ഡയറക്ടര്‍മാരെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്പിന്‍വലിക്കണം

79

രാജ്യത്ത് ഏറ്റവും മികച്ച വൈദ്യുതി യൂറ്റിലിറ്റികളില്‍ ഒന്നായി കെ.എസ്.ഇ.ബി. മാറിയിട്ടുള്ളത് കേരളം പിന്തുടരുന്ന ബദല്‍ വികസന നയത്തിന്റേയും ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റേയും ഫലമായാണ്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയവും, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള സൂചകങ്ങളില്‍ വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍, ലോകോത്തരമെന്ന് പ്രചരിപ്പിക്കുന്ന ഇന്ത്യയിലെ മറ്റിതര സ്വകാര്യ കമ്പനികളേക്കാള്‍ മെച്ചപ്പെട്ട നിലയിലാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിനകത്തെ തൊഴിലാളികളുടേയും, ഓഫീസ്സര്‍മാരുടേയും കര്‍മ്മ ശേഷിയുടേയും, അനുഭവപരിചയത്തിലൂടെ സ്ഥാപനത്തിനു നല്‍കുന്ന സംഭാവനകളുടേയും പ്രത്യക്ഷത്തിലുള്ള പ്രതിഫലനമാണിത്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ തസ്തികയിലേക്കുള്ള നിയമനത്തിലും, പ്രമോഷനിലും, സ്ഥാപനത്തില്‍ താഴെതലം മുതല്‍ പ്രവര്‍ത്തിച്ചുവന്ന പരിചയം കാര്യക്ഷമമായി സ്ഥാപനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിലും ഓരോ തലത്തിലുമുള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കി ജീവനക്കാരുടെയാകെ പിന്തുണയോടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിലും തീര്‍ച്ചയായും സഹായകരമാണ്. നൂറു ശതമാനം സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ഡയറക്ടര്‍മാരെ നിയമിക്കുന്നതിനുള്ള പൂര്‍ണ്ണമായ അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. വൈദ്യുതി ബോര്‍ഡിലെ സീനിയറായ ഓഫീസര്‍മാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ നയസമീപനങ്ങള്‍ക്കനുസരിച്ച് കാര്യക്ഷമമായി ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നവരെ കണ്ടെത്തിയാണ് കാലാകാലങ്ങളില്‍ ഡയറക്ടര്‍മാരായി നിയമിച്ചു പോരുന്നത്.
GO (Ms) No. 4/2023/POWER/25-03-2023 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വൈദ്യുതി ബോര്‍ഡിന്റെ ഡയറക്ടര്‍മാരെ കണ്ടെത്തുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍പേര്‍സണായി അഞ്ചംഗ കമ്മിറ്റിയെ ഇപ്പോള്‍ നിശ്ചയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയെ കൂടാതെ ഫിനാന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പവര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, വൈദ്യുതി ബോര്‍ഡ് സി.എം.ഡി. എന്നിവരും കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ (സി.ഇ.എ.) ചെയര്‍മാനും മെമ്പര്‍ സെക്രട്ടറിയുമാണ് കമ്മിറ്റിയില്‍ ഉള്ളത്. സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായ ഒരു അധികാരം ഐ.എ.എസ്. ഉദ്യോഗസ്ഥന്‍മാര്‍ മാത്രമടങ്ങുന്ന ഒരു കമ്മിറ്റിക്ക് ഇപ്പോള്‍ പൊടുന്നനെ വിട്ടതിന്റെ കാരണം വ്യക്തമല്ല. നൂറുശതമാനവും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിലെ ഡയറക്ടറെ കണ്ടെത്തുന്നതിനുള്ള കമ്മിറ്റിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.ഇ.എ.യുടെ ചെയര്‍മാന്‍ ആന്റ് മെമ്പര്‍ സെക്രട്ടറിയെ ഉള്‍പ്പെടുത്തിയിരിക്കുന്നതിന്റെ ഉദ്ദേശമെന്തെന്നും മനസ്സിലാകുന്നില്ല. കെ.എസ്.ഇ.ബി. ഡയറക്ടര്‍മാരെ നിയമിക്കുന്നതില്‍ ഇടപെടുന്നതിന് കേന്ദ്ര സര്‍ക്കാരിന് അവസരം ഉണ്ടാക്കിക്കൊടുക്കുന്നതാണ് മേല്‍ സര്‍ക്കാര്‍ ഉത്തരവ്
ഫിനാന്‍സ് ഡയറക്ടറായി സി. ആന്റ് എ.ജി അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നും സീനിയര്‍ ഉദ്യോഗസ്ഥരെ കണ്ടെത്തി നിയമിക്കാറുണ്ടെങ്കിലും സാങ്കേതിക മേഖലകളിലെ ഡയറക്ടര്‍മാരായി ബോര്‍ഡിലെ ചീഫ് എഞ്ചിനീയര്‍മാരെത്തന്നെയാണ് ഇതുവരെ നിയമിച്ചു വന്നിരുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ ഒരു കാരണവും നിലവിലില്ല. മാത്രമല്ല ഇത്തരം നിയമനങ്ങള്‍ താഴേതലംവരെയുള്ള പ്രമോഷന്‍ സാദ്ധ്യതകളേയും ബാധിക്കും. ഇത് ജീവനക്കാരുടെ ആത്മവീര്യം ചോര്‍ത്തുന്ന സമീപനമാണ്. കെ.എസ്.ഇ.ബി. നടപ്പാക്കി വരുന്ന ബദല്‍ നയങ്ങള്‍ അട്ടിമറിക്കാനും കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനുമുള്ള ശ്രമങ്ങള്‍ മുന്‍ സി.എം.ഡി. അടക്കമുള്ളവരില്‍ നിന്നുമുണ്ടായിട്ടുണ്ട്. അത്തരം ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഡയറക്ടര്‍മാരെ നിയമിക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിലും കാണുന്നത്.
കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ഡയറക്ടര്‍മാരെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാനും, ഡയറക്ടര്‍മാരെ നിയമിക്കുന്നതിനുള്ള നിലവിലുള്ള രീതി നിലനിര്‍ത്തുവാനും, സംസ്ഥാനം മുന്നോട്ടുവെക്കുന്ന ബദല്‍ വികസന നയം വൈദ്യുതി മേഖലയിലും തുടരുന്ന നിലയില്‍ തീരുമാനങ്ങളുണ്ടാവാനും ബോര്‍ഡും ഗവണ്‍മെന്റും മുന്‍കൈ എടുക്കണം.