ജമ്മുകാശ്മീർ വൈദ്യുതി തൊഴിലാളികളുടെ പണിമുടക്കും വിജയവും

101

ജമ്മു കാശ്മീർ പവർ ട്രാൻസ്മിഷൻ കമ്പനിയെയും (JKPTC) കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ PGCILനെയും ചേർത്ത് സംയുക്ത കമ്പനി (JVC) രൂപീകരിക്കാനുളള കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിനെതിരായി 2021 ഡിസംബര്‍ 17 വെള്ളിയാഴ്ച രാത്രി മുതല്‍ നടത്തിയ അനിശ്ചിത കാല പണിമുടക്ക് വിജയിച്ചു. ജമ്മു കാശ്മീരിലെ 20,000ഓളം ജീവനക്കാരാണ് സ്വകാര്യവൽക്കരണ ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് നടപ്പാക്കാനുദ്ദേശിച്ച ലയന നീക്കത്തിനെതിരായി സമരം ചെയ്തത്. ജമ്മു കാശ്മീർ പവർ എഞ്ചിനീയേഴ്സ് & എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ (JKPEECC) നേതൃത്വത്തില്‍ നടന്ന സമരത്തിന്, NCCOEEല്‍ അണിനിരന്ന രാജ്യത്തെമ്പാടുമുള്ള 15 ലക്ഷം വൈദ്യുതി ജീവനക്കാർ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും, രാജവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു. നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി സംസ്ഥാന ഘടകങ്ങള്‍ ജമ്മു കശ്മീര്‍ ലഫ്റ്റണന്റ് ഗവര്‍ണര്‍ക്കും കേന്ദ്ര ഗവൺമെന്റിനും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തുകളയച്ചിരുന്നു.
2019 ആഗസ്റ്റ് 5 നാണ് ഭരണ ഘടനയുടെ അനുച്ഛേദം ‍ 370 റദ്ദു ചെയ്തു കൊണ്ട് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്ന രാഷ്ട്രപതിയുടെ ഉത്തരവ് നിലവില്‍ വന്നത്. തുടര്‍ന്ന് ജമ്മു കാശ്മീർ പവര്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്മെന്റ് (JKPDD), ജമ്മു കാശ്മീർ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (JKPCL) എന്ന ഹോള്‍ഡിങ്ങ് കമ്പനിയുടെ കീഴില്‍ നാല് കമ്പനികളുടെ രൂപീകരണത്തിന് ഉത്തരവായി. ജമ്മു കാശ്മീർ സ്റ്റേറ്റ് പവര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (JKSPDCL), ജമ്മു കശ്മീർ പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (JKPTCL), ജമ്മു പവര്‍ ഡിസ്ട്രിബൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (JPDCL), കാശ്മീർ പവര്‍ ഡിസ്ട്രിബൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KPDCL) എന്നീ നാല് കമ്പനികളാണ് 2019 ആഗസ്റ്റ് 15 ന് നിലവില്‍ വന്നത്. ജമ്മു കാശ്മീർ പവര്‍ ഡെവലപ്മെന്റ് ഡിപ്പാർട്ട്‌മെന്റിനു കീഴില്‍ ജോലി ചെയ്തിരുന്ന മുഴുവന്‍ സ്ഥിര ജീവനക്കാരേയും, കരാര്‍ തൊഴിലാളികളേയും വിവിധ കോര്‍പ്പറേഷനുകളിലേക്ക് മാറ്റിക്കൊണ്ടാണ് ഈ കോര്‍പ്പറേഷനുകള്‍ ആരംഭിച്ചത്.
2003ലെ വൈദ്യുതി നിയമം അനുസരിച്ചാണ് പവര്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്മെന്റ് വിഭജിച്ചതെന്നാണ് കേന്ദ്ര ഗവൺമെന്റ് വിശദീകരിച്ചിരുന്നത്. എന്നാല്‍ കോര്‍പ്പറേഷനുകളിലേക്ക് മാറ്റിയ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്കുന്നതിലും, മുന്‍പുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിലും, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നു നല്‍കിയ ഉറപ്പു പാലിക്കുന്നതിലുമൊക്കെ ഗവൺമെന്റ് പരാജയപ്പെട്ടു. കാശ്മീരിലെ ജലവൈദ്യുതി സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുവാനായി ജമ്മു കാശ്മീർ പവര്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്മെന്റ് (JKPDD), NHPC യുമായി ചേര്‍ന്ന് തുല്യ ഉടമസ്ഥതയില്‍ CVPPL (Chenab Valley Power Projects Limited) എന്ന ഒരു സംയുക്ത കമ്പനി (JVC) മുന്‍പ് രൂപീകരിച്ചിരുന്നു. പക്ഷേ കാലക്രമേണ ഈ കമ്പനിയെ NHPC പൂര്‍ണ്ണമായും സ്വന്തമാക്കുന്ന സ്ഥിതിയാണുണ്ടായത്. CVPPL എന്ന സംയുക്ത കമ്പനിയിലേക്ക് മാറ്റിയ തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്കുന്നതില്‍ ഏകപക്ഷീയ തീരുമാനങ്ങളാണ് NHPCയുടെ ഭാഗത്ത് നിന്നുണ്ടായത്.
നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എൻഎംപി) പദ്ധതിയില്‍പ്പെടുത്തി ആസ്തി വിറ്റഴിക്കല്‍‍ ലക്ഷ്യമിട്ടിരിക്കുന്ന PGCILയുമായി ചേര്‍ന്ന് സംയുക്ത കമ്പനി (JVC) ആരംഭിക്കാനുള്ള നീക്കം വളഞ്ഞ വഴിയിലൂടെയുള്ള സ്വകാര്യവല്‍ക്കരണമായിട്ടു മാത്രമേ കാണാനാവൂ. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനുമായ നിതീഷ് കുമാറിന് അടുത്തിടെ സർക്കാർ വൈദ്യുതി വകുപ്പിന്റെ ചുമതല നല്‍കിയതിനു ശേഷമാണ് ഈ നീക്കങ്ങളെല്ലാം ഉണ്ടായത്. ലൈൻമാൻമുതൽ സീനിയർ എൻജിനീയർമാർവരെ പണിമുടക്കിയതോടെ പല ജില്ലകളിലും വൈദ്യുതി വിതരണം മുടങ്ങി. ജമ്മു, ശ്രീനഗർ ഉൾപ്പെടെ പ്രധാന ന​ഗരങ്ങളിലെല്ലാം അതിശൈത്യം കാരണം വൈദ്യുത തകരാറുണ്ടായെങ്കിലും അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കാത്തതിനാല്‍, മിലിട്ടറി എൻജിനിയറിംഗ് സർവീസിലെ സൈനികരുടെ സഹായത്തോടെയാണ് പല പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചത്.
തുടക്കത്തില്‍ സമരം ചെയ്യുന്ന ജീവനക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ പോലും നടത്താന്‍ തയ്യാറായിരുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ ഒരു തരത്തിലുള്ള ജോലികളും ചെയ്യില്ലെന്ന നിലപാട് ജീവനക്കാര്‍ എടുത്തതോടെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സമരം ചെയ്യുന്ന ജീവനക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ നിര്‍ബന്ധിതമായി. ചര്‍ച്ചയില്‍, ഒരു കാരണവശാലും JVC യെ അനുവദിക്കില്ലെന്ന് ജമ്മു കശ്മീർ പവർ എഞ്ചിനീയേഴ്സ് & എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റി (JKPEECC) ഉറച്ച നിലപാടെടുത്തു. ഒടുവില്‍ ജമ്മു കശ്മീർ പവർ ട്രാൻസ്മിഷൻ കമ്പനിയെയും PGCILനെയും ചേർത്ത് സംയുക്ത കമ്പനി (JVC) രൂപീകരിക്കാനുളള കേന്ദ്ര ഗവൺമെന്റ് തീരുമാനം നിർത്തി വെച്ചതായി സംയുക്ത സമരസമിതിക്ക് ഗവൺമെന്റ് എഴുതി ഒപ്പിട്ട് നൽകി. വൈദ്യുതി മേഖലയിലെ പരിഷ്ക്കാരങ്ങൾക്കായി JKPEECCയെക്കൂടി ഉൾപ്പെടുത്തി ഒരു കമ്മിറ്റിക്ക് രൂപം നൽകുമെന്ന ഉറപ്പും ഗവൺമെന്റ് നൽകി. ശമ്പളം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്നും യഥാസമയം ശമ്പള വിതരണം നടത്തുമെന്നതിനും, താൽക്കാലിക ജീവനക്കാരുടെയും എഞ്ചിനീയർമാരുടെയും സ്ഥിരപ്പെടുത്തൽ സമയബന്ധിതമായി നടപ്പാക്കുമെന്നും കൂടി ഗവൺമെന്റ് ഉറപ്പ് നൽകി. കേന്ദ്രഗവൺമെന്റിന്റെ സ്വകാര്യവൽക്കരണ നയത്തെ ചെറുത്ത് തോല്പിച്ച ജമ്മു കശ്മീർ വൈദ്യുതി ജീവനക്കാർക്കും പ്രക്ഷോഭത്തിന് പിന്തുണ നൽകിയ മുഴുവന്‍ ജീവനക്കാര്‍ക്കും അഭിവാദ്യങ്ങൾ നേരുന്നു. ചരിത്രത്തില്‍ ഇടം നേടിയ കര്‍ഷക സമരത്തിന്റെ വിജയവും, ഉത്തര്‍പ്രദേശുള്‍പ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ജീവനക്കാരുടെ പണിമുടക്ക് വിജയവും ഒക്കെ വൈദ്യുതനിയമ ഭേദഗതിക്കെതിരായ നമ്മുടെ പ്രക്ഷോഭങ്ങള്‍ക്ക് ആവേശം നൽകുന്നതാണ്.