വഴി തെറ്റുന്ന ആസൂത്രണം -മുന്‍ഗണനകള്‍ പാളുന്നു

93

2022 ഏപ്രില്‍ 22ന് രാത്രികാല പീക്ക് ആവശ്യകത (Night peak) 4385 MW ഉം, ഏപ്രില്‍ 28ന് രാവിലത്തെ പീക്ക് ആവശ്യകത (Morning peak) 3570 MW ഉം, അന്നേ ദിവസം രേഖപ്പെടുത്തിയ പ്രതിദിന വൈദ്യുതി ഉപയോഗം 92.88 മില്ലിയണ്‍ യൂണിറ്റ് എന്നിവയുമായിരുന്നു 2023 ന് മുന്‍പ് കേരളത്തില്‍ രേഖപ്പെടുത്തിയിരുന്ന മുന്‍കാല റെക്കോഡ്. 2023 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നിരവധി ദിവസങ്ങളില്‍ ഈ റേക്കോഡുകള്‍ അനവധി തവണ ഭേദിച്ചു കൊണ്ടാണ് 2023 ഏപ്രില്‍ 18 ന് കേരളത്തിന്റെ രാത്രികാല പീക്ക് ആവശ്യകത ചരിത്രത്തിലാദ്യമായി അയ്യായിരം മെഗാവാട്ട് കടന്ന് 5024 MW ആയി രേഖപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ഏപ്രില്‍ 19 ന് രാവിലത്തെ പീക്ക് ആവശ്യകത ചരിത്രത്തിലാദ്യമായി നാലായിരം മെഗാവാട്ട് കടന്ന് 4019 MW രേഖപ്പെടുത്തുകയുമുണ്ടായി. അന്നേ ദിവസം തന്നെ പ്രതിദിന വൈദ്യുതി ഉപയോഗം നൂറ് മില്ലിയണ്‍ യൂണിറ്റ് കടന്ന് 102.99 മില്ലിയണ്‍ യൂണിറ്റും രേഖപ്പെടുത്തി. ഇതേ ദിവസങ്ങളില്‍ തന്നെ, ഏപ്രില്‍ 18ന് വടക്കന്‍ ജില്ലകളിലെ 220 KVസബ്‌സ്റ്റേഷനുകളായ മൈലാട്ടിയില്‍ 197KV, കണിയാമ്പറ്റ 209KV, നല്ലളം 210KV എന്നിവയാണ് 220 KVബസില്‍ രേഖപ്പെടുത്തിയ പീക്ക് സമയത്തെ വോള്‍ട്ടേജ്. ഈ സമയങ്ങളില്‍ സിസ്റ്റം വോള്‍ട്ടേജ് കുറച്ച് നിര്‍ത്തിയാണ് അനിയന്ത്രിതമായി കുതിച്ചുയര്‍ന്ന കേരളത്തിന്റെ ആവശ്യകതയെ വൈദ്യുതി ബോര്‍ഡിന് ഏറെക്കുറെ തൃപ്തിപ്പെടുത്താന്‍ സാധിച്ചത്. ഒട്ടേറേ പ്രദേശങ്ങളിലെ 11 KVഫീഡറുകളോ, ചില 11 KVഫീഡറുകളിലെ ട്രാന്‍സ്ഫോര്‍മറുകളോ കുറഞ്ഞ സമയത്തേക്ക് സ്വിച്ചോഫ് ചെയ്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തുന്ന സ്ഥിതിയും ഈ സമയങ്ങളിലുണ്ടായി. ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ നമ്മുടെ യഥാര്‍ത്ഥ പീക്ക് ആവശ്യകത (Unrestricted demand) 5400-5500 മെഗാവാട്ടിനടുത്ത് രേഖപ്പെടുത്തുമായിരുന്നുവെന്ന് നിസ്സംശയം പറയാം.
കേന്ദ്ര ഗവണ്‍മെന്റിന്റെ പവര്‍ മിനിസ്ട്രി (MOP) തയ്യാറാക്കിയ ഇരുപതാമത് പവര്‍ സര്‍വ്വേ (20th Power Survey) പ്രകാരം 2023-24 ല്‍ 4808 MWഉം, 2026-27 ല്‍ 5597 MWഉം, 2031-32 ല്‍ 6967 MWഉമാണ് കേരളത്തിന്റെ പ്രതീക്ഷിത പീക്ക് ആവശ്യകത. ഇതേ പവര്‍ സര്‍വ്വേ പ്രകാരം 2023-24 ല്‍ 80.12 മില്ലിയണ്‍ യൂണിറ്റും, 2026-27 ല്‍ 92.88 മില്ലിയണ്‍ യൂണിറ്റും, 2031-32 ല്‍ 117.47മില്ലിയണ്‍ യൂണിറ്റുമാണ് കേരളത്തിന്റെ പ്രതീക്ഷിത പ്രതിദിന ആവശ്യകത. പവര്‍ സര്‍വ്വേ പ്രകാരം 2023-24 ല്‍ പ്രതീക്ഷിച്ചിരുന്ന പീക്ക് ആവശ്യകതയില്‍ (Restricted demand) 5% വര്‍ദ്ധനവും, പ്രതിദിന ആവശ്യകതയില്‍ 25% വര്‍ദ്ധനവും 2023 ഏപ്രിലില്‍ തന്നെ രേഖപ്പെടുത്തിയെന്നുള്ളത് കേരളത്തിന്റെ മുന്‍കാല ശരാശരി ആവശ്യകതയുടെ അടിസ്ഥാനത്തില്‍ പ്രതീക്ഷിത ആവശ്യകത കണക്കാക്കാന്‍ പറ്റില്ലെന്നുള്ളതിന്റെ വ്യക്തമായ സൂചനയാണ്. വര്‍ക്ക് ഫ്രം ഹോം, വീടുകളില്‍ എയര്‍ കണ്ടീഷണറിന്റെ വര്‍ദ്ധിത വ്യാപനം‍, എല്‍ പി ജി‌യില്‍ നിന്നും ഇന്‍ഡക്ഷന്‍ കുക്കറിലേക്കുള്ള മാറ്റം തുടങ്ങിയവ ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വെഹിക്കിള്‍ വില്‍പ്പന നടക്കുന്ന സംസ്ഥാനം കേരളമാണെന്നാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതീക്ഷിച്ചിരുന്ന വര്‍ദ്ധനവിന്റെ തോതിനേക്കാള്‍ ഇലക്ട്രിക്ക് വെഹിക്കിളിന്റെ ആവശ്യകതയും വില്‍പ്പനയും ഉയര്‍ന്ന നിലയിലായത് വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്. കൂടാതെ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വ്യവസായ സൗഹൃദ അന്തരീക്ഷം ഒട്ടേറേ ചെറുകിട-വന്‍കിട സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നതിനും സാധിച്ചിട്ടുണ്ട്. ഇതൊക്കെ കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യകത, പ്രതീക്ഷിച്ചിരുന്ന കണക്കുകളേക്കാള്‍ അധികരിച്ച നിലയിലാണെന്നതിന്റെ സൂചകങ്ങളാണ്.
ഇത്തരത്തിലുള്ള സാഹചര്യം നിലനിൽക്കുമ്പോൾ ആഭ്യന്തര ഉൽപാദനം പരമാവധി വർധിപ്പിച്ചുകൊണ്ട് മാത്രമാണ് മുന്നോട്ടുപോകാന്‍ വൈദ്യുതി ബോര്‍ഡിന് സാധിക്കുക. സ്ഥിരതയാര്‍ന്ന വൈദ്യുതി ലഭ്യമാക്കാന്‍ സാധിക്കാത്ത (Infirm power) പുനരുപയോഗ ഊര്‍ജ്ജ സാദ്ധ്യതകള്‍ ലക്ഷ്യമിട്ട് ആഭ്യന്തര ഉൽപാദനം വര്‍ദ്ധിപ്പിച്ചതു കൊണ്ടു മാത്രം ഈ പ്രതിസന്ധിയെ നമുക്ക് തരണം ചെയ്യാനാവില്ല. കേരളത്തിന്റെ ജല വൈദ്യുതി സാദ്ധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്ന നിലയില്‍ കൃത്യമായ ആസൂത്രണം നടത്തേണ്ടതുണ്ട്. എന്നാൽ നിലവിലത്തെ സാഹചര്യത്തിലോ ഭാവിയിലോ പൂർണമായും ആഭ്യന്തര ഉൽപാദനത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാനുള്ള ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്നതും വസ്തുതയാണ്. അതുകൊണ്ടു തന്നെ ആഭ്യന്തര ഉത്പാദനത്തോടൊപ്പം തന്നെ പുറത്തു നിന്നും വൈദ്യുതി എത്തിക്കുന്ന നിലയില്‍ ഹ്രസ്വ / ദീർഘകാല കരാറും കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. എന്നാൽ നിലവിലെ ദീർഘകാല കരാറുകൾ ഒക്കെ നഷ്ടമാണെന്നും അത് പൂർണമായും ഒഴിവാക്കണമെന്നുമുള്ള നിലയില്‍ ചര്‍ച്ച ചെയ്യുന്നതും, തീരുമാനങ്ങളിലേക്ക് പോകുന്നതും സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. നിലവിൽ കെഎസ്ഇബിക്ക് ലഭിച്ചുകൊണ്ടിരുന്ന ദീർഘകാല കരാറുകൾ റദ്ദാക്കിയതിന്റെ ഭാഗമായി പ്രതിദിനം 3 കോടിയിൽ കൂടുതൽ അധിക വില നൽകി വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ ബാധ്യതയും ഭാവിയില്‍ ചുമക്കേണ്ടി വരുന്നത് ഉപഭോക്താക്കൾ തന്നെയാണെന്നതാണ് വസ്തുത.
മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായി വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും, സംസ്ഥാനത്തിനു പുറത്തു നിന്നും വൈദ്യുതി എത്തിക്കുന്നതിനും ലക്ഷ്യമിട്ട് 4000 MWന്റെ അന്തര്‍ സംസ്ഥാന പ്രസരണ ശേഷിയുള്ള 400KVലൈനുകള്‍ ട്രാന്‍സ്‌ഗ്രിഡ് പദ്ധതിയോടോപ്പം തന്നെ നമ്മള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ കൊച്ചിയില്‍ സ്ഥാപിക്കാനുദ്ദേശിച്ച ഇന്റര്‍ കണക്റ്റിങ്ങ് ട്രാന്‍സ്ഫോര്‍മര്‍ (ICT) ഇതുവരെ സ്ഥാപിക്കാന്‍ സാധിക്കാത്തത്, കൊച്ചിയിലും, മാടക്കത്തറയിലും നടത്തേണ്ട അനുബന്ധ പ്രവര്‍ത്തികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് തുടങ്ങിയ കാരണങ്ങളാല്‍ അന്തര്‍ സംസ്ഥാന പ്രസരണ ശേഷി പൂര്‍ണ്ണമായി നമുക്കുപയോഗിക്കാന്‍ പറ്റാത്ത സ്ഥിതി നിലനില്‍ക്കുകയാണ്. വിവിധ കേന്ദ്ര നിലയങ്ങളില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അറ്റകുറ്റ പണികളും, വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള മറ്റ് സാങ്കേതിക തടസ്സങ്ങളും ഒക്കെ മറികടക്കുന്ന നിലയില്‍ ആസൂത്രണം നടത്തുവാനും, പദ്ധതികള്‍ ആവിഷ്കരിക്കാനും നമുക്ക് സാധിക്കണം. വിവിധ ജലവൈദ്യുതി പദ്ധതികള്‍, ട്രാന്‍സ്ഗ്രിഡ് 2.0, ട്രാന്‍സ്മിഷനിലെ ഡൗണ്‍സ്ട്രീം പ്രവര്‍ത്തികള്‍ എന്നിവ കൃത്യമായി അവലോകനം നടത്തിയും സമയബന്ധിതമായി തീരുമാനങ്ങളെടുത്ത് പൂര്‍ത്തിയാക്കേണ്ടതും വളരെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാണ്.
വിതരണ മേഖലയില്‍ 2023 മാര്‍ച്ച്-ഏപ്രില്‍-മേയ് മാസങ്ങളിലായി മാത്രം 500ഓളം ട്രാന്‍സ്ഫോര്‍മറുകളാണ് കേടായത്. വേനല്‍ക്കാലത്ത് ഇത്രയധികം ട്രാന്‍സ്ഫോര്‍മറുകള്‍ പ്രവര്‍ത്തനരഹിതമായതിനു കാരണം അതാത് പ്രദേശത്തെ അധികരിച്ച വൈദ്യുതി ആവശ്യകതയും അതു മൂലം അത്തരം ട്രാന്‍സ്ഫോര്‍മറുകള്‍ ഓവര്‍ലോഡായതുമാണ്. വാഹനങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കളേറെയും, ഇലക്ട്രിക്ക് കാറുകളിലേക്ക് അതിവേഗം മാറിക്കോണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ ഒരു ഇലക്ട്രിക് വെഹിക്കിളിനു വേണ്ട ചാര്‍ജിങ്ങ് പവര്‍ 4 KWമുതല്‍ 7.2 KW ആണ്. 100 KVA ശേഷിയുള്ള ഒരു വിതരണ ട്രാന്‍സ്ഫോര്‍മറില്‍ ഏകദേശം 10 മുതല്‍ 20 വരെ വീടുകളില്‍ പീക്ക് സമയത്ത് ഇലക്ട്രിക്ക് കാറുകള്‍ മാത്രം ചാര്‍ജ്ജ് ചെയ്യാന്‍ തുടങ്ങിയാലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ജീവിത രീതിയില്‍ വന്ന മാറ്റത്തിന്റെ ഭാഗമായി നമ്മുടെ ദൈനംദിന പ്രവര്‍ത്തികളില്‍ ബഹുഭൂരിപക്ഷവും വൈദ്യുതോര്‍ജ്ജം ഉപയോഗിച്ച് പൂര്‍ത്തീകരിക്കുന്ന നിലയില്‍ ആധുനികവത്കരണം കടന്നു വന്നിട്ടുണ്ട്. ദ്യുതി 1.0 ന്റെ ഭാഗമായി വിതരണ മേഖലയില്‍ ലൈനിന്റേയും ട്രാന്‍സ്ഫോര്‍മറുകളുടേയും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇതര മാര്‍ഗ്ഗത്തിലൂടെ വൈദ്യുതി സാധ്യമാക്കുന്നതിനുമാണ് മുന്‍ഗണന നല്‍കിയിരുന്നതെങ്കില്‍ ആര്‍ ഡി എസ്സ് എസ്സ്, ദ്യുതി 2.0 എന്നീ പദ്ധതികളില്‍ നവീകരണവും ആധുനികവത്കരണവും ലക്ഷ്യമിടുന്നതിനാല്‍, ഉയര്‍ന്ന ഊര്‍ജ്ജാവശ്യകത ലഭ്യമാക്കാനാവശ്യമായ ലൈനിന്റേയും ട്രാന്‍സ്ഫോര്‍മറുകളുടേയും ശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ഏറ്റെടുക്കാനായിട്ടില്ല. ഈ പ്രവര്‍ത്തികള്‍ക്ക് പിന്‍ബലം നല്‍കുന്ന നിലയില്‍ പുതിയ 11 KV ഫീഡറുകള്‍, 33 KV സബ്‌സ്റ്റേഷനുകള്‍ തുടങ്ങിയവയും ആവശ്യകതക്കനുസരിച്ച് മേല്‍പ്പറഞ്ഞ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1997നു മുന്‍പുണ്ടായിരുന്ന നിലയില്‍ ഗ്രാമ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ കടുത്ത വോള്‍ട്ടേജ് ക്ഷാമം അനുഭവപ്പെടുന്ന നിലയാണുള്ളത്. വൈദ്യുതി തടസ്സങ്ങളുടെ ദൈര്‍ഘ്യം (SAIDI) കുറച്ചു നിര്‍ത്തുന്നതില്‍ ഒട്ടേറേ പുരോഗതി നമ്മള്‍ കൈവരിച്ചെങ്കിലും, വൈദ്യുതി തടസ്സങ്ങളുടെ എണ്ണം (SAIFI) ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. സിസ്റ്റത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഹാര്‍മോണിക്ക് വിഷയങ്ങളെ പരിഹരിക്കുന്നതിനും നൂതനമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
കേരളത്തിന്റെ വൈദ്യുതി ആവശ്യകതയും, നിലനില്‍ക്കുന്ന സാങ്കേതികമായ പരിമിതികളും നിയമപരമായ വെല്ലുവിളികളും മനസ്സിലാക്കി ഉത്പാദന – പ്രസരണ-വിതരണ മേഖലയിലെ വിവിധ പദ്ധതികളുടെ മുന്‍ഗണന നിശ്ചയിക്കേണ്ടത് പരമപ്രധാനമാണ്. അവയോരോന്നിന്റേയും അവലോകനം കേന്ദ്രീകൃതമായി കൃത്യമായ ഇടവേളകളില്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്. ആവശ്യമായ സാധന സാമഗ്രികള്‍ കൃത്യമായി ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്തുക, തീരുമാനങ്ങള്‍ സമയബന്ധിതമായി എടുക്കുക എന്നിവ ഏതൊരു പദ്ധതി പൂര്‍ത്തീകരണത്തിലും നിര്‍ണ്ണായകമാണ്. അടിയന്തിരവും മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതുമായ അറ്റകുറ്റ പണികളും ഇതിനോടൊപ്പം തന്നെ പ്രാധാന്യത്തോടു കൂടി പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തികളാണ്. സ്ഥാപനത്തിന്റെ കാര്യക്ഷമതയെ പിന്നോട്ടടിക്കുന്ന ദൈനംദിന വിഷയങ്ങള്‍ ഒട്ടേറെ വൈദ്യുതി ബോര്‍ഡിനു മുന്‍പിലുണ്ട്. ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്താനും, ജീവനക്കാരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കാനും, ജോലിഭാരം കുറക്കാനുമുള്ള നിരവധി നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ചകള്‍ നടത്താനോ, തീരുമാനങ്ങളെടുക്കാനോ ബോര്‍ഡിന് സാദ്ധിക്കുന്നില്ല.
പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ട് വൈദ്യുതി മേഖലയില്‍ കേരളം നേടിയ നേട്ടങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുവാനും, സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതും, ഉപഭോക്താക്കളുടെ പ്രതീക്ഷക്കും ആവശ്യത്തിനുമനുസരിച്ച് നടപ്പാക്കേണ്ടതുമായ ഒട്ടേറെ ഗൗരവമായ വിഷയങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് ഏറ്റെടുക്കുകയാണ് സ്ഥാപനത്തിനും സംസ്ഥാനത്തിനും ഗുണകരം. മറിച്ച് സ്മാര്‍ട്ട് മീറ്റര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന ചര്‍ച്ചയും തീരുമാനങ്ങളും, കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിനെ തകര്‍ച്ചയിലേക്കെത്തിക്കാനേ ഉപകരിക്കൂ. സ്ഥാപനത്തിന്റെ ഈ തകര്‍ച്ച പ്രതീക്ഷിച്ച് സ്വകാര്യ മൂലധനശക്തികള്‍ പുറത്ത് കാത്തിരിക്കുന്നുണ്ടെന്നതും ഗൗരവത്തോടെ കാണണം.