ഓഫീസർമാരുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുക്കുക

178

അടുത്ത കാലത്തായി കെ.എസ്.ഇ.ബി മാനേജ്മെന്റ് ബോധപൂർവമായി കെ.എസ്.ഇ.ബിയിലെ ഓഫീസർമാരുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ വളർച്ചക്കും ഉപഭോക്തൃ സംതൃപ്തിക്കും വലിയ സംഭാവനകൾ ചെയ്യാൻ ഓഫീസർ സംഘടനകൾക്ക് സാധിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിലെ ഓഫീസർമാരുടെ ഏറ്റവും വലിയ സംഘടന എന്ന നിലയ്‌ക്ക് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള നടപടികളും സമീപ കാലത്ത് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ഏറ്റവും ഒടുവിൽ പുതുവൽസര ആശംസകൾ നേരാൻ വേണ്ടി എല്ലാ ജീവനക്കാരേയും വിളിച്ചു ചേർത്ത യോഗം പോലും ഏകപക്ഷീയമായി ആക്ഷേപം നടത്തി ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യുന്ന സാഹചര്യവും ഉണ്ടായി.
ഔദ്യോഗിക വാട്ട്സ്‌ ആപ്പ്‌ ഗ്രൂപ്പിൽ ഡയറക്ടർ ഇട്ട പോസ്റ്റിനോട് വിയോജിച്ചു കൊണ്ട് മാന്യമായ രീതിയിൽ ഒരു പ്രതികരണം നടത്തിയതിനാണ് വിതരണ വിഭാഗം ചീഫ് എഞ്ചിനീയറോട് നടപടിയെടുക്കാതിരിക്കാൻ വിശദീകരണം ചോദിച്ചത്. സ്ഥാപനത്തെ കുറിച്ചു വിമർശിക്കാനും തെറ്റ് ചൂണ്ടിക്കാട്ടാനും പോലും അനുവാദം നൽകുന്ന വിസിൽ ബ്ലോവർ പോളിസി അംഗീകരിച്ച സ്ഥാപനമാണ് കെ.എസ്.ഇ.ബി ലിമിറ്റഡ്. അതു കൊണ്ട് തന്നെ ഔദ്യോഗിക വേദികളിൽ മാന്യമായ രീതിയിൽ വിയോജിപ്പ് മുന്നോട്ട് വച്ച ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയോട് പ്രതിഷേധിക്കാൻ സംഘടന തീരുമാനിച്ചു. ഈ നടപടിയിൽ പ്രതിഷേധിച്ച് ബോർഡ് മാനേജ്മെന്റിന് സംഘടന കത്ത് നൽകി. സംഘടന നൽകിയ കത്തുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി സി.എം.ഡിക്ക് വേണ്ടി ഇറക്കിയ പരിപത്രത്തിൽ ഓഫീസർമാർക്ക് സംഘടനാ സ്വാതന്ത്ര്യം ഇല്ലെന്നും ബോർഡിന്റെ തീരുമാനങ്ങളോട് വിയോജിക്കാനുള്ള അവകാശം ഇല്ലെന്നും ഉള്ള നിലപാടാണ് സ്വീകരിച്ചത്. ഡിസംബർ 23ന് തിരുവനന്തപുരം വൈദ്യുതി ഭവനിൽ ഉച്ചഭക്ഷണ സമയത്ത് വായ മൂടിക്കെട്ടി ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. നല്ല പങ്കാളിത്തത്തോടെ നടന്ന പ്രതിഷേധം മാനേജ്മെന്റിനെ വിറളി പിടിപ്പിച്ചു എന്നാണ് പിന്നീടുണ്ടായ സംഭവവികാസങ്ങൾ തെളിയിച്ചത്. ആ ദിവസം നഗരത്തിന്റെ വേറൊരു ഭാഗത്ത് രാഷ്ട്രപതി ഉണ്ട് എന്നതുമായി ബന്ധപ്പെടുത്തി നുണ പ്രചരണം നടത്താനാണ് മാനേജ്മെന്റ് ചില ടിവി ചാനലുകളുടെ സഹായത്തോടെ ശ്രമിച്ചത്. രാഷ്ട്രപതിയുടെ പരിപാടികൾ പട്ടം വൈദ്യുതി ഭവന്റെ സമീപ പ്രദേശങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികൾ എല്ലാം തന്നെ 12.30ന് കഴിഞ്ഞിരുന്നു എന്നതും അദ്ദേഹത്തിന്റെ ഒരു പരിപാടിയിലും വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നതിനാലും ആ കുപ്രചരണം, സോപ്പ് കുമിളകള്‍ പോലെ നിമിഷങ്ങള്‍‍ക്കുള്ളില്‍ പൊട്ടിപ്പോയി.
സംഘടനാ നേതാക്കളെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻമാരായി മാത്രമാണ് മാനേജ്മെന്റ് കാണുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറി വിവിധ വിഷയത്തിൽ കത്തുകൾ നൽകുമ്പോൾ എ.ഇ.ഇ കത്ത് നൽകി എന്നു പറഞ്ഞു കൊണ്ടിരിക്കുന്നത് ഇക്കാരണത്താലാണ്. നവംബർ 15ന് ഇറക്കിയ പരിപത്രത്തിൽ സംഘടനകളുമായി ചർച്ച നടത്തുമ്പോൾ സംഘടനാ നേതാവിന്റെ ഔദ്യോഗിക പദവിക്ക് ഒരുപടി എങ്കിലും മുകളിലുള്ള ആളാകണം ബോർഡിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കേണ്ടത് എന്ന് എഴുതി വച്ചത് ഇതേ സമീപനം കാരണമാണ്. ബോർഡുമായുള്ള ചർച്ചകളിൽ സംഘടന ഒരുപടി താഴെയാണെന്ന കാഴ്ചപ്പാടാണ് മാനേജ്മെന്റ് മുന്നോട്ട് വയ്ക്കുന്നത്. ഓഫീസർ സംഘടനകൾ ബോർഡിലെ എല്ലാ തലത്തിലേയും ഓഫീസർമാരെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതു കൊണ്ട് തന്നെ സംഘടനയെ പ്രതിനിധീകരിച്ച് ചർച്ചക്ക് വരുന്നവരെ ഒരു പടി താഴെയുള്ളവരായി കാണുന്ന സമീപനത്തോട് ഒട്ടും യോജിക്കാനാകില്ല.
യാതൊരു വിധ സാമ്പത്തിക പരിശോധനകളും ഇല്ലാതെ ആയിരത്തിലേറെ വൈദ്യുത വാഹനങ്ങൾ വാങ്ങാനും ബോർഡ് ജീവനക്കാർക്ക് ടീ ഷർട്ടും സാരിയുമൊക്കെ വാങ്ങി നൽകാനുമുള്ള ശ്രമങ്ങളെ, നേരത്തെ എല്ലാ സംഘടനകളും ഒരുമിച്ച് എതിർത്തിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ബോർഡ് ഈ ശ്രമത്തിൽ നിന്ന് പിൻമാറി. എന്നാൽ പിന്നീട് ഇറക്കിയ പരിപത്രം വഴി ഊർജ്ജ സംരക്ഷണ ദിനത്തിന് വേണ്ടി വാങ്ങിയ ടീ ഷർട്ടുകൾ 263 രൂപക്ക് വാങ്ങാമെന്നും വെള്ളി, ശനി ദിവസങ്ങളിൽ ഈ ടീ ഷർട്ട് ധരിക്കുന്നത് അഭികാമ്യമെന്നും പ്രഖ്യാപിക്കുന്ന സ്ഥിതി ഉണ്ടായി. പിൻവാതിൽ വഴി യൂണിഫോം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടന്നത്. 6 സംഘടനകൾ ചേർന്നുള്ള സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് മാനേജ്മെന്റിന്റെ ഇത്തരം തെറ്റായ സമീപനങ്ങൾക്കെതിരെ പ്രതിഷേധിച്ചത്. എന്നാൽ സംയുക്ത സമിതിയിലെ സംഘടനകളുമായി ഒരുമിച്ച് ചർച്ച ചെയ്യാൻ കഴിയില്ല എന്ന സമീപനമാണ് ബോർഡ് സ്വീകരിച്ചത്. ഇതു കൂടാതെ അംഗീകാരമില്ലാത്ത ട്രേഡ് യൂണിയനുകളുമായും ചർച്ചയില്ല എന്ന സമീപനവും ബോർഡ് മുന്നോട്ട് വച്ചു. വർക്ക്മെൻ സംഘടനകൾ ഉൾപ്പെടുന്ന ഫെഡറേഷനുകളിൽ പോലും ഓഫീസർ സംഘടനകൾ ഉണ്ടാകാൻ പാടില്ല എന്ന നിലപാടിലാണ് ഇപ്പോള്‍ ബോർഡ് മാനേജ്മെന്റ്. ട്രേഡ് യൂണിയൻ നേതാവായി ഓഫീസർമാർക്ക് പ്രവർത്തിക്കാനാകില്ല എന്ന ഹൈക്കോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്താണ് സംയുക്തമായ പ്രവർത്തനങ്ങൾക്കെതിരെ വാളോങ്ങുന്നത്. EEFI, NCCOEEE അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ ഓഫീസർമാരും തൊഴിലാളികളും എഞ്ചിനീയർമാരും ഒറ്റക്കെട്ടായി വൈദ്യുതി മേഖലാ സംരക്ഷണത്തിന് പ്രക്ഷോഭം നടത്തുന്ന കാലഘട്ടത്തിൽ സംയുക്ത സംഘടനാ പ്രവർത്തനം നിരോധിക്കുന്ന ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട.
മന്ത്രിയുടെ പുതുവൽസര സന്ദേശത്തിന്റെ പേരിൽ ജീവനക്കാരോട് സി.എം.ഡി ഫെയ്‌സ്ബുക്ക് ലൈവ് വഴി നടത്തിയ പ്രസംഗം മറ്റൊരു സ്ഥാപന മേധാവിയും നടത്താത്ത രീതിയിൽ വംശീയ അധിക്ഷേപം ഉൾപ്പെടെ നടത്തി തരംതാഴ്‌ന്നതായിപ്പോയി എന്ന അഭിപ്രായമാണ് പൊതുവേ ഉയരുന്നത്. സ്ഥാപനത്തെ വരും വർഷങ്ങളിൽ മുന്നോട്ട് കൊണ്ടു പോകേണ്ട കാഴ്ചപ്പാടും, ഭാവി പ്രവർത്തനങ്ങളും നയപ്രഖ്യാപനങ്ങളും ജീവനക്കാരുടെ മുന്നിൽ അവതരിപ്പിച്ച് അവരെ പ്രചോദിപ്പിക്കുന്നതിനു പകരം സംഘടനാ പ്രവർത്തനങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് നടന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഭരിക്കുന്ന നമ്മുടെ സംസ്ഥാനത്ത്, മുന്നണിയുടെ നയങ്ങൾക്ക് വിരുദ്ധമായി, സംഘടനാ പ്രവർത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തടയിടാനുള്ള ശ്രമമാണ് കെ.എസ്.ഇ.ബി മാനേജ്മെമാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ദശകങ്ങൾ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടം പ്രതിപ്രവർത്തനമല്ല എന്ന് മനസ്സിലാക്കാൻ വലിയ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യത്തിന്റെ ആവശ്യമൊന്നുമില്ല. കേന്ദ്ര ഗവൺമെന്റിന്റെ വൈദ്യുതി സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടം രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോൾ അതിന് നേതൃത്വം നൽകുന്നതിലെ നിർണ്ണായക സ്ഥാനം കേരളത്തിലെ സംഘടനകൾക്കാണ്. രാജ്യവ്യാപകമായി നടക്കുന്ന പോരാട്ടങ്ങൾക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെ നടപടികൾ എന്ന സംശയം വ്യാപകമായി ഉണ്ട്. രാജ്യം വിറ്റു തുലക്കുന്ന നയങ്ങൾക്കെതിരെ ഫെബ്രുവരി 23,24 തീയതികളിൽ അഖിലേന്ത്യാ പണിമുടക്ക് നടക്കുകയാണ്. വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ ശക്തമായി ശ്രമിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി മേഖലയിലെ ഓഫീസർമാരും ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകും. ഇതിന്റെ ഭാഗമായി സംയുക്ത പ്രവർത്തനങ്ങളും കാമ്പയിനുകളും ഉണ്ടാകും. ഓഫീസർമാരുടെ സംഘടനാ സ്വാതന്ത്ര്യവും സംയുക്ത പ്രവർത്തനവും വിലക്കുന്നവർ പണിമുടക്കിനെയടക്കം പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും എന്ന് ഉറപ്പാണ്. അതിനാൽ, ഒറ്റക്കെട്ടായി നിന്ന് ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാനും ഫെബ്രുവരി 23, 24 തീയ്യതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വൻ വിജയമാക്കാനും ഉള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.