കേരളീയം – കേരളത്തിന്റെ ഉത്സവം

കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഒരാഴ്ചക്കാലം നമ്മുടെ തലസ്ഥാന നഗരിയിൽ ‘കേരളീയം 2023’ മഹോത്സവം നടക്കുകയാണ്. കേരളം ഒരു സംസ്ഥാനം എന്ന നിലയ്ക്ക് ആർജ്ജിച്ച സമസ്ത നേട്ടങ്ങളും സാംസ്‌കാരിക തനിമയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം കൊണ്ട് ഉദ്ദേശിക്കുന്നത്.

ലോകത്തുതന്നെ അത്യപൂർവം ഭാഗങ്ങളിലുള്ള ദേശങ്ങൾക്കു മാത്രം സ്വായത്തമാക്കാൻ കഴിഞ്ഞ നേട്ടങ്ങളുള്ള നാടാണ് നമ്മുടേത്. ചരിത്രപരമായ പ്രത്യേകതകൾ കൊണ്ടും സാംസ്‌കാരിക സവിശേഷതകൾ കൊണ്ടും ആർജിച്ച നേട്ടങ്ങൾ കൊണ്ടുമൊക്കെ കേരളം വേറിട്ടുനിൽക്കുന്നു. അങ്ങനെയുള്ള ഒരു നാടിനെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുക എന്നതാണ് ‘കേരളീയം 2023’ മുന്നോട്ടുവയ്ക്കുന്ന ആശയം.

‘കേരളീയത’ ഒരു വികാരമാവണം. ആ വികാരത്തിൽ കേരളീയരാകെ ഒരുമിക്കണം. തീർച്ചയായും ഭാരതീയതയുടെ ഭാഗമായിത്തന്നെ നിൽക്കുന്ന, ഭാരതത്തിനാകെ അഭിമാനം നൽകുന്ന, കേരളീയത എന്താണെന്ന് ലോകമറിയണം. കേരളീയത്തിലേക്കു ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൊബേൽ ജേതാക്കളടക്കമുള്ള അതിപ്രഗത്ഭർ എത്തുകയാണ്. ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള പ്രമുഖരുടെ സാന്നിധ്യം നമുക്ക് പ്രയോജനപ്പെടുത്തണം. അവർ തിരികെപ്പോയി കേരളത്തെക്കുറിച്ച് സ്വന്തം നാടുകളിൽ പറയുന്നത്, എഴുതുന്നത് ഒക്കെ കേരളത്തിന്റെ ഭാവിക്കും വളരെയേറെ പ്രയോജനപ്പെടും.

മാറുന്ന കാലത്തിനനുസരിച്ച് അതിവേഗം മുന്നോട്ടു നീങ്ങുന്ന സമൂഹമാണ് കേരളം. ഒട്ടേറെ കാര്യങ്ങളിൽ ഇപ്പോൾതന്നെ നമ്മൾ ലോകത്തിനു മാതൃകയാണ്. സാക്ഷരത, പൊതുജനാരോഗ്യം, ആയുർദൈർഘ്യം, മാതൃ-ശിശു മരണനിരക്കിലെ കുറവ്, ക്ഷേമ പെൻഷനുകൾ, കലാ-സാഹിത്യ സാംസ്‌കാരിക മികവ്, വിദ്യാഭ്യാസ – ആരോഗ്യ രംഗങ്ങളിലെ ആധുനിക സംവിധാനങ്ങൾ, സ്ത്രീ – പുരുഷ സമഭാവന, ട്രാൻസ്‌ജെൻഡറുകളെ അടക്കം ഉൾച്ചേർക്കുന്ന പുരോഗതി, അധികാരവികേന്ദ്രീകരണം, ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണവും നിർവഹണവും, ഉയർന്ന ജീവിതനിലവാരം, ശാസ്ത്രബോധം എന്നിങ്ങനെ നിരവധി നേട്ടങ്ങൾ നമ്മുടേതായുണ്ട്.

ഇതിനൊപ്പം, ഭേദചിന്തകൾക്കതീതമായ സാമൂഹികാവബോധം, സമഭാവന, മതനിരപേക്ഷത, പാരസ്പര്യത്തിലൂന്നിയ സാമൂഹികാന്തരീക്ഷം, സമാധാനാന്തരീക്ഷം എന്നിവയും നമ്മുടെ പ്രത്യേകതകളാണ്. ഇങ്ങനെ ഭൗതികവും മാനസികവുമായ പുരോഗതി ഒരുപോലെ ആർജിച്ച സമൂഹമാണ് കേരളം. ഈ പ്രത്യേകതകൾ ലോകമറിയുന്നതിന് ‘കേരളീയം 23’ ഉപകരിക്കും.

ഇരുട്ടിലായിപ്പോയ ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്. അവിടെനിന്നും നവോത്ഥാന – പുരോഗമന – രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നമ്മളെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തി. മനുഷ്യനെ മനുഷ്യനായി കാണാനും മനുഷ്യാന്തസ്സിന്റെ മഹത്വം മനസ്സിലാക്കാനും ആ സാമൂഹിക മുന്നേറ്റങ്ങൾ നമ്മളെ സഹായിച്ചു. ഐക്യകേരളം രൂപപ്പെടുമ്പോൾ തന്നെ, സമൃദ്ധമായ ഈ ചരിത്രം ഭാവികേരളം എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാടിന് വലിയ സംഭാവന നൽകിയിരുന്നു. അതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതാകും കേരളീയം.

മലയാളിസമൂഹം എന്നത് കേരളത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ഭൂഖണ്ഡാന്തരങ്ങളിലേക്ക് ആ സമൂഹം വളർന്നു പന്തലിച്ചു. ലോകമലയാളി എന്നുള്ള സങ്കൽപ്പം തന്നെ ഉയർന്നുവന്നു. എത്തിച്ചേർന്ന ദേശങ്ങളിലെല്ലാം ആ നാടിന്റെ സാമൂഹിക മുന്നേറ്റത്തിൽ മലയാളിസമൂഹവും വലിയ പങ്കുവഹിച്ചു. ആ നാടുകൾക്ക് നമ്മളോട് വലിയ താൽപര്യമുണ്ട്.

സഹസ്രാബ്ദങ്ങൾക്കു മുമ്പുതന്നെ അന്യനാടുകളുമായി വാണിജ്യബന്ധം നമ്മൾ കാത്തുസൂക്ഷിച്ചിരുന്നു. ആ ബന്ധത്തിലൂടെ വന്നിറങ്ങിയത് വാണിജ്യ വസ്തുക്കൾ മാത്രമല്ല, ലോകത്തിന്റെ പല കോണുകളിലുണ്ടായ സംസ്‌കാരങ്ങൾ കൂടിയാണ്. അവയിലെ നല്ല അംശങ്ങളെ സ്വാംശീകരിക്കാനും നമ്മുടെ നാടിന്റെ സവിശേഷതകൾ മറ്റുള്ളവർക്ക് പകർന്നുനൽകാനും കഴിഞ്ഞിട്ടുണ്ട്. സമ്പന്നമായ ഈ സാമൂഹിക – സാംസ്‌കാരിക പൈതൃകവും സവിശേഷമായ പ്രകൃതിസൗന്ദര്യവും ലോകത്തിനു മുന്നിൽ നന്നായി അവതരിപ്പിക്കേണ്ടതുണ്ട്.

ലോകം ശ്രദ്ധിച്ച കേരളവികസന മാതൃകയുടെ നേട്ടങ്ങളിൽ ഊന്നിനിന്നുകൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ കേരളം ഏറ്റെടുക്കുകയാണ്. നാലാം വ്യാവസായിക വിപ്ലവവും നിർമ്മിതബുദ്ധിയും മെഷീൻ ലേണിംഗുമെല്ലാം ലോകത്തിന്റെ ചിന്താഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിണമിക്കാൻ ഒരുങ്ങുന്നത്. കേരളം മുന്നോട്ടുവയ്ക്കുന്ന ബദൽ വികസന മാതൃകകൾ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കാനും, ലോക വൈജ്ഞാനിക രംഗത്തു നിന്നും കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളാനും, പുത്തൻ അറിവിന്റെയും അവസരങ്ങളുടെയും ലോകം എന്തെന്ന് തിരിച്ചറിയാനും കേരളീയം വഴിയൊരുക്കും.

കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും അതിലടങ്ങിയിരിക്കുന്ന ക്ലാസിക്കൽ കലാരൂപങ്ങളെയും പ്രാക്തന കലാരൂപങ്ങളെയും ലോകം മനസ്സിലാക്കും. കേരളത്തിന്റെ സമഗ്രമായ വികസന കാഴ്ചപ്പാടിനെ കേരളീയം ഉത്തേജിപ്പിക്കുകതന്നെ ചെയ്യും. അങ്ങനെ അടുത്ത 25 വർഷത്തിൽ വികസിത മധ്യവരുമാന രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് എത്തുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിന് അത് ഊർജ്ജം പകരും.

കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള പ്രചാരണങ്ങൾ ഉണ്ടാകുന്ന കാലമാണിത്. മതനിരപേക്ഷമായി നിലനിൽക്കുന്ന നമ്മുടെ സമൂഹം കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടി അവിടേക്ക് വർഗ്ഗീയതയുടെ വിഷം കുത്തിവയ്ക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. ഇതെല്ലാം വെറും കുപ്രചരണങ്ങൾ മാത്രമാണെന്നും യഥാർത്ഥ കേരളം എന്തെന്നും ലോകസമക്ഷം ഉയർത്തിക്കാട്ടാൻ കേരളീയത്തിനു കഴിയും.

കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു മഹോത്സവമാണ് നടക്കാൻ പോകുന്നത്. കേരളീയർ എന്ന നിലയിലുള്ള നമ്മുടെ അഭിമാനബോധം വർദ്ധിപ്പിക്കുന്ന ഒന്നാവും കേരളീയം. വരാൻ പോകുന്ന കാലത്ത് ലോകരംഗത്ത് കേരളത്തിന്റെ സ്വീകാര്യത ഉയർത്തുന്ന മഹത്തായ സംരംഭം എന്ന നിലയ്ക്കാണ് ജനമനസ്സിൽ കേരളീയം സ്ഥാനംപിടിക്കാൻ പോകുന്നത്.