പൊതു സ്ഥലം മാറ്റ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണം

63

പൊതു സ്ഥലം മാറ്റ നടപടികള്‍
അടിയന്തിരമായി പൂര്‍ത്തീകരിക്കണം
മിഡില്‍ ലെവല്‍ ഓഫീസര്‍മാരുടെ 2023 ലെ ജനറല്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ക്കുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ ഫെബ്രുവരി മാസം 28ന് വൈദ്യുതി ബോര്‍ഡ് പ്രസിദ്ധീകരിച്ചതാണ്. ഔദ്യോഗികമായി ലഭിച്ച നിര്‍ദ്ദേശങ്ങളും, സംഘടനകളുമായി ചര്‍ച്ച ചെയ്ത് ധാരണയായതുമായ മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ഓ‌ണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് ഇത് ഉത്തരവായത്. തുടര്‍ന്ന് ഏപ്രില്‍ മാസം 13ന് ആഫീസ്സര്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊണ്ട് 2023 ലെ പൊതു സ്ഥലംമാറ്റത്തിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം ആഫീസര്‍മാര്‍ക്ക് HRIS ല്‍ ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഏപ്രില്‍ 27 ന് അവസാനിക്കുകയും ചെയ്തു. സാധാരണ ഗതിയില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതിക്കു ശേഷം, മെഡിക്കല്‍ പ്രൊട്ടക്ഷനുള്‍പ്പടെയുള്ള അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കി, രണ്ടാഴ്ചക്കുള്ളില്‍ വിവിധ വിഭാഗങ്ങളിലുള്ള ആഫീസ്സര്‍മാരുടെ ട്രാന്‍സ്‌ഫര്‍ ഉത്തരവുകള്‍ ആരംഭിക്കുന്നതും ഒരു മാസത്തിനുള്ളില്‍ എല്ലാ ഉത്തരവുകളും പ്രസിദ്ധീകരിക്കാറുള്ളതുമാണ്. പൊതു സ്ഥലംമാറ്റത്തിലെ വിവിധ വിഭാഗങ്ങളിലുള്ള പരാതികള്‍, തുടര്‍ന്ന് നടക്കുന്ന പ്രമോഷനുകളോടും, അനോമലി ഉത്തരവുകളോടുമൊപ്പം പരിഹരിക്കാറുമുള്ളതുമാണ്. മുന്‍പ് ചില വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടത്തിന്റെ നിയന്ത്രണങ്ങളാല്‍ പൊതു സ്ഥലംമാറ്റ നടപടികള്‍ സാധാരണ ഗതിയില്‍ വൈകിയിട്ടുണ്ട്. എല്ലാ വര്‍ഷവും ഏപ്രില്‍- മേയ് മാസങ്ങളിലായി നടക്കേണ്ട ജനറല്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ ‍ ജൂണ്‍ മാസത്തിനു മുന്‍പായി പൂര്‍ത്തീകരിക്കാനുള്ള എല്ലാ സാഹചര്യവും ഈ വര്‍ഷമുണ്ടായിരുന്നു.
എന്നാല്‍ സംഘടനകള്‍ ചൂണ്ടിക്കാണിച്ചതും, ഒരു മാനദണ്ഡവുമില്ലാതെ തീരുമാനിച്ചതുമായ അഡ്മിനിസ്ട്രേറ്റീവ് പ്രോട്ടക്ഷനിലെ വിവിധ തരത്തിലുള്ള അനോമലികള്‍ ഇതു വരെ പരിഹരിച്ച് തീര്‍ന്നിട്ടില്ല. തുടക്കത്തില്‍ അഡ്മിനിസ്ട്രേറ്റീവ് പ്രോട്ടക്ഷന് പരിഗണിച്ചിരുന്ന ആഫീസ്സര്‍മാരുടെ എണ്ണം ആയിരത്തിനു മുകളിലുണ്ടായിരുന്നത് സ്ഥാപനത്തിനുള്ളിലെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പല തവണ ആയി പുതുക്കി നിശ്ചയിച്ചിരുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ജനറല്‍ ട്രാന്‍സ്ഫര്‍ നോട്ടിഫിക്കേഷനു മുന്‍പ് തന്നെ തായ്യാറാക്കേണ്ടിയിരുന്ന ഈ ലിസ്റ്റ് ഇതുവരെ അന്തിമമാക്കാത്തത് ബോര്‍ഡിന്റെ ഭാഗത്തെ ഗുരുതരമായ വീഴ്ചയാണ്. കൂടാതെ ഒട്ടേറെ ആഫീസ്സുകളില്‍ അശാസ്ത്രീയമായി നിശ്ചയിച്ച പോസ്റ്റിങ്ങ് സ്ട്രെങ്ങ്ത് ഉള്‍പ്പടെയുള്ള വിവിധ പരാതികളില്‍ ഇതു വരെ ബോര്‍ഡ് അന്തിമമായി തീരുമാനമെടുത്തിട്ടില്ല. ഇത് പ്രസിദ്ധീകരിച്ചതിനു ശേഷം, വിവിധ ആഫീസര്‍മാര്‍ക്ക് ഓപ്ഷനും റീ-ഓപ്ഷനുമുള്ള അവസരം നല്‍കേണ്ടതുമാണ്.
മെഡിക്കല്‍ പ്രൊട്ടക്ഷന്‍ അംഗീകരിക്കുന്നതിന് ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന കമ്മിറ്റിയില്‍ ഉള്‍പ്പടേണ്ട വിദഗ്ധരുടെ നിര്‍ദ്ദേശം ഗവ: നോട് ആവശ്യപ്പെട്ടെങ്കിലും ഇതു വരെ ലഭ്യമായിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോള്‍ ഈ കമ്മിറ്റി രൂപീകരിച്ചാല്‍ തന്നെ ജൂണ്‍ മാസം അവസാനത്തോടു കൂടി മാത്രമേ ട്രാന്‍സ്‌ഫര്‍ ഉത്തരവുകള്‍ പ്രസിദ്ധീകരിച്ച് തുടങ്ങാനാവൂ. തുടര്‍ന്ന് അന്തിമ ഉത്തരവുകളും, അനോമലി ഉത്തരവുകളും പ്രസിദ്ധീകരിച്ച് ജനറല്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാകണമെങ്കില്‍ ജൂലൈ അവസാന വാരമാകും. കാലവര്‍ഷത്തിന്റെ കെടുതികള്‍ക്കിടയില്‍ ട്രാന്‍സ്‌ഫര്‍ ഉത്തരവുകള്‍ ‍ നടപ്പാക്കുന്നത് ഫീല്‍ഡില്‍, പ്രത്യേകിച്ച് വിതരണ മേഖലയില്‍ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും, വൈദ്യുതി തടസ്സങ്ങള്‍ പരിഹരിക്കുന്നതില്‍ കാലതാമസ്സമുണ്ടായാല്‍, ഉപഭോക്താക്കളില്‍ നിന്നും വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്യും. ബോര്‍ഡ് കൃത്യമായി തീരുമാനങ്ങള്‍ എടുക്കാതെ, ട്രാന്‍സ്‌ഫര്‍ നടപടികള്‍ വൈകുന്നതു മൂലം വിവിധ വിഭാഗങ്ങളിലെ മിഡില്‍ ലെവല്‍ ഓഫീസര്‍മാരുടെ പ്രമോഷന്‍ ഉത്തരവുകളും വൈകുന്ന സ്ഥിതിയാണുള്ളത്.
സീനിയര്‍ ആഫീസ്സര്‍മാരുടെ പൊതു സ്ഥലംമാറ്റ നടപടികളും മിഡില്‍ ലെവല്‍ ഓഫീസര്‍മാരുടേതു പോലെ തന്നെ 2023 മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ചു കൊണ്ട് സുതാര്യമായി നടത്തുന്നതിന് ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഔദ്യോഗികമായി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ സംഘടനകളുമായി ചര്‍ച്ച ചെയ്തതിനു ശേഷം, സീനിയര്‍ ഓഫീസര്‍മാര്‍ക്കുള്ള 2023 ലെ ജനറല്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ഏപ്രില്‍ 5ന് വൈദ്യുതി ബോര്‍ഡ് പ്രസിദ്ധീകരിച്ചതാണ്. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സീനിയര്‍ ആഫീസ്സര്‍മാരുടെ പൊതു സ്ഥലംമാറ്റ നടപടികള്‍ക്കുള്ള പ്രത്യേക സോഫ്‌റ്റ്‌വയര്‍ ടെസ്‌റ്റിങ്ങ് ഉൾപ്പെടെ പൂര്‍ത്തിയാക്കി സജ്ജമായിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെല്ലാം, സീനിയര്‍ ആഫീസ്സര്‍മാരുടെ വിരമിക്കല്‍ മൂലം ഏപ്രില്‍-മേയ് മാസങ്ങളിലുണ്ടാകുന്ന ഒഴിവുകളിലേക്കുള്ള പ്രമോഷനുകളും, പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷകളും ഒരുമിച്ചാണ് ബോര്‍ഡ് പരിഗണിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി എ ഒ, സിവില്‍-ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലെ എക്സിക്ക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികളിലുണ്ടായ ഒഴിവുകളിലേക്കുള്ള പ്രമോഷനുകള്‍ പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കാതെയും പരിഗണിക്കാതെയുമാണ് ബോര്‍ഡ് ഉത്തരവാക്കിയിരിക്കുന്നത്. ഇതു മൂലം തങ്ങളുടെ ജില്ലക്ക് പുറത്ത് വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന ആഫീസ്സര്‍മാര്‍ക്ക് അര്‍ഹമായിരുന്ന ന്യായമായ അവസരങ്ങള്‍ നഷ്ടപ്പെടുന്ന നിലയാണുണ്ടായിട്ടുള്ളത്. ആദ്യമായി ഓണ്‍ലൈനിലൂടെ ആരംഭിക്കുന്ന സീനിയര്‍ ആഫീസ്സര്‍മാരുടെ പൊതു സ്ഥലംമാറ്റ നടപടികളിലെ ഇന്‍ഡക്സ് ഉള്‍പ്പടെ ഇതു വരെ പ്രസിദ്ധീകരിക്കാത്തതും ആഫീസ്സര്‍മാര്‍ക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വര്‍ക് മെന്‍ വിഭാഗത്തിലെ പൊതു സ്ഥലംമാറ്റ നടപടികളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.
സ്ഥാപനത്തിനുള്ളിലും, പുറത്തും ഒട്ടേറെ വെല്ലുവിളികളും പരിമിതികളും നിലനില്‍ക്കുകയും, അതു മൂലം ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും കടുത്ത ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, ബോ‌ര്‍ഡിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തുന്ന നിലയില്‍ 2023 ലെ പൊതു സ്ഥലംമാറ്റ നടപടികള്‍ സുതാര്യമായി പൂര്‍ത്തീകരിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് അടിയന്തിരമായി തീരുമാനമെടുക്കണം.