതൃത്വം നൽകിയ കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. കേരളത്തിന്റെ വികസന പ്രതീക്ഷകളെ ഏറെ മുന്നോട്ട് നയിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനമെന്ന ചരിത്ര നിമിഷത്തെ നെഞ്ചേറ്റാൻ ഒരുങ്ങുകയാണ് വൈദ്യുതി മേഖലയിലെ ജീവനക്കാർ. 3 വർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വൈദ്യുതി മന്ത്രി ശ്രീ.എം.എം മണി ഉദ്ഘാടന പരിപാടിയുടെ ഒരുക്കങ്ങൾ നടത്താൻ വൈദ്യുതി ബോർഡിന് നിർദ്ദേശം നൽകി.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടമണ്‍- കൊച്ചി 400 കെ.വി ഊര്‍ജ ഇടനാഴിയിലൂടെ 2019 സപ്തംബര്‍ 25ന് വൈകുന്നേരം 4.16 നു പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചിരുന്നു. 396MW വൈദ്യുതി ആണ് അന്ന് പ്രവഹിച്ചത്.

അന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ ഇങ്ങനെ കുറിച്ചു.
“ചരിത്രനിമിഷമാണിത്, നടക്കില്ലെന്ന് ഉറപ്പിച്ച് എഴുതി തള്ളിയിരുന്ന ഒരു പദ്ധതി കൂടി യാഥാര്‍ത്ഥ്യമാകുന്നു. ഇടമണ്‍- കൊച്ചി പവര്‍ഹൈവേ ചാര്‍ജ്ജ് ചെയ്തു തുടങ്ങി. നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ച ശേഷമാണ് ഇടമണ്‍ -കൊച്ചി വൈദ്യുതി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നത്. പവര്‍ഹൈവേ കമ്മീഷന്‍ ചെയ്യുന്നതോടെ കേരളത്തിലെ വൈദ്യുതി മേഖലയില്‍ വന്‍കുതിച്ചു ചാട്ടമാണ് ഉണ്ടാവുക. 800 മെഗാവാട്ട് അധികവൈദ്യുതി കേരളത്തിലെത്തിക്കാന്‍ കഴിയും. ഊര്‍ജ്ജപ്രസരണ നഷ്ടം പരമാവധി ഒഴിവാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ നേട്ടമായാണ് ഇടമണ്‍ -കൊച്ചി വൈദ്യുതി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതിനെ നോക്കി കാണുന്നത്.
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങളില്‍ തട്ടി നിലച്ച അവസ്ഥയിലായിരുന്നു പദ്ധതി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ആശങ്കകള്‍ പരിഹരിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.”

ആകെ 447 ടവറുകളാണ് പദ്ധതിയ്ക്കായി നിർമ്മിക്കേണ്ടിയിരുന്നത്‌. അതില്‍ 351 എണ്ണവും (78.5% ) പൂർത്തിയാക്കിയത് ഈ മൂന്നു വര്‍ഷത്തിനിടയിലാണ്. 96 (21.5%) എണ്ണമാണ് 2011-16 കാലത്ത് നടന്നത്. 148.3 കിലോമീറ്ററിലാണ് ആകെ ലൈന്‍ വലിക്കേണ്ടിയിരിക്കുന്നത്. 138.8 കിലോമീറ്ററും (93.5 %) പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരാണ്. 9.5 കിലോ മീറ്ററിലാണ് (6.5 %) 2011-16 കാലത്ത് ലൈന്‍ വലിച്ചത്.
തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തില്‍നിന്നു കേരളത്തിലേക്ക്‌ വൈദ്യുതി എത്തിക്കുന്നതിനുള്ള ലൈന്‍ നിര്‍മാണം സ്ഥലമുടമകളുടെ എതിര്‍പ്പ് മൂലം 13വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം തര്‍ക്കങ്ങള്‍ പരിഹരി ച്ച് 09.03.2017ല്‍ പുനരാരംഭിച്ച, നാല് ജില്ലകളിലൂടെ കടന്നുപോകുന്ന 148കി.മീ. ദൈര്‍ഘ്യവും 447 ടവറുകളുമുള്ള ഈ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 10.09.2019ല്‍ പൂര്‍ത്തിയായി.

ചാര്‍ജ്ജ് ചെയ്ത ആദ്യ ദിനം തന്നെ ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ ഉണ്ടാക്കിയ മാറ്റം വലുതാണ്. ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ പാലക്കാട്, കൊച്ചി, കോട്ടയം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ശരാശരി രണ്ട് കെ വി വോള്‍ട്ടേജ് വര്‍ധനവ് കഴിഞ്ഞ ദിവസം സാധ്യമായി. പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളില്‍ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു. പ്രസരണ നഷ്ടത്തിലും ഗണ്യമായി കുറവ് വരുന്നത് സംസ്ഥാനത്തിന് നേട്ടമാവും.