മാർക്കറ്റ് കപ്ലിംഗ് രാജ്യത്തെ ഊർജ്ജ മേഖലയ്ക്ക് അനിവാര്യമോ ?

133

ഇന്ത്യൻ എനർജി എക്സ്ചേഞ്ച് (IEX), പവർ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് (PXIL), ഹിന്ദുസ്ഥാൻ എനർജ്ജി എക്സ്ചേഞ്ച് (HEX) എന്നീ പവർ എക്സ്ചേഞ്ചുകൾ വഴിയാണ് രാജ്യത്തെ പവർമാർക്കറ്റ് പ്രവർത്തിച്ചു വരുന്നത്. നിലവിൽ ഈ മാർക്കറ്റുകൾ പൂർണ്ണ സ്വതന്ത്രമായി പ്രവർത്തിയ്ക്കുന്നവയും മാർക്കറ്റിലുള്ള വൈദ്യുതിയുടെ വാങ്ങൽ /വിൽക്കൽ പങ്കാളിത്തം പൂർണ്ണമായും ഉപഭോക്താക്കളുടെയും വിൽപ്പനക്കാരുടെയും ഇഷ്ടാനുസരണം നടത്താവുന്നതുമാണ്. എന്നാൽ ഈ സംവിധാനത്തിൽ വലിയ മാറ്റം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തെ മുഴുവൻ ഉത്പാദന നിലയങ്ങളും കേന്ദ്രീകൃതമായ ഒരു സംവിധാനത്തിന്റെ പൂർണ്ണ നിയന്ത്രണത്തിൽ എത്തിയ്ക്കാനും ഇങ്ങനെ വരുന്ന ഉത്പാദന ശേഷി പവർ മാർക്കറ്റ് വഴി യഥേഷ്ടം വിറ്റഴിയ്ക്കാനുള്ള സംവിധാനം (മാർക്കറ്റ് ബേസ്ഡ് എക്കണോമിക്ക് ഡസ്പാച്ച്) ഒരുക്കിയെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചു വരുന്നത്. ഇങ്ങനെ മാർക്കറ്റ് ബേസ്ഡ് എക്കണോമിക്ക് ഡസ്പാച്ച് നടപ്പിലാക്കിയെടുക്കുന്നതിന് മുന്നോടിയായാണ് മാർക്കറ്റ് കപ്ലിംഗ് എന്ന പേരിൽ മൂന്ന് പവർ എക്സ്ചേഞ്ചുകളിലേയും മാർക്കറ്റ് ക്ലിയറിംഗ് പ്രൈസ് ഏകീകരിക്കാൻ നോക്കുന്നത്.

മാർക്കറ്റ് കപ്ലിംഗ് അഥവാ പ്രൈസ് കപ്ലിംഗ്

രാജ്യത്തെ നിലവിലുള്ള മൂന്ന് പവർ എക്സ്ചേഞ്ചുകളും സ്വതന്ത്രസ്വഭാവത്തിൽ പ്രവർത്തിയ്ക്കുന്നതുകൊണ്ട് തന്നെ ഓരോ 15 മിനിറ്റ് ബ്ലോക്കിലേയ്ക്കും തികച്ചും വ്യത്യസ്തമായ മാർക്കറ്റ് ക്ലിയറിംഗ് പ്രൈസുകളാണ് ആണ് ഇവയോരോന്നിലും നിശ്ചയിക്കപ്പെടുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി മൂന്ന് എക്സ്ചേഞ്ചിലും ലഭിയ്ക്കുന്ന ബിഡ്ഡുകൾ ഒരുമിച്ച് പരിഗണിച്ച് (ബിഡ്ഡ് മാച്ചിംഗ്) ഒരു ഏകീകൃത മാർക്കറ്റ് ക്ലിയറിംഗ് പ്രൈസിലേയ്ക്ക് എത്തുന്ന രീതിയാണ് മാർക്കറ്റ് കപ്ലിംഗ്. സി.ഇ.ആർ.സി പവർ മാർക്കറ്റ് റെഗുലേഷൻ 2021 (PMR 2021) ന്റെ 37 മുതൽ 39 വരെയുള്ള റെഗുലേഷനുകൾ മാർക്കറ്റ് കപ്ലിംഗ് പ്രാവർത്തികമാക്കാനുള്ള നിബന്ധകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ ആകെ ഉത്പാദിപിക്കപ്പെടുന്ന വൈദ്യുതിയുടെ 7 ശതമാനത്തോളമാണ് പവർ എക്സ്ചേഞ്ചുകളിലൂടെ വിൽപ്പനയാവുന്നത്. ഇതിന്റെ 88 ശതമാനത്തോളം വ്യാപാരവും നടക്കുന്നത് ഇന്ത്യൻ എനർജി എക്സ്ചേഞ്ചിലാണ് എന്നതുകൊണ്ട് തന്നെ മാർക്കറ്റ് കപ്ലിംഗ് നടപ്പിലായാൽ IEX ന്റെ ഈ മേഖലയിലെ മേൽക്കൈ നഷ്ടപ്പെട്ടേക്കും. മാർക്കറ്റ് കപ്ലിംഗ് സംബന്ധിച്ച കൺസൾട്ടേഷൻ പേപ്പർ തയ്യാറാക്കാൻ CERC യോട് കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ട ദിവസം തന്നെ ഇന്ത്യൻ ഷെയർ മാർക്കറ്റിൽ IEX ന്റെ ഷെയർപ്രൈസിന് 18 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.

ചിത്രം 1 – 2022-23 വർഷം എക്സ്ചേഞ്ചുകളിൽ നടന്ന ട്രേഡിംഗിന്റെ ഷെയർ വോള്യം

മാർക്കറ്റ് ക്ലിയറിംഗ് പ്രൈസും ക്ലിയറിംഗ് വോള്യവും– ഒരോ 15 മിനിറ്റ് ബ്ലോക്കിലെയും വൈദ്യുതി ലഭ്യതയുടെ അളവും വൈദ്യുതി ആവശ്യകതയുടെ അളവും തുല്യമാവുന്ന സന്ദർഭത്തിലെ വൈദ്യുതി വിലയാണ് ആ ബ്ലോക്കിലെ മാർക്കറ്റ് ക്ലിയറിംഗ് പ്രൈസ്. അതേ സന്ദർഭത്തിലെ വൈദ്യുതിയുടെ അളവാണ് മാർക്കറ്റ് ക്ലിയറിംഗ് വോള്യം. ഉദാഹരണത്തിനായി വില കൂടുന്നതനുസരിച്ച് ഡിമാന്റ് കുറയുന്നതായും സപ്ലൈ കൂടുന്നതായും കാണാം. അതു കൊണ്ട് തന്നെ ക്വാണ്ടിറ്റി പ്രൈസ് ഗ്രാഫിലെ ആവശ്യതയുടെ വക്രരേഖയും(Demand Curve) ലഭ്യതയുടെ വക്രരേഖയും ( Supply Curve ) ചിത്രം 2 ൽ കാണിച്ചിരിയ്ക്കുന്നത് പോലെയായിരിക്കും വരുന്നത്. ഇവ കൂടി ചേരുന്ന പോയന്റിലെ വൈദ്യുതി വില (P) മാർക്കറ്റ് ക്ലിയറിംഗ് പ്രൈസായും വൈദ്യുതിയുടെ അളവ് (Q)മാർക്കറ്റ് ക്ലിയറിംഗ് വോള്യമായും തീരുമാനിയ്ക്കപ്പെടും. മാർക്കറ്റ് ക്ലിയറിംഗ് പ്രൈസിനു മുകളിൽ ക്വോട്ട് ചെയ്തിട്ടുള്ള സെൽ ബിഡ്ഡുകളും മാർക്കറ്റ് ക്ലിയറിംഗ് പ്രൈസിനു താഴെ ക്വോട്ട് ചെയ്തിട്ടുള്ള ബൈ ബിഡ്ഡുകളും റദ്ദായി പോവുകയും ചെയ്യും.ചിത്രം 3 ൽ ഇന്ത്യൻ എനർജ്ജി എക്സ്ചേഞ്ചിലെ 24 ഒക്റ്റോബർ 2023 പകൽ 12:00 മുതൽ 12:15 വരെയുള്ള ബ്ലോക്കിലെ ക്ലിയറിംഗ് പ്രൈസ് & വോള്യം കാണാം. ഇവിടെ ക്ലിയറിംഗ് പ്രൈസ് മില്യൻ യൂണിറ്റിന് 2380.42 രൂപ അതായത് പ്രതി യൂണിറ്റിന് 2.38042 രൂപയും മാർക്കറ്റ് ക്ലിയറിംഗ് വോള്യം 4443.99 മെഗാവാട്ടുമാണ്.

കേന്ദ്ര ഗവൺമെന്റിന്റെ പൊള്ളയായ അവകാശവാദങ്ങൾ

PMR 2021 പ്രകാരം മാർക്കറ്റ് കപ്ലിംഗ് നടപ്പിലാക്കുകവഴി നേടാനാവുന്നതായി ചൂണ്ടിക്കാണിച്ചിട്ടുള്ളത് പ്രധാനമായും നാല് നേട്ടങ്ങളാണ്.

1. ഏകീകൃത മാർക്കറ്റ് ക്ലിയറിംഗ് പ്രൈസ്

2. പ്രസരണ ശൃംഖലയുടെ ശരിയായ ഉപയോഗം

3. വാങ്ങൽ, വിൽക്കൽ ബിഡ്ഡുകളുടെ വർദ്ധനവ്

4. മാർക്കറ്റ് ക്ലിയറിംഗ് പ്രൈസിൽ വരുന്ന ഇടിവും അതു വഴി കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യതയും.

നിലവിലെ സാഹചര്യത്തിൽ തികച്ചും പൊള്ളയായ വാഗ്ദാനങ്ങളാണ് ഇവ നാലും എന്നും നിസംശ്ശയം പറയാനാവും. ആകെ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ ശരാശരി 7% മാത്രം വിൽപ്പന നടക്കുന്ന അതിൽ തന്നെ 88% വിൽപ്പനയും ഒരു പവർ എക്സ്ചേഞ്ചിൽ മാത്രം നടന്നുവരുന്ന നിലവിലെ സ്ഥിതിയിൽ ഒരു ഏകീകൃത മാർക്കറ്റ് ക്ലിയറിംഗ് പ്രൈസ് വരുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും നിലവിലെ സ്റ്റേക്ക് ഹോൾഡേഴ്സിനോ പൊതു ജനങ്ങൾക്കോ ഉണ്ടാവുന്നില്ല. മൂന്ന് പവർ എക്സ്ചേഞ്ചുകളിലുമായി നാമമാത്രമായ വൈദ്യുതി വിനിമയം മാത്രം നടന്നുവരുന്ന ഇന്ത്യയിൽ മാർക്കറ്റ് കപ്ലിംഗിലൂടെ പ്രസരണ ശൃംഖലയുടെ ശരിയായ ഉപയോഗം സാദ്ധ്യമാവുമെന്നതും സാങ്കേതികമായി സാധൂകരിയ്ക്കാൻ സാധിയ്ക്കുന്ന ഒന്നല്ല. വാങ്ങൽ വിൽക്കൽ ബിഡ്ഡുകളിൽ വർദ്ധനവുണ്ടാക്കാനിടയാക്കുന്ന യാതൊരു വഴിയും മാർക്കറ്റ് കപ്ലിംഗിലൂടെ തുറക്കുന്നില്ല. നിലവിൽ ഇന്ത്യൻ എനർജ്ജി എക്സ്ചേഞ്ചിൽ ലഭ്യമാവുന്ന ബഹുഭൂരിപക്ഷം വരുന്ന ബിഡ്ഡുകൾ മൂന്ന് എക്സ്ചേഞ്ചുകളിലുമായി ഏറെക്കുറെ തുല്യമായി വീതിയ്ക്കപ്പെടുന്നതിനപ്പുറത്തേയ്ക്ക് യാതൊന്നും തന്നെ സംഭവിച്ചേക്കില്ല. മാർക്കറ്റ് കപ്ലിംഗിന്റെ ഭാഗമായി നിലവിലുള്ളതിനേക്കാൾ കൂടുതൽ വാങ്ങൽ വിൽക്കൽ വിനിമയങ്ങൾ നടക്കാനിടയില്ലാത്തതിനാൽ തന്നെ മാർക്കറ്റ് ക്ലിയറിംഗ് പ്രൈസിലും അതുവഴി ലഭിയ്ക്കുന്ന വൈദ്യുതിയുടെ വിലയ്ക്കും യാതൊരു മാറ്റവും ഉണ്ടാവില്ല. എന്നാൽ മാർക്കറ്റ് കപ്ലിംഗ് പ്രാവർത്തികമാക്കാൻ പുതുതായി കൂട്ടിചേർക്കേണ്ടി വരുന്ന സംവിധാനങ്ങളായ മാർക്കറ്റ് കപ്ലിംഗ് ഓപ്പറേറ്റർ, ട്രാൻസ്മിഷൻ സിസ്റ്റം ഓപ്പറേറ്റർ, തുടങ്ങിയവ വരുത്തിവയ്ക്കാനിടയുള്ള അധിക ചെലവുകളും, അധിക നടപടി ക്രമങ്ങളും വലിയ ബാധ്യതയായി തീരുകയും ചെയ്യും എന്നതാണ് വസ്തുത.

കേന്ദ്ര സർക്കാരിന്റെ യഥാർത്ഥ ഉദ്ദേശം എന്ത്?

സ്വാതന്ത്രാനന്തര ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികളുടെ ഭാഗമായും ഇന്ത്യൻ ജനതയുടെ വിയർപ്പിലും അദ്ധ്വാനത്തിലും പടത്തുയർത്തിയ രാജ്യത്തിന്റെ ഊർജ്ജ നിലയങ്ങളാകെ കേന്ദ്രീകൃതമായ ഒരു സംവിധാനത്തിന് കീഴിൽ കൊണ്ട് വന്ന് ഇതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണ്ണമായും വൈദ്യുതി കമ്പോളത്തിന് വിട്ടു നൽകുക എന്ന ലക്ഷ്യം വളഞ്ഞ വഴിയിലൂടെ നടപ്പാക്കിയെടുക്കാനാണ് യൂണിയൻ ഗവൺമെന്റ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്കു കീഴിലുള്ള വൈദ്യുതി നിലയങ്ങളുടെയടക്കം നിയന്ത്രണം കേന്ദ്ര സർക്കാരിന് കീഴിലുള്ള ഒരു ഒപ്പറേറ്റർക്ക് കൈമാറേണ്ടി വരുന്നതോടുകൂടി സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണം ഉറപ്പുവരുത്തുന്നതിൽ യാതൊരു പങ്കും സംസ്ഥാന സർക്കാരുകൾക്കില്ലാതാവും. സംസ്ഥാനങ്ങൾക്കുള്ള ഭരണഘടനാപരമായ അവകാശങ്ങളില്ലാതാക്കാനുള്ള ശ്രമമായി വേണം ഇതിനെകാണാൻ. വൈദ്യുതി ഒരു സേവനം എന്നതിൽ നിന്ന് കമ്പോളത്തിലെ ലഭ്യതയുടെയും ആവശ്യകതയുടെയും അടിസ്ഥാനത്തിൽ വില നിർണ്ണയിക്കപ്പെടുന്ന ഒരു ചരക്കായി മാറുന്നതോട് കൂടി വൈദ്യുതിയുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിനപ്പുറത്തേയ്ക്ക് വർദ്ധിക്കുമെന്നത് കമ്പോളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ആർക്കും ബോധ്യമാവും. ഫലത്തിൽ സാധാരണ ജനങ്ങൾക്ക് വൈദ്യുതി താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാവില്ല എന്നതാണ് ആത്യന്തികമായി സംഭിവിയ്ക്കുക.

ജനങ്ങൾക്ക് എന്ത് ചെയ്യാനാവും?

വൈദ്യുതി മേഖലയുടെ സമ്പൂർണ്ണ സ്വകാര്യ വത്ക്കരണം വൈദ്യുതി നിയമ ഭേദഗതിയിലൂടെ നടപ്പാക്കാനാവുന്നില്ലയെങ്കിൽ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ തങ്ങളുടെ ഇംഗിതങ്ങൾ നടപ്പാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നു തുടർച്ചയായുണ്ടാവുന്നത്. വൈദ്യുതി നിയമ ഭേദഗതികൾക്കെതിരെ നടത്തി വരുന്നതു പോലെ വിവിധ പ്രതിഷേധ പ്രക്ഷോഭ പരിപാടികൾ ഇത്തരം ഉത്തരവുകൾ റദ്ദ് ചെയ്തെടുക്കാനും അതേ തീവ്രതയോടെ ഏറ്റെടുത്ത് വിജയിപ്പിക്കുക എന്നതാണ് ജനങ്ങൾക്കു മുന്നിലുള്ള ഒരു മാർഗ്ഗം. അതോടൊപ്പം ഭരണഘടനാപരമായി സംസ്ഥാന സർക്കാരുകൾക്കുള്ള അധികാരാവകാശങ്ങൾ കവർന്നെടുക്കുന്ന നടപടികളും, നിലവിലെ നിയമങ്ങളെ നോക്കുകുത്തിയാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരുവകളെയും പരമോന്നത കോടതികളിൽ ചോദ്യം ചെയ്യാനും അനുകൂല വിധി സമ്പാദിയ്ക്കാനുമുള്ള സാധ്യത കൂടി തുറന്നെടുക്കാനാവണം.