വികസന വഴിയില്‍ വിതരണമേഖല: ദ്യുതി പുരോഗതി അവലോകനം വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍

671

വിതരണ മേഖലയുടെ ആധുനികവത്കരണത്തിനായി ആവിഷ്കരിച്ച ദ്യുതി പദ്ധതിയുടെ ഉത്തര മലബാർ മേഖലയുടെ പുരോഗതി അവലോകനം വൈദ്യുതി മന്ത്രി എം.എം മണി നടത്തി. കണ്ണൂർ വൈദ്യുതി ഭവനിലെ കോൺഫറൻസ് മുറിയിലായിരുന്നു അവലോകനം. വൈദ്യുതി ബോർഡ് ചെയർമാൻ എൻഎസ് പിള്ള, വിതരണ വിഭാഗം ഡയറക്ടർ പി. കുമാരൻ, നോർത്ത് മലബാർ ചീഫ് എഞ്ചിനീയർ ആർ.രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ഐ.ടി യുടെയും എസ് സി.എം നേറെയും ചുമതലയുള്ള ചീഫ് എഞ്ചിനീയർമാരും അഡിഷണൽ പൈവറ്റ് സിക്രട്ടറി എം ജി സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു. ദ്യുതിയുടെ സംസ്ഥാന നോഡൽ ഓഫീസറും എക്സിക്യുട്ടീവ് എഞ്ചിനീയറുമായ മുഹമ്മദ് കാസിം ഇത് വരെയുള്ള പുരോഗതി വിവരിച്ചു.

വൈദ്യുതി എല്ലാ സമയത്തും ഗുണമേൻമയോടെ ലഭ്യമാക്കാനായി പുതിയ ഹൈടെൻഷൻ ഫീഡറുകൾ, ട്രാൻസ്ഫോർമറുകൾ, ഭൂഗർഭ കേബിളുകൾ, ഏരിയൽ ബഞ്ച്ഡ് കേബിളുകൾ, പഴകിയ ലൈനുകൾ മാറ്റൽ, കേബിളുകൾക്ക് റിങ്ങ് മെയിൻ യൂനിറ്റുകൾ, ഫാൾട്ട് പാസ്സ് ഡിറ്റക്റ്ററുകൾ തുടങ്ങി വിപുലമായ ആധുനികവത്കരണവും നവീകരണ പ്രവര്‍ത്തനങ്ങളുമാണ് വിതരണ മേഖലയിൽ 2021 വർഷത്തോടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനകം ചെയ്ത് തീർക്കേണ്ട കേന്ദ്ര പദ്ധതികൾക്ക് മുൻഗണന നൽകിയതും രണ്ട് വർഷങ്ങളിലായി വന്ന പ്രളയവും ദ്യുതി പദ്ധതിയുടെ പ്രവർത്തനം മന്ദഗതിയിലാക്കിയിരുന്നു. കേന്ദ്ര പദ്ധതികളും പ്രളയ പ്രവർത്തനങ്ങളും പ്രശംസാർഹമായ രീതിയിൽ പൂർത്തിയാക്കി. സമ്പൂർണ്ണ വൈദ്യുതീകരണം വിജയിപ്പിക്കുന്നതിൽ ജീവനക്കാരുടെ പങ്കും തമിഴ്നാട്, ഒഡീഷ സംസ്ഥാനങ്ങളിലെ കൊടുങ്കാറ്റിൽ തകർന്ന വിതരണ മേഖല പുന:സ്ഥാപിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ മുന്നിട്ടിറങ്ങിയതും അഭിമാനകരമാണെന്ന് മന്ത്രി എടുത്ത് പറഞ്ഞു.


നോഡല്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ പദ്ധതികള്‍കളുടെ പുരോഗതി വിലയിരുത്തല്‍ സര്‍ക്കിള്‍ തലത്തില്‍ കഴിഞ്ഞ മാസം പൂര്‍ത്തീകരിച്ചിരുന്നു. അതിനു ശേഷം മേഖലയിൽ നല്ല പുരോഗതിയുണ്ടാക്കാൻ സാധിച്ചതായി യോഗം വിലയിരുത്തി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 40 ശതമാനം ലക്ഷ്യം നേടി. ചില സെക്ഷനുകള്‍ നൂറ് ശതമാനം പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയാക്കി. വയനാട് ജില്ലയിലുൾപ്പെടെ ഡിസംബർ അവസാനത്തോടെ 70 ശതമാനം പൂർത്തിയാക്കാൻ ലക്ഷൃമിട്ടുള്ള കർമപദ്ധതിക്ക് രൂപം നൽകി.
മാർച്ച് മാസത്തോടെ കേടായ മീറ്റർ മാറ്റി തീർക്കാൻ ചെയർമാൻ നിർദ്ദേശം നൽകി. മേഖലയിലെ ഭൂരിഭാഗം സെക്ഷനുകള്‍ ഇതിനകം ഫാള്‍ട്ടി ഫ്രീ ആയി. സാധന സാമഗ്രികളുടെ ലഭ്യത ആവശ്യത്തിന് ഉറപ്പാക്കും.
യോഗത്തിൽ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർമാർ, എക്സിക്യുട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയമാർ എന്നിവർ അതാത് പ്രദേശങ്ങളിലെ പുരോഗതി അറിയിച്ചു. എല്ലാ മേഖലകളിലും ഡിസംബർ മാസത്തോടെ പദ്ധതി അവലോകനം പൂർത്തിയാക്കും.