“പെൺയാത്ര @ 2020”-തിരുവനന്തപുരം ജില്ല

156

KSEBOA തിരുവനന്തപുരം ജില്ലാ വനിതാ സബ് കമ്മിറ്റി 24.01.2020 ന് “പെൺയാത്ര” സംഘടിപ്പിച്ചു. കൊല്ലം മുതൽ മൺറോതുരുത്ത് വരെയുള്ള ഈ ബോട്ട് യാത്രയിൽ 38 പേർ പങ്കെടുത്തു. തിരുവനന്തപുരത്തു നിന്നും രാവിലെ 7:45 ന് ബസ്സിൽ യാത്ര തിരിച്ച സംഘം പത്തു മണിക്ക് കൊല്ലത്ത് എത്തിച്ചേർന്നു. രാവിലെയുള്ള ഈ ബസ് യാത്രയിൽ തന്നെ അംഗങ്ങൾ സജീവമായി കലാപരിപാടികൾ ആരംഭിച്ചു. അഷ്ടമുടി കായലിന്റെ കൈവഴികളിലൂടെ ആഡംബര ബോട്ടിലൂടെയുള്ള ജലയാത്ര തീർത്തും വേറിട്ട ഒരനുഭവം തന്നെയായിരുന്നു. ഇരു കരകളിലുമുള്ള ഹരിത ഭംഗിയും മണ്റോതുരുത്തിലെ കണ്ടൽ കാടുകളും ഉൾപ്പെടുന്ന കാഴ്ച്ച എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നായിരുന്നു. ബോട്ടിന്റെ മുകൾ നിലയിൽ വിവിധ കലാപരിപാടികളും
കളികളുമായി ഉച്ചവരെ സന്തോഷകരമായി യാത്ര മുന്നേറിയപ്പോൾ സമയം പോയതേ അറിഞ്ഞില്ല.

രുചികരവും വിഭവ സമൃദ്ധവുമായ ഉച്ച ഭക്ഷണത്തിനു ശേഷം, ബോട്ടിന്റെ താഴത്തെ നിലയിൽ ഒത്തുകൂടി കായലിലെ ഇളം കാറ്റേറ്റ് പാട്ടും തമാശകളുമായി മടക്കയാത്ര സജീവമായി. വൈകിട്ട് നാല് മണിക്ക് കരയിലെത്തുമ്പോൾ തീർത്തും വ്യത്യസ്തമായ ഒരു യാത്ര ആസ്വദിച്ചതിന്റെ സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു. വൈകിട്ട് ആറു മണിയോടെ തിരുവനന്തപുരത്തെത്തി, പരസ്പരം പിരിഞ്ഞു പോകുമ്പോൾ, പിന്നിട്ടു പോയ കുറേ നല്ല നിമിഷങ്ങളുടെ സുഖകരമായ ഓർമ്മകൾ എല്ലാവരിലും തളം കെട്ടി കിടന്നിരുന്നു. ഇനിയും ഇത്തരം നല്ല യാത്രകൾ സംഘടിപ്പിക്കണമെന്ന് എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട് തയ്യാറാക്കിയത് ശ്രീമതി. ബിന്ദുലക്ഷ്മി,ശ്രീമതി. കവിത