ട്രാന്‍സ്‌ഗ്രിഡ് – പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

288

പ്രതിപക്ഷ നേതാവിന്‍റെ പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ചോദ്യങ്ങളില്‍ കാര്യമാത്രപ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ല. മറിച്ച്, അത് ജനമനസ്സുകളില്‍ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടി മാത്രമാണ്.
തെരഞ്ഞെടുപ്പുകളുടെ ഘട്ടമായപ്പോഴാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൊണ്ട് പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇക്കാലമത്രയും കിഫ്ബിയുടെ സിഎജി ഓഡിറ്റ്-ട്രാന്‍സ്ഗ്രിഡ് കാര്യങ്ങളില്‍ ഇദ്ദേഹത്തിന് ആക്ഷേപമൊന്നും ഉണ്ടായിരുന്നില്ല. സിഎജി ഓഡിറ്റിന്‍റെ കാര്യത്തില്‍ നിലപാട് ജനങ്ങള്‍ക്കാകെ ബോധ്യപ്പെടുംവിധം വിശദീകരിച്ചശേഷവും അസത്യം ആയിരം വട്ടം ആവര്‍ത്തിച്ചാല്‍ സത്യമായി ചിലരെങ്കിലും കരുതിക്കൊള്ളും എന്ന പ്രതീക്ഷയില്‍ ആരോപണ വ്യവസായം തുടരുകയാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം സിഎജി ഓഡിറ്റിന് വിധേയമല്ല കിഫ്ബി എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന വേളയില്‍ തന്നെ കിഫ്ബിയുടെ അക്കൗണ്ടുകള്‍ സിഎജി ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നതാണ് സത്യം. ഇത്തരം സത്യങ്ങളുടെ സൂര്യവെളിച്ചത്തെ മറച്ചുപിടിക്കാന്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തുന്ന ആരോപണങ്ങളുടെ മുറം മതിയാകില്ല. യുഡിഎഫ് ഭരണകാലത്തെ പാലാരിവട്ടം പാലം പോലെയുള്ള അഴിമതികള്‍ ജനങ്ങള്‍ക്കു ബോധ്യപ്പെടും വിധം പുറത്തുവരികയും ഉത്തരവാദികളായ യുഡിഎഫ് നേതാക്കളോട് ജനങ്ങള്‍ നേരിട്ടുതന്നെ ചോദ്യം ചോദിച്ചുതുടങ്ങുകയും ചെയ്യുന്ന ഘട്ടമാണ്.

ഇത്തരമൊരു ഘട്ടത്തില്‍ എല്ലാവരും അഴിമതിക്കാരാണ് എന്നു വരുത്തിത്തീര്‍ത്ത് രക്ഷപ്പെടാം എന്ന് കരുതുന്നുണ്ടാവണം പ്രതിപക്ഷം. അതാവണം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ചോദ്യങ്ങളിലേക്കും അവയ്ക്കുള്ള ഉത്തരങ്ങളിലേക്കും കടക്കാം.

ചോദ്യം 1. ടെന്‍ഡര്‍ നടപടിയില്‍ ക്വോട്ട് ചെയ്ത ഏറ്റവും കുറഞ്ഞ തുക എസ്റ്റിമേറ്റ് തുകയുടെ പത്തുശതമാനത്തില്‍ കൂടുതലാണെങ്കില്‍ അത് റീടെന്‍ഡര്‍ ചെയ്യണമെന്നും അതിനുശേഷവും ഇതുതന്നെ സംഭവിക്കുകയാണെങ്കില്‍ എസ്റ്റിമേറ്റ് തുക പുതുക്കണമെന്നും വ്യവസ്ഥയില്ലേ?
ഉത്തരം: ടെന്‍ഡറിനുവേണ്ടി തയ്യാറാക്കിയ എസ്റ്റിമേറ്റിനേക്കാള്‍ കൂടുതലാണ് ടെന്‍റര്‍ തുകയെങ്കില്‍ ഈ ടെന്‍ഡര്‍ അംഗീകരിക്കണോ വേണ്ടയോ എന്നത് പരിശോധിക്കാന്‍ സര്‍ക്കാര്‍ സെക്രട്ടറിതല സമിതിക്കും ക്യാബിനറ്റിനും അധികാരമുണ്ട്. ഓരോ തലത്തിലും ടെന്‍ഡര്‍ എക്സസ് നല്‍കാവുന്നതിന് പരിധിയും നിര്‍ണയിച്ചിട്ടുണ്ട്. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടെന്‍ഡര്‍ സ്വീകരിക്കുക. പത്തുശതമാനത്തിലേറെ തുക ക്വോട്ട് ചെയ്തുകൊണ്ട് മാത്രം ടെന്‍ഡര്‍ അസാധുവാക്കപ്പെടണമെന്നില്ല. കെഎസ്ഇബിയില്‍ ഇത്തരത്തിലുള്ള പരിശോധനയും അംഗീകാരവും നല്‍കാനുള്ള പൂര്‍ണ അധികാരം ഫുള്‍ ബോര്‍ഡിനാണ്. ഇത് സര്‍ക്കാരിന്‍റെ പരിഗണനക്ക് വരികയേ ഇല്ല. ഇത് ഇപ്പോള്‍ മാത്രമല്ല, മുമ്പും ഇങ്ങനെ തന്നെയാണ്. ലൈന്‍ നിര്‍മാണ ജോലികളുടെ ലേബര്‍ ഡേറ്റയില്‍ തൊഴിലാളിക്ക് കൂലി 450-500 രൂപയാണ്. എന്നാല്‍, പ്രായോഗികതലത്തില്‍ ഒരു തൊഴിലാളിയെ ഇത്തരം വൈദഗ്ധ്യം ആവശ്യമുള്ള പണിക്ക് കിട്ടണമെങ്കില്‍ അതിന്‍റെ ഇരട്ടിയോ അതിലധികമോ കൂലി കൊടുക്കേണ്ടിവരും. ഇതാണ് ലേബര്‍ ടെന്‍ഡര്‍ നിരക്ക് വലിയതോതില്‍ കൂടാന്‍ ഇടയാക്കുന്നത്. പൊതുവേ ലേബര്‍ ഇന്‍റന്‍സീവായ ജോലികളാണ് പ്രസരണ ലൈന്‍ നിര്‍മാണവും മറ്റും. അതിനാല്‍ തന്നെ മെറ്റീരിയലും ലേബറും ചേര്‍ത്ത് 60 ശതമാനത്തിലേറെ ഉയര്‍ന്ന നിരക്കാണ് ഈ രംഗത്ത് ക്വോട്ട് ചെയ്യപ്പെടാറ്. കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ അങ്ങനെതന്നെ നടപ്പാക്കുന്ന രീതി ഇല്ലാത്തതിന്‍റെ പശ്ചാത്തലം ഇതാണ്. അഡോപ്റ്റ് ചെയ്യാവുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ മാത്രം അഡോപ്റ്റ് ചെയ്യുന്ന നടപടിക്രമം മാത്രമാണ് അവിടെയുള്ളത്. ഇത് പ്രതിപക്ഷ നേതാവിന് അറിയാത്തതല്ല.

ചോദ്യം 2: കിഫ്ബിയില്‍നിന്ന് ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കായി ഏര്‍പ്പെടുത്തിയ ലോണ്‍ എഗ്രിമെന്‍റ് ലഭ്യമാക്കാമോ?
ഉത്തരം: ട്രാന്‍സ്ഗ്രിഡ് പദ്ധതി നടപ്പാക്കുന്നത് കിഫ്ബി, പവര്‍ ഡിപ്പാര്‍ട്ട്മെന്‍റ്, കെഎസ്ഇബി ലിമിറ്റഡ് എന്നിവ ചേര്‍ന്നു വെച്ചിട്ടുള്ള ത്രികക്ഷി കരാറിന്‍റെ അടിസ്ഥാനത്തിലാണ്. ഇത് പൊതുമണ്ഡലത്തിലുള്ള രേഖയാണ്. രഹസ്യമല്ല. പ്രതിപക്ഷ നേതാവിന് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. അതിന് സന്നദ്ധനാവുകയാണ് വേണ്ടത്. പലിശ ഒഴിവാക്കി വായ്പ നല്‍കാന്‍ കഴിയില്ലെന്ന് കിഫ്ബി വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കാം എന്നാണ് കെഎസ്ഇബി-കിഫ്ബി ചര്‍ച്ചകളില്‍ ഉയര്‍ന്ന അഭിപ്രായം. എല്ലായിടത്തും വൈദ്യുതിലഭ്യത ഉറപ്പുവരുത്തുക എന്നത് സാമൂഹ്യപ്രാധാന്യമുള്ള കാര്യമായതിനാലാണ് മസാലാബോണ്ട് അടക്കമുള്ള മാര്‍ഗങ്ങളിലൂടെ കിഫ്ബി സ്വരൂപിക്കുന്ന തുകക്ക് പത്തുശതമാനം പലിശ ഈടാക്കുന്നതാകും ഉചിതം എന്നു നിശ്ചയിച്ചശേഷം എട്ട്, ഒമ്പത് ശതമാനം പലിശക്ക് വായ്പ നല്‍കാമെന്ന് ആലോചിക്കുന്നത്.

ചോദ്യം 3: സര്‍ക്കാര്‍ കമ്പനികള്‍ പിഡബ്ല്യുഡി നിരക്കിലാണ് എസ്റ്റിമേറ്റുകള്‍ തയ്യാറാക്കേണ്ടത് എന്നിരിക്കെ ഡെല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ് അംഗീകരിച്ച് നടപ്പിലാക്കുന്നത് അംഗീകരിക്കുന്നുണ്ടോ?
ഉത്തരം: സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് രാജ്യമെമ്പാടും സ്വീകരിക്കുന്ന പ്രധാനപ്പെട്ട ഡാറ്റയാണ് ഡെല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്. 2013 മുതല്‍ സംസ്ഥാന പിഡബ്ല്യുഡിയും ഡെല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ് അനുസരിച്ചാണ് എസ്റ്റിമേറ്റുകള്‍ തയ്യാറാക്കുന്നത്. പ്രതിപക്ഷ നേതാവ് ഈ വസ്തുത അറിയാത്തതോ അറിഞ്ഞില്ലെന്നു നടിക്കുന്നതോ? പ്രസരണ ലൈന്‍ ഒരു ഇലക്ട്രിക്കല്‍ നിര്‍മാണമാണ്. പക്ഷെ, അതിലെ ടവര്‍ നിര്‍മാണം, ലൈന്‍ വലിക്കല്‍ എന്നിവയെല്ലാം സിവില്‍ ജോലികള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സിവില്‍ വര്‍ക്ക്, ഇലക്ട്രിക്കല്‍ വര്‍ക്ക് എന്നിങ്ങനെ വ്യത്യസ്ത ഷെഡ്യൂള്‍ വെച്ചല്ല എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. ഡാറ്റ ലഭ്യമായ ജോലികള്‍ക്കെല്ലാം ഡിഎസ്ആര്‍ ഉപയോഗിക്കുകയും ലഭ്യമല്ലാത്തവയ്ക്ക് ലഭ്യമായ ലേബര്‍ ഡേറ്റ ഉപയോഗിക്കുകയും ചെയ്ത് ലഭ്യമായ ക്വട്ടേഷനുകള്‍ ഉപയോഗപ്പെടുത്തി ഷെഡ്യൂള്‍ ഉണ്ടാക്കുക. ഇതാണ് കെഎസ്ഇബിയില്‍ ചെയ്യുന്നത്. ഇങ്ങനെ ഡേറ്റ രൂപീകരിക്കേണ്ടിവരുമ്പോള്‍ ആവശ്യമായ പരിശോധനകള്‍ നടത്തി നിയമാനുസൃതം ഷെഡ്യൂളിന് അംഗീകാരം നല്‍കുകയും ചെയ്യും. 20 ശതമാനത്തോളം സിവില്‍ വര്‍ക്കും 80 ശതമാനത്തോളം ഇലക്ട്രിക്കല്‍ വര്‍ക്കും വരുന്ന പദ്ധതിയില്‍ ഡിഎസ്ആര്‍ അംഗീകരിച്ചത് എങ്ങനെ എന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത് ഇക്കാര്യങ്ങള്‍ മനസ്സിലാക്കാത്തതു കൊണ്ടാണ്.

ചോദ്യം 4: കടബാധ്യതയില്‍ പെട്ടുനില്‍ക്കുന്ന കെഎസ്ഇബി എങ്ങനെ തുക തിരിച്ചടക്കും?
ഉത്തരം: കേരളത്തിന്‍റെ വൈദ്യുതി ആവശ്യകത വര്‍ധിച്ചുവരികയാണ്. അത് നിറവേറ്റാന്‍ ആവശ്യാനുസരണം പ്രസരണശേഷി ഉണ്ടാകണം. മെച്ചപ്പെട്ട വോള്‍ട്ടേജ് ലഭ്യത ഉണ്ടാകണം. ഇതിനൊക്കെ ഉതകുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലൂടെ ഉണ്ടാകുന്നത്. അതുണ്ടാകുമ്പോള്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കുമെന്നും പ്രസരണനഷ്ടം കുറയുമെന്നും ഇതിനൊക്കെ അനുസൃതമായി വരുമാനം വര്‍ധിക്കുമെന്നും ആര്‍ക്കാണ് അറിയാത്തത്. കടബാധ്യതയുടെ പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാതിരിക്കലല്ല, മറിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് കടബാധ്യത ക്ലിയര്‍ ചെയ്യാവുന്ന സാഹചര്യമൊരുക്കലാണ്, അങ്ങനെ സാമ്പത്തികശേഷി വര്‍ധിപ്പിക്കലാണ് ഭാവനയുള്ള ഏതു സര്‍ക്കാരും ചെയ്യേണ്ടത്. അതാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിപക്ഷ നേതാവിന്‍റെ ഉപദേശപ്രകാരം പ്രവര്‍ത്തിച്ചാല്‍ കടബാധ്യത അതേപടി തുടരും. കെഎസ്ഇബി സ്വന്തമായി ലാഭമുണ്ടാക്കി അതുപയോഗിച്ച് മാത്രം പുതിയ നിക്ഷേപങ്ങള്‍ ഉല്‍പാദന വിതരണ പ്രസരണ മേഖലകളില്‍ നടത്തണമെന്ന് പറയുന്നത് തികച്ചും അപ്രായോഗികമാണ്. ഈ നിലപാടെടുത്താല്‍ വൈദ്യുതി ഉല്‍പാദനമോ അടിസ്ഥാനവികസനമോ പ്രസരണനഷ്ടം കുറയലോ ഒന്നും ഉണ്ടാകില്ല. ലാഭത്തെക്കുറിച്ച് പിന്നെ ചിന്തിക്കുകയേ വേണ്ട. ലാഭമുണ്ടാകാത്ത സാഹചര്യത്തില്‍ കടം തിരിച്ചടവിനെക്കുറിച്ചും ചിന്തിക്കേണ്ടതില്ല.

ചോദ്യം 5: കിഫ്ബി വഴിയുള്ള കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക മറ്റു പദ്ധതികളുടെ എസ്റ്റിമേറ്റുകളേക്കാള്‍ 60 ശതമാനത്തിലും ഉയര്‍ന്ന നിരക്കിലാണ്.
ഉത്തരം: ഇത് സത്യമല്ല. ട്രാന്‍സ്ഗ്രിഡ് പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് കെഎസ്ഇബി മറ്റു പദ്ധതികളിലെല്ലാം എസ്റ്റിമേറ്റ് തയ്യാറാക്കുന്ന അതേ നിരക്കും ഷെഡ്യൂളും പ്രകാരമാണ്. 60 ശതമാനം ഉയര്‍ന്ന നിരക്കിലാണ് എന്നത് വസ്തുതയ്ക്ക് നിരക്കുന്നതല്ല. ട്രാന്‍സ്ഗ്രിഡ് പദ്ധതികള്‍ക്കായി നടത്തുന്ന എസ്റ്റിമേറ്റുകള്‍ ഒരു ഉദ്യോഗസ്ഥന്‍റെ മാത്രം മേല്‍നോട്ടത്തിലുള്ളതാണ് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ഇതും സത്യമല്ല. ഇത് രാഷ്ട്രീയമായ ഒരു ദുര്‍വ്യാഖ്യാനമാണ്. പതിനായിരം കോടിയോളം രൂപ മുതല്‍മുടക്കുവരുന്ന പദ്ധതി എന്ന നിലയില്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് ഒരു വ്യക്തിയെ അല്ല ഒരു പ്രത്യേക വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സമാനസാഹചര്യത്തില്‍ മുമ്പൊക്കെ ഇങ്ങനെ പ്രത്യേക വിങ് ഉണ്ടാക്കിയാണ് പ്രവര്‍ത്തനം മുമ്പോട്ടുകൊണ്ടുപോയിട്ടുള്ളത്. അസിസ്റ്റന്‍റ് എന്‍ജിനീയര്‍ മുതല്‍ ചീഫ് എന്‍ജിനീയര്‍ വരെ വിവിധ ഓഫീസര്‍മാരുള്ള ഒരു സംവിധാനമാണ് ട്രാന്‍സ്ഗ്രിഡിനുള്ളത്. ബോര്‍ഡില്‍ സാധാരണ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന രീതിയിലുള്ള എല്ലാ തലങ്ങളിലെയും പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇവിടെയും എസ്റ്റിമേറ്റുകള്‍ തയ്യാറാക്കുന്നതും അംഗീകരിക്കുന്നതും. കിഫ്ബിയില്‍നിന്നുള്ള ധനസഹായം സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ബില്ലുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഓണ്‍ലൈനായി നടത്തേണ്ടതുണ്ട്. ഇക്കാര്യം ഏകോപിപ്പിക്കുന്നതിന് സംവിധാനം വേണ്ടതുണ്ട് എന്നതുകൊണ്ടാണ് ട്രാന്‍സ്ഗ്രിഡിന് പ്രത്യേക ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം ഉണ്ടാക്കിയിട്ടുള്ളത്. ഇത് ഒരു വ്യക്തിയെ ഏല്‍പിക്കലല്ല.

ചോദ്യം 6: വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍റെ കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നു?
ഉത്തരം: ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വിജിലന്‍സ് കേസും ഉണ്ടായിട്ടില്ല. 2016ല്‍ ഏതോ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലെ വിജിലന്‍സ് വിഭാഗം ചില ഓഫീസര്‍മാരോട് വിവരങ്ങള്‍ തിരക്കിയത് തെറ്റായി മനസ്സിലാക്കിയാവണം പ്രതിപക്ഷ നേതാവ് ഈ ചോദ്യം ചോദിക്കുന്നത്. ആ പരിശോധനകളില്‍ ക്രമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയിട്ടില്ല. വിജിലന്‍സ് കേസ് ഉണ്ടായിട്ടുമില്ല എന്നതാണു വസ്തുത. അതുകൊണ്ടുതന്നെ ഇല്ലാത്ത കണ്ടെത്തലുകളെക്കുറിച്ച് പറയാന്‍ നിര്‍വാഹമില്ല.

ചോദ്യം 7: രണ്ട് മുന്‍ കെഎസ്ഇബി ചെയര്‍മാډാര്‍ക്ക് സ്ഥാനഭ്രംശം നേരിട്ടിട്ടുണ്ടോ?
ഉത്തരം: ഭരണപരമായ കാരണങ്ങളാല്‍ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റങ്ങളല്ലാതെ ബോര്‍ഡ് സിഎംഡി പദവിയില്‍നിന്ന് ഒരാളും ഈ കാലഘട്ടത്തില്‍ സ്ഥാനഭ്രഷ്ടനായിട്ടില്ല. കെഎസ്ഇബി സിഎംഡിയായിരുന്ന ശ്രീ. ശിവശങ്കറിന്‍റെയും ശ്രീ. പോള്‍ ആന്‍റണിയുടെയും കാര്യമാവാം പ്രതിപക്ഷ നേതാവ് ഉദ്ദേശിച്ചത്. ശ്രീ. ശിവശങ്കര്‍ 2016ല്‍ ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനാവുകയായിരുന്നു. അതേത്തുടര്‍ന്നാണ് പോള്‍ ആന്‍റണിക്ക് സിഎംഡി സ്ഥാനം നല്‍കിയത്. ഒട്ടേറെ വകുപ്പുകളുടെ ഭാരം അദ്ദേഹത്തിനുണ്ടായ സാഹചര്യത്തിലാണ് സിഎംഡി സ്ഥാനം ശ്രീ. ഇളങ്കോവനെ ഏല്‍പിച്ചത്. അദ്ദേഹം വ്യവസായവകുപ്പ് സെക്രട്ടറിയായി മാറിയപ്പോഴാണ് ആ ചുമതലയില്‍നിന്നു മാറിയത്. ഇതൊക്കെ ട്രാന്‍സ്ഗ്രിഡുമായി ബന്ധപ്പെട്ടതല്ല, ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട സ്വാഭാവിക മാറ്റങ്ങളാണ്. 2016 മെയിലാണ് ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാവുന്നത്. അതിനെ ട്രാന്‍സ്ഗ്രിഡുമായി ബന്ധപ്പെട്ട മാറ്റമായി വ്യാഖ്യാനിക്കണമെങ്കില്‍ ഭ്രാന്തമായ ഭാവന ഉണ്ടായേ മതിയാവൂ.

ചോദ്യം 8: കേരളത്തിലെ ദിവസക്കൂലി ഉയര്‍ന്നതോതിലാണ് എന്ന അനുമാനത്തില്‍ എസ്റ്റിമേറ്റുകളില്‍ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നു.
ഉത്തരം: വൈദ്യുതി മേഖലയിലെ ലൈന്‍ നിര്‍മാണജോലികളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് നിലവില്‍ കിട്ടുന്ന കൂലി എത്രയാണ് എന്ന് അന്വേഷിച്ചിരുന്നെങ്കില്‍ അടിസ്ഥാനരഹിതമായ ഈ ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുമായിരുന്നില്ല.

ചോദ്യം 9: ചിത്തിരപുരം യാര്‍ഡില്‍ തറ നിര്‍മാണത്തിന് 11 ലക്ഷം രൂപയുടെ ഐറ്റം ജോലി 1100 ലക്ഷം രൂപയുടേതാക്കി മാറ്റിയതെങ്ങനെ?
ഉത്തരം: ഈ തറ നിര്‍മാണത്തിന് 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഒരിക്കലും ആരും ഉണ്ടാക്കിയിട്ടില്ല. 11 കോടി 18 ലക്ഷം രൂപയ്ക്കാണ് യാര്‍ഡ് ലെവലിങ് ജോലിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതി നല്‍കിയത്. ടെന്‍ഡറില്‍ 8.25 കോടിക്കാണ് ലോവസ്റ്റ് ബിഡ് ലഭിച്ചത്. ഈ തുകയ്ക്കാണ് ടെന്‍ഡര്‍ ഉറപ്പിച്ചതും പണി പൂര്‍ത്തിയാക്കിയതും.

ചോദ്യം 10: പ്രീ ക്വാളിഫൈയിങ് നിബന്ധനകളില്‍ എന്തിനാണ് മാറ്റം വരുത്തിയത്?
ഉത്തരം: ടെന്‍ഡറുകളില്‍ 500 കോടി രൂപയുടെ ടേണ്‍ഓവര്‍ ഉള്ള കമ്പനികള്‍ക്ക് പങ്കെടുക്കാം എന്നതായിരുന്നു ആദ്യ സാമ്പത്തിക നിബന്ധന. മത്സരം വര്‍ധിക്കുന്നതിന് 300 കോടി രൂപയായി ഇതു കുറയ്ക്കുന്നത് ഗുണകരമാവുമെന്നു കണ്ടെത്തി. സാങ്കേതിക നിബന്ധനകളിലാകട്ടെ ഒരു മാറ്റവും വരുത്തിയതുമില്ല. ടെന്‍ഡര്‍ ലഭിച്ചിട്ടുള്ള കമ്പനികളുടെ ടേണ്‍ഓവറാകെ പ്രതിപക്ഷ നേതാവിന് പരിശോധിക്കാവുന്നതേയുള്ളു. എല്ലാം 500 കോടിയില്‍ മേലെ തന്നെയാണ്. തുക കുറച്ച് ഏതെങ്കിലും കമ്പനിയെ പങ്കെടുപ്പിക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കില്‍ ഇതാവില്ലല്ലോ സ്ഥിതി.