ഒരു ഷോക്കോസ്‌ അപാരത

189

രാവിലെ പത്രംനോക്കി കൊണ്ടിരിക്കെ പതിവില്ലാതെ അച്ഛൻ വീട്ടിലേക്ക് കയറിവരുന്നു. ഇടയ്ക്കിടയ്ക് വരുന്നതാണെങ്കിലും രാവിലെയുളള വരവിൽ എന്തെങ്കിലും കാണാതിരിക്കില്ല. വന്നപാടെ ഏതോ അത്ഭുതം കാണുന്നതുപോലെ ആകെയൊരു നോട്ടം. പെട്ടെന്ന് അകത്തുനിന്നും ഭാര്യയും എത്തി. അച്ഛൻ ഇത്ര നേരത്തെ എത്തിയോ എന്ന അവളുടെ ചോദ്യത്തിൽനിന്നും മനസിലായി അവൾ പറഞ്ഞിട്ടാണ് എത്തിയതെന്ന്. പ്രത്യേകിച്ച്‌ സംഭവങ്ങളൊന്നും വീട്ടിൽ ഉണ്ടായിട്ടില്ല. അന്ധാളിച്ച് നിൽക്കെ അച്ഛന്റെ ചോദ്യം. ഇന്നു ആഫീസിൽ പോകണ്ട, നമുക്ക് ഇന്ന് ഒരു ഡോക്ടറെ കാണാൻ പോകണം. സാധാരണ അച്ഛന് ഡോക്ടറെ കാണാൻ സമയമാകുമ്പേൾ വിളിക്കുന്ന അവസരത്തിൽ താമസസ്ഥലത്ത് നിന്നും കൂട്ടി പോകാറാണുളളത്. ഒന്നും മനസിലാകാതെ നിന്ന എന്നോട്‌ അതാ അടുത്ത ചോദ്യം. നിനെക്കെന്തുപറ്റി?
8 മണിക്ക്ആഫീസിൽ എത്താനായി അടുത്ത പരിപാടിയിലേക്കുള്ള തിരക്കിനിടയിലാണ് ആ ചോദ്യംവന്നത്. ഒന്നും മനസിലാകാതെനിന്ന എന്നോട്‌ അടുത്ത നിർദ്ദേശവും വന്നു. ഇന്ന് ലീവാക്കുക നമുക്ക് ഒരു ഡോക്ടറെ കാണാനുണ്ട്. ലീവോ സർവ്വനിയന്ത്രണവും വിട്ട് ചോദിച്ചുപോയി. പലവിധ റിപ്പോർട്ടുകൾ നൽകാനുളളതാണ്, അലുമിനിയം കമ്പികൊണ്ടു വലിച്ച ലൈൻ എത്ര? ACSR എത്ര? അടുത്ത 5 വർഷത്തേയ്ക്കുളള പോസ്റ്റ് എത്ര? അതിൽ പ്രകൃതിക്ഷോഭം, കണക്ഷൻ, ഡെപ്പോസിറ്റ് എന്നിവയ്ക്ക് മാത്രം ഉളളത്, അങ്ങനെ പാഴുർ പടിപ്പുരയിൽ പ്രശ്നം വച്ചറിയേണ്ട കാര്യങ്ങൾ, പാറമടകൾ തരിശുഭൂമികൾ, നിലാവ്, എന്നിങ്ങനെ നിരവധികാര്യങ്ങൾ.
പ്രിയതമ ഇടപെട്ടു. ഞാനാണ് അച്ഛനെ വരാൻ പറഞ്ഞത് ഒരാഴ്ചയായി വിശാലേട്ടൻ രാത്രി ഉറക്കത്തിൽ 10 ലക്ഷം, 15 ലക്ഷം എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുമാത്രമോ കൂടെ ജോലിചെയ്യുന്ന ടീച്ചർ കറണ്ട് ചാർജ്ജടയ്ക്കാൻ പോയപ്പോൾ വിശാലേട്ടൻ ഒരു കമ്പുമായി ആഫീസിന്റെ ചുറ്റും പരതി നടന്നു ഇടയ്ക്കിടെ എന്തക്കെയോ പെറുക്കി കൈയ്യിലെ ചാക്കിലിടുന്നുത്‌ കണ്ടുവത്രേ. ആ ടീച്ചറെന്നോട് ചോദിക്കുകയാ നിന്റെ ഹസ്‌ബന്‍ഡ് അസിസ്റ്റന്റ്‌ എഞ്ചിനീയർ ആണോ അതോ ആക്രി പറക്കുകാരൻ ആണോ എന്ന്. അപ്പോഴാണ് അകത്തുനിന്നും എട്ടാം ക്ളാസുകാരി മോളുടെ വരവ്. അമ്മ പറഞ്ഞത് ശരിയാണ് അതുമാത്രമല്ല റാബിറ്റ്, റാക്കുൺ, വീസൽ എന്നിങ്ങനെ ജീവികളുടെ പേരും രാത്രി കിടന്നു പറയുന്നുണ്ട്. ഇതൊക്കെ കേട്ടും കണ്ടും പേടിച്ചാണ് അച്ഛനെ വിളിച്ചു വരുത്തിയത്. ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാൻ. പ്രിയ കരച്ചിലിലെത്തി.
എന്ത് എങ്ങനെ പറഞ്ഞു മനസിലാക്കികൊടുക്കും എന്ന് ചിന്തിച്ച്‌, ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി. നിഷ്കളങ്കരായ അവരെ എന്ത് പറയാൻ. ജോലി നോക്കുന്ന കേരളത്തിലെ ഒരു പ്രമുഖ കമ്പനിയിൽ കണക്ഷൻ കൊടുക്കുവാൻ പോസ്റ്റ്‌ ഇല്ലെങ്കിലും ഓർഡറുകൾക്കു മാത്രം ഒരു പഞ്ഞവുമില്ല. നിമിഷം കണക്കിന് ആണ് ഓർഡറുകൾ വരുന്നത്. ഒരു പ്രമുഖ സംഘടനയെ മുട്ടുകുത്തിച്ചേ അടങ്ങൂ എന്നതാണ്‌ ചിലരുെട വാശി. ആ വാശിപ്പുറത്തു ദിവസവും ഓർഡറും മെമ്മോകളും വരും.

അങ്ങനെ ഇരിക്കുമ്പോൾ അതാ വരുന്നു പുതിയ ഒരു സാധനം. പണ്ട് കറൻറ് ബിൽ അടക്കുവാൻ പോലും സെക്ഷൻ ഓഫീസിന്റെ തിണ്ണ കാണാത്തവർക്ക് മാത്രം പടച്ചു വിടാൻ കഴിയുന്ന ഒരു ഓർഡർ. കിട്ടിയ പാടെ ആർത്തിയോടെ വായിച്ചു. അപ്പോഴാണ് ഒരു വലിയ കാര്യം പിടി കിട്ടിയത്. Ksebയുടെ സ്വത്ത്‌ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ്‌ എഞ്ചിനീയർമാർ ബാങ്ക് ഡെപ്പോസിറ്റു പോലെ കയ്യടക്കി വച്ചേക്കുന്നു. ദ്യുതി വർക്കിന്റെ പ്രോഗ്രസിന്റെ കാരണം കിട്ടി എന്ന രീതിയിൽ ഈ കാര്യം വലിയ ഏമാന്റെ ചെവിയിൽ എത്തിച്ചു. ആഹാ അതു കൊള്ളാം അവന്മാരെ അങ്ങനെ വിട്ടാൽ പറ്റില്ല. ഒരു പണി കൊടുക്കുവാൻ “Show Cause Management”ലെ വിദഗ്‌ദ്ധർക്കു നിർദേശം കൊടുത്ത വകയിൽ ഇറക്കിയതാണ് ഈ ഓർഡർ. ഓർഡർ വായിച്ചവർ വായിച്ചവർ എല്ലാം ഞെട്ടി എന്ന് പറയുന്നില്ല. പക്ഷെ സെക്ഷൻ ഓഫീസിലെ സ്ഥിരം വേട്ട മൃഗങ്ങൾ ആയ അസിസ്റ്റന്റ്‌ എഞ്ചിനീയർ മാർ ശരിക്കും ഞെട്ടി. ഞെട്ടിയവർ ഞെട്ടിയവർ പരസപരം പറഞ്ഞു ഒരു show cause ന്റെ മണം അടിക്കുന്നു. രക്ഷ പെടണം എങ്കിൽ മാസ്സാ വാല്യൂ 10 ലക്ഷം ആക്കണം. ഈശ്വരാ പണി പാളി 10 km കൺവെൻഷൻ നടത്താൻ എടുത്ത രണ്ട്‌ ഡ്രം കമ്പി റോഡിൽ അതാ കിടക്കുന്നു. കിട്ടിയിട്ട് മൂന്ന്‌ മാസമായി. എന്തു ചെയ്യാൻ പോസ്റ്റ്‌ കിട്ടാത്തത് കൊണ്ട് പണിയും നടക്കുന്നില്ല. പോസ്റ്റുളളപ്പോൾ കമ്പിയില്ല ഇതുരണ്ടും വരുമ്പോൾ കണക്ട് ചെയ്യാൻ ക്രോസ് ആം കാണില്ല
പ്രത്യേകിച്ച് സമയനിഷ്ഠ ഇല്ലാതെ ജോലി ചെയ്യാൻ വിധിക്കപ്പെട്ട ഒരു വിഭാഗമാണ് സെക്ഷൻ അസിസ്റ്റന്റ്‌ എഞ്ചിനീയർമാർ. 500 നുപുറത്ത് വിവിധങ്ങളായ മെറ്റീരിയലുകളുടെ ഉത്തരവാദിത്വവും സ്റ്റോർ കീപ്പിങ്ങുമെല്ലാം. സ്റ്റോർ എന്ന് പറഞ്ഞാൽ പെതുനിരത്തുകളും ഓഫീസ് പരിസരവും എല്ലാം കൂടിയാണ്. അവിടെയാണ് 10ലക്ഷവും scm സ്‌റ്റോക്കും ഫിസിക്കൽ സ്‌റ്റോക്ക്‌ തുല്യമാക്കലും. കമ്പിയും ചാനലും പോസ്റ്റുകളും പൊതുനിരത്തിലാണ് പലയിടത്തും സ്‌റ്റോക്ക്‌ ചെയ്തിരിക്കുന്നത്.
ഓഫീസ് പരിസരത്തെ ചപ്പു ചവറുകളുടെയിടക്ക് കിടക്കുന്ന ബോൾട്ടുകളും നട്ടുകളും പെറുക്കിയെടുത്തു വെരിഫിക്കേഷനുവരുന്ന മേലുദ്യോഗസ്ഥനെ എണ്ണം കാണിക്കാനുളളതല്ലേ എല്ലാം സ്‌റ്റോർ കീപ്പർ എന്ന കസ്‌റ്റോഡിയൻ എന്ന അസിസ്റ്റന്റ്‌ എഞ്ചിനീയറുടേത് മാത്രമുളള ഉത്തരവാദിത്വമാണല്ലോ. പ്രിയയുടെ കൂട്ടുകാരി തെറ്റിദ്ധരിച്ചത് വെറുതെയല്ല.
ഇതൊക്കെ ആരോട് പറയാൻ. എന്തെങ്കിലും ചെയ്യണമെന്ന് താത്പര്യം ഉളളവർ കിട്ടുന്ന സാധനങ്ങൾ സ്വരുപിച്ച് വർക്ക് നടത്താമെന്ന് വച്ചാൽ 10 ലക്ഷത്തിൻറ വാൾ മുകളിൽ നിൽപ്പുണ്ട്.വർഷങ്ങൾക്ക് മുന്നേ SCM വന്നകാലത്ത് പറഞ്ഞുനടന്ന ഒരു കാര്യമുണ്ട് ഇനി സെക്ഷനിലെ അസിസ്റ്റന്റ്‌ എഞ്ചിനീയർമാർ മെറ്റീരിയലിനുവേണ്ടി അലയെണ്ടതില്ല റിവേഴ്സ് ലോജിസ്റ്റിക്സ് സംവിധാനം. 13 വർഷമായിട്ടും ‘‘റിവേഴ്‌സുമില്ല, ഫോർവേഡുമില്ല” ‘‘ശങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെ”
പണ്ട് കേട്ട ഒരു കഥ ഓർമ വന്നത് ജപ്പാനിലെ ഒരു ഷൂ കമ്പനിയിൽ തൊഴിലാളികൾ മുതലാളിക്ക് പണി കൊടുത്തത് ഒരു കാലിലെ ഷൂ മാത്രം നിർമിച്ചായിരുന്നു എന്ന്. അതു പോലെ ഈ കമ്പനിക്ക് ഇട്ടു ഇമ്മാതിരി പണി കൊടുത്ത ഇവർക്കല്ലേ show cause കൊടുക്കേണ്ടത്. ആരായാലും ചോദിച്ചു പോകും. പക്ഷെ ഈ കമ്പനിയിൽ അതു നടപ്പില്ല. ജന്മി കുടിയാൻ വ്യവസ്ഥ നിലവിൽ ഉള്ള സമയം ആണ്. അതിനും ഉണ്ട് ഒരു പ്രതേക ഓർഡർ. അപ്പോഴാണ് ശെരിക്കും റിവേഴ്‌സ് ലോജിസ്റ്റിക്കിന്റെ യഥാർത്ഥ അർത്ഥം മനസിലായത്. ഉപയോഗം ഇല്ലാതെ വെറുതെ കിടക്കുന്ന ആ രണ്ട് ഡ്രം കണ്ടക്ടർ തിരിച്ചു സ്റ്റോറിൽ എത്തിക്കണം കൂടെ അല്ലറ ചില്ലറ ലൊട്ടു ലോടുക്ക് സാധനങ്ങളും. എന്റെ അടുത്താ കളി. കളി കുറെ കണ്ടവനാ ഈ ജഗന്നാഥൻ എന്ന് പറഞ്ഞ് മീശ ഒന്നു പിരിച്ചു. ഇനി പോസ്റ്റ്‌ കിട്ടുമ്പോ കണ്ടക്ടർ കിട്ടാതിരിക്കോ. അപ്പോഴാണ് വേറെ ഒരു ബുദ്ധി തോന്നിയത്. തുടങ്ങാത്ത വർക്കിലേക്ക് എടുത്തു ഇഷ്യൂ ചെയ്യാം. വീണ്ടും മീശ പിരിച്ചു. ഇനി ഇതും പൊക്കുമോ. ആ വരുന്ന ഇടത്തു വച്ചു കാണാം. അതിനിടയ്‌ക്കാണ്‌ കുരുടൻ ആനയെ കണ്ടതുപോലെ RDSSമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്‌. പണി വരുന്നുണ്ട് പലതരത്തിലായി സെക്ഷൻ പരിശോധനയും ചോദ്യങ്ങളും തുടങ്ങിക്കഴിഞ്ഞു.ചോദ്യങ്ങൾ കേട്ടാൽ ഇവരൊക്കെ ഇവിടൊന്നും ജോലി ചെയ്യേണ്ട മഹാൻമാരല്ല എന്ന് തോന്നിപ്പോകും.
എന്തായാലും എനിക്ക് ഒന്നേ പറയാനുള്ളൂ അസിസ്റ്റന്റ്‌ എഞ്ചിനീയർമാർ ജാഗ്രതൈ.