നവലിബറൽ നയത്തിന്റെ ഭാഗമായി സ്വകാര്യവത്കരിക്കപ്പെടുന്ന ബാങ്കിംഗ് – പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായുള്ള ട്രേഡ് യൂനിയൻ – സർവീസ് സംഘടനാ പ്രവർത്തകരുടെ ശ്രമങ്ങളിൽ പൊതുജനങ്ങളെ പങ്കാളികളാക്കി കൊണ്ട് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ 1000 ജനസഭകൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നവംബർ 19 ന് കണ്ണൂരിൽ വെച്ച് നടന്ന ദേശീയ സെമിനാർ മുൻനിര നേതാക്കളുടേയും വിവിധ സംഘടനാ പ്രവർത്തകരുടേയും പൊതുജനങ്ങളുടേയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
തൊഴിലെടുക്കുന്നവരെ മാത്രമല്ല, സാധാരണ ജനങ്ങളുടേയും ജീവിതം വഴിമുട്ടിക്കുന്ന പുതിയ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രാജ്യമെമ്പാടും നടക്കുന്ന പോരാട്ടങ്ങളോടുള്ള ഐക്യദാർഢ്യമാണ് സെമിനാറിൽ ഉയർന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ മേഖലയിലെ പ്രശ്നങ്ങളും പോരാട്ടങ്ങളുടെ ചിത്രവും മുന്നോട്ട് വയ്ക്കുന്ന 1000 ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കുവാനാണ് ജനസഭ എന്ന പരിപാടി കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ സമാപനം കുറിച്ചുകൊണ്ട് 2018 ഫിബ്രുവരി മാസം എല്ലാവരേയും അണിനിരത്തി പൊതുമേഖലാ സംരക്ഷണ ചങ്ങല തീർക്കും.
ദേശീയ സെമിനാർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. നവലിബറൽ നയങ്ങൾക്കെതിരെ ലോകമെമ്പാടും ഉയരുന്ന പ്രക്ഷോഭങ്ങള്‍ പരാമർശിച്ച് തുടങ്ങിയ ഉദ്ഘാടന പ്രസംഗം, നോട്ട് നിരോധനവും ജി.എസ്.ടിയും, ആധാർ ബന്ധിപ്പിക്കലും മൂലം ദുരിതത്തിലായ ഇന്ത്യയിലെ ജനങ്ങളെയാകെ യോജിപ്പിച്ചു കൊണ്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം വഹിക്കാൻ ട്രേഡ് യൂനിയൻ – സർവീസ് സംഘടനാ ഐക്യവേദിക്കാവും എന്ന പ്രതീക്ഷ പകർന്നു തന്നു. കണ്ണൂർ കോർപറേഷൻ മേയർ കുമാരി ഇ പി ലത അധ്യക്ഷത വഹിച്ചു. തുറമുഖം – പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സെമിനാറിനോട് അനുബന്ധിച്ച് നടന്ന ചരിത്ര – ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ ജനസഭ സപ്ലിമെന്റ് പ്രകാശനം ചെയ്തു.
ബി.എസ് എൻ എൽ മുൻ ദേശീയ ജനറൽ സെക്രട്ടറി വി എ എൻ നമ്പൂതിരി, ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ് എ കെ രമേഷ്, കെ എസ് ആർ ടി എ ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ, കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി വി ലതീഷ് എന്നിവർ വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയാവതരണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ബൈജു സ്വാഗതവും, ബെഫി ജില്ലാ സെക്രട്ടറി ടി ആർ രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചകൾക്ക് ശേഷം നടന്ന സമാപന സമ്മേളനം സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ സംരക്ഷണ പോരാട്ടങ്ങൾക്ക് പുതിയൊരു അധ്യായം കൂട്ടിച്ചേർത്ത ജനസഭ ദേശീയ സെമിനാർ, സംഘടനാ പ്രവർത്തകർക്ക് ദിശാബോധവും ഊർജ്ജവും പകര്‍ന്ന് നൽകുന്നതായിരുന്നു.
റിപ്പോര്‍ട്ട് – ജഗദീശൻ.സി