നോബേല്‍ പ്രൈസ് -വിവേചനത്തിനെതിരേയുള്ള വനിതാമുന്നേറ്റം

292

ഇറാനിലെ നീതിക്കായുള്ള പോരാട്ടത്തിന് സമാധാന നോബേല്‍:

അസമത്വവും അനീതികളും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും അടിച്ചമർത്തലുകളും കൂടിവരുന്ന സാഹചര്യത്തിൽ 2023 ലെ നൊബേൽ പുരസ്‌കാരങ്ങൾ രണ്ടു വനിതകൾക്ക് ലഭിച്ചിരിക്കുന്നു എന്നുള്ളത് തികച്ചും ആശാവഹമാണ്‌.

ഇറാൻ തടവറയിലുള്ള മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്കാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ.സമാധാന നൊബേലിന് അർഹയായ 19ാമത്തെ വനിതയാണ്. ഇറാനിൽ സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകൾക്കെതിരെയും മനുഷ്യാവകാശം സംരക്ഷിക്കാനും അവർ നടത്തുന്ന പോരാട്ടമാണ് പുരസ്കാരത്തിന് അർഹയാക്കിയത്. 13 തവണ അറസ്റ്റിൽ ആവുകയും അഞ്ചുതവണ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്ത നർഗീസ് തെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിലാണ് ഇപ്പോഴുള്ളത്. 31 വർഷം തടവും 154 ചാട്ടവാറടിയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനമാണ് ഭരണനേതൃത്വം ചുമത്തിരിക്കുന്ന കുറ്റം. ഹിജാബ്‌ ശരിയായി ധരിച്ചില്ലെന്ന്‌ ആരോപിച്ച്‌ ഇറാനിൽ മതകാര്യ പൊലീസ്‌ കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന കുർദിഷ്‌ യുവതിയുടെ ദാരുണ മരണത്തിന് ഒരാണ്ട് തികയുമ്പോഴാണ് സമാധാനത്തിനുള്ള നൊബേൽ നര്‍ഗീസ് മുഹമ്മദിയെ തേടി ഇറാനിയൻ തടവറയിലേക്കെത്തിയിരിക്കുന്നത്. നര്‍ഗീസ് മുഹമ്മദി എന്ന ഇറാന്‍ സാമൂഹിക പ്രവര്‍ത്തക തന്റെ പഠന കാലത്തുതന്നെ ഇറാന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു, 13 തവണ തടവിലാക്കപ്പെട്ടത് ഇവരോടുള്ള ഭരണകൂട സമീപനത്തിന്റെ തെളിവാണ്. പരിഷ്‌കരണ വാദ പ്രസിദ്ധീകരണങ്ങളില്‍ മാധ്യമ പ്രവര്‍ത്തകയായി നര്‍ഗീസ് നടത്തിയ ഇടപെടലുകള്‍ അധികൃതരെ പ്രകോപിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇറാനിലെ നിരോധിത ‘ഡിഫന്‍ഡേഴ്സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സെന്റര്‍’ വൈസ് പ്രസിഡന്റായിരുന്നു. ഇതിന്റെ സ്ഥാപക ഷിറിന്‍ ഇബാദിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

കസ്റ്റഡിയിലിരിക്കെ തലയ്‌ക്കേറ്റ ക്ഷതത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം സെപ്തംബർ 16നാണ് മഹ്സമരിച്ചത്. ഇത് ഇറാനില്‍ വലിയ ജനകീയ പ്രതിഷേധത്തിന് വഴിയിട്ടു. ഈ പ്രതിഷേധങ്ങളുടെ പേരിലും നര്‍ഗീസ് ജയിലിലായിരുന്നു. സ്ത്രീകളുടെ ന്യായമായ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും, ലിംഗഭേദമന്യേ എല്ലാവരുടെയും മനുഷ്യാവകാശങ്ങൾക്കും ഇറാനിൽ സർവ സാധാരണമായി നടപ്പാക്കിപോന്നിട്ടുള്ള വധശിക്ഷ നിരോധിക്കുന്നതിനും ഏകാന്ത തടവ് നിർത്തലാക്കുന്നതിനും മൂന്നു പതിറ്റാണ്ടായി നർഗീസ് പോരാടുന്നു. സ്ത്രീകൾക്കു നേരെയുള്ള അനീതിക്കും വിവേചനത്തിനും അടിച്ചമർത്തലിനും പേരുകേട്ട ഇറാനിലെ മത ഭരണ കൂടം സമ്മാനിച്ച തടവറ ജീവിതവും അതിനിടെ വന്നുപെട്ട രോഗങ്ങളും അവരുടെ ജീവിതാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഭർത്താവിൽനിന്നും മക്കളിൽ നിന്നും അകന്നു ഏകാന്ത തടവിൽ കഴിയുന്ന നർഗീസിന്റെ ഈ പുരസ്‌കാരലബ്ധി അവരുടെ ആത്മബലത്തിനുള്ള അംഗീകാരം കൂടിയാണ്. വ്യക്തിപരമായ വലിയ നഷ്ടങ്ങളെ മറികടന്നാണ് നർഗീസ് മുഹമ്മദി അവകാശ പോരാട്ടം നടത്തുന്നത്. ജനാധിപത്യത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയുള്ള പോരാട്ടം ഞാനൊരിക്കലും അവസാനിപ്പിക്കില്ല. സ്ത്രീകളുടെ വിമോചനം സാധ്യമാകുന്നത് വരെ മർദ്ദകമതഭരണകൂടത്തിന്റെ നിഷ്ഠൂര വിവേചനത്തിനും സ്വേച്ഛാധിപത്യത്തിനും ലിംഗാസ്പദ അടിച്ചമർത്തലുകൾക്കുമെതിരെയുള്ള അടരാടല്‍ ഞാൻ തുടരുക തന്നെ ചെയ്യും”.എന്നവർ ഉറപ്പിച്ചു പറയുന്നു.

തൊഴില്‍ മേഖലയിലെ സ്ത്രീകള്‍സാമ്പത്തിക നോബേല്‍

ഒരു രാജ്യത്തിൻറെ സാമ്പത്തിക പുരോഗതി എന്നുള്ളത് ആ രാജ്യത്തെ തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ കൂടി ആശ്രയിച്ചിരിക്കുന്നു.പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറഞ്ഞ ശതമാനം സ്ത്രീകൾ മാത്രമേ തൊഴിൽ രംഗത്തേക്ക് ഇറങ്ങുന്നുള്ളൂ മാത്രമല്ല അവരുടെ വേതനം പുരുഷന്മാരുടേതിനേക്കാൾ കുറവാണ്. 2023 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നത് അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസറായ ക്ലോഡിയ ഗോൾഡിനാണ്. പുരസ്‍കാരത്തിന് അർഹയാകുന്ന മൂന്നാമത്തെ വനിതയാണ്. സ്ത്രീകളുടെ തൊഴിൽ വിപണിയിലെ പങ്കാളിത്തത്തെ കുറിച്ചുള്ള പഠനങ്ങളും വിലയിരുത്തലുകളും കണക്കിലെടുത്താണ് പുരസ്ക്കാരം. നൂറ്റാണ്ടുകളിലൂടെയുള്ള സ്ത്രീകളുടെ വരുമാനത്തെയും തൊഴിൽ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ കണക്കുകൾ,കാലക്രമേണ വരുമാനത്തിലും തൊഴിൽ നിരക്കിലുമുള്ള ലിംഗ വ്യത്യാസങ്ങൾ എങ്ങനെ, എന്തുകൊണ്ട് മാറിയെന്ന് അവരുടെ ഗവേഷണം വെളിപ്പെടുത്തുന്നു.

തൊഴിൽ വിപണിയിലെ സ്ത്രീ പങ്കാളിത്തം ഈ മുഴുവൻ കാലഘട്ടത്തിലും ഉയർന്ന പ്രവണതയില്ലെന്ന് ഗോൾഡിൻ പറയുന്നു, പകരം U- ആകൃതിയിലുള്ളതാണെന്നു സൂചിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു കാർഷിക സമൂഹത്തിൽ നിന്ന് വ്യാവസായിക സമൂഹത്തിലേക്കുള്ള പരിവർത്തനത്തോടെ വിവാഹിതരായ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞു, എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സേവന മേഖലയുടെ വളർച്ചയോടെ അത് വർദ്ധിക്കാൻ തുടങ്ങി. വീടിനും കുടുംബത്തിനും വേണ്ടിയുള്ള സ്ത്രീകളുടെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ച ഘടനാപരമായ മാറ്റത്തിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മാനദണ്ഡങ്ങളുടെയും ഫലമായി ഗോൾഡിൻ ഈ മാതൃക വിശദീകരിച്ചു.

ഇരുപതാം നൂറ്റാണ്ടിൽ, സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം തുടർച്ചയായി വർദ്ധിച്ചു, മിക്ക ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലും അവർ ഇപ്പോൾ പുരുഷന്മാരേക്കാൾ ഗണ്യമായി ഉയർന്നതാണ്. ഈ വിപ്ലവകരമായ മാറ്റത്തെ ത്വരിതപ്പെടുത്തുന്നതിൽ ഗർഭനിരോധന ഗുളികകകളുടെ ഉപയോഗം, കരിയർ പ്ലാനിംഗിന് പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്തുവെന്ന് ഗോൾഡിൻ ഗവേഷണത്തിൽ തെളിയിച്ചു. ആധുനികവൽക്കരണവും സാമ്പത്തിക വളർച്ചയും ഇരുപതാം നൂറ്റാണ്ടിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന അനുപാതവും ഉണ്ടായിരുന്നിട്ടും, വളരെക്കാലമായി സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വരുമാന വിടവ് കൂടുതൽ തന്നെയായിരുന്നു. ഗോൾഡിൻ പറയുന്നതനുസരിച്ച്, ആജീവനാന്ത തൊഴിൽ അവസരങ്ങളെ സ്വാധീനിക്കുന്ന വിദ്യാഭ്യാസ തീരുമാനങ്ങൾ താരതമ്യേന ചെറുപ്പത്തിൽ തന്നെ എടുക്കപ്പെടുന്നു എന്നതാണ്. യുവതികളുടെ പ്രതീക്ഷകൾ മുൻ തലമുറകളുടെ അനുഭവങ്ങളാൽ രൂപപ്പെട്ടതാണെങ്കിൽ – ഉദാഹരണത്തിന്, കുട്ടികൾ വലുതാകുന്നതുവരെ ജോലിക്ക് പോകാത്ത അവരുടെ അമ്മമാർ – വികസനം മന്ദഗതിയിലാകും എന്നവർ സൂചിപ്പിക്കുന്നു.

ചരിത്രപരമായി, വരുമാനത്തിലെ ലിംഗ വ്യത്യാസത്തിന്റെ ഭൂരിഭാഗവും വിദ്യാഭ്യാസത്തിലെയും തൊഴിൽപരമായ തിരഞ്ഞെടുപ്പുകളിലെയും വ്യത്യാസങ്ങളാൽ തന്നെയാണ് എന്നിരുന്നാലും, ഈ വരുമാന വ്യത്യാസത്തിന്റെ ഭൂരിഭാഗവും ഇപ്പോൾ ഒരേ തൊഴിലിലുള്ള പുരുഷന്മാരും സ്ത്രീകളും തമ്മിലാണെന്നും, ഇത് പ്രധാനമായും ആദ്യത്തെ കുട്ടിയുടെ ജനനത്തോടെയാണെന്നും ഗോൾഡിൻ തെളിയിച്ചു.ക്ലോഡിയ യുടെ അഭിപ്രായത്തിൽ “സ്ത്രീകൾ അവരുടെ ജോലിയുടെ കാര്യത്തിൽ പിന്നോട്ട് പോകുന്നതിനാൽ പുരുഷന്മാർക്ക് കുടുംബം നേടാനും മുന്നോട്ടുപോകാനും കഴിയും, എന്നാൽ രണ്ടുപേരും നഷ്ടപ്പെട്ടവരാണ്. പുരുഷന്മാർ അവരുടെ കുടുംബത്തോടൊപ്പം സമയം ഉപേക്ഷിക്കുന്നു, സ്ത്രീകൾ പലപ്പോഴും അവരുടെ കരിയർ ഉപേക്ഷിക്കുന്നു.”

സ്ത്രീകളെയും സമ്പദ്‌വ്യവസ്ഥയെയും കുറിച്ചുള്ള ചരിത്രപരമായ പഠന പ്രവർത്തനങ്ങളിലൂടെയാണ് ഗോൾഡിൻ അറിയപ്പെടുന്നത്.തൊഴിലിനും കുടുംബത്തിനും വേണ്ടിയുള്ള സ്ത്രീകളുടെ അന്വേഷണത്തിന്റെ ചരിത്രം, ഉന്നതവിദ്യാഭ്യാസത്തിലെ സഹവിദ്യാഭ്യാസം,സ്ത്രീകളുടെ കരിയറിലും വിവാഹ തീരുമാനങ്ങളിലും ഗർഭനിരോധന ഗുളികയുടെ സ്വാധീനം , ഒരു സാമൂഹിക സൂചകമെന്ന നിലയിൽ വിവാഹശേഷമുള്ള സ്ത്രീകളുടെ കുടുംബപ്പേരുകൾ, ഇപ്പോൾ ഭൂരിഭാഗം സ്‌ത്രീകളും ബിരുദധാരികൾ ആയതിന്റെ കാരണങ്ങൾ സ്ത്രീകളുടെ തൊഴിലിന്റെ പുതിയ ജീവിതചക്രം എന്നിവ അവർ പ്രസിദ്ധീകരിച്ച രേഖകളിൽ കാണാം.യുഎസ് ദക്ഷിണ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തിയാണ് ഗോൾഡിൻ തന്റെ കരിയർ ആരംഭിച്ചത്. ആദ്യ പുസ്തകം, അർബൻ സ്ലേവറി ഇൻ ദി അമേരിക്കൻ സൗത്ത്, ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ അവരുടെ പിഎച്ച്ഡി പ്രബന്ധമായിരുന്നു. വളരെയധികം പ്രബന്ധങ്ങൾ അവർ രചിച്ചിട്ടുണ്ട്,അതിൽ പ്രധാനപ്പെട്ടവ ഇവയാണ്.”മോണിറ്ററിംഗ് കോസ്റ്റ്സ് ആൻഡ് ഒക്യുപേഷണൽ സിഗ്രിഗേഷന് ബൈ സെക്സ് ” , “ലൈഫ് സൈക്കിൾ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ ഓഫ് മാരീഡ് വുമൺ “ദി റോൾ ഓഫ് വേൾഡ് വാർ II ഇൻ ദി റൈസ് ഓഫ് വുമൺ എംപവര്‍മെന്റ്.

ഈ രണ്ടു നൊബേൽ നേട്ടങ്ങളും ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ലിംഗാധിഷ്ഠിത വിവേചനത്തിന്റെ ഉന്മൂലനത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്ക് ശക്തി പകരുന്നതാണ്.