വൈദ്യുതി താരിഫ് പരിഷ്കരണം-പൊതു തെളിവെടുപ്പ് പൂർത്തിയായി

48

2023 – 24 മുതൽ 2026 – 27 വരെയുള്ള സംസ്ഥാനത്തെ വൈദ്യുതി റീട്ടൈൽ താരീഫ്, ബൾക്ക് സപ്ലെ താരീഫ്, മറ്റ് ചാർജ്ജുകൾ എന്നിവ പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയടക്കമുള്ള വിതരണ കമ്പനികൾ കെ.എസ്.ഇ.ആർ.സി.ക്ക് സമർപ്പിച്ച പെറ്റീഷനുമുകളിലുള്ള പൊതു തെളിവെടുപ്പ് മെയ് 15 ന് പൂർത്തിയായി. മെയ് 8, 9, 10, 15 തീയതികളിൽ യഥാക്രമം കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ വെച്ചാണ് റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് സംഘടിപ്പിച്ചിരുന്നത്.
കെ എസ് ഇ ബി സമർപ്പിച്ചിരിക്കുന്ന താരിഫ് പെറ്റീഷനും, നിലവിലെ താരീഫും വിശദമായ പരിശോധനയ്ക്ക് വിധേയമാകുകയും, ജില്ലകളിലെ സംഘടനാംഗങ്ങളുടെ അഭിപ്രായങ്ങൾ കൂടി ക്രോഡീകരിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ സംഘടന ഈ നാല് പബ്ലിക്ക് ഹിയറിംഗുകളിലും അവതരണം നടത്തിയിരുന്നു. താരിഫ് പരിഷ്ക്കരണ നിർദ്ദേശങ്ങൾ പൊതുവിൽ സ്വാഗതം ചെയ്യുകയും കാലാനുസൃതവും വൈദ്യുതി നിരക്കിനെ പുരോഗമനപരമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന താരിഫ് ഘടന ഉണ്ടാവുകയും ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു.
താരിഫ് പരിഷ്കരണം സംബന്ധിച്ച സംഘടനയുടെ പൊതു കാഴ്ച്ചപ്പാടാണ് കോഴിക്കോട് അവതരിപ്പിച്ചത്. പാലക്കാടും എറണാകുളത്തും താരിഫ് ഘടന സംബന്ധിച്ചും, താരിഫ് ഘടനയിൽ വരുത്തേണ്ട മാറ്റങ്ങളും കൂട്ടിചേർക്കലുകളും സംബന്ധിച്ചുമുള്ള നിർദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. തിരുവനന്തപുരത്ത് നടന്ന ഹിയറിംഗിൽ താരിഫ് നിർദേശങ്ങളുടെ ക്രോഡീകരണവും ഗ്രീൻ താരിഫ് സംബന്ധിച്ച അഭിപ്രായങ്ങളുമാണ് അവതരിപ്പിച്ചത്. ശ്രീ. ഇ മനോജ് (കോഴിക്കോട്), ശ്രീമതി ലേഖ എസ് നായർ (പാലക്കാട്), ശ്രീ. നന്ദകുമാർ എൻ (എറണാകുളം), ശ്രീ എം.ജി. സുരേഷ്‌കുമാർ (തിരുവനന്തപുരം) എന്നിവരാണ് പൊതു തെളിവെടുപ്പിൽ സംഘടനയെ പ്രതിനിധീകരിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.